Input your search keywords and press Enter.

പത്തനംതിട്ട ജില്ലാഅറിയിപ്പുകള്‍ ( 21/02/2023 )

ബിസിനസ്സ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം

പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന  സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ  കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്), ഏഴ് ദിവസത്തെ  ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം  സംഘടിപ്പിക്കും.  മാര്‍ച്ച് ആറു  മുതല്‍ 14  വരെ കളമശേരിയിലുള്ള കീഡ് ക്യാമ്പസില്‍വെച്ചാണ്  പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച്  വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള  സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ലീഗല്‍ ആന്റ് സ്റ്റാറ്റിയൂട്ടറി  കംപ്ലയന്‍സ്, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്മെന്റ്, അഡ്വാന്‍സ്ഡ്  ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടൈം  ആന്റ് സ്ട്രെസ് മാനേജ്മെന്റ്, സ്‌കീംസ് തുടങ്ങീ  നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4,130 രൂപയാണ് ഏഴ് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ ,സെര്‍റ്റിഫിക്കേഷന്‍ ,ഭക്ഷണം , താമസം, ജി.എസ്.ടി ഉള്‍പ്പടെ).താല്‍പര്യമുള്ളവര്‍ കീഡിന്റെ വെബ്‌സൈറ്റ്  ആയ www.kied.info ല്‍ ഓണ്‍ലൈനായി ഫെബ്രുവരി 25 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി.
ഫോണ്‍ : 0484 2532890/ 2550322/9605542061.

 

വെബിനാര്‍
ഭക്ഷ്യ മേഖലയില്‍ സംരംഭം നടത്തുന്നവരും തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളും നിയമ വശങ്ങളെയും അസ്പദമാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്   ഡവലപ്മെന്റ് (കീഡ്), ഫുഡ് സേഫ്റ്റി എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കും. ഫെബ്രുവരി 25 ന്  രാവിലെ 11 മുതല്‍ 12 വരെ ഓണ്‍ലൈന്‍ (സൂം പ്ലാറ്റ്ഫോം) മാര്‍ഗത്തിലൂടെയാമണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  കീഡിന്റെ വെബ്സൈറ്റ് ആയ www.kied.info ല്‍  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ :  0484 2532890/ 2550322
 (പിഎന്‍പി  597/23)

ഉദ്ഘാടനം നടന്നു
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ നെടുംപ്രയാര്‍ പാടശേഖരത്തില്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ  സമ്പൂര്‍ണ എന്ന  സൂക്ഷ്മ മൂലകത്തിന്റെ വളപ്രയോഗം ഡ്രോണ്‍ ഉപയോഗിച്ച് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ്  ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാരായ റെന്‍സിന്‍ രാജന്‍,രശ്മി.ആര്‍.നായര്‍ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി സുമേഷ് കുമാര്‍ ,കൃഷി ഓഫീസര്‍ ധന്യ, തിരുവല്ല കല്ലുങ്കല്‍ അഗ്രികള്‍ റിസര്‍ച്ച് സ്റ്റേഷന്‍മേധാവി ഡോക്ടര്‍. ഷാജന്‍,അസോസിയേറ്റ്  പ്രൊഫസര്‍ ഡോക്ടര്‍. ഗ്ലാഡിസ്, പാടശേഖര സമിതി  പ്രസിഡണ്ട് ബാബു കുഴിവോമണ്ണില്‍, സെക്രട്ടറി സുകുമാരന്‍, ട്രഷറര്‍ ഗോപകുമാര്‍, കര്‍ഷക സുഹൃത്തുക്കള്‍ എന്നിവര്‍ സംസാരിച്ചു.
കെഎസ്ഇബി ആര്‍ഡിഎസ്എസ് ജില്ലാതല ശില്‍പ്പശാല 23ന് കോഴഞ്ചേരിയില്‍
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

ജില്ലയില്‍ വൈദ്യുതി മേഖലയുടെ വികസനവും അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരണവും ലക്ഷ്യമിട്ട് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടു കൂടി നടപ്പാക്കുന്ന നവീകരിച്ച വിതരണ മേഖല പദ്ധതിയുടെ (റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം -ആര്‍ഡിഎസ്എസ്) ജില്ലാതല ശില്‍പ്പശാല ഫെബ്രുവരി 23ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോഴഞ്ചേരി ഇന്ദ്രപ്രസ്ഥ ഹോട്ടലില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

നിലവിലുള്ള വൈദ്യുതി പ്രസരണ, വിതരണ ശൃംഖല പരിഷ്‌കരിക്കുകയും ഊര്‍ജ നഷ്ടം കുറച്ച് ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ഊര്‍ജ മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനവുമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആര്‍ഡിഡിഎസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ പത്തനംതിട്ട ജില്ലയില്‍ 61 കോടി രൂപയുടെ പദ്ധതികളുടെ ദര്‍ഘാസ് നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളിലേക്ക് സമര്‍പ്പിക്കേണ്ട പ്രവര്‍ത്തികളില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായാണ് ശില്‍പ്പശാല സംഘടിപ്പിച്ചിട്ടുള്ളതെന്ന് കെഎസ്ഇബി ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ വി.എന്‍. പ്രസാദ് അറിയിച്ചു.
ആന്റോ ആന്റണി എംപി യോഗത്തില്‍ അധ്യക്ഷത വഹിക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. മാത്യു റ്റി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  കെഎസ്ഇബി ചീഫ് എന്‍ജിനിയര്‍ പി.കെ. പ്രേംകുമാര്‍ വിഷയാവതരണം നടത്തും.
യുവജന കമ്മീഷന്‍ യുവ കര്‍ഷക സംഗമം
സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ദ്വിദിനസംഗമം മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ അടൂര്‍ മാര്‍ത്തോമാ യൂത്ത് സെന്ററില്‍ സംഘടിപ്പിക്കും.  പുത്തന്‍ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ചും കൃഷിയില്‍ താല്പര്യമുള്ള യുവതയ്ക്ക് ഊര്‍ജം നല്‍കുകയുമാണ് സംഗമത്തിന്റെ ഉദ്ദേശം. 18 നും 40 വയസിനും ഇടയില്‍ പ്രായമുള്ള യുവ കര്‍ഷകര്‍ക്കും കൃഷിയില്‍ താല്പര്യം ഉള്ളവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാം.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബയോഡേറ്റയോടൊപ്പം [email protected] എന്ന മെയില്‍ ഐ.ഡിയിലോ കേരള സംസ്ഥാന യുവജനകമ്മീഷന്‍, വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍ 695033 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ഫെബ്രുവരി 28 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍  – 0471 2308630

ക്വട്ടേഷന്‍
ലൈഫ് മിഷന്‍ പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2019 ലോ അതിനുശേഷമോ ഉള്ള ടാക്സി രജിസ്ട്രേഷനുള്ള കാര്‍ ഉടമകളില്‍ നിന്നും പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കുന്നതിനായി  ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 28 ന് പകല്‍ മൂന്നിന്  മുമ്പായി സമര്‍പ്പിക്കണം. 1000 സിസി എന്നിവയോ സമാനമായതോ ആയ വാഹനം അഭികാമ്യം. വിശദാംശങ്ങള്‍ ലൈഫ് മിഷന്‍ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. ഇ.മെയില്‍ വിലാസം- [email protected],  ഫോണ്‍: 0468 2222686.

അസിസ്റ്റന്റ്  പ്രൊഫസര്‍ നിയമനം

ആറന്മുള എഞ്ചിനീയറിംഗ്  കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്   വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ്  പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 27 ന്  രാവിലെ 10 ന്  കോളജില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍. 9496231647.

സമ്പൂര്‍ണ മദ്യ നിരോധനം
പത്തനംതിട്ട ജില്ലയില്‍ ജി 04 കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, 07 അമ്പാട്ട് ഭാഗം വാര്‍ഡിന്റെ പരിധിക്കുള്ളില്‍  ഫെബ്രുവരി 26 ന്  വൈകുന്നേരം ആറു മുതല്‍ വോട്ടെണ്ണല്‍ ദിനമായ മാര്‍ച്ച് ഒന്നുവരെ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.  പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഉത്തരവ് നടപ്പാക്കണം. തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് നിയോജക മണ്ഡലങ്ങളുടെ പരിധിയ്ക്കുള്ളില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ട് മുമ്പുള്ള 48 മണിക്കൂര്‍ സമയത്തേക്കും, വോട്ടെണ്ണല്‍ ദിവസവുമാണ് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുളളത്.

പ്രാദേശിക അവധി
പത്തനംതിട്ട ജില്ലയില്‍ ജി 04 കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, 07 അമ്പാട്ട് ഭാഗം വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി  28 ന് നടത്തുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുള്ള അമ്പാട്ട്ഭാഗം ഗവ. എല്‍. പി. എസിന് ഫെബ്രുവരി 27, 28 തീയതികളിലും, നിയോജക മണ്ഡലപരിധിക്കുള്ളില്‍ വരുന്ന മറ്റെല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിവസമായ ഫെബ്രുവരി 28നും പ്രാദേശിക അവധി നല്‍കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ കേരള പോലീസ് സര്‍വീസ് വകുപ്പില്‍ ഹവില്‍ദാര്‍ (എപിബി) (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്- പട്ടികവര്‍ഗം മാത്രം)(കാറ്റഗറി നം. 481/2021) തസ്തികയുടെ 08.02.2023 തീയതിയില്‍ പ്രസിദ്ധീകരിച്ച 03/2023/ഡിഒഎച്ച് നമ്പര്‍ അര്‍ഹതാ പട്ടികയുടെ ലിസ്റ്റ്  പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

ന്യൂട്രീഷനിസ്റ്റ്
വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ (സമ്പുഷ്ട കേരളം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ന്യൂട്രീഷന്‍ ക്ലിനിക്കുകളുടെ നടത്തിപ്പിലേക്കായി ന്യൂട്രീഷനിസ്റ്റ്മാരുടെ പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – എംഎസ്സി ന്യൂട്രീഷന്‍/ എംഎസ്സി ഫുഡ് സയന്‍സ്/എംഎസ്സി ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ സയന്‍സ് /എംഎസ്സി ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്റെറ്റിക്സ്. പ്രവൃത്തി പരിചയം -ഒരു വര്‍ഷത്തില്‍ കുറയാതെ.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് അഞ്ചിന് വൈകുന്നേരം അഞ്ചു വരെ. വിലാസം : ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, കാപ്പില്‍ ആര്‍ക്കേഡ്, ഡോക്ടേഴ്സ് ലെയിന്‍, പത്തനംതിട്ട- 689 645. പൂരിപ്പിച്ച അപേക്ഷകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളുടെ പകര്‍പ്പ് സഹിതം  നിശ്ചിത ദിവസത്തിനുളളില്‍ ലഭ്യമാക്കണം. കവറിന് പുറത്ത് ന്യൂട്രഷനിസ്റ്റ് പാനല്‍ അപേക്ഷ എന്നു രേഖപ്പെടുത്തണം. പത്തനംതിട്ട ജില്ലക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 8330861819, 0468 2224130.

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 23ന്
മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎസ് ഓംബുഡ്സ്മാന്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 23 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ അറിയിച്ചു.

error: Content is protected !!