Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (13/1/2023)

തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാറിനേക്കാള്‍ വലിയ വിഭവ സ്രോതസ്

തദ്ദേശസ്ഥാപനങ്ങള്‍ സംരംഭം-തൊഴില്‍ ലക്ഷ്യമിട്ടുളള പ്രവര്‍ത്തന മനോഭാവം ആര്‍ജ്ജിക്കണം: മന്ത്രി എം.ബി രാജേഷ്

തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാറിനേക്കാള്‍ വലിയ വിഭവ സ്രോതസാണെന്നും തദ്ദേശസ്ഥാപനങ്ങള്‍ സംരംഭം-തൊഴില്‍ ലക്ഷ്യമിട്ടുളള പ്രവര്‍ത്തന മനോഭാവം ആര്‍ജ്ജിക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിഭവ സ്രോതസ് കണ്ടെത്താനും ഉപയോഗപ്പെടുത്താനും കഴിയണം. ചാലിശ്ശേരിയില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി അത് സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പാവപ്പെട്ടവരെയും സാധാരണക്കാരെയും ബാധിക്കാത്ത രീതിയില്‍ ആയിരിക്കും വരുമാന വര്‍ദ്ധനവിനായുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം വര്‍ദ്ധിപ്പിച്ച് സ്വന്തം വരുമാനം ഉപയോഗിച്ച് ചുമതലകളും ഉത്തരവാദിത്വങ്ങളും നിറവേറ്റാന്‍ ഉള്ള സാഹചര്യം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം എന്താണ് എന്നത് പദ്ധതിവിഹിതം അനുവദിക്കുന്നതില്‍ നിന്നും വ്യക്തമാകും. പദ്ധതി തുകയുടെ (.5%) എല്ലാവര്‍ഷവും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. 26 ശതമാനം ആയിരുന്നത് കഴിഞ്ഞവര്‍ഷം 26.5% മായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇത്തവണ പദ്ധതിവിഹിതം 27 % മാണ്. 27% പദ്ധതി തുക തദ്ദേശസ്ഥാപനങ്ങളാണ് ചെലവഴിക്കുന്നത്. തദേശ സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തരമായ വിഭവ സമാഹരണം നടത്താന്‍ കഴിയേണ്ടതുണ്ട്. തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണ്ടതായിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതി തുകയെ മാത്രം ആശ്രയിക്കാതെ തനത് വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിക്കണം. അത് വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.

ആദ്യമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ റേറ്റിങ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. ആരോഗ്യപരമായ മത്സരം തദ്ദേശസ്ഥാപനങ്ങള്‍ക്കിടയില്‍ വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് വരുമാനവും കാര്യക്ഷമതയും ഉണ്ടാകുന്നതിന് ആരോഗ്യപരമായ സമീപനം ആവശ്യമാണ്. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ദീര്‍ഘവീക്ഷണത്തോടുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അത് അവതരിപ്പിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായാണ് തദ്ദേശ ദിനാഘോഷത്തെ കാണുന്നത്. സര്‍ക്കാറിന്റെ മിക്ക ഫ്‌ലാഗ്ഷിപ് പ്രോഗ്രമുകളും തദ്ദേശസ്ഥാപനങ്ങളിലൂടെയാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാരും തമ്മിലുള്ള ഏകോപനം ഫലപ്രദമായി നടപ്പാക്കാന്‍ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം ഘട്ടം ഘട്ടമായി സാധ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.

ഹരിത കര്‍മ്മ സേനയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു

മാലിന്യ നിര്‍മാര്‍ജ്ജനം തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാതിത്വമാണ്. ഉറവിട മാലിന്യ സംസ്‌കരണവും വാതില്‍ പടി സേവനവും പ്രധാനമാണ്. ഹരിതകര്‍മ്മ സേനയെ എല്ലാ വാര്‍ഡുകളിലും ഉറപ്പാക്കും. ഹരിത കര്‍മ്മ സേനയ്‌ക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹരിത ട്രൈബ്യൂണല്‍ ഇന്ത്യയിലെ മറ്റു എല്ലാ സംസ്ഥാനങ്ങളിലും കൂടി 28,200 കോടി രൂപ മാലിന്യ സംസ്‌കരണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പിഴ ചുമത്തിയപ്പോള്‍ കേരളത്തിലെ പിഴ ലഭിച്ചിട്ടില്ല എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. ആറ് മാസം കഴിഞ്ഞ് വീണ്ടും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

 

ചിറ്റൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്ത് 19 ന്

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജനുവരി 19 ന് രാവിലെ 10.30 ന് ചിറ്റൂര്‍ മിനി സിവില്‍ സ്‌റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചിറ്റൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്ത് നടക്കും. ബന്ധപ്പെട്ട താലൂക്ക് പരിധിയിലുള്ള ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

ലഹരിക്കെതിരെ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 14, 15 തീയതികളില്‍

ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ സഹകരണത്തോടെ ഏകലവ്യാസ് പാലക്കാട് ലഹരിക്കെതിരെ നടത്തുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ 1 ജനുവരി 14, 15 തീയതികളില്‍ കൂട്ടുപാത ഗവ പോളിടെക്‌നിക് ഗ്രൗണ്ടില്‍ നടക്കും. എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ (വിമുക്തി) ഡി. മധു അധ്യക്ഷനാകുന്ന പരിപാടിയില്‍ പാലക്കാട് ഡിവിഷന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ അബ്ദുല്‍ ബാസിദ് വിശിഷ്ടാതിഥിയാകും. ജനുവരി 15 ന് നടക്കുന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും. ലേലം വഴി തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ എട്ട് ടീമുകളായാണ് ലീഗില്‍ കളിക്കുക.

 

ലേലം 24 ന്

പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വണ്ടിത്താവളം ആഴ്ചച്ചന്ത പിരിക്കുന്നതിനുള്ള അവകാശം, മീനാക്ഷിപുരം കമ്മ്യൂണിറ്റി ടോയ്‌ലറ്റ്, അയ്യപ്പന്‍കാവ് ടേക്ക് എ ബ്രേക്ക് എന്നിവ ഏറ്റെടുത്ത് നടത്തുന്നതിനും ഫീസ് പിരിക്കുന്നതിനുമുള്ള അവകാശം ജനുവരി 24 ന് രാവിലെ 11 മുതല്‍ പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസിലോ www.lsgkerala.gov.in/perumattypanchayat ലോ ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923 232226, 9496047225.

 

നഷ്ടപരിഹാരം ലഭിക്കാന്‍ രേഖകള്‍ നല്‍കണം

പാലക്കാട് പവര്‍ഗ്രിഡ് സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ പുഗലൂര്‍-തൃശൂര്‍ 320 കെ.വി വൈദ്യുതി ലൈനിന്റെ നഷ്ടപരിഹാരം ലഭിക്കാനുള്ള ഗുണഭോക്താക്കള്‍ (ഭൂവുടമകള്‍) ജനുവരി 20 നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം പാലക്കാട് ചന്ദ്രനഗറില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസില്‍ എത്തണം. രേഖകള്‍ നല്‍കാത്ത ഭൂവുടമകളുടെ നഷ്ടപരിഹാരത്തുക ഇനിയൊരറിയിപ്പ് കൂടാതെ റവന്യൂ ഡെപ്പോസിറ്റില്‍ നിക്ഷേപിക്കുമെന്ന് പവര്‍ഗ്രിഡ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

 

രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗം 16 ന്

ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മതസാമുദായിക സൗഹാര്‍ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി ജനുവരി 16 ന് വൈകിട്ട് മൂന്നിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.

 

തൊഴില്‍ തര്‍ക്ക ക്യാമ്പ് സിറ്റിങ് 27 ന്

കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസര്‍ (ജില്ലാ ജഡ്ജ്) വി.എസ് വിദ്യാധരന്‍ ജനുവരി 27 ന് പാലക്കാട് ആര്‍.ഡി.ഒ കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക ക്യാമ്പ് സിറ്റിങ് നടത്തുന്നു. സിറ്റിങ്ങില്‍ ലഭിക്കുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുമെന്ന് ലേബര്‍ കോടതി സെക്രട്ടറി അറിയിച്ചു.

 

ആര്‍.ടി.എ യോഗം 24 ന്

പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ജനുവരി 24 ന് രാവിലെ 11 ന് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ആര്‍.ടി.എ സെക്രട്ടറി അറിയിച്ചു.

 

ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം 16 ന്

ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം ജനുവരി 16 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. എല്ലാ ജില്ലാ കാര്‍ഷിക വികസന സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

 

വികസന സെമിനാര്‍ 17 ന്

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജനുവരി 17 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ വികസന സെമിനാര്‍ നടക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

 

അയലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കോഴ്‌സ് പ്രവേശനം

അയലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ (ബിരുദം), ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്.എസ്.എല്‍.സി), ഡി.സി.എ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (പ്ലസ് ടു), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (ഡിഗ്രി/ത്രിവത്സര ഡിപ്ലോമ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (എം.ടെക്/ബി.ടെക്/എം.എസ്.സി) എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷ ഫോറം www.ihrd.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം, രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപ (ജനറല്‍), 100 രൂപ (എസ്.സി/എസ്.ടി) സഹിതം ജനുവരി 16 ന് വൈകീട്ട് നാലിനകം ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547005029, 9495069307, 9447711279, 04923241766.

error: Content is protected !!