Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (17/1/2023)

നവീകരിച്ച പാലക്കാട് റെയില്‍വേ ഡിവൈ.എസ്.പി ഓഫീസ് ഉദ്ഘാടനം ഇന്ന്

ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള ബോധവത്ക്കരണവും നടക്കും

നവീകരിച്ച പാലക്കാട് റെയില്‍വേ ഡിവൈ.എസ്.പി ഓഫീസിന്റെയും റെയില്‍വേ പോലീസ് ജനമൈത്രി പദ്ധതിയുടെ ഭാഗമായി പാലക്കാട് സബ് ഡിവിഷന്‍ തലത്തില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിയുടെയും ഉദ്ഘാടനം ഇന്ന് (ജനുവരി 18) നടക്കും. രാവിലെ 10.30 ന് റെയില്‍വേ ഡിവൈ.എസ്.പി ഓഫീസ് പരിസരത്ത് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍ പാലക്കാട് റെയില്‍വേ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് കെ.എല്‍ രാധാകൃഷ്ണന്‍ അധ്യക്ഷനാകും.

പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വി. സുഗതന്‍, പാലക്കാട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണര്‍ അനികുമാര്‍ എസ്. നായര്‍, റെയില്‍വേ പോലീസ് ആര്‍.സി.ആര്‍.ബി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എസ്. അനില്‍കുമാര്‍, കോഴിക്കോട് ആര്‍.പി സ്റ്റേഷന്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി. ജംഷീദ്, ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വി രമേഷ്, പാലക്കാട് ആര്‍.പി സ്റ്റേഷന്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സി.പി. ബാബുരാജ് എന്നിവര്‍ സംസാരിക്കും.

 

ക്ഷീരകര്‍ഷക സംഗമം 2023: പരാതിപരിഹാര അദാലത്ത് നടത്തുന്നു

സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ ക്ഷീര കര്‍ഷകര്‍, സഹകരണ സംഘങ്ങള്‍, മില്‍മ, മൃഗസംരക്ഷണ വകുപ്പ് കെ.ഡി.എഫ്.ഡബ്ല്യൂ.എഫ്, കെ.എല്‍.ഡി ബോര്‍ഡ് മേഖലയുമായി ബന്ധപ്പെട്ട് പരാതി പരിഹാര അദാലത്ത് നടത്തുന്നു. ക്ഷീരവികസന വകുപ്പ്, മില്‍മ, ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി, ക്ഷീര സംഘങ്ങളുടെ ഓഡിറ്റ്, ഓഡിറ്റ് ന്യൂനത, വസ്തു/കെട്ടിടത്തിനുള്ള അംഗീകാരം, ക്ഷീര സംഘം ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍, മില്‍മയും സംഘങ്ങള്‍/വിതരണക്കാര്‍/ഉപഭോക്താക്കള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തിന് നല്‍കാം.

പരാതികള്‍ ‘സംസ്ഥാന ക്ഷീര സംഗമം-ഫയല്‍ അദാലത്ത്’ തലക്കെട്ടില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാം നില, പാലക്കാട്-678001 വിലാസത്തില്‍ ജനുവരി 25 നകം നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പരാതികള്‍ [email protected] ലോ 8129831296 ലോ അയക്കാം. ജില്ലാതലത്തില്‍ തീര്‍പ്പാക്കാവുന്ന പരാതികള്‍ ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് അദാലത്തില്‍ തീര്‍പ്പാക്കും.

 

നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര 29 ന്

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര ജനുവരി 29 ന് നടത്തും. അറബിക്കടലില്‍ 44 കിലോമീറ്റര്‍ അഞ്ച് മണിക്കൂറോളം സംഗീത വിരുന്നിന്റെ അകമ്പടിയോടെയുള്ള യാത്രയില്‍ വിഭവസമൃദ്ധമായ അത്താഴവിരുന്നും ഉണ്ട്.

ജില്ലയില്‍ നിന്നും 30 പേര്‍ക്കാണ് അവസരം. ഇതുവരെ 56 സുരക്ഷിത യാത്രകകളാണ് നെഫര്‍റ്റിറ്റിയില്‍ നടത്തിയതെന്ന് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ 9947086128 ല്‍ ബന്ധപ്പെടുകയോ വാട്ട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാം. അഞ്ചിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 2000 രൂപയും 10 ന് മുകളില്‍ 3500 രൂപയും ആണ് എ.സി ലോ ഫ്‌ളോര്‍ ബസ് യാത്ര അടക്കമുള്ള ചാര്‍ജ്ജ്. അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.

 

മംഗലം ഡാം വലതുകര കനാല്‍ ഇന്ന് തുറക്കും

കൃഷി ആവശ്യത്തിനായി മംഗലം ഡാം വലതുകര കനാല്‍ ഇന്ന് (ജനുവരി 18) തുറക്കും. ഡാമില്‍ നിന്നും ഇടത്-വലത് കനാലുകളിലൂടെ തുടര്‍ച്ചയായി 46 ദിവസത്തേക്കാണ് ജലവിതരണം നടത്തുക. മംഗലം ഇടത് കര കനാല്‍ കഴിഞ്ഞദിവസം തുറന്നിരുന്നു. അണക്കെട്ടിലെ വെള്ളം ജലസേചനാവശ്യത്തിനായി കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

 

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ജില്ലയില്‍ ഇനി 3 സ്‌കൂളുകളില്‍

കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണില്‍ പാലക്കാട് ജില്ലയില്‍ നിന്നും ഇനി മൂന്ന് സ്‌കൂളുകള്‍ പങ്കെടുക്കും. മോയന്‍ ജി.എല്‍.പി.എസ് സ്‌കൂള്‍ ജനുവരി 17 ന് പങ്കെടുത്തിരുന്നു. എ.കെ.എന്‍.എം.എം.എ.എം.എച്ച്.എസ് കാട്ടുകുളം ഇന്നും (ജനുവരി 18) അടുത്ത ആഴ്ച ചെറുപുഷ്പം ഗേള്‍സ് ഹൈസ്‌കൂളുമാണ് പങ്കെടുക്കുക. വൈകിട്ട് 7.30 ന് കൈറ്റ് വിക്ടേഴ്‌സില്‍ എപ്പിസോഡ് സംപ്രേഷണം ചെയ്യും. 109 സ്‌കൂളുകള്‍ പങ്കെടുക്കുന്ന ഹരിതവിദ്യാലയത്തില്‍ ജില്ലയില്‍ നിന്ന് ഒന്‍പത് സ്‌കൂളുകളാണ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്.

അക്കാദമിക രംഗത്തെ മികവുകള്‍ക്കൊപ്പം കലാ-കായിക രംഗത്തെ മികവ്, സാമൂഹ്യ മേഖലയിലെ വിദ്യാലയ ഇടപെടല്‍ എന്നിവ ഷോയില്‍ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യും. നേരത്തേ ജി.വി.എല്‍.പി.എസ് ചിറ്റൂര്‍, ജി.എല്‍.പി.എസ് മുണ്ടൂര്‍, യു.ജെ.ബി.എസ് കുഴല്‍മന്ദം, ജി.യു.പി.എസ് പുതിയങ്കം, ജി.യു.പി.എസ് ഭീമനാട്, കര്‍ണകിയമ്മന്‍ എച്ച്.എസ്.എസ് മൂത്താന്‍തറ, പി.ടി.എം.വൈ.എച്ച്.എസ് എടപ്പലം, എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് തുടങ്ങിയ സ്‌കൂളുകളുടെ ഷോയിലെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

 

ചിറ്റൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്ത് 19 ന്

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജനുവരി 19 ന് രാവിലെ 10.30 ന് ചിറ്റൂര്‍ മിനി സിവില്‍ സ്‌റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചിറ്റൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്ത് നടക്കും. ബന്ധപ്പെട്ട താലൂക്ക് പരിധിയിലുള്ള ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

വാഹന ലേലം 24 ന്

എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ജില്ലാ ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിക്ക് കൈമാറി കല്ലേക്കാട് ജില്ലാ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള വിവിധ വാഹനങ്ങള്‍ ജനുവരി 24 ന് രാവിലെ 11 മുതല്‍ ഓണ്‍ലൈനായി ലേലം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഫോണ്‍: 0491 2536700.

 

അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

പെരുമാട്ടി കന്നിമാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ജ്യോഗ്രഫി ലാബുകളിലേക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ജനുവരി 27 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് നാലിന് തുറക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446981193.

 

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2022 മെയ് 31 ന് രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച കുടിശിക കൂടാതെ വിഹിതം അടക്കുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് അര്‍ഹത. അംഗീകൃത സ്ഥാപനങ്ങളില്‍ ഫുള്‍ടൈം കോഴ്‌സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍, പോളിടെക്‌നിക്ക് എന്‍ജിനീയറിങ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്.

അപേക്ഷാ ഫോറം 10 രൂപ നിരക്കില്‍ ബോര്‍ഡിന്റെ എല്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നല്‍കുന്ന അപേക്ഷാ ഫോമുകള്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ജനുവരി 31 വരെ സ്വീകരിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477 2251577.

 

കണ്ടിജന്‍സി സാധനങ്ങള്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

ചിറ്റൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ 111 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങളും ആവശ്യമായ ഫോമുകളും രജിസ്റ്ററുകളും വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 30 ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെന്‍ഡറുകള്‍ തുറക്കും. 2300 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡറുകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് ചിറ്റൂര്‍ എന്ന വിലാസത്തില്‍ അയക്കണമെന്ന് ചിറ്റൂര്‍ ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923273675.

 

എം.ആര്‍.എസില്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അട്ടപ്പാടി, ഇടുക്കി, പൂക്കോട് എന്നിവിടങ്ങളിലെ ഏകലവ്യാ എം.ആര്‍.എസുകളിലെ ആറാം ക്ലാസിലേക്ക് പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമാണ് പ്രവേശനം. മറ്റ് എം.ആര്‍.എസുകളില്‍ അഞ്ചാം ക്ലാസിലേക്കാണ് പ്രവേശന പരീക്ഷ നടത്തുന്നത്. അട്ടപ്പാടി ഏകലവ്യാ എം.ആര്‍.എസില്‍ സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലാണ് ക്ലാസുകള്‍. അപേക്ഷ ഫോറം www.stmrs.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

താത്പര്യമുള്ളവര്‍ കുട്ടിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി www.stmrs.in മുഖേനയോ ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസീലോ ഫെബ്രുവരി 20 നകം അപേക്ഷ നല്‍കണം. അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. പ്രാക്തന ഗോത്ര വിഭാഗങ്ങളെ വരുമാന പരിധിയില്‍ നിന്നും പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505383, 9496070366, 9496070367, 04923-291155.

 

ലേലം 24 ന്

പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വണ്ടിത്താവളം ആഴ്ചച്ചന്ത പിരിക്കുന്നതിനുള്ള അവകാശം, മീനാക്ഷിപുരം കമ്മ്യൂണിറ്റി ടോയ്‌ലറ്റ്, അയ്യപ്പന്‍കാവ് ടേക്ക് എ ബ്രേക്ക് എന്നിവ ഏറ്റെടുത്ത് നടത്തുന്നതിനും ഫീസ് പിരിക്കുന്നതിനുമുള്ള അവകാശം ജനുവരി 24 ന് രാവിലെ 11 മുതല്‍ പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസിലോ www.lsgkerala.gov.in/perumattypanchayat ലോ ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923 232226, 9496047225.

error: Content is protected !!