പ്രധാനമന്ത്രിമാരായിരുന്ന പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്‌സി’ലൂടെയാണ് ഇക്കാര്യം അറിയിച്ചത്.മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണ് വിശിഷ്ടപദവി സമ്മാനിച്ചത്.ഇതോടെ ഇക്കുറി ആകെ അഞ്ചു പേർക്ക് ഭാരതരത്‌ന പ്രഖ്യാപിച്ചു. ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവും പിന്നാക്കസംവരണത്തിന്റെ ആദ്യപ്രയോക്താവുമായ കര്‍പ്പൂരി ഠാക്കൂറിനും മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാക്കളിലൊരാളായ എല്‍.കെ.അദ്വാനിക്കും നേരത്തെ ഭാരത രത്‌ന സമ്മാനിച്ചത്.
ഡോ. എം എസ് സ്വാമിനാഥന് ഭാരതരത്ന സമ്മാനിക്കും: പ്രധാനമന്ത്രി
ഹരിതവിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ. എം എസ് സ്വാമിനാഥന് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
ഡോ. സ്വാമിനാഥന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയുടെ കാര്‍ഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:
”കൃഷിയിലും കര്‍ഷക ക്ഷേമത്തിലും നമ്മുടെ രാഷ്ട്രത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്ത് ഇന്ത്യാ ഗവണ്‍മെന്റ് ഡോ. എം എസ് സ്വാമിനാഥന്‍ജിക്ക് ഭാരതരത്നം നല്‍കുന്നതില്‍ അത്യധികം സന്തോഷമുണ്ട്. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ഇന്ത്യയെ സഹായിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ കാര്‍ഷികമേഖലയെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള മികച്ച പരിശ്രമങ്ങള്‍ നടത്തുകയും ചെയ്തു. നൂതനാശയ ഉപജ്ഞാതാവും ഉപദേഷ്ടാവും എന്ന നിലയിലും നിരവധി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പഠന-ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ അമൂല്യമായ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ വിലമതിക്കുന്നു. ഡോ. സ്വാമിനാഥന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയുടെ കാര്‍ഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും ഉറപ്പുവരുത്തുകയും ചെയ്തു. എനിക്ക് അടുത്തറിയാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളെയും നിര്‍ദേശങ്ങളെയും ഞാന്‍ എല്ലായ്‌പോഴും വിലമതിക്കുന്നു”.
മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് ഭാരതരത്നം സമ്മാനിക്കും: പ്രധാനമന്ത്രി
മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിനു ഭാരതരത്‌നം സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
ശ്രീ നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത്, സാമ്പത്തിക വികസനത്തിന്റെ ഒരു പുതിയ യുഗം വളര്‍ത്തിയെടുക്കുകയും ആഗോള വിപണികള്‍ക്കു ഇന്ത്യയെ തുറന്ന് കൊടുക്കുകയും ചെയ്ത സുപ്രധാന നടപടികള്‍ കൈക്കൊണ്ടുവെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:
”നമ്മുടെ മുന്‍ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിന് ഭാരതരത്ന നല്‍കി ആദരിക്കുന്ന കാര്യം പങ്കുവയ്ക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.
വിശിഷ്ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും എന്ന നിലയില്‍ ശ്രീ നരസിംഹ റാവു ഇന്ത്യക്കായി വിവിധ തലങ്ങളില്‍ വിപുലമായ സേവനങ്ങള്‍ നടത്തി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാര്‍ലമെന്റ് അംഗം, നിയമസഭാംഗം എന്നീ നിലകളില്‍ വര്‍ഷങ്ങളോളം അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹം സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യക്കു സാമ്പത്തിക മുന്നേറ്റമൊരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അതു രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും ശക്തമായ അടിത്തറ പാകി.
ശ്രീ നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലയളവ് ഇന്ത്യയെ ആഗോള വിപണിക്കു തുറന്നുനല്‍കുകയും സാമ്പത്തിക വികസനത്തിന്റെ ഒരു പുതിയ യുഗം വളര്‍ത്തിയെടുത്തുകയും ചെയ്ത സുപ്രധാന നടപടികളാല്‍ അടയാളപ്പെടുത്തിയിരുന്നു. കൂടാതെ, ഇന്ത്യയുടെ വിദേശനയം, ഭാഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍, നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ ബഹുമുഖ പാരമ്പര്യത്തിന് അടിവരയിടുന്നു. നിര്‍ണായകമായ പരിവര്‍ത്തനങ്ങളിലൂടെ ഇന്ത്യയെ നയിക്കുക മാത്രമല്ല, രാജ്യത്തിന്റെ സാംസ്‌കാരികവും ബൗദ്ധികവുമായ പൈതൃകത്തെ അദ്ദേഹം സമ്പന്നമാക്കുകയും ചെയ്തു.”
മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന് ഭാരതരത്‌ന നൽകി ആദരിക്കുമെന്ന് പ്രധാനമന്ത്രി
മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
കർഷകരുടെ അവകാശങ്ങൾക്കും അവരുടെ ക്ഷേമത്തിനും വേണ്ടി തൻ്റെ ജീവിതം മുഴുവൻ സമർപ്പിച്ചതിന് മുൻ പ്രധാനമന്ത്രിയെ അദ്ദേഹം പ്രശംസിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“രാജ്യത്തിൻ്റെ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ് ജിയെ ഭാരതരത്ന നൽകി ആദരിക്കുന്നത് നമ്മുടെ ഗവണ്മെന്റിന്റെ ഭാഗ്യമാണ്. ഈ ബഹുമതി രാജ്യത്തിന് അദ്ദേഹം നൽകിയ അനുപമമായ സംഭാവനകൾക്ക് സമർപ്പിക്കുന്നു. കർഷകരുടെ അവകാശങ്ങൾക്കും അവരുടെ ക്ഷേമത്തിനുമായി അദ്ദേഹം തൻ്റെ ജീവിതം മുഴുവൻ ചെലവഴിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായും രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രിയായും, എം.എൽ.എ എന്ന നിലയിലും അദ്ദേഹം രാഷ്ട്രനിർമ്മാണത്തിന് എന്നും ഊർജം പകർന്നു.അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധത്തിലും അദ്ദേഹം ഉറച്ചുനിന്നു.നമ്മുടെ കർഷക സഹോദരീസഹോദരന്മാരോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധവും അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയും മുഴുവൻ രാജ്യത്തിനും പ്രചോദനമാണ്.”