Input your search keywords and press Enter.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഭിന്നശേഷി സൗഹാര്‍ദമായി മാറ്റണം: മന്ത്രി ഡോ. ആര്‍. ബിന്ദു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഭിന്നശേഷി സൗഹാര്‍ദപരമാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ജില്ലാ സാമൂഹ്യ നീതി വകുപ്പും  സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ  ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹകരണത്തോടെയും  സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ സമൂഹത്തില്‍ ബഹുഭൂരിപക്ഷം വരുന്ന ഭിന്ന ശേഷിക്കാരും അരിക്‌വല്‍കൃത ജീവിതം നയിക്കുന്നവരാണ്. അവരെ കൂടി സ്വയം പര്യാപ്തവും, സ്വച്ഛന്ദവും, സ്വതന്ത്രവും ആത്മവിശ്വാസം നിറഞ്ഞതുമായ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയാല്‍ മാത്രമേ ഒരു ജനാധിപത്യ സംവിധാനം പൂര്‍ണമാകു. ഈ ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ നിയമം 2016 രൂപീകൃതമായിട്ടുളളത്. കേരളത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാര്‍ദ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍  കെട്ടിടങ്ങളും പൊതുഇടങ്ങളും ഭിന്ന ശേഷി സൗഹ്യദമായി മാറ്റുന്നതോടൊപ്പം പൊതു സമൂഹത്തിന് ഭിന്ന ശേഷിക്കാരോടുള്ള സമീപനത്തിലും  മാറ്റം വരണം. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഭിന്ന ശേഷിക്കാരോട് അനുകമ്പാപൂര്‍വവും, മനുഷ്യത്വപരവുമായ സമീപനത്തോടു കൂടി പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭരണസിരാ കേന്ദ്രങ്ങളും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, കലാലയങ്ങളും വിദ്യാലയങ്ങും തുടങ്ങി എല്ലാ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും ലിഫ്റ്റും, റാമ്പും അടക്കമുള്ള സൗകര്യങ്ങള്‍  ഒരുക്കണം.
ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍, വിദ്യാഭ്യാസം, സേവനങ്ങള്‍, തുടങ്ങി അവര്‍ക്കു വേണ്ട എല്ലാവിധ പരിരക്ഷയും ഉറപ്പു വരുത്തി ഔദാര്യാധിഷ്ഠിത കാഴ്ച്ചപാടില്‍ നിന്നും അവകാശാധിഷ്ഠിതമായ കാഴ്ച്ചപ്പാടിലേക്ക് മാറി സേവനങ്ങള്‍ നല്‍കുവാന്‍ നാം ബാധ്യസ്ഥരാണ്.  ഭിന്നശേഷിക്കാര്‍ക്ക് അതിക്രമങ്ങളില്‍ നിന്നും വിമുക്തമായ ജീവിതം നല്‍കണം. അവര്‍ക്ക് സ്വകാര്യതയ്ക്കുള്ള അവകാശം ലഭ്യമാക്കണം. തനതായ കുടുംബം, ജീവിതം ഇവയെല്ലാം ഒരുക്കി നല്‍കണം. ആരോഗ്യ സംരക്ഷണം നല്‍കണം. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരെ എത്തിക്കാനായി പൊതു സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വരണം. സര്‍ക്കാര്‍ വകുപ്പുകളില്‍ ഇവര്‍ക്കായി കണ്ടെത്തിയിട്ടുള്ള  തസ്തികകളില്‍ നിയമനം നല്‍കണം.
ഭിന്ന ശേഷിക്കാരെ മുന്നോട്ടു കൊണ്ടുവരാന്‍ പഞ്ചായത്ത് തലത്തില്‍ ഒരു ബഡ് സ്‌കൂള്‍ വീതം വരണം. മനുഷ്യര്‍ വ്യാപരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും  സര്‍ഗശേഷിയോടെ കടന്നുചെല്ലേണ്ടവരാണ് ഭിന്നശേഷിക്കാര്‍. ഇവരെ മുന്നോട്ടു കൊണ്ടു വരുന്നതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. ഭിന്നശേഷി നിയമം 2016 ന്റെ തീക്ഷ്ണതയും തീവ്രതയും മനസിലാക്കി സുതാര്യവും വിട്ടുവീഴ്ചപരവുമായ മനോഭാവത്തോടെ പെരുമാറാന്‍ ജില്ലാ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരെ കൗതുകത്തോടെ നോക്കി കാണാതെ നമ്മളില്‍ ഒരാളായി കണ്ട് അവരുടെ കുറവുകള്‍ നികത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബന്ധരാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്  അയ്യര്‍ പറഞ്ഞു. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍, ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ദേവന്‍ കെ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2016ലെ ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് ശരിയായ അവബോധം നല്‍കുന്നതിലൂടെ ഭിന്നശേഷി സമൂഹത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നീതിയും സമയബന്ധിതമായി ലഭിക്കുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ നിയമത്തിലുള്ള അവബോധം സൃഷ്ടിക്കുന്നത് ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ യഥാസമയം ഗുണഭോക്താക്കളിലെത്തിക്കുന്നതിന് ഏറെ സഹായകമാകും.

error: Content is protected !!