Input your search keywords and press Enter.

കൊല്ലം ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/02/2023)

മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും
സംസ്ഥാന റവന്യൂദിനാഘോഷം-അവാര്‍ഡ്ദാന ചടങ്ങ് 24ന്
സംസ്ഥാന റവന്യൂദിനാഘോഷം-അവാര്‍ഡ്ദാനചടങ്ങ് ഫെബ്രുവരി 24ന് വൈകിട്ട് നാലിന് സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 60 പേര്‍ക്കാണ് സംസ്ഥാനതല അവാര്‍ഡ്. കലാപരിപാടികളും അരങ്ങേറും.
ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ ജനറല്‍ കണ്‍വീനറുമായ സംഘാടകസമിതി  രൂപീകരിച്ചു. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രതിനിധിയായി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി. ജെ. ബെന്നി, ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ പ്രതിനിധിയായി അസിസ്റ്റന്റ് കമ്മീഷണര്‍ വിനീത്, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, റവന്യൂ സര്‍വേ ഓഫീസര്‍മാര്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് പരിപാടി നടത്തുക.

അവസാന തീയതി ഫെബ്രുവരി 15
പി.ആര്‍.ഡി. പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് താത്കാലിക പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പാനല്‍ തയാറാക്കുക. അപേക്ഷകള്‍ ഫെബ്രുവരി 15 വരെ careers.cdit.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ജില്ലാ അടിസ്ഥാനത്തിലും തിരുവനന്തപുരത്തുള്ള വകുപ്പിന്റെ ഡയറക്ടറേറ്റിലുമായാണു പാനല്‍ രൂപീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. സബ് എഡിറ്റര്‍ പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത സര്‍വകലാശാല ബിരുദമോ ജേണലിസം ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും കണ്ടെന്റ് എഡിറ്റിങ്ങിലും വീഡിയോ എഡിറ്റിങ്ങിലും പ്രാവീണ്യവുമുള്ളവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം. വിഡിയോ എഡിറ്റിങ്ങില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദവും പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്നു പാനലുകളിലേക്കും പ്രായപരിധി 01-01-2023ല്‍ 35 വയസ്.
എഴുത്തു പരീക്ഷ ജില്ലാ അടിസ്ഥാനത്തിലും അഭിമുഖം മേഖലാ അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. ഒരു വര്‍ഷമാണു പാനലിന്റെ കാലാവധി. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ക്കു നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുണ്ടെങ്കില്‍ അതിലേക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമേ അപേക്ഷിക്കാനാകൂ. വിശദമായ വിജ്ഞാപനം www.prd.kerala.gov.incareers.cdit.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

സര്‍ക്കാര്‍ നഴ്‌സുമാരുടെ പുതിയ ബാച്ച് പുറത്തിറങ്ങി
സര്‍ക്കാര്‍ നഴ്‌സുമാരുടെ പുതിയ ബാച്ച് (ബാച്ച് -54) ദീപം തെളിയിച്ച് കര്‍മ മണ്ഡലത്തിലേക്ക്. മറ്റുള്ളവരുടെ ജീവിതത്തിന് നിറം നല്‍കുന്നവരാകണം നഴ്സുമാരെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ. ജേക്കബ്ബ് വര്‍ഗ്ഗീസ്. സര്‍ക്കാര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ നടന്ന പരിപാടിയില്‍  പ്രിന്‍സിപ്പല്‍ പി.കെ.സാലമ്മ ദീപം തെളിയിച്ചു നല്‍കി.
പി.എച്ച്.എന്‍ ട്യൂട്ടര്‍ എസ്.ബീന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ്. ദിലീപ്കുമാര്‍, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. വി.കൃഷ്ണവേണി, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്‍. സന്ധ്യ, ഡി.എന്‍.ഒ  ഇ.അജിതകുമാരി, പ്രിന്‍സിപ്പല്‍ ടി. ലത,  സൈക്യാട്രി കണ്‍സള്‍ട്ടന്റ്  ഡോ. ടി. സാഗര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏകദിന ശില്‍പശാല
 ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ഏകദിന ശില്‍്പശാല സംഘടിപ്പിച്ചു. ജില്ലാ റിസോഴ്‌സ് അംഗങ്ങള്‍,   ജില്ലാതല ഉദ്യോഗസ്ഥര്‍, സാങ്കേതിക സഹായം നല്‍കുന്ന സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയാണ് പങ്കെടുത്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സാം കെ. ഡാനിയേല്‍   ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി  എം. വിശ്വനാഥന്‍ അദ്ധ്യക്ഷനായി. 14-ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങള്‍, നൂതന-  സംയോജിത-സമഗ്രപദ്ധതികള്‍  എന്നിവയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍  വിഷയാവതരണം നടത്തി. ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റര്‍   അനില്‍കുമാര്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി
പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലേക്കും കൊല്ലം/ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലേക്കും ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുകളുണ്ട്. (കൊല്ലം അഞ്ച്, ആലപ്പുഴ ഒന്ന്). യോഗ്യത-എസ്.എസ്.എല്‍.സി. പ്രായപരിധി 2022 ജനുവരി ഒന്നിന് 18-35 വയസ്. ബിരുദധാരികള്‍ക്ക് ഗ്രേസ്മാര്‍ക്ക് ലഭിക്കും. ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി പരിശീലനം നേടിയവര്‍ അപേക്ഷിക്കരുത്.
കുടുംബ വാര്‍ഷിക വരുമാനം (കുടുംബനാഥന്റെ/സംരക്ഷകന്റെ) ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കൂ. പ്രതിമാസം ഓണറേറിയും 10,000 രൂപ.
പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്/കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ ഫോമുകള്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, വരുമാനം സംബന്ധിച്ച് 200 രൂപ പത്രത്തിലുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോണ്‍: 0475-2222353.

‘വൈഗ’ ഡി.പി.ആര്‍ ക്ലിനിക് രജിസ്‌ട്രേഷന്‍ നാളെയും കൂടി
കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ‘വൈഗ 2023’ല്‍ ഡി.പി.ആര്‍ ക്ലിനിക്കിന്റെ രജിസ്‌ട്രേഷന്‍ നാളെയും (ഫെബ്രുവരി 10) കൂടി നടത്താം. സംരംഭകര്‍ക്ക് വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) ലഭിക്കുന്നതിനൊപ്പം, സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യം നേടാനും അവസരമുണ്ട്. മേഖലയിലെ ശാസ്ത്രജ്ഞരും സാമ്പത്തിക-സാങ്കേതിക വിദഗ്ധരും പങ്കെടുക്കും. ഫെബ്രുവരി 15 മുതല്‍ 17 വരെ തിരുവനന്തപുരത്ത് ആനയറയിലുള്ള ‘സമേതി’യിലാണ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. www.vaigakerala.com വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0471-2318186, 2317314.

സ്ഥലമേറ്റെടുപ്പ്: വിരമിച്ച സര്‍വേയര്‍മാര്‍ക്ക് അപേക്ഷിക്കാം
 കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പിനായി സേവനത്തില്‍ നിന്നും വിരമിച്ച സര്‍വേയര്‍മാരെ ഉള്‍പ്പെടുത്തുന്നു. വിരമിച്ച സര്‍വേയര്‍മാര്‍ രണ്ട് ദിവസത്തിനകം എല്‍.എ.എന്‍.എച്ച് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
 ജില്ലാ പഞ്ചായത്തിന്റെ  അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍  പദ്ധതിയുടെ ഭാഗമായി   വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ 30 ദിവസത്തേക്കുള്ള നിയമനത്തിനായി ഫെബ്രുവരി 13ന്  വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
വെറ്ററിനറി സര്‍ജന്‍: ബാച്ച്‌ലര്‍ ഓഫ് വെറ്ററിനറി സയന്‍സ്  ആന്റ് ആനിമല്‍ ഹസ്ബന്ററി; വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 44020/-രൂപ.  ഇന്റര്‍വ്യൂ രാവിലെ 11ന്.
ഓപ്പറേഷന്‍ തിയേറ്റര്‍ സഹായി: വെറ്ററിനറി നഴ്‌സിംഗില്‍ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 25000/-രൂപ.  ഇന്റര്‍വ്യൂ ഉച്ചയ്ക്ക് 12ന്. അനിമല്‍ ഹാന്‍ഡലര്‍ ഒഴിവിലേയ്ക്ക്  ഉച്ചയ്ക്ക് രണ്ടിനും, ശുചീകരണ സഹായി തസ്തികയിലേയ്ക്ക്  വൈകിട്ട് മൂന്നിനുമാണ് ഇന്റര്‍വ്യൂ. യഥാക്രമം 20000, 12000 രൂപയാണ് പ്രതിമാസവേതനം.
ഉദ്യോഗര്‍ഥികള്‍  രേഖകളുമായി  ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  ഹാജരാകണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.    ഫോണ്‍ 04742793464.

താല്‍ക്കാലിക നിയമനം
 കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍, ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു.   യോഗ്യത ബിടെക് ഫസ്റ്റ് ക്ലാസ്് (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്് എന്‍ജിനിയറിംഗ്).  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി  കോളേജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍  ഫെബ്രുവരി 13ന് രാവിലെ 10 ന്  അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 9447488348.

ടെന്‍ഡര്‍
കൊല്ലം കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരം സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സ് കിറ്റ്   വിതരണം   ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി   17  ഉച്ചയ്ക്ക് രണ്ടുവരെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസില്‍ നിന്നും ഫോമുകള്‍ ലഭിക്കും. വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടാം.

(

ടെന്‍ഡര്‍
കൊല്ലം കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരം സര്‍ക്കാര്‍ സ്‌കൂളുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നാളെ (ഫെബ്രുവരി 10) ഉച്ചയ്ക്ക് രണ്ടുവരെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസില്‍ നിന്നും ഫോമുകള്‍ ലഭിക്കും. വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടാം

സൗജന്യ പരീക്ഷാപരിശീലനം
 ഫെബ്രുവരി 19ന് നടക്കുന്ന കെ മാറ്റ് ഒന്നാംഘട്ട പ്രവേശന പരീക്ഷയ്ക്കുള്ള  സൗജന്യ പരീക്ഷാ ഓണ്‍ലൈന്‍ പരിശീലനം  പുന്നപ്ര ഐ.എം.റ്റിയില്‍ ഫെബ്രുവരി 15 മുതല്‍ 17വരെ നടത്തും. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ബിരുദം നേടിയവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9188067601, 9526118960, 9747272045, 9746125234.

error: Content is protected !!