Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 29/01/2024 )

ആസൂത്രണസമിതി യോഗം ചേര്‍ന്നു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ റാന്നി, മലപ്പുഴശ്ശേരി, ആനിക്കാട്, കവിയൂര്‍, പന്തളം തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളുടെ 2024-25 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ 62 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി ഭേദഗതികള്‍ യോഗം അംഗീകരിച്ചു.

ജില്ലാ പഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, 49 ഗ്രാമപഞ്ചായത്തുകള്‍, നാല് നഗരസഭകള്‍ എന്നിവയുടെ വാര്‍ഷിക പദ്ധതി ഭേദഗതികളാണ് അംഗീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈഫ് മിഷന്‍ പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തദ്ദേശ സ്വയം ഭരണസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, എഡിഎം ജി സുരേഷ് ബാബു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എസ് മായ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

പാലിയേറ്റീവ് സ്‌നേഹ സംഗമം നടത്തി

പന്തളംതെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രാഥമികആരോഗ്യ കേന്ദ്രം പാലിയേറ്റീവ് സ്‌നേഹ സംഗമം 2024 ‘ഈ തണലില്‍ ഇത്തിരി നേരം ‘ കീരുകുഴി സെന്റ് മേരീസ് വൃദ്ധസദനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം )ഡോ. എല്‍ അനിതാകുമാരി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പ്രിയ ജ്യോതികുമാര്‍, എന്‍ കെ ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം അംബിക ദേവരാജന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അയിഷ ഗോവിന്ദ്, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. മാന്‍സി അലക്‌സ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ ചന്ദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജു, പിഎച്ച്എന്‍ കൃഷ്ണകുമാരി, നാടന്‍ പാട്ട് കലാകാരന്‍ ബൈജു മലനട, പോളിടെക്‌നിക്കിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ഹരിതകര്‍മസേനക്കും സാനിറ്റേഷന്‍ തൊഴിലാളികള്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

പന്തളം നഗരസഭയില്‍ കെ.എസ്.ഡബ്ല്യൂ.എം.പി (കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട്) പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മസേനക്കും സാനിറ്റേഷന്‍ തൊഴിലാളികള്‍ക്കും ആവശ്യമായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് നിര്‍വഹിച്ചു. യൂണിഫോം, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, അജൈവ മാലിന്യ പരിപാലനത്തിനായി വെയിങ്ങ് മെഷീനികള്‍, സോര്‍ട്ടിങ് ടേബിളുകള്‍ എന്നിവ വിതരണം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംങ് സ്ഥിരം കമ്മിറ്റി അംഗം കിഷോര്‍ കെ. കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍മാരായ കെ.ആര്‍.വിജയകുമാര്‍, പന്തളം മഹേഷ്, ബിന്ദുകുമാരി, കെ.സീന, രത്നമാണി സുരേന്ദ്രന്‍, മുന്‍സിപ്പല്‍ സെക്രട്ടറി ഇ.ബി അനിത, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.കൃഷ്ണകുമാര്‍, കെ.സ്.ഡബ്ല്യൂ.എം.പി ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് അംഗങ്ങളായ ശ്രീവിദ്യ ബാലന്‍, വീണ വിജയന്‍, എ.പി നവീന്‍, സിറ്റി മിഷന്‍ മാനേജര്‍ (അര്‍ബന്‍) അജിത് കുമാര്‍, ഹരിത സഹായ സ്ഥാപനം പ്രതിനിധി അനന്തു എന്നിവര്‍ പങ്കെടുത്തു.

 

അടൂര്‍-പെരിക്കല്ലൂര്‍ സര്‍വീസുകള്‍ പുനാരംഭിക്കും : ഡപ്യൂട്ടി സ്പീക്കര്‍
അടൂര്‍-പെരിക്കല്ലൂര്‍ സര്‍വീസുകള്‍ പുനാരംഭിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂരില്‍ നിന്നും പെരിക്കല്ലൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ ഡീലക്‌സ് എന്നിവയുടെ റൂട്ട് പരിമിതപ്പെടുത്തിയിരുന്നു. ഈ വിഷയം നിയമസഭയില്‍ ഗതാഗത മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഒരു സര്‍വീസ് ഉടന്‍തന്നെ പഴയ നിലയില്‍ പുനക്രമീകരിച്ച് അനുവദിക്കുമെന്നും മറ്റൊരെണ്ണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഡപ്യൂട്ടി സ്പീക്കറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു.
വനിതാരത്നപുരസ്‌കാരം
വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍ നിന്നും 2023 വര്‍ഷത്തെ വനിതാരത്നപുരസ്‌കാരത്തിനുള്ള നോമിനേഷനുകള്‍  ക്ഷണിച്ചു. മറ്റ് വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകളില്‍ നിന്ന് നോമിനേഷനുകള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. അവാര്‍ഡിനായി നോമിനേറ്റ് ചെയ്യുന്ന വ്യക്തി ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ അഞ്ചു വര്‍ഷമെങ്കിലും സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത തുടങ്ങിയ ഏതെങ്കിലും മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണം. ഓരോ പുരസ്‌കാര ജേതാവിനും  അവാര്‍ഡ് തുകയായി ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും നല്‍കും. ജില്ലാ വനിതാ ശിശു വികസനപദ്ധതി ഓഫീസര്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ച്. ഫോണ്‍ : 0468 2966649.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പത്തനംതിട്ട പുതമണ്‍, വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന  സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ ഒഴിവുള്ള കെയര്‍ പ്രൊവൈഡര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെപിഎച്ച്എന്‍) തസ്തികകളിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍  യോഗ്യത, പ്രായം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം വൃദ്ധമന്ദിരത്തില്‍ താഴെ പറയുന്ന തീയതികളില്‍ ഹാജരാകണം. ഫോണ്‍ :9074782396.
കെയര്‍ പ്രൊവൈഡര്‍
ഇന്റര്‍വ്യൂ തീയതി : ഫെബ്രുവരി എട്ടിന് രാവിലെ 10 ന്. യോഗ്യത: എട്ടാം ക്ലാസ് പാസ്. പ്രായം: 18-50
ഒഴിവ്: രണ്ട് (പുരുഷന്‍ -ഒന്ന്, സ്ത്രീ-ഒന്ന്).പ്രതിമാസ വേതനം:- 18390.
ജെപിഎച്ച്എന്‍
ഇന്റര്‍വ്യൂ തീയതി: ഫെബ്രുവരി ഒന്‍പതിന് രാവിലെ 10 ന്. യോഗ്യത: പ്ലസ് ടു, ജെപിഎച്ച് എന്‍/ പ്ലസ് ടു, എഎന്‍എം കോഴ്സ് പാസായിരിക്കണം. പ്രായം: 18-50.  ഒഴിവ് -രണ്ട്. പ്രതിമാസ വേതനം:-

ക്വട്ടേഷന്‍

കോന്നി മെഡിക്കല്‍ കോളജിന്റെ ആവശ്യത്തിലേക്ക് ഡ്രൈവറോടുകൂടിയ മഹീന്ദ്ര ബൊലേറൊ വാഹനം മാസവാടക അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 ന് ഉച്ചക്ക് 2.30 വരെ. ഫോണ്‍ : 0468 2344802.
സൗജന്യ പി.എസ്.സി. പരിശീലനം
മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് കേന്ദ്രീകരിച്ച് 30 ദിവസത്തെ സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലന ക്ലാസുകള്‍ നടത്തുന്നു. ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന ക്ലാസുകളില്‍  പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഫെബ്രുവരി അഞ്ചിന് മുമ്പായി മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0469-2785434

 

വനിതാ കമ്മിഷന്‍ അദാലത്ത് ജനുവരി 30ന് പത്തനംതിട്ടയില്‍
വനിതാ കമ്മിഷന്‍ അദാലത്ത് ജനുവരി 30ന് രാവിലെ 10 മുതല്‍ പത്തനംതിട്ട ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കും.

30,000 രൂപ വേതനത്തോടെ വ്യോമസേനയില്‍ അഗ്‌നിവീറാവാന്‍ സുവര്‍ണ്ണാവസരം
-ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിപഥ് പദ്ധതിയില്‍ അഗ്‌നിവീര്‍വായുവിലേക്ക് അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 30,000 രൂപ മുതല്‍.  2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും (രണ്ട് തീയതികളും ഉള്‍പ്പടെ) ഇടയില്‍ ജനിച്ച ഇന്ത്യക്കാരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

സയന്‍സ് വിഷയങ്ങള്‍ പഠിച്ച ഉദ്യോഗാര്‍ഥികള്‍ ഗണിതം, ഭൗതികശാസ്ത്രം, ഇംഗ്ലീഷ് എന്നിവയുള്‍പ്പെടെ ഇന്റര്‍മീഡിയറ്റ്/10 +2/തത്തുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും ഉണ്ടാകണം. എന്‍ജിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സോ രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സോ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. സയന്‍സ് ഒഴികെയുള്ള വിഷയങ്ങള്‍ പഠിച്ച ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും അംഗീകൃത വിഷയങ്ങളില്‍ ഇന്റര്‍മീഡിയറ്റ്/10+2/തത്തുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും ഉണ്ടാകണം.

റിക്രൂട്ട്‌മെന്റ് റാലികളും സെലക്ഷന്‍ ടെസ്റ്റുകളും മാനദണ്ഡമാക്കിയാണ് തെരഞ്ഞെടുപ്പ് പ്രകിയ. രണ്ടു ഘട്ടമായി നടക്കുന്ന എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികള്‍ ഉയരം, ഭാരം, നെഞ്ചളവ്, കാഴ്ച, കേള്‍വി, ദന്താരോഗ്യം എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത മെഡിക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. പുരുഷന്മാര്‍ക്ക് 152.5 സെന്റിമീറ്ററും സ്ത്രീകള്‍ക്ക് 152 സെന്റിമീറ്ററും ഉയരം ആവശ്യമാണ്. ശരീരത്തില്‍ ടാറ്റൂകള്‍ അനുവദനീയമല്ല.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ നാല് വര്‍ഷം കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. ഈ കാലയളവില്‍ വിവാഹിതരാവാന്‍ പാടുള്ളതല്ല. സേവനകാലയളവിനു ശേഷം 10 ലക്ഷം രൂപ സേവാനിധി പാക്കേജായി ലഭിക്കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി ആറിന് രാത്രി 11 നു മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും https://agnipathvayu.cdac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍ : 02025503105, 25503106. ഇ-മെയില്‍ : [email protected]

വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വിഭാഗം ഗ്രൂപ്പുകള്‍ക്കുള്ള വാദ്യോപകരണങ്ങളുടെ വിതരണം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന കലാകേളി പദ്ധതിപ്രകാരമാണ് വാദ്യോപകരണങ്ങളുടെ വിതരണം നടത്തിയത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളായ നിരണം ഗ്രാമപഞ്ചായത്തിലെ പെണ്‍പെരുമ വാദ്യകലാസംഘം ശിങ്കാരിമേളവും നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ അശോകന്‍, എം.ജി. രവി, ഏബ്രഹാം തോമസ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിനു തൂമ്പുംകുഴി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ഏബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സോമന്‍ താമരച്ചാലില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിജി നൈനാന്‍, വിശാഖ് വെണ്‍പാല, ചന്ദ്രലേഖ, അനീഷ്, രാജു പുളിമ്പള്ളില്‍, ബിഡിഒ ലിബി സി മാത്യു, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ഫിലിപ്പ് കെ. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

 

ടെന്‍ഡര്‍
ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ടിലെ 118 അങ്കണവാടി കേന്ദ്രങ്ങളില്‍  പ്രീസ്‌കൂള്‍ കിറ്റുകള്‍ വിതരണം നടത്തുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 0468 2362129, 9188959670.

ലോഞ്ച് പാഡ് സംരംഭകത്വവര്‍ക്ഷോപ്പ്  
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്) അഞ്ചു ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഫെബ്രുവരി അഞ്ച്  മുതല്‍ ഒന്‍പത് വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. പുതിയ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമവശങ്ങള്‍, പ്രൊജക്ട് തയാറാക്കല്‍  തുടങ്ങിയ  നിരവധി സെഷനുകള്‍ ഉള്‍പ്പെട്ട പരിശീലനത്തിന്  ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 3540 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയുമാണ്്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവ്. താത്പര്യമുളളവര്‍ ഫെബ്രുവരി രണ്ടിന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം.  ഫോണ്‍: 0484 2532890,2550322,9605542061.
വെബ്സൈറ്റ്: www.kied.info

തൊഴില്‍മേള
കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30 ന് രാവിലെ ഒന്‍പതിന് റാന്നി അങ്ങാടി പിജെറ്റി ഹാളില്‍ തൊഴില്‍മേള സംഘടിപ്പിക്കും. ബാങ്കിംഗ്, ബിസിനസ്, സെയില്‍സ്, ഹോസ്പിറ്റാലിറ്റി, ഐ.റ്റി തുടങ്ങിയ മേഖലകളില്‍ തൊഴില്‍ പ്രധാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ പങ്കെടുക്കും. 18 നും 40 നും മധ്യേ പ്രായമുളളതും  പത്താംക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുളളവരുമായ യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്്, ആധാര്‍ എന്നിവയുടെ അസലും പകര്‍പ്പും കൊണ്ടുവരണം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പത് മുതല്‍ മുതല്‍ ആരംഭിക്കും.
ഫോണ്‍: 7306890759, 7025710105

error: Content is protected !!