Input your search keywords and press Enter.

കൊച്ചു സ്‌കൂളിലെ വലിയ റിപ്പബ്ലിക്ക് ദിനാഘോഷം

 

മെഴുവേലി – ഒരു നൂറ്റാണ്ടു പഴക്കമുള്ള സരസകവി മൂലൂർ പദ്മനാഭ പണിക്കാരാൽ സ്ഥാപിതമായ ജിവിഎൽപി സ്‌കൂൾ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. ഏതാണ്ട് നിലച്ചുപോയേക്കാവുന്ന അവസ്ഥയിൽ നിന്ന് പൂർവ്വ വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ ഇടപെടലിലൂടെ കേരളത്തിനാകെ മാതൃകയാവുകയാണ് കൊച്ചുസ്കൂൾ എന്നറിയപ്പെടുന്ന ജിവിഎൽപി സ്‌കൂൾ.

കേരള സർക്കാരിന്റെ ജനകീയ ഇടപെടലുകളിലൂടെയും പൊതു വിദ്യാലയങ്ങളുടെ ഉന്നമനം എന്ന ആശയത്തെ പിന്തുടർന്ന് അടിസ്ഥാന സൗകര്യ വികസനമടക്കം ജനകീയമായ ഇടപെടലുകളിലൂടെ നടപ്പാക്കി മാതൃകയായിരിക്കുകയാണ് ജിവിഎൽപി സ്‌കൂൾ. ശീതീകരിച്ച ക്ലാസ് മുറിയോടെ പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുകയും, സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും, “ഒന്നാം ക്ലാസ് ഒന്നാം തരം” എന്ന ലക്ഷ്യത്തോടെ തുടർ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയുമാണ്. ഉന്നത വിദ്യാഭ്യാസം നേടിയ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ കൃത്യതയോടെയുള്ള മേൽനോട്ടവും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അക്കാദമിക്ക് പിന്തുണയും കൂടി ചേർന്നപ്പോൾ ഒരു പൊതു വിദ്യാലയത്തെ എങ്ങനെ മാതൃകാ വിദ്യാലയമാക്കാം എന്നതിന് മാതൃക ആയിരിക്കുകയാണ് മെഴുവേലി ജിവിഎൽപി സ്‌കൂൾ.

ഇന്ന് സ്‌കൂളിന്റെ അങ്കണത്തിൽ നടന്ന രാജ്യത്തിന്റെ 75 മത് റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ അവിസ്മരണീയമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പുതിയതായി സ്‌കൂളിൽ ചേർന്ന പതിനഞ്ചോളം പ്രീ പ്രൈമറി വിദ്യാർത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളും പൂർവ്വ വിദ്യാർത്ഥികളുമടങ്ങുന്ന പ്രൗഢ ഗംഭീരമായ സദസ്സിന്റെ സാന്നിദ്ധ്യത്തിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സരിത ടീച്ചർ ദേശീയ പതാക ഉയർത്തി റിപ്പ്സ്ബ്‌ളിക്ക് ദിന പ്രതിജ്ഞ കൂടി ചൊല്ലിയതോടെ പരിപാടികൾക്ക് തുടക്കമായി.

പ്രീ പ്രൈമറിയിലെ കുരുന്നുകളുടെ വെൽകം ഡാൻസോടുകൂടി അതിഥികളെ സ്വീകരിക്കുകയും, വാർഡ് മെമ്പറായ ശ്രീദേവി ടോണിയുടെ അദ്ധ്യക്ഷതയിൽ പൊതു സമ്മേളനം ആരംഭിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റായ പിങ്കി ശ്രീധർ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു, സരസകവി മൂലൂരിന്റെ ജീവിതത്തെ അടുത്തറിയാൻ ശ്രമിക്കുന്ന വ്യക്തി എന്ന നിലക്ക് ഈ സ്‌കൂളിന്റെ അതിജീവനത്തെ നോക്കിക്കാണാനും പൂർവ്വ വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കാനും പങ്കാളിയാകാനും തനിക്ക് അഭിമാനവും സന്തോഷമുണ്ടന്നും അവർ പറഞ്ഞു.

ഈ സ്‌കൂളിലെ പൂർവ്വ അദ്ധ്യാപികയായിരുന്ന വട്ടക്കൂട്ടത്തിലെ പങ്കജവല്ലി ഭാസുരൻ, ടീച്ചറുടെ മകനും 1985 – 89 കാലഘട്ടത്തിലെ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയും ആയിരുന്ന ബിനു ഭാസുരന്റെ ഉടമസ്ഥതയിലുള്ള കേരളത്തിലെ പ്രമുഖ ഐടി സ്ഥാപനമായ എലിക്സർ ലാബ്‌സ് പരിപാടിയുടെ നടത്തിപ്പിനും സ്‌കൂളിന്റെ പുരോഗതിക്കായും കൈകോർക്കാൻ മുന്നോട്ടു വന്നു എന്നത് പിന്നിൽ പ്രവർത്തിച്ച സംഘാടകരുടെ ആത്മാർത്ഥതയുടെ വിജയം കൂടിയാണ്. ഈ ചടങ്ങിൽ വെച്ച് സ്‌കൂളിന്റെ ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് ബിനു ഭാസുരൻ തന്റെ സ്‌കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. മെഴുവേലി അമ്പലത്തിലെ ആന ഗണേശൻ സ്‌കൂളിന് മുന്നിലൂടെ വിരണ്ടോടിയ കഥ ഒക്കെ അദ്ദേഹം പങ്കിട്ടപ്പോൾ സദസ്സ് അല്പനേരമെങ്കിലും നിശബ്ദരായി. തന്റെ കമ്പനിയുടെ പത്തനംതിട്ട ജില്ലയിലെ ആദ്യ സാമൂഹിക ഇടപെടൽ എന്ന നിലക്ക് പുതിയതായി ആരംഭിച്ച പ്രീ പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപികക്കും, ആയക്കും ഒരു വർഷത്തെ അവരുടെ വേതനം കൈമാറിക്കൊണ്ട് നല്ല തുടക്കമാകട്ടെ എന്നും, പൂർവ്വ വിദ്യാർത്ഥി കൂടിയായ താനും എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

പൂർവ്വ വിദ്യാർത്ഥിയും, മെഴുവേലി സഹകരണ ബാങ്ക് പ്രസിഡന്റും കൂടിയായ ടികെ ജനാർദ്ദനൻ നാലാം വാർഡ് മെമ്പറായ ഡി. ബിനു, അഞ്ചാം വാർഡ് മെമ്പറായ രജനി ബിജു, മൂന്നാം വാർഡ് മെമ്പറായ ഷൈനിലാൽ തുടങ്ങിയവർ റിപ്പബ്ലിക്ക് ദിന സന്ദേശങ്ങൾ കൈമാറി. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ കൺവീനർപിഎസ് ജീമോൻ കൃതജ്ഞത രേഖപ്പെടുത്തുകയും അദ്ധ്യാപികമാരുടെ ദേശഭക്തി ഗാനത്തോടെയും ദേശീയ ഗാനാലാപനത്തോടെയും പരിപാടികൾ അവസാനിച്ചു.

error: Content is protected !!