Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 04/01/2024)

നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്റര്‍ ഉദ്ഘാടനം  (  ജനുവരി 5)
സംസ്ഥാന ടൂറിസം വകുപ്പ് 1.9 കോടി രൂപ ചെലവഴിച്ചു നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം വനംമന്ത്രി എ. കെ. ശശീന്ദ്രന്‍ (  ജനുവരി 5)  രാവിലെ 10 ന് നിര്‍വഹിക്കും.

അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടറും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ എ. ഷിബു മുഖ്യപ്രഭാഷണം നടത്തും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വൈസ് പ്രസിഡന്റ് ഇ എസ് സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ്, ജില്ല പഞ്ചായത്ത് അംഗം ലേഖ സുരേഷ്, വാര്‍ഡ് അംഗം ഗംഗമ്മ മുനിയാണ്ടി, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷ്, കെ എഫ് ഡി സി മാനേജിങ് ഡയറക്ടര്‍ ജോര്‍ജി. പി. മാത്തച്ചന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ്, കെ എഫ് ഡി സി ഡയറക്ടര്‍മാരായ പി ആര്‍ ഗോപിനാഥന്‍, കെ എസ് ജ്യോതി, അബ്ദുല്‍ റസാഖ് മൗലവി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ എസ് അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വികസിത ഭാരത് @2047 പ്രസംഗ മത്സരം
യുവജനങ്ങള്‍ക്കായി നെഹ്‌റു യുവ കേന്ദ്ര തിരുവനന്തപുരം മേരാ യുവ ഭാരത് -വികസിത് ഭാരത് @2047 എന്ന വിഷയത്തില്‍ പ്രസംഗ മത്സരം നടത്തുന്നു. 2024 ജനുവരി 12 ന് 15 നും 29 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാര്‍ഥിക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, അന്‍പതിനായിരം രൂപ , ഇരുപത്തിയയ്യായിരം രൂപ വീതം സമ്മാനം ലഭിക്കും. ഫോണ്‍: 0468-2962580, 7558892580.

ജെന്‍ഡര്‍ പദവി പഠനം; ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജെന്‍ഡര്‍ പദവി പാഠനാംഗങ്ങള്‍ക്കുള്ള ഏകദിന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു.

ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി. മോഹനന്‍, വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസ, പ്രോഗ്രാം ഓഫീസര്‍ നിതാ ദാസ്, മിഷന്‍ ശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ശുഭശ്രീ, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. കില ഫാക്കല്‍റ്റികളായ കെ. ജി. ശശികല, പ്രീതി ഉണ്ണികൃഷ്ണന്‍, എം.വി. രമാദേവി എന്നിവര്‍ ജെന്‍ഡര്‍ പദവി പഠനം സംബന്ധിച്ചു ക്ലാസ് എടുത്തു.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഭാരതീയ ചികിത്സാവകുപ്പ് /ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് /ആയുര്‍വേദ കോളജ് വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (എന്‍സിഎ-പട്ടിക വര്‍ഗം) (കാറ്റഗറി നം. 470/2022) തസ്തികയുടെ 28.12.2023 ലെ 1067/2023/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

വനിതാമിത്ര കേന്ദ്രത്തില്‍ ഡേ കെയര്‍ സെന്റര്‍
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കണ്ണങ്കരയിലെ വനിതാമിത്ര കേന്ദ്രത്തില്‍ ആറുമാസം മുതലുള്ള കുട്ടികള്‍ക്കായി രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ ഡേ കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. സ്‌കൂള്‍ സമയത്തിന് മുമ്പും ശേഷവും കുട്ടികള്‍ക്കായുള്ള പരിപാലനവും ഇവിടെ ലഭ്യമാണ് . ഡേ കെയര്‍ സെന്ററിലേക്ക് അഡ്മിഷന്‍ ആവശ്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
ജില്ലാ ഓഫീസ് -ഫോണ്‍ : 8281552350 ഡേ കെയര്‍ -ഫോണ്‍ :9562919882

എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍: തീയതി നീട്ടി
എയര്‍ ഫ്രെയിം / ഇലക്ട്രിക്കല്‍ ട്രേഡുകളില്‍ നിന്നു വിരമിച്ചവരോ ഡിപ്ലോമ ഇന്‍ എന്‍ജിനീയറിംഗ് ഇന്‍ മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍/ തത്തുല്യ യോഗ്യത ഉള്ളവരോ ആയ വിമുക്തഭടന്‍മാരായ ഉദ്യോഗാര്‍ഥികള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് സ് ലിമിറ്റഡില്‍ (എച്ച് എ എല്‍) കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നതിലേക്ക് ജനുവരി ആറിനു മുമ്പായി ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. എച്ച് എ എല്‍ നടത്തുന്ന എഴുത്തുപരീക്ഷ മുഖേന തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലുള്ള എം ആര്‍ ഒ ഡിവിഷനുകളിലായിരിക്കും നിയമനം.
ഫോണ്‍ : 0468 2961104

ലേലം
പത്തനംതിട്ട അഗ്‌നിരക്ഷാനിലയത്തോട് ചേര്‍ന്ന് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ (കുടംപുളി, ആല്‍മര ശിഖിരങ്ങള്‍ മാത്രം, തേക്ക് -2, തെങ്ങ്) ജനുവരി ആറിന് ഉച്ച കഴിഞ്ഞ് മൂന്നിന് പത്തനംതിട്ട ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ പരിസരത്ത് പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ലേലം ആരംഭിക്കുന്നതിനു മുമ്പായി 2300 രൂപ നിരതദ്രവ്യം കെട്ടിവെക്കണം.
ഫോണ്‍ : 0468-2222001, 9797920089.

ഗസ്റ്റ് ലക്ചറര്‍ അഭിമുഖം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി എട്ടിന് രാവിലെ 11 ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാംക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുളള ബി-ടെക് ബിരുദമാണ് യോഗ്യത.

error: Content is protected !!