Input your search keywords and press Enter.

ശുചിത്വം സംബന്ധിച്ച കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും മാറ്റം വരുത്തണം: മന്ത്രി വീണാ ജോര്‍ജ്  

ശുചിത്വം സംബന്ധിച്ച് നമ്മുടെ കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും മാറ്റം വരുത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും കിലയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന നിര്‍മ്മല ഗ്രാമം -നിര്‍മ്മല നഗരം -നിര്‍മ്മല ജില്ല നിര്‍വഹണ പരിശീലന ശില്പശാല ചരല്‍ക്കുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യക്തി ശുചിത്വത്തില്‍ നാം വളരെ മുന്‍പിലാണെങ്കിലും പൊതു ഇടങ്ങളിലെ ശുചിത്വം പ്രതിഫലിപ്പിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. ഇതിനായി കാഴ്ചപ്പാടുകളിലും, ബോധ്യങ്ങളും, സമീപനങ്ങളും മാറണം. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിന് നിരന്തര ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പൊതു ഇടങ്ങളില്‍ മാലിന്യം വലുച്ചെറിയുന്നത് നിര്‍ത്തലാക്കണം. ഇതിന് പകരം സംവിധാനം ഏര്‍പ്പെടുത്തണം. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നേതൃത്വം നല്‍കണം. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

മാലിന്യ സംസ്‌കരണം സംബന്ധിച്ച് ജില്ലയുടെ പൊതു സംസ്‌കാരം മാറണമെന്നും, ഇതിനായി വലിയ രീതിയിലുള്ള ഒരു സാമൂഹിക ഇടപെടല്‍ ഉണ്ടാകണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കപ്പെടുന്ന മുഴുവന്‍ അജൈവ മാലിന്യങ്ങളും ശാസ്ത്രിയമായി തരം തിരിക്കാനും പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ സംസ്‌കരിക്കാനും വേണ്ടി ആധുനിക രീതിയിലുള്ള ഒരു സംസ്‌കരണ പ്ലാന്റ് ജില്ലാ പഞ്ചായത്തിന്റെയും, ക്ലീന്‍ കേരള കമ്പനിയുടെയും നേതൃത്വത്തില്‍ കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ചടങ്ങില്‍ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!