Input your search keywords and press Enter.

പ്രധാനമന്ത്രി 2024 ജനുവരി 2നും 3നും തമിഴ്‌നാടും ലക്ഷദ്വീപും കേരളവും സന്ദർശിക്കും

 

2024 ജനുവരി 2നു രാവിലെ 10.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ എത്തും. തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാംബിരുദദാനച്ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് 12നു തിരുച്ചിറപ്പള്ളിയിൽ നടക്കുന്ന പൊതുപരിപാടിയിൽ, വ്യോമയാനം, റെയിൽ, റോഡ്, എണ്ണയും വാതകവും, കപ്പൽവ്യാപാരം, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയുമായി ബന്ധപ്പെട്ട 19,850 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഉച്ചകഴിഞ്ഞ് 3.15നു ലക്ഷദ്വീപിലെ അഗത്തിയിൽ എത്തിച്ചേരുന്ന പ്രധാനമന്ത്രി, പൊതുപരിപാടിയെ അഭിസംബോധന ചെയ്യും. 2024 ജനുവരി 3ന് ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി ലക്ഷദ്വീപിലെ കവരത്തിയിൽ എത്തിച്ചേരും. ടെലികമ്യൂണിക്കേഷൻ, കുടിവെള്ളം, സൗരോർജം, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും.

പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ

തിരുച്ചിറപ്പള്ളി ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയുടെ 38-ാം ബിരുദദാനച്ചടങ്ങിൽ, സർവകലാശാലയിലെ മികച്ച വിദ്യാർഥികൾക്കു പ്രധാനമന്ത്രി പുരസ്കാരങ്ങൾ നൽകും. ചടങ്ങിൽ അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യും.

തിരുച്ചിറപ്പള്ളിയിലെ പൊതുപരിപാടിയിൽ തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 1100 കോടിയിലധികം ചെലവിൽ വികസിപ്പിച്ച രണ്ട് നിലകളുള്ള പുതിയ അന്താരാഷ്ട്ര ടെർമിനൽ കെട്ടിടത്തിന് പ്രതിവർഷം 44 ലക്ഷത്തിലധികം യാത്രക്കാർക്കും തിരക്കുള്ള സമയങ്ങളിൽ ഏകദേശം 3500 യാത്രക്കാർക്കും സേവനം നൽകാനുള്ള ശേഷിയുണ്ട്. യാത്രക്കാരുടെ സൗകര്യാർഥം അത്യാധുനിക സൗകര്യങ്ങളും സവിശേഷതകളും പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്.

വിവിധ റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. സേലം-മാഗ്നസൈറ്റ് ജംഗ്ഷൻ-ഓമല്ലൂർ-മേട്ടൂർ അണക്കെട്ട് ഭാഗത്തെ 41.4 കിലോമീറ്റർ ഇരട്ടിപ്പിക്കൽ പദ്ധതി; മധുരയിൽ – തൂത്തുക്കുടി 160 കിലോമീറ്റർ റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതി; തിരുച്ചിറപ്പള്ളി-മാനാമധുരൈ-വിരുദുനഗർ, വിരുദുനഗർ – തെങ്കാശി ജംഗ്ഷൻ, ചെങ്കോട്ട – തെങ്കാശി ജങ്ഷൻ – തിരുനെൽവേലി – തിരുച്ചെന്തൂർ റെയിൽ പാത വൈദ്യുതീകരണത്തിനായുള്ള മൂന്ന് പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചരക്കുകളും യാത്രക്കാരെയും കൊണ്ടുപോകുന്നതിനുള്ള റെയിൽ ശേഷി മെച്ചപ്പെടുത്തുന്നതിനും തമിഴ്‌നാട്ടിലെ സാമ്പത്തിക വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും റെയിൽ പദ്ധതികൾ സഹായിക്കും.

റോഡ് മേഖലയിലെ അഞ്ച് പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. NH-81 ന്റെ ട്രിച്ചി – കല്ലകം ഭാഗത്തിനായി 39 കിലോമീറ്റർ നാലുവരിപ്പാത; NH-81 ന്റെ കല്ലകം – മീൻസുരുട്ടി ഭാഗത്തിന്റെ 60 കിലോമീറ്റർ നീളമുള്ള 4/2-വരി പാത; NH-785 ന്റെ ചെട്ടികുളം – നത്തം ഭാഗത്തിന്റെ 29 കിലോമീറ്റർ നാലുവരിപ്പാത; NH-536-ന്റെ കാരക്കുടി-രാമനാഥപുരം സെക്ഷന്റെ 80 കിലോമീറ്റർ നീളമുള്ള രണ്ടുവരി പാത; NH-179A സേലം – തിരുപ്പത്തൂർ – വാണിയമ്പാടി റോഡിന്റെ 44 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാത എന്നിവ ഇതിൽ ഉൾപ്പെടുന്നു. റോഡ് പദ്ധതികൾ മേഖലയിലെ ജനങ്ങളുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ യാത്ര സുഗമമാക്കുകയും ട്രിച്ചി, ശ്രീരംഗം, ചിദംബരം, രാമേശ്വരം, ധനുഷ്‌കോടി, ഉതിരകോശമംഗൈ, ദേവിപട്ടണം, ഏർവാടി, മധുര തുടങ്ങിയ വ്യവസായ വാണിജ്യ കേന്ദ്രങ്ങളുടെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും.

പരിപാടിയിൽ പ്രധാന റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. NH 332A യുടെ മുഗയ്യൂർ മുതൽ മരക്കാനം വരെ 31 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു. ഈ റോഡ് തമിഴ്‌നാടിന്റെ കിഴക്കൻ തീരത്തെ തുറമുഖങ്ങളെ ബന്ധിപ്പിക്കുകയും ലോക പൈതൃക സ്ഥലമായ മാമല്ലപുരത്തേക്കുള്ള റോഡ് ഗതാഗതസൗകര്യം വർധിപ്പിക്കുകയും കൽപ്പാക്കം ആണവനിലയത്തിലേക്ക് മികച്ച സമ്പർക്കസൗകര്യം നൽകുകയും ചെയ്യും.

കാമരാജർ തുറമുഖത്തിന്റെ ജനറൽ കാർഗോ ബെർത്ത്-II (ഓട്ടോമൊബൈൽ കയറ്റുമതി/ഇറക്കുമതി ടെർമിനൽ-II & ക്യാപിറ്റൽ ഡ്രെഡ്ജിംഗ് ഘട്ടം-V) പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ജനറൽ കാർഗോ ബെർത്ത്-II ന്റെ ഉദ്ഘാടനം രാജ്യത്തിന്റെ വ്യാപാരം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പ്പായിരിക്കും, ഇത് സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കും.

9000 കോടിയിലധികം രൂപയുടെ പ്രധാനപ്പെട്ട പെട്രോളിയം – പ്രകൃതിവാതക പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. രാഷ്ട്രത്തിനു സമർപ്പിക്കുന്ന രണ്ടു പദ്ധതികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐഒസിഎൽ) 488 കിലോമീറ്റർ നീളമുള്ള പ്രകൃതിവാതക പൈപ്പ് ലൈൻ- എന്നൂർ – തിരുവള്ളൂർ – ബെംഗളൂരു – പുതുച്ചേരി – നാഗപട്ടണം – മധുരൈ – തൂത്തുക്കുടി പൈപ്പ് ലൈൻ ഭാഗത്തിന്റെ IP101 (ചെങ്കൽപേട്ട്) മുതൽ IP 105 (സായൽക്കുടി) വരെ; കൂടാതെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) 697 കിലോമീറ്റർ നീളമുള്ള വിജയവാഡ-ധർമ്മപുരി മൾട്ടിപ്രൊഡക്ട് (POL) പെട്രോളിയം പൈപ്പ്ലൈൻ (VDPL).

കൂടാതെ, തറക്കല്ലിടുന്ന പദ്ധതികളിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഗെയിൽ) കൊച്ചി-കൂറ്റനാട്-ബംഗളൂരു- മംഗളൂരു വാതകപൈപ്പ്ലൈൻ II (കെകെബിഎംപിഎൽ II) ന്റെ കൃഷ്ണഗിരി മുതൽ കോയമ്പത്തൂർ വരെയുള്ള 323 കിലോമീറ്റർ പ്രകൃതിവാതക പൈപ്പ് ലൈൻ വികസനം; ചെന്നൈയിലെ വള്ളൂരിൽ നിർദിഷ്ട ഗ്രാസ് റൂട്ട് ടെർമിനലിനായി പൊതു ഇടനാഴിയിൽ പിഒഎൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്നു. പെട്രോളിയം, പ്രകൃതിവാതക മേഖലയുടെ ഈ പദ്ധതികൾ മേഖലയിലെ ഊർജത്തിന്റെ വ്യാവസായിക, ഗാർഹിക, വാണിജ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു ചുവടുവയ്പായിരിക്കും. ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സംഭാവനയേകുന്നതിനും ഇവ വഴിയൊരുക്കും.

കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രത്തിലെ (ഐജിസിഎആർ) ഡെമോൺസ്ട്രേഷൻ ഫാസ്റ്റ് റിയാക്ടർ ഇന്ധന പുനഃസംസ്കരണ നിലയവും (ഡിഎഫ്ആർപി) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. 400 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഡി.എഫ്.ആർ.പി. സവിശേഷമായ രൂപകൽപ്പനയാൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് ഇത്തരത്തിൽ ലോകത്തു തന്നെ ഒരേയൊരു രൂപകൽപ്പനയാണ്. കൂടാതെ ഫാസ്റ്റ് റിയാക്ടറുകളിൽ നിന്ന് പുറന്തള്ളുന്ന കാർബൈഡ്, ഓക്സൈഡ് ഇന്ധനങ്ങൾ വീണ്ടും സംസ്കരിക്കാൻ കഴിവുള്ളതുമാണ്. പൂർണമായും ഇന്ത്യൻ ശാസ്ത്രജ്ഞർ രൂപകൽപ്പന ചെയ്തതാണിത്. വാണിജ്യാടിസ്ഥാനത്തിലുള്ള വലിയ ഫാസ്റ്റ് റിയാക്ടർ ഇന്ധന പുനഃസംസ്കരണ നിലയങ്ങൾ നിർമിക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണ് ഇത്.

മറ്റ് പദ്ധതികൾക്കൊപ്പം, തിരുച്ചിറപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എൻഐടി) 500 കിടക്കകളുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ ‘അമേത്തിസ്റ്റ്’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി ലക്ഷദ്വീപില്‍

ലക്ഷദ്വീപ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി 1150 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും.

കൊച്ചി-ലക്ഷദ്വീപ് സബ്മറൈന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ (കെഎല്‍ഐ – എസ്ഒഎഫ്‌സി) പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ഇന്റര്‍നെറ്റിന്റെ വേഗതയില്ലായ്മ എന്ന വെല്ലുവിളി മറികടക്കാന്‍ പ്രധാനമന്ത്രി തീരുമാനിക്കുകയും 2020 ഓഗസ്റ്റില്‍ ചുവപ്പുകോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. പൂര്‍ത്തിയായ ഈ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് ഇന്റര്‍നെറ്റ് വേഗത 100 മടങ്ങില്‍ കൂടുതല്‍ (1.7 ജിബിപിഎസില്‍ നിന്ന് 200 ജിബിപിഎസിലേക്ക്) വർധിപ്പിക്കും. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇതാദ്യമായാണ് ലക്ഷദ്വീപിനെ കടലിനടിയിലൂടെയുള്ള ഒപ്റ്റിക് ഫൈബര്‍ കേബിള്‍ വഴി ബന്ധിപ്പിക്കുന്നത്. വേഗതയേറിയതും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍, ടെലിമെഡിസിന്‍, ഇ-ഗവേണന്‍സ്, വിദ്യാഭ്യാസ സംരംഭങ്ങള്‍, ഡിജിറ്റല്‍ ബാങ്കിങ്, ഡിജിറ്റല്‍ കറന്‍സി ഉപയോഗം, ഡിജിറ്റല്‍ സാക്ഷരത മുതലായവ പ്രാപ്തമാക്കിക്കൊണ്ട് കടലിനടിയിലൂടെയുള്ള സമര്‍പ്പിത ഒഎഫ്സി ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ആശയവിനിമയ അടിസ്ഥാനസൗകര്യങ്ങളില്‍ മാതൃകാപരമായ മാറ്റം ഉറപ്പാക്കും,

കുറഞ്ഞ താപനിലയില്‍ കടല്‍ വെള്ളത്തില്‍ നിന്നും ഉപ്പ് വേര്‍തിരിക്കുന്ന നിലയം (എല്‍ടിടിഡി) കദ്മത്ത് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഇത് പ്രതിദിനം 1.5 ലക്ഷം ലിറ്റര്‍ ശുദ്ധമായ കുടിവെള്ളം ഉൽപ്പാദിപ്പിക്കും. അഗത്തി, മിനിക്കോയ് ദ്വീപുകളിലെ എല്ലാ വീടുകളിലേക്കും പ്രവര്‍ത്തനക്ഷമമായ കുടിവെള്ള പൈപ്പ് കണക്ഷനുകളും (എഫ്എച്ച്‌ടിസി) പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. പവിഴപ്പുറ്റായതിനാല്‍ ഭൂഗര്‍ഭജല ലഭ്യത ലക്ഷദ്വീപില്‍ വളരെ പരിമിതമാണ്. അതിനാല്‍ ലക്ഷദ്വീപ് ദ്വീപുകളില്‍ കുടിവെള്ള ലഭ്യത എപ്പോഴും വെല്ലുവിളിയായിരുന്നു. ദ്വീപുകളുടെ വിനോദസഞ്ചാരശേഷി ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക തൊഴിലവസരങ്ങള്‍ വർധിപ്പിക്കുന്നതിനും ഈ കുടിവെള്ള പദ്ധതികള്‍ സഹായിക്കും.

ഡീസല്‍ അധിഷ്ഠിത ഊര്‍ജ ഉൽപ്പാദദന നിലയത്തെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്ന, ലക്ഷദ്വീപിലെ ആദ്യത്തെ ബാറ്ററി പിന്തുണയുള്ള, സൗരോര്‍ജ പദ്ധതിയായ കവരത്തിയിലെ സൗരോര്‍ജ നിലയം; കവരത്തിയിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (ഐആര്‍ബിഎന്‍) കോംപ്ലക്‌സിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും പുരുഷന്മാര്‍ക്കായി 80 ബാരക്കും രാജ്യത്തിനു സമർപ്പിച്ചിരിക്കുന്ന മറ്റു പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

കല്‍പേനിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിനും ആന്‍ഡ്രോത്ത്, ചെത്‌ലാത്ത്, കദ്മത്ത്, അഗത്തി, മിനിക്കോയ് എന്നീ അഞ്ച് ദ്വീപുകളില്‍ അഞ്ച് മാതൃകാ അങ്കണവാടികളുടെ (നന്ദ് ഘര്‍) നിര്‍മാണത്തിനും പ്രധാനമന്ത്രി തറക്കല്ലിടും.

error: Content is protected !!