Input your search keywords and press Enter.

പത്തനംതിട്ട : ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 09/03/2023)

കിറ്റ്സില്‍ എം.ബി.എ കോഴ്സിന് അപേക്ഷിക്കാം
ടൂറിസം വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അംഗീകൃത സര്‍വകാലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി, കെമാറ്റ്/സിമാറ്റ്/സിഎറ്റി യോഗ്യതയും ഉളളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും www.kittsedu.org വഴി അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 20.
ഫോണ്‍: 9446529467, 9847273135, 0471 2327707.                              

ജില്ലാ ആസൂത്രണ സമിതി യോഗം മാര്‍ച്ച് 16 ന്
ജില്ലാ ആസൂത്രണ സമിതി യോഗം മാര്‍ച്ച് 16 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ടെന്‍ഡര്‍
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2023 വര്‍ഷത്തെ ആറാട്ട്, വിഷു ഉത്സവങ്ങളോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തികളില്‍ മാലിന്യം നീക്കം ചെയ്യുന്നതിന്  ആവശ്യമായ ട്രാക്ടര്‍ ട്രയിലറുകള്‍ ദിവസ വാടകയ്ക്ക് ഇന്ധനചാര്‍ജ് ഉള്‍പ്പെടെ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 24 ന് വൈകിട്ട് മൂന്നിന് മുമ്പായി ടെന്‍ഡറുകള്‍ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
ഫോണ്‍ : 04734 224827.

ക്വട്ടേഷന്‍
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2023 വര്‍ഷത്തെ ശബരിമല ആറാട്ട്,വിഷു ഉത്സവങ്ങളോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്ന വിശുദ്ധി സേനാംഗങ്ങള്‍ക്കും ശുചീകരണ ജോലികള്‍ക്കും ആവശ്യമായ  പുല്‍പ്പായ, കമ്പിചൂല്‍, മാന്തി, ഈറകുട്ട, തോര്‍ത്ത്, പുതപ്പ്,യൂണിഫോം,ട്രാക്ക് ഷൂട്ട്, വേസ്റ്റ് കാരിബാഗ് തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 24 ന് വൈകിട്ട് മൂന്നിന് മുമ്പായി ടെന്‍ഡറുകള്‍ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
ഫോണ്‍ : 04734 224827.

ലോക ഗ്ലോക്കോമ വാരാചരണം: നേത്ര പരിശോധനാ ക്യാമ്പും
ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും

ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം പത്തനംതിട്ട, ജില്ലാ അന്ധതാ-കാഴ്ച വൈകല്യ നിയന്ത്രണ സൊസൈറ്റി എന്നിവരുടെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും.  പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര ചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി കോംപ്ലക്സില്‍ മാര്‍ച്ച് 11 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ് നടത്തുന്നത്. പ്രകാശപൂരിതമായ ലോകത്ത് നിങ്ങളുടെ കാഴ്ചയെ സംരക്ഷിക്കൂ എന്ന സന്ദേശത്തോടെ മാര്‍ച്ച് അഞ്ചു മുതല്‍ മാര്‍ച്ച് 11 വരെയാണ് ഈ വര്‍ഷത്തെ ഗ്ലോക്കോമ വാരാചരണം നടത്തുന്നത്.  ഗ്ലോക്കോമയെക്കുറിച്ച് പൊതുജനങ്ങളുടെ അജ്ഞത നീക്കുകയും, ഗ്ലോക്കോമ മുന്‍കൂട്ടി കണ്ടെത്തി ചികിത്സ ലഭ്യമാക്കലുമാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.  വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ ബോധവത്ക്കരണ പരിപാടികള്‍, സ്‌ക്രീനിംഗ് ക്യാമ്പുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എല്‍.അനിതാകുമാരി അറിയിച്ചു.

ചൂട് കൂടുന്നു ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം:
ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)

ജില്ലയില്‍ ചൂട് കൂടുന്നതിനാലും ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലും വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെ  പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.  ദിവസങ്ങളോളം നീളുന്ന പനി, ദേഹവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയ്ഡിന്റെ സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങള്‍. ടാപ്പില്‍ നിന്നുളള വെളളം കുടിക്കുന്നതും, വഴിയോരത്തു നിന്നും ഐസ് വാങ്ങിച്ചു കഴിക്കുന്നതും ടൈഫോയ്ഡ് പോലെയുളള രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നുണ്ട്.  ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. മലത്തില്‍ രക്തം കാണുക, അതിയായ വയറിളക്കം ഛര്‍ദ്ദിയും വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം എന്നിവയുണ്ടായാല്‍ പാനീയ ചികിത്സ നല്‍കുന്നതോടൊപ്പം അടിയന്തിര വൈദ്യസഹായം തേടണം.
പാനീയ ചികിത്സ പ്രധാനം
വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തില്‍ ജലവും  ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജ്ജലീകരണം സംഭവിച്ച് മരണകാരണമായേക്കും . വയറിളക്ക ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ പാനീയ ചികിത്സ തുടങ്ങണം.  ഇതിനായി ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിന്‍ വെളളം, നാരങ്ങാ വെളളം എന്നിവ ഇടയ്ക്കിടെ നല്‍കണം.
ശ്രദ്ധിക്കാം ഇവയെല്ലാം
അഞ്ചു മിനിട്ടെങ്കിലും വെട്ടിത്തിളപ്പിച്ച് ആറിയ വെളളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.  തിളച്ച വെളളത്തില്‍ പച്ചവെളളം ചേര്‍ത്തുപയോഗിക്കരുത്.പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കുക.ആഹാരം പാകം ചെയ്യുന്നതിനും, വിളമ്പുന്നതിനും, കഴിക്കുന്നതിനും മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക.ആഹാരം ചൂടാറും മുമ്പ് കഴിക്കുക.ആഹാര സാധനങ്ങളും, കുടിവെളളവും അടച്ച് സൂക്ഷിക്കുക.തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം പാടില്ല.  ടോയ്‌ലറ്റ് ഉപയോഗിച്ചതിനു ശേഷം കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം.കുട്ടികള്‍ മണ്ണില്‍ കളിച്ച ശേഷം കൈ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുകയും, കൈ നഖങ്ങള്‍ വെട്ടി വൃത്തിയാക്കുകയും വേണം.കിണറുകളിലെ വെളളം പരിശോധനയ്ക്ക് വിധേയമാക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും വേണം.ചടങ്ങുകള്‍ക്കും മറ്റും വെല്‍ക്കം ഡ്രിങ്ക് ഒഴിവാക്കുകയാണ് ഉചിതം. അഥവാ തയ്യാറാക്കുകയാണെങ്കില്‍ ശുദ്ധമായ വെളളവും ഐസും ഉപയോഗിച്ചാണെന്ന് ഉറപ്പു വരുത്തണം.പുറത്തു പോകുമ്പോള്‍ കുടിവെളളം കരുതുക.വീടിന്റെ പരിസരത്ത് ചപ്പു ചവറുകള്‍ കുന്നു കൂടാതെ സൂക്ഷിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.

 

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 10.70 കോടി രൂപ
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 10.70 കോടി രൂപ ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതായി പത്തനംതിട്ട തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകള്‍ക്ക് 9.54 കോടി രൂപയും, നാല് മുന്‍സിപ്പാലിറ്റികള്‍ക്ക് 1.16 കോടി രൂപയുമാണ് കുടിവെള്ള വിതരണത്തിനായി അനുവദിച്ചിട്ടുള്ളത്. മറ്റ് വകുപ്പുകളും ഏജന്‍സികളും കുടിവെള്ള വിതരണം നടത്താത്ത പ്രദേശങ്ങളിലാണ് തദ്ദേശസ്ഥാപനങ്ങള്‍ കുടിവെള്ള വിതരണം നടത്തുക. ജില്ലാ ജോയിന്റ് ഡയറക്ടറുടെ മേല്‍ നോട്ടത്തിന് വിധേയമായിട്ടാണ് ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിച്ച് കുടിവെള്ള വിതരണം നടത്തുക. കാര്യക്ഷമവും സുതാര്യവുമായ രീതിയില്‍ കുടിവെള്ള വിതരണം നടത്തുന്നതിനാവശ്യമായ വിശദമായ നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


പോസ്റ്റര്‍ രചനാ മത്സരം
ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയം ഭരണവകുപ്പും, രാഷ്ട്രീയ ഗ്രാമ് സ്വരാജ് അഭിയാനും (ആര്‍ജിഎസ്എ) സംയുക്തമായി ബ്ലോക്ക് തലത്തിലും, ജില്ലാതലത്തിലും പത്തനംതിട്ട ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം നടത്തും. മാര്‍ച്ച് 18 ന് രാവിലെ 10 മുതല്‍ 12.30 വരെ ബ്ലോക്ക് തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ബ്ലോക്ക് തലത്തില്‍  ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവരുടെ പോസ്റ്ററുകളാണ് ജില്ലാമത്സരത്തിനായി പരിഗണിക്കുന്നത്. മാര്‍ച്ച് 22 ന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  രാവിലെ 10 ന് ചേരുന്ന യോഗത്തില്‍  ജില്ലാതലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാന വിജയികള്‍ക്ക്  ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ സമ്മാനദാനം നിര്‍വഹിക്കും. ഈ വര്‍ഷത്തെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ലോകജലദിനത്തിന്റെ പ്രമേയമായ ആക്സിലറേഷന്‍ ചെയ്ഞ്ച് ടു സോള്‍വ് ദി വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ ക്രൈസിസുമായി ബന്ധപ്പെട്ട ജലസംരക്ഷണത്തിന്റെ പ്രാധാന്യം, ജലചൂഷണം തടയല്‍, ശുദ്ധജലത്തിന്റെ പരിമിതമായ ഉപയോഗം തുടങ്ങിയ വിഷയങ്ങള്‍ രചനയില്‍ ഉള്‍പ്പെടുത്താം. പങ്കെടുക്കാന്‍ താല്യപര്യമുള്ളവര്‍ മാര്‍ച്ച് 16 ന് മുന്‍പായി ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. (ഗൂഗിള്‍ ഫോം ലിങ്ക് https://forms.gle/fwvW3LBVZSPo7GoH6 ). ജില്ലാ തലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാന വിജയികള്‍ക്ക് യഥാക്രമം 4000, 3000, 2000 രൂപ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. ഫോണ്‍: 9778154487. ഈ-മെയില്‍ [email protected]
വികസന സെമിനാര്‍
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ മാര്‍ച്ച് 10 ന് രാവിലെ 10 ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാ ദേവിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ക്വട്ടേഷന്‍
വനിതാ ശിശു വികസന വകുപ്പ് മിഷന്‍വാത്സല്യ പദ്ധതിയുടെ ജില്ലാ ഘടകമായ പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലേയ്ക്ക് (ഡിസിപിയു) അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യത്തിലേയ്ക്കുളള ഫര്‍ണീച്ചറും കോണ്‍ഫറന്‍സ് ഹാളിനാവശ്യമായ കസേരകളും വിതരണം ചെയ്യുന്നതിന് താത്പര്യം ഉളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 15 ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ ആറന്‍മുള മിനി സിവില്‍സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിസിപിയു കാര്യാലയത്തില്‍ സ്വീകരിക്കും.   ഫോണ്‍: 0468- 2319998, 8281899462.

ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്റ് സര്‍ട്ടിഫിക്കേഷന്‍ പരിശീലനം
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ  നേതൃത്വത്തില്‍ ആറന്മുള നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍, ബേക്കറികള്‍, ഹോട്ടല്‍, കാറ്ററിംഗ്, ബോര്‍മ, കുടുംബശ്രീ സംരംഭകര്‍, റേഷന്‍കടകള്‍, മറ്റ് ഭക്ഷ്യ സംരംഭകര്‍ തുടങ്ങിയ എല്ലാ വിധ ഭക്ഷ്യോത്പന്ന നിര്‍മാണ,വിതരണ,സംഭരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി  ഫോസ്റ്റാക് (ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്റ് സര്‍ട്ടിഫിക്കേഷന്‍) പരിശീലനം നടത്തും. നിലവില്‍ ഫോസ്റ്റാക് പരിശീലനം നേടിയിട്ടില്ലാത്തവര്‍ വെളളകടലാസില്‍ അപേക്ഷകന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി എഫ്എസ്എസ്എഐ ലൈസന്‍സ്/രജിസ്ട്രേഷന്റെ പകര്‍പ്പും ഉളളടക്കം ചെയ്ത് ഈ മാസം 13 ന് മുമ്പായി ആറന്മുള ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ ([email protected]) അപേക്ഷ നല്‍കണം. ആദ്യം ലഭിക്കുന്ന 200 അപേക്ഷകര്‍ക്ക് ഫോസ്റ്റാക് പരിശീലനത്തിനുളള പ്രഥമ ബാച്ചില്‍ അവസരം നല്‍കും. നിലവില്‍ ഫോസ്റ്റാക് പരിശീലനം നേടിയിട്ടില്ലാത്തവര്‍ നിര്‍ബന്ധമായും ട്രെയിനിംഗിനായി അപേക്ഷ നല്‍കണം. 

ക്വട്ടേഷന്‍
വടശ്ശേരിക്കര ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷം പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന 60 ആണ്‍കുട്ടികള്‍ക്ക് ആവശ്യമായ മൂന്ന് ജോഡി യൂണിഫോം തയ്ച്ച് നല്‍കുന്നതിന് തുന്നല്‍ കടകളില്‍ നിന്നോ തുന്നല്‍കാരില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 17 ന് വൈകിട്ട് മൂന്നു വരെ. ഫോണ്‍ : 04735 251153.                                      

സംരംഭകത്വ വികസന പരിശീലനം
പത്തനംതിട്ട ജില്ലയില്‍ വ്യവസായ വാണിജ്യ ഡയറക്ടറേറ്റും അസാപ് കേരളയും സംയുക്തമായി  സംരംഭകത്വ വികസനത്തിനുള്ള കോഴ്സുകള്‍ നടത്തുന്നു
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍.
അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കുന്നംതാനവും കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും ചേര്‍ന്ന് സൗജന്യമായി നടത്തുന്ന കോഴ്‌സാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍. പരിശീലന സമയത്ത് കളര്‍തിയറി, ലൈറ്റിംഗ്, ആര്‍ക്കിട്ടെക്ചര്‍ സോഫ്റ്റ്‌വെയര്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നു. ദൈര്‍ഘ്യം-300 മണിക്കൂര്‍, കോഴ്സിന്റെ ഫീസ്: 32922 രൂപ, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സ്പോണ്‍സര്‍ഷിപ്പോര്‍ഡ് കൂടി നടത്തുന്നതുകൊണ്ട് 30 പേരുടെ ആദ്യ ബാച്ചിന് സൗജന്യമായി ഈ കോഴ്സ് പഠിക്കുവാന്‍ അവസരം.  കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടുകൂടി സ്വയം സംരംഭം തുടങ്ങാനുള്ള അവസരം.
കോഴ്സിന്റെ പ്രത്യേകതകള്‍
സര്‍ട്ടിഫിക്കേഷന്‍: ജോയിന്റ് സര്‍ട്ടിഫിക്കേഷന്‍ ഓഫ് ഐഐഎ ആന്റ് അസാപ് കേരള.
യോഗ്യത: ബി ടെക്ക്/ ഡിപ്ലോമ/ ഐടിഐ സിവില്‍ എഞ്ചിനിയറിംഗ് അല്ലെങ്കില്‍ ആര്‍ക്കിടെക്ചര്‍ പഠിച്ചു പാസായവര്‍, ഫൈന്‍ ആര്‍ട്‌സ് ബിരുദം. സ്ഥലം – ഗവ: പോളിടെക്‌നിക് അടൂര്‍. പ്രായപരിധി: ഇല്ല. അവസാന തീയതി മാര്‍ച്ച് 15.
ഫോണ്‍ : 9656043142, 8592086090, 9495999668.                             

വനിതാദിന വാരാഘോഷം ഡിജിവോക്ക് 2കെ23
സ്ത്രീകളുടെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയനേട്ടങ്ങള്‍ തിരിച്ചറിയുക എന്ന ലക്ഷ്യത്തിലാണ് മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കുന്നത്.  സ്ത്രീകളുടെ നേട്ടങ്ങള്‍ തിരിച്ചറിയുന്നതിനും സ്ത്രീസമത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും തുല്യതയ്ക്കുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ മാര്‍ച്ച് എട്ട് മുതല്‍ 16 വരെ വനിതാദിനവാരാഘോഷം ഡിജിവോക്ക് 2കെ23 സംഘടിപ്പിക്കുന്നു. വാരാഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 10 ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാതോമസിന്റെ അധ്യക്ഷതയില്‍ ജില്ലാകളക്ടര്‍ ഡോ.ദിവ്യഎസ് അയ്യര്‍  നിര്‍വഹിക്കും. സംസ്ഥാന വനിതാകമ്മീഷന്‍ മുന്‍ അംഗം ഡോ.പ്രമീളദേവിയുടെ മുഖ്യപ്രഭാഷണവും സംസ്ഥാന ജെന്‍ഡര്‍  ജസ്റ്റിസ് ബോര്‍ഡ് അംഗം നക്ഷത്ര.വി.കുറുപ്പ് അനുഭവങ്ങളും പങ്കുവയ്ക്കുന്ന പരിപാടിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍  അഞ്ചു നായര്‍ മുഖ്യാതിഥിയാവും.  വിമുക്തി മിഷന്‍ ജില്ലാകോഡിനേറ്റര്‍ അഡ്വ.ജോസ് കളീയ്ക്കല്‍, സ്വാന്തനം സുരക്ഷാ പ്രോജക്ട് മാനേജര്‍ വിജയനായര്‍, പത്തനംതിട്ട കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, സ്നേഹിത കൗണ്‍സിലര്‍ ട്രീസ എസ് ജെയിംസ്, കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍  ജെ പ്രശാന്ത് ബാബു, ജില്ലാ ജെന്‍ഡര്‍  പ്രോഗ്രാം മാനേജര്‍  പി ആര്‍ അനുപ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുതല്‍ കാലയളവ് കുടുംബശ്രീ സി.ഡി.എസ്ചെയര്‍പേഴ്സണ്‍ പദവി അലങ്കരിച്ചവര്‍, മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സി.ഡി.എസുകള്‍, റിസോഴ്സ് പേഴ്സണ്‍മാര്‍, കുടുംബശ്രീ മിഷന്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ എന്നിവര്‍ക്ക് ഉപഹാര സമര്‍പ്പണം, കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികള്‍ എന്നിവരുടെ കലാപരിപാടികളും സെമിനാറും നടത്തപ്പെടുന്നു.

റാങ്ക് പട്ടിക കാലഹരണപ്പെട്ടു
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട്ട് രണ്ട്) (വനം വകുപ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കുറഞ്ഞത് 500 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി പട്ടിക വര്‍ഗക്കാരായ പുരുഷ/സ്ത്രീ വിഭാഗത്തിലുളളവര്‍ക്കുളള) (കാറ്റഗറി നമ്പര്‍ – 093/2022)  തസ്തികയുടെ 28.12.2022 തീയതിയില്‍ നിലവില്‍ വന്ന 762/2022/ഡിഒഎച്ച്  നമ്പര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 06/02/2023 തീയതിയില്‍ നിയമന ശിപാര്‍ശ ചെയ്തതോടെ ഈ റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ലേലം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലത്തേക്ക് പുതുവല്‍, ഇളമണ്ണൂര്‍, മങ്ങാട്, ശാലേംപുരം എന്നീ സ്ഥലങ്ങളില്‍ ഇറച്ചി വ്യാപാരം നടത്തുന്നതിനുള്ള അവകാശം മാര്‍ച്ച് 21 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ നിന്നും  https://tender.lsgkerala.gov.in  എന്ന വെബ്സൈറ്റില്‍ നിന്നും അറിയാം. ഫോണ്‍ 04734 246031.

error: Content is protected !!