Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (25/1/2023)

റിപ്പബ്ലിക് ദിനം: മന്ത്രി എം.ബി രാജേഷ് ദേശീയപതാക ഉയര്‍ത്തും

ആഘോഷപരിപാടികള്‍ കോട്ടമൈതാനത്ത് രാവിലെ ഒന്‍പതിന് തുടങ്ങും

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടമൈതാനത്ത് ഇന്ന് (ജനുവരി 26) രാവിലെ ഒന്‍പതിന് നടക്കുന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് എന്നിവര്‍ പങ്കെടുക്കും. ചിറ്റൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജെ. മാത്യു പരേഡ് ചുമതല വഹിക്കും. പരേഡില്‍ 30 പ്ലറ്റൂണ്‍സ് അണിനിരക്കും. കേരള പോലീസ് സെക്കന്‍ഡ് ബറ്റാലിയന്‍, ജില്ലാ ഹെഡ്കോര്‍ട്ട് ക്യാമ്പ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ് പുരുഷ-വനിത വിഭാഗം, ഫയര്‍ഫോഴ്സ് സെല്‍ഫ് ഡിഫന്‍സ്, എന്‍.സി.സി, എസ്.പി.സി, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്ട്, ഗൈഡ്സ്, ബാന്‍ഡ് എന്നിങ്ങനെ 30 പ്ലറ്റൂണ്‍സാണ് അണിനിരക്കുന്നത്. തുടര്‍ന്ന് മലമ്പുഴ നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടാകും.

 

‘ലഹരിയില്ലാ തെരുവ് ‘ ലഹരിവിരുദ്ധ തീവ്രയജ്ഞം സമാപനം ഇന്ന്

മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജില്ലാ വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 മുതല്‍ ആരംഭിച്ച മയക്ക് മരുന്ന് വിരുദ്ധ തീവ്രജ്ഞ പരിപാടിയുടെ സമാപനം ഇന്ന് (ജനുവരി 26) രാവിലെ 10 ന് പാലക്കാട് കോട്ടമൈതാനത്ത് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി ‘ലഹരിയില്ലാ തെരുവ്’ എന്ന ആശയത്തില്‍ ജില്ലയിലെ വിവിധ സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി തുടങ്ങിയവര്‍ പങ്കെടുക്കും.

 

വലിച്ചെറിയല്‍ മുക്ത കേരളം: ജില്ലാതല ഉദ്ഘാടനം ഇന്ന്

മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും

നവകേരളം കര്‍മ്മ പദ്ധതി -2 ന്റെ ആഭിമുഖ്യത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ വലിച്ചെറിയല്‍ മുക്ത കേരളം ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 26) രാവിലെ 11 ന് മരുതറോഡ് ഗ്രാമപഞ്ചായത്ത് പരിസരത്ത് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ഒരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും മാലിന്യം തള്ളിയിട്ടുള്ള പൊതുയിടങ്ങള്‍ കണ്ടെത്തി ശുചീകരിക്കുന്നതിനാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.

പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയാകും. നവകേരള കര്‍മ്മപദ്ധതി-2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, മരുതറോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. നിര്‍മ്മല, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. രാധാകൃഷ്ണന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ശോഭന, മരുതറോഡ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജി. ഗോപിനാഥന്‍ ഉണ്ണിത്താന്‍, ആര്‍. കൃഷ്ണകുമാരി, വാര്‍ഡ് മെമ്പര്‍ എം. സജിത്ത്്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഗോപിനാഥന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, മരുതറോഡ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ രാമചന്ദ്രന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ആദര്‍ശ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അബിജിത്ത് എന്നിവര്‍ പങ്കെടുക്കും.

 

ശില്‍പശാല സംഘടിപ്പിച്ചു

വിദ്യാര്‍ത്ഥികളുടെ പഠന പ്രയാസങ്ങള്‍ മനസിലാക്കുകയും പരിഹരിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പ്രധാനധ്യാപകരുടെയും വിജയശ്രീ കോ-ഓര്‍ഡിനേറ്റര്‍മാരുടെയും ശില്‍പശാലയില്‍ വ്യക്തമാക്കി. ജനപ്രതിനിധികള്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തും. എല്ലാ കുട്ടികള്‍ക്കും ഉപരിപഠന യോഗ്യത ഉറപ്പാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് ഡി.ഡി.ഇ പി.വി മനോജ് കുമാര്‍, പാലക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ വി. പ്രസീദ, ഡയറ്റ് ഫാക്കല്‍റ്റി അംഗം ഡോ. പി. രാമകൃഷ്ണന്‍, എച്ച്.എം ഫോറം കണ്‍വീനര്‍ എ.എസ് സുരേഷ്, പി. പ്രദീപ് എന്നിവര്‍ സംസാരിച്ചു. വിജയശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ വേണു പുഞ്ചപ്പാടം ശില്‍പശാലക്ക് നേതൃത്വം നല്‍കി.

 

നാപ്കിന്‍ ഡിസ്ട്രോയര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴിലുള്ള മാത്തൂര്‍, അയിലൂര്‍, മീനാക്ഷിപുരം, നൂറണി എന്നിവിടങ്ങളിലുള്ള പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലുകളിലേക്ക് ഗുണനിലവാരമുള്ള നാപ്കിന്‍ ഡിസ്്ട്രോയര്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 30 ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നല്‍കണം. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കുമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505383.

 

റിപ്പബ്ലിക് ദിനം: മന്ത്രി എം.ബി രാജേഷ് ദേശീയപതാക ഉയര്‍ത്തും

ആഘോഷപരിപാടികള്‍ കോട്ടമൈതാനത്ത് രാവിലെ 8.30 ന് തുടങ്ങും

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടമൈതാനത്ത് ഇന്ന് (ജനുവരി 26) രാവിലെ ഒന്‍പതിന് നടക്കുന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. ആഘോഷ പരിപാടികള്‍ രാവിലെ 8.30 ന് തുടങ്ങും. പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് എന്നിവര്‍ പങ്കെടുക്കും. ചിറ്റൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ. മാത്യു പരേഡ് ചുമതല വഹിക്കും. പരേഡില്‍ 30 പ്ലറ്റൂണ്‍സ് അണിനിരക്കും. കേരള പോലീസ് സെക്കന്‍ഡ് ബറ്റാലിയന്‍, ജില്ലാ ഹെഡ്‌കോര്‍ട്ട് ക്യാമ്പ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് പുരുഷ-വനിത വിഭാഗം, ഫയര്‍ഫോഴ്‌സ് സെല്‍ഫ് ഡിഫന്‍സ്, എന്‍.സി.സി, എസ്.പി.സി, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്ട്, ഗൈഡ്‌സ്, ബാന്‍ഡ് എന്നിങ്ങനെ 30 പ്ലറ്റൂണ്‍സാണ് അണിനിരക്കുന്നത്. തുടര്‍ന്ന് മലമ്പുഴ നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടാകും.

 

തദ്ദേശ ദിനാഘോഷം: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം 27 ന്

മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ ചാലിശ്ശേരിയില്‍ നടത്തുന്ന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ജനുവരി 27 ന് വൈകിട്ട് അഞ്ചിന് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നടക്കും. കൂറ്റനാട്-ഗുരുവായൂര്‍ റോഡിലുള്ള കെട്ടിടത്തില്‍ നടക്കുന്ന പരിപാടി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന അധ്യക്ഷയാകും. നാഗലശ്ശേരി പഞ്ചായത്ത് പ്രഡിഡന്റ് വി.പി ബാലചന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യം എന്നിവര്‍ പങ്കെടുക്കും.

 

സുസ്ഥിര തൃത്താല: സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ അസംബ്ലി സംഘടിപ്പിച്ചു

വിദ്യാര്‍ത്ഥികള്‍ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലി

സുസ്ഥിര തൃത്താല പദ്ധതി പത്തിന കര്‍മപരിപാടിയോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും സുസ്ഥിര വികസന ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ അസംബ്ലികള്‍ സംഘടിപ്പിച്ചു. മണ്ഡലത്തിലെ 78 സ്‌കൂളുകളിലാണ് സ്‌പെഷ്യല്‍ അസംബ്ലി നടന്നത്. അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും സുസ്ഥിര വികസന ക്ലബിലൂടെ നടപ്പാക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു. ക്ലബ്ബിലൂടെ ഒരു അധ്യാപക കോ-ഓര്‍ഡിനേറ്ററിന്റെയും അഞ്ച് വിദ്യാര്‍ത്ഥി പ്രതിനിധികളുടെയും നേതൃത്വത്തില്‍ ഒരു മാസം ഒരു പ്രവര്‍ത്തനം എന്ന രീതിയില്‍ നടപ്പാക്കും.

സുസ്ഥിരജല ക്ലബ്ബുകളിലൂടെ വിവിധ പ്രവര്‍ത്തനങ്ങള്‍

പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ സുസ്ഥിരജല ക്ലബ്ബുകളിലൂടെ മണ്ഡലത്തെ ഹരിതാഭമാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ വീട്ടുവളപ്പിലും സ്‌കൂള്‍ കോമ്പൗണ്ടിലും സ്‌കൂളിന്റെ സമീപത്തുള്ള റോഡിന്റെ വശങ്ങളിലും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ച് അതിന്റെ പരിപാലനം, ജന്മദിനം, വാര്‍ഷികം, മറ്റാഘോഷ ദിവസങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കല്‍ എന്നിവയുടെ ഭാഗമായി ലക്ഷം വൃക്ഷം ലക്ഷ്യം പദ്ധതി, രക്ഷിതാക്കളുടെ സഹായത്തോടെ പറമ്പിലെ മഴവെള്ളം ശേഖരിക്കാന്‍ കഴിയുന്ന സ്ഥലത്ത് മഴക്കുഴി നിര്‍മ്മിച്ച് പരിപാലിക്കുന്നതിന് വീട്ടില്‍ ഒരു മഴക്കുഴി, വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ജലശുദ്ധി പരിശോധന, സ്‌കൂളുകള്‍ ഹരിത ക്യാമ്പസുകളാക്കി മാറ്റാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് ഹരിത ക്യാമ്പസുകള്‍, സ്‌കൂള്‍ കോമ്പൗണ്ടില്‍ 10 സെന്റില്‍ കുറയാത്ത സ്ഥലത്തില്‍ കൃഷിവകുപ്പുമായി ചേര്‍ന്ന് ജൈവ പച്ചക്കറി തോട്ടങ്ങളുടെ നിര്‍മ്മാണം, വിദ്യാലയത്തിന് സമീപമുള്ള ഒരു കുളം തെരഞ്ഞെടുത്ത് പ്രദേശവാസികളുടെ സഹകരണത്തോടെ പരിപാലിക്കുന്നതിനുള്ള നടപടികള്‍, സ്‌കൂള്‍ പരിസരത്തെ തോടുകള്‍ തെരഞ്ഞെടുത്ത് റോഡുകളുടെ വശങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍, വെള്ളം തടഞ്ഞുനിര്‍ത്താന്‍ സാധിക്കുന്ന തരത്തില്‍ സംവിധാനം സൃഷ്ടിക്കല്‍ എന്നിവ നടത്തുന്നതിന് മണ്ണ് സംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പുഴ നടത്തം, ഓരോ തുള്ളി ജലവും കാര്യക്ഷമമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികള്‍ കൈ കഴുകി കളയുന്ന വെള്ളം ശുദ്ധീകരിച്ച് ശുചിമുറികള്‍, കൃഷി എന്നിവയ്ക്ക് ഉപയോഗിക്കുന്നതിന് സാധ്യതകള്‍ കണ്ടെത്തല്‍, സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തെരഞ്ഞെടുത്ത വാര്‍ഡുകളില്‍ ജലസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതും ജലത്തിന്റെ ദുരുപയോഗം തടയുന്നതിനും വിദ്യാര്‍ത്ഥികളുടെ ജല സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി ഗൃഹസന്ദര്‍ശനം, ജല ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടപ്പാക്കും.

 

‘സെക്‌സ് ഒഫന്റേഴ്‌സ് രജിസ്ട്രി’ എല്ലാ രാജ്യങ്ങളിലും നടപ്പാകണം: ഡോ. സുനിത കൃഷ്ണന്‍

സ്ത്രീ സുരക്ഷ സെമിനാര്‍ സംഘടിപ്പിച്ചു

‘സെക്‌സ് ഒഫന്റേഴ്‌സ് രജിസ്ട്രി’ സംവിധാനം എല്ലാ രാജ്യങ്ങളിലും നടപ്പാകണമെന്ന് പത്മശ്രീ ഡോ. സുനിത കൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇരകളായവരുടെ വ്യക്തിവിവരങ്ങള്‍ സംരക്ഷിച്ച് പ്രതികളെ സമൂഹത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. വിശ്വാസ് പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് സ്ത്രീ സുരക്ഷാ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. കുറ്റവാളികളെയാണ് സമൂഹത്തില്‍ തിരിച്ചറിയപ്പെടേണ്ടത്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടില്ലെന്ന ധൈര്യം, ക്രിമിനല്‍ സൗഹാര്‍ദ നിയമ സംവിധാനം, കുറ്റവിമുക്തരായി പുറത്തിറങ്ങാന്‍ കഴിയുമെന്ന ധൈര്യം, കുറ്റവാളികളെ കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങളുടെ പോരായ്മ തുടങ്ങിയ ഘടകങ്ങളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളായി കാണുന്നത്. ഏഴ് മുതല്‍ പത്ത് ശതമാനം കുറ്റവാളികളും ചെയ്ത കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ അമേരിക്കയിലാണ് ഏറ്റവും മികച്ച സംവിധാനമുള്ളതെന്നും ഡോ. സുനിത കൃഷ്ണന്‍ പറഞ്ഞു.

നിയമപരമായ നടപടികളിലൂടെ കുറ്റക്കാരെന്ന് തെളിയിക്കപ്പെടുന്നവരാണ് ‘സെക്‌സ് ഒഫന്റേഴ്‌സ് രജിസ്ട്രി’യില്‍ ഉള്‍പ്പെടുന്നത്. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ചാണ് പേര് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. കുറ്റാരോപിതരും ജുവനൈല്‍ ജസ്റ്റിസിന് കീഴില്‍ വരുന്നവരും രജിസ്ട്രിയില്‍ ഉള്‍പ്പെടില്ല. ഇത്തരത്തില്‍ രജിസ്ട്രിയില്‍ ഉള്‍പ്പെട്ടവരുടെ പേര്, വിലാസം, ജനന തീയതി, സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ഫോട്ടോ, ഫോണ്‍ നമ്പര്‍, ലൈസന്‍സ്, ഐ.ഡി കാര്‍ഡ്, വിദ്യാഭ്യാസ വിവരങ്ങള്‍, തൊഴില്‍ വിവരങ്ങള്‍, ക്രിമിനല്‍ ചരിത്രം, ഡി.എന്‍.എ സാമ്പിള്‍, വിരലടയാളം, വിദേശയാത്രാ വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ രേഖപ്പെടുത്തുന്നതിലൂടെ കുറ്റവാളിയെ സമൂഹത്തില്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. കൂടാതെ ഈ സംവിധാനത്തിലൂടെ ഇവര്‍ക്ക് ജോലി ലഭിക്കാതെ വരിക, വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ കഴിയാതെ വരിക, ഇവരുടെ ജി.പി.എസ് ട്രാക്കിങ്, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പോലും പരിമിതികള്‍ ഏര്‍പ്പെടുത്തുന്നു. കുറ്റവാളികളിലെ ലൈംഗിക വൈകൃതങ്ങള്‍ കൃത്യമായി കണ്ടെത്തി മനോരോഗ ചികിത്സ നല്‍കേണ്ടതിന്റെ ആവശ്യകത, കൗണ്‍സലിങ്, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള അവബോധം എന്നിവ സംബന്ധിച്ചും ഡോ. സുനിത കൃഷ്ണന്‍ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയായി. വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, വനിതാ ശിശു വികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, വനിതാ സംരക്ഷണ ഓഫീസര്‍ വി.എസ് ലൈജു, വിശ്വാസ് നിയമവേദി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്. ശാന്താദേവി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷെരീഫ് ഷൂജ, വിശ്വാസ് വൈസ് പ്രസിഡന്റ് ബി. ജയരാജ്, ദീപ ജയപ്രകാശ്, അഡ്വ. രാഖി, വിവിധ ബ്ലോക്ക് സി.ഡി.പി.ഒ.മാര്‍, ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

പക്വതയാകുന്നതിന് മുന്‍പ് വിവാഹം കഴിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

18 വയസ് വരെയുള്ളവരെ കുട്ടികളായി കാണുന്ന സാഹചര്യത്തില്‍ അവര്‍ മാനസിക-ശാരീരിക പക്വതയില്‍ എത്തുന്നതിന് മുന്‍പ് തന്നെ വിവാഹം കഴിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന് കീഴിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസ് ശൈശവ വിവാഹ നിരോധന നിയമത്തെക്കുറിച്ച് ഡി.ആര്‍.ഡി.എ ഹാളില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

2006-ലെ ശൈശവവിവാഹ നിരോധന നിയമത്തിലുള്ള ശൈശവ വിവാഹം തടയുക, കുട്ടികളുടെ സംരക്ഷണം, കോടതിയുടെ ഇടപെടലുകള്‍, കുറ്റവിചാരണവും ശിക്ഷയും എന്നീ വിഷയങ്ങളില്‍ പാലക്കാട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസീക്യൂഷന്‍ കെ. ഷീബ ബോധവത്ക്കരണ ക്ലാസ് നടത്തി. 18 വയസ് കഴിയാത്ത പെണ്‍കുട്ടിക്കും 21 വയസ് കഴിയാത്ത ആണ്‍കുട്ടിക്കുമാണ് ഈ നിയമം ബാധകമാവുക. ശൈശവ വിവാഹം നടന്നാല്‍ അപ്പോള്‍ തടയാന്‍ കഴിഞ്ഞില്ലെങ്കിലും ശൈശവ വിവാഹ നിരോധന ഓഫീസര്‍ക്ക് വിവാഹം അസാധുവാക്കുവാന്‍ കഴിയും. കുട്ടികളെ തട്ടിക്കൊണ്ട് പോയി വിവാഹം നടത്തിയതായി പരാതി ലഭിച്ചാല്‍ ആ വിവാഹം അസാധുവാക്കുവാനും സാധിക്കും. ശൈശവ വിവാഹം നടക്കുന്നത് അറിയിക്കാതിരുന്നാല്‍ അയല്‍ക്കാരന്‍ വരെ പ്രതിയാകും. ശൈശവ വിവാഹം നടന്നശേഷം 18 വയസ് ആകുമ്പോള്‍ വിവാഹം നടക്കേണ്ടതില്ലായിരുന്നുവെന്ന് പെണ്‍കുട്ടി മനസിലാക്കിയാല്‍ കോടതി മുഖേന ബന്ധം അസാധുവാക്കാം.

പരിപാടിയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ് അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ. ആനന്ദന്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു, ഐ.സി.ഡി.എസ് സി.ഡി.പി.ഒ കെ. ഗീത, മതമേലധ്യക്ഷന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: വനിതാ ശിശു വികസന വകുപ്പിന് കീഴിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസ് സംഘടിപ്പിച്ച ശൈശവ വിവാഹ നിരോധന നിയമ ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സംസാരിക്കുന്നു.

 

ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവര്‍ പൗരന്മാര്‍: ജില്ലാ കലക്ടര്‍

ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവര്‍ പൗരന്മാരാണെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ദേശീയ വോട്ടേഴ്‌സ് ദിനാചരണം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ജനാധിപത്യ വ്യവസ്ഥയില്‍ ഉദ്യോഗസ്ഥരെക്കാളും പ്രാധാന്യമര്‍ഹിക്കുന്നത് പൗരന്മാരാണ്. വോട്ട് ചെയ്ത ശേഷം വോട്ട് ചെയ്ത വ്യക്തി അവരുടെ ജോലി, ഉത്തരവാദിത്തങ്ങള്‍, ശരിയായി വിനിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിവുള്ള പുതിയ തലമുറ സമ്മതിദാനാവകാശം നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

17 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്നും ഇലക്ഷന്‍ ഐഡിയും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ ആപ്പ് യുവ തലമുറ ഉപയോഗപ്പെടുത്തണമെന്നും പരിപാടിയില്‍ മുഖ്യാതിഥിയായ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് ശ്രീശങ്കര്‍ മുരളി പറഞ്ഞു. പരിപാടിയില്‍ എ.ഡി.എം കെ. മണികണ്ഠന്‍ അധ്യക്ഷനായി. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശ്രീശങ്കര്‍ മുരളിക്ക് നല്‍കി നിര്‍വഹിച്ചു.

കേരളത്തിലെ ഏറ്റവും മികച്ച ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബായ അഗളി ജി.വി.എച്ച്.എസ് സ്‌കൂളിനെ ജില്ലയിലെ ഏറ്റവും മികച്ച ഇലക്ഷന്‍ ക്ലബ്ബായി തെരഞ്ഞെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബായി വാണിയംകുളം ടി.ആര്‍.കെ സ്‌കൂളിനയും വടക്കഞ്ചേരി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സിനെയും തെരഞ്ഞെടുത്തു. പരിപാടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) കെ. മധു, ജില്ലാ തെരഞ്ഞെടുപ്പ് അസിസ്റ്റന്റ് ടോംസ്, ജി.വി.എച്ച്.എസ്.എസ് അഗളി സ്‌കൂള്‍ അധ്യാപകന്‍ ടി. സത്യന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

”ഇമ്മിണി വല്‍തും ഗുണോള്ള കാര്യങ്ങളും”: ഡിജിറ്റല്‍ വാഹന പര്യടനം ആറാം ദിനം

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ വാഹന പ്രദര്‍ശനം ആറാം ദിവസം ജില്ലയില്‍ വിജയകരമായി പര്യടനം തുടരുന്നു. സര്‍ക്കാരിന്റെ വികസന-ക്ഷേമ-ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച നൂറോളം മൂവിങ് പോസ്റ്റര്‍-വീഡിയോകളാണ് പര്യടനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജനുവരി 25 ന് ചെര്‍പ്പുളശ്ശേരിയില്‍ നിന്നും ആരംഭിച്ച വാഹന പ്രദര്‍ശനം ശ്രീകൃഷ്ണപുരം, കരിമ്പുഴ, കാരാകുറിശ്ശി, കോങ്ങാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. രാജേഷ് കലാഭവന്റെയും നവീന്‍ പാലക്കാടിന്റെയും നേതൃത്വത്തിലുള്ള ആര്‍.എന്‍ ആര്‍ട്സ് ഹബ്ബ് കലാസംഘം ശൈശവ വിവാഹം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയെ കുറിച്ച് ബോധവത്ക്കരണവും കെ.എസ്.ആര്‍.ടി.സി ഇന്‍ഷുറന്‍സ്, സൗര പദ്ധതി, വിള ഇന്‍ഷുറന്‍സ് പോലുള്ള വിവിധ പദ്ധതികളുടെ അവതരണവും നടത്തി.

ഡിജിറ്റല്‍ വാഹന പ്രദര്‍ശനം ഇന്ന്

ആനക്കട്ടി – രാവിലെ 9.30 ന്
കോട്ടത്തറ – രാവിലെ 11.30 ന്
അഗളി – ഉച്ചയ്ക്ക് രണ്ടിന്
മുക്കാലി – വൈകിട്ട് നാലിന്
തെങ്കര – വൈകീട്ട് ആറിന്

 

ഓങ്ങല്ലൂരില്‍ ടെറസ് ഫാമിങ് പദ്ധതി: പച്ചക്കറിത്തൈ വിതരണോദ്ഘാടനം ചെയ്തു

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ടെറസ് ഫാമിങ് പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ടെറസ് ഫാമിങ് എല്ലാവരും മാതൃകയാക്കിയാല്‍ പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടാന്‍ കഴിയുമെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 5,00,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 112 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറി ലഭ്യത ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. ഹൈ ഡെന്‍സിറ്റി പോളി എഥിലിന്‍ മെറ്റീരിയല്‍ (എച്ച്.ഡി.പി.ഇ) ഉപയോഗിച്ച് ഉണ്ടാക്കിയ ചട്ടികളാണ് തൈകള്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്നത്. 25 ചട്ടികളാണ് ഒരു യൂണിറ്റിലുള്ളത്. വീടുകളിലേക്ക് ആവശ്യമായ പച്ചമുളക്, വഴുതന, വെണ്ട, തക്കാളി, പയര്‍ എന്നീ തൈകളാണ് പദ്ധതി പ്രകാരം നല്‍കുന്നത്. പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. രജീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി. പ്രിയ, കെ.സി ജലജ, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

ഗതാഗത നിരോധനം

ആലാംക്കടവ്-പാറക്കാല്‍ റോഡ് നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജനുവരി 25 മുതല്‍ ഫെബ്രുവരി 25 വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചതായി കൊഴിഞ്ഞാമ്പാറ പൊതുമരാമത്ത് നിരത്തുകള്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ആലാംക്കടവില്‍ നിന്നും പാറക്കാലിലേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ അഞ്ചാം മൈല്‍ വഴിയും നല്ലേപ്പിള്ളി- ചിറ്റൂര്‍ വഴിയും തിരിഞ്ഞുപോകേണ്ടതാണെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2505566.

 

മോജോ കിറ്റ് ആക്സസറീസ് വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് സാംസങ് ഗാലക്സി എ 73- 5 ജി ഫോണിന് അനുയോജ്യമായ മോജോ കിറ്റ് ആക്സസറീസ് വിതരണത്തിന് അംഗീകൃത മൊബൈല്‍ ഷോപ്പ് ഉടമകളില്‍ നിന്ന് 25000/ ല്‍ കൂടാത്ത നിരക്കില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

1. DJI OSMO GIMBAL OM4(1)
2. MIRFAK MICROPHONE MC 1 (1),
3. NATIONAL GEOGRAPHIC TRIPOD (1)
4. RODE SC6 CABLE (1)
5. SANDISK PENDRIVE DUAL 32 GB (1)
6. SIMPEX 420 LED LITE(1)
7. HAMA MONOPODE 78 (1)

എന്നീ ആക്സസറീസ് ആണ് ആവശ്യം. ക്വട്ടേഷനുകള്‍ ഫെബ്രുവരി 1 ന് വൈകീട്ട് മൂന്നിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗ്രൗണ്ട് ഫ്ളോര്‍, സിവില്‍ സ്റ്റേഷന്‍ പാലക്കാട് -678001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് ‘പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്കുള്ള സാംസങ് ഗാലക്സി എ 73- 5 ജി ഫോണിന് അനുയോജ്യമായ മോജോ ആക്സസറീസ് വിതരണത്തിനുള്ള ക്വട്ടേഷന്‍’ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. വൈകി കിട്ടുന്ന ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതല്ല. ക്വട്ടേഷനുകള്‍ അതേ ദിവസം വൈകീട്ട് 4 ന് തുറക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ – 0491 2505329.

error: Content is protected !!