Input your search keywords and press Enter.

പാലക്കാട് ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ (08/02/2023)

സംസ്ഥാന തദ്ദേശദിനാഘോഷം  മാധ്യമ പുരസ്‌കാരത്തിന് ഫെബ്രുവരി 18 വരെ അപേക്ഷിക്കാം

ഫെബ്രുവരി 18, 19 തീയതികളില്‍ തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷവുമായി ബന്ധപ്പെട്ട്  മികച്ച വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്ക് മാധ്യമ പുരസ്‌കാരം നല്‍കുമെന്ന് സംഘാടക സമിതി അറിയിച്ചു. പുരസ്‌കാരത്തിന് പരിഗണിക്കുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സഹിതം ഫെബ്രുവരി 18 ന് ഉച്ച്ക്ക് രണ്ടിനകം  കണ്‍വീനര്‍, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി, തദ്ദേശ ദിനാചരണം സംഘാടക സമിതി ഓഫീസ്, കൂറ്റനാട് എന്ന വിലാസത്തില്‍ എന്‍ട്രികള്‍ നല്‍കണം. ദൃശ്യ/ശ്രാവ്യ മാധ്യമ വാര്‍ത്തകള്‍ പെന്‍ ഡ്രൈവിലും അച്ചടി മാധ്യമ വാര്‍ത്തകളുടെ പേപ്പര്‍ കട്ടിങ്ങുമാണ് എന്‍ട്രിയില്‍ ഉള്‍പ്പെടുത്തേണ്ടത്. തദ്ദേശ ദിനാഘോഷത്തിന്റെ സന്ദേശവും തദ്ദേശ ഭരണ നിര്‍വഹണത്തിന്റെ ജനോപകാരപ്രദമായ തലങ്ങളും മികച്ച രീതിയില്‍ ജനങ്ങളിലേക്കെത്തിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്‌കാരം നല്‍കുക. ഏറ്റവും  മികച്ച ദൃശ്യമാധ്യമ വാര്‍ത്താ റിപ്പോര്‍ട്ട്, ഏറ്റവും മികച്ച  റേഡിയോ വാര്‍ത്താ റിപ്പോര്‍ട്ട്, മികച്ച അച്ചടി മാധ്യമ വാര്‍ത്താ റിപ്പോര്‍ട്ട്, അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഏറ്റവും മികച്ച ഫോട്ടോ എന്നിവയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുക. ഫെബ്രുവരി എട്ട് മുതല്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം/പ്രക്ഷേപണം ചെയ്യുന്നതുമായ റിപ്പോര്‍ട്ടുകളും ഫോട്ടോയും പരിഗണിക്കും. ഫെബ്രുവരി 19 ന് തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും.


പ്രദര്‍ശന വിപണന മേളയില്‍ 66 സ്റ്റാളുകള്‍
പ്രവേശനം സൗജന്യം, പ്രവേശന സമയം രാവിലെ 9 മുതല്‍ രാത്രി 10 വരെ

പ്രദര്‍ശന വിപണന മേളയില്‍ കരകൗശല-കൈത്തറി വസ്തുക്കള്‍, ഗോത്ര-ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉള്‍പ്പെട്ട കുടുംബശ്രീയുടെ 25 സ്റ്റോള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍, പഞ്ചായത്ത്-നഗരസഭാ തലത്തിലുമായി ആകെ 66 സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്. ഫെബ്രുവരി 16 മുതല്‍ 19 വരെ രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി 14 മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ഫെബ്രുവരി 14 ന് വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ ഗസലും 15 ന് വട്ടേനാട് ജി.എല്‍.പി.എസില്‍ സൂഫി സംഗീതവും 16 മുതല്‍ 19 വരെ മുല്ലയംപറമ്പ് ഗ്രൗണ്ടില്‍ നാടന്‍പാട്ട്, നാടകം, 101 കലാകാരന്മാരുടെ പഞ്ചവാദ്യം, ചവിട്ടുകളി, സിത്താര കൃഷ്ണകുമാറിന്റെയും സംഘത്തിന്റെയും മെഗാ ഇവന്റ് എന്നിങ്ങനെ വിവിധ പരിപാടികളാകും നടക്കുക. സുസ്ഥിര തൃത്താല പദ്ധതിയുമായി ബന്ധപ്പെട്ട മണ്ണ്-ജലം-കൃഷി സംരക്ഷണത്തിന് പ്രത്യേക സ്റ്റാളുകളും ഉണ്ട്. തൃത്താലയ്ക്ക് ഉത്സവ പ്രതീതി ഉണര്‍ത്തി കൊണ്ടാണ് സംസ്ഥാനതല തദ്ദേശദിനാഘോഷം സംഘടിപ്പിക്കുന്നത്.

സംസ്ഥാനതല തദ്ദേശ ദിനാഘോഷം: സ്റ്റേജ്,പന്തല്‍ സജ്ജീകരിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

തൃത്താല ചാലിശ്ശേരിയില്‍  ഫെബ്രുവരി 14 മുതല്‍ 19 വരെ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് സ്റ്റേജ്,പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് എന്നിവ സജ്ജീകരിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിനകം എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ്, എല്‍.എസ്.ജി.ഡി ഡിവിഷന്‍, ജില്ലാ പഞ്ചായത്ത്, പാലക്കാട് വിലാസത്തില്‍ നല്‍കണം. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. സ്റ്റേജ്,പന്തല്‍, ലൈറ്റ്,സൗണ്ട് എന്നിവ ഒരുമിച്ച് രേഖപ്പെടുത്തിയ ക്വട്ടേഷന്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ക്വട്ടേഷനില്‍ ഇനം തിരിച്ച് തുക  രേഖപ്പെടുത്തണം. താത്പര്യമുള്ളവര്‍ പി.ഡബ്ല്യു.ഡി ലൈസന്‍സ് നമ്പര്‍, പേര്, ഫോണ്‍ നമ്പര്‍ സഹിതം ക്വട്ടേഷന്‍ നല്‍കണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ -0491-2970086

പി.ആര്‍.ഡി പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയിലേക്ക് സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് താത്കാലിക പാനലിലേക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിണ് പാനല്‍ തയാറാക്കുക. അപേക്ഷ ഫെബ്രുവരി 15 വരെ careers.cdit.org ല്‍ ഓണ്‍ലൈനായി നല്‍കാം. ജില്ലാ അടിസ്ഥാനത്തിലും വകുപ്പ് ഡയറക്ടറേറ്റിലുമാണ് പാനല്‍ രൂപീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ.

സബ് എഡിറ്റര്‍ പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത സര്‍വകലാശാല ബിരുദമോ ജേണലിസം ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം കണ്ടെന്റ്-വീഡിയോ എഡിറ്റിങ്ങില്‍ പ്രാവീണ്യവുമുള്ളവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം. വീഡിയോ എഡിറ്റിങ്ങില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദവും പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 2023 ജനുവരി ഒന്നിന് 35 വയസ്. എഴുത്ത് പരീക്ഷ ജില്ലാ അടിസ്ഥാനത്തിലും അഭിമുഖം മേഖലാ അടിസ്ഥാനത്തിലുമാണ് നടത്തുക. ഒരു വര്‍ഷമാണ് പാനല്‍ കാലാവധി. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ക്കു നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുണ്ടെങ്കില്‍ അതിലേക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമേ അപേക്ഷിക്കാനാകൂ. വിശദ വിവരങ്ങള്‍ www.prd.kerala.gov.incareers.cdit.org ല്‍ ലഭിക്കും.

സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

ജില്ലാ പഞ്ചായത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അഭ്യസ്ഥവിദ്യരായ യുവതി-യുവാക്കള്‍ക്കുള്ള പ്ലേസ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ വിതരണം ചെയ്തു. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തലശ്ശേരി നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനില്‍ അഞ്ച് മാസത്തെ കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കല്‍ കണ്‍ട്രേള്‍ ഓപറേറ്റര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്. മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ അഞ്ച് പേരെ വിദേശത്ത്  അയക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍മാന്‍ പി.കെ സുധാകരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമന്‍കുട്ടി,  എന്‍.ടി.ടി.എഫ് പ്രിന്‍സിപ്പാള്‍ ആന്‍ഡ് ജനറല്‍ മാനേജര്‍ അയ്യപ്പന്‍,  ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ പി.അനില്‍കുമാര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ കെ.എ സാദിക്കലി എന്നിവര്‍ സംസാരിച്ചു.


കാര്‍ഷിക സെന്‍സസ് എന്യൂമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റര്‍ നിയമനം. മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലും മണ്ണാര്‍ക്കാട് നഗരസഭയിലെ ഏതാനും വാര്‍ഡുകളിലുമാണ് നിയമനം. യോഗ്യത ഹയര്‍സെക്കന്‍ഡറി (തത്തുല്യം).  സ്വന്തമായി സ്മാര്‍ട്ട്ഫോണ്‍ ഉണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി 10 നകം മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് അപേക്ഷിക്കാം

ജില്ലാ പഞ്ചായത്ത്  2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അഭ്യസ്തവിദ്യരായ പട്ടികജാതി വിഭാഗക്കാരായ യുവതി-യുവാക്കള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കുന്നതിന് അപേക്ഷിക്കാം. 21 നും 30 ഇടയില്‍ പ്രായമുള്ള ബി.എസ്.സി നഴ്‌സിങ്/ജനറല്‍ നഴ്‌സിങ്, എം.എല്‍.ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍, പാരാമെഡിക്കല്‍, എന്‍ജിനീയറിങ്, പോളിടെക്‌നിക്, ഐ.ടി.ഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജാതി-വരുമാനം-റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് -ആധാര്‍ കാര്‍ഡ് പകര്‍പ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. പഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ജില്ലാ പട്ടികജാതി ഓഫീസിലും ലഭിക്കും. ഫോണ്‍ -0491-2505005

പെട്രോളിയം ഡീലര്‍മാര്‍ക്ക് വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗക്കാരായ അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് പെട്രോള്‍/ഡീസല്‍/എല്‍.പി.ജി വില്പനശാലകള്‍ പ്രവര്‍ത്തനനിരതമാക്കുന്നതിന് പ്രവര്‍ത്തനമൂലധന വായ്പക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പൊതുമേഖലയിലെ ഏതെങ്കിലും പെട്രോള്‍ കമ്പനിയുടെ അംഗീകൃത ഡീലറായിരിക്കണം. സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ടാക്‌സ് രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. 60 വയസ് കവിയരുത്. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ അധികരിക്കരുത്. അപേക്ഷകന്‍ ഭാര്യ/ഭര്‍ത്താവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരാക്കരുത്. അപേക്ഷകന്‍ വായ്പക്ക് ആവശ്യമായ വസ്തുജാമ്യം നല്‍കണം. താത്്പര്യമുള്ളവര്‍ മേല്‍വിലാസം, ഫോണ്‍, ജാതി, വാര്‍ഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്സ് ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് തുടങ്ങിയ വിവരങ്ങള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാനേജിങ് ഡയറക്ടര്‍,  സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ,് തൃശൂര്‍-20 വിലാസത്തില്‍ നല്‍കണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ -0491-2544411

വാഹനം വാടകക്ക്: ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ഭക്ഷ്യ-സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ അധീനതയിലെ പ്രദേശങ്ങളില്‍ ക്വിക്ക് റസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മഹീന്ദ്ര ബൊലീറോ/ടാറ്റാ സുമോ/ സമാന മോഡലുകളിലുള്ള വാഹനങ്ങള്‍ വാടകക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 5000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷന്‍ മാര്‍ച്ച് ആറിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. മാര്‍ച്ച് എഴിന് രാവിലെ 11 ന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ-സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 0491- 2505081

ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ബിസിനസ്് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാമില്‍ പരിശീലനം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ആറ് മുതല്‍  14 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 4130 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 20 നകം www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484-2532890,2550322,9605542061

മണക്കടവ് വിയറില്‍ 5654.94 ദശലക്ഷം ഘനയടി ജലം ലഭിച്ചു

മണക്കടവ് വിയറില്‍ ജൂലൈ ഒന്ന് മുതല്‍ 2023 ഫെബ്രുവരി എട്ട് വരെ 5654.94 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 1595.06 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍-105.62 (274), തമിഴ്‌നാട് ഷോളയാര്‍-725.42 (5392), കേരള ഷോളയാര്‍-5240 (5420), പറമ്പിക്കുളം-11034.47 (17,820), തൂണക്കടവ്-538.46 (557), പെരുവാരിപ്പള്ളം-595.66 (620), തിരുമൂര്‍ത്തി-1343.24 (1935), ആളിയാര്‍-2300.14 (3864).

ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലെ വില്പന കേന്ദ്രങ്ങളില്‍ ഫെബ്രുവരി 14 വരെ ഗവ. സ്‌പെഷ്യല്‍ റിബേറ്റ് നല്‍കുന്നു. 20 മുതല്‍ 30 ശതമാനം വരെയാണ് റിബേറ്റ്. ഖാദി ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, കോട്ടമൈതാനം, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്,  കോങ്ങാട് മുനിസിപ്പല്‍ കോംപ്ലക്‌സ്, തൃത്താല, കുമ്പിടി ഖാദി ഷോറൂമുകളിലും മണ്ണൂര്‍,ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി ഗ്രാമസൗഭാഗ്യകളിലും സ്‌പെഷ്യല്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഖാദി കോട്ടണ്‍, സില്‍ക്ക്, മനില, ഷര്‍ട്ടിങ് തുണിത്തരങ്ങള്‍ മറ്റ് ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ക്രെഡിറ്റ് സൗകര്യം ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491-2534392

 
ചാര്‍ട്ടേഡ് അക്കൗണ്ടില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു

ആര്‍.എം.എഫ് അക്കൗണ്ടിന്റെ 2010 മുതല്‍ 2023 വരെയുള്ള വരവ്-ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 15 ന് രാവിലെ 11 നകം പാലക്കാട് കലക്ടറേറ്റ് എല്‍.ആര്‍.ജി സെക്ഷനില്‍ നല്‍കണമെന്ന് എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ഫോണ്‍  0491-2505309

ചങ്ങാതി അതിഥി തൊഴിലാളി സാക്ഷരത : സംഘാടക സമിതി യോഗം പത്തിന്

സാക്ഷരതാ മിഷന്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നടപ്പാക്കുന്ന ചങ്ങാതി അതിഥി തൊഴിലാളി സാക്ഷരത തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല സംഘാടക സമിതി യോഗം ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് 12 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളുടെ അധ്യക്ഷതയില്‍ ചേരും.

error: Content is protected !!