തിരുവനന്തപുരം പേട്ടയിൽ രണ്ടുവയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചുവന്ന നാടോടി ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടു പോയതെന്ന് പരാതി ഉയർന്നിരിക്കുന്നത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്.
അർധരാത്രി 12 മണിക്ക് തിരുവനന്തപുരം പേട്ടയിൽ ഓൾസെയിന്റ്സ് കോളജിന് സമീപമാണ് സംഭവം. വെള്ള പുള്ളിയുള്ള ടീഷർട്ടും നിക്കറുമാണ് കുട്ടി ധരിച്ചിരുന്നത്. മഞ്ഞ ആക്ടീവ സ്കൂട്ടറിലെത്തിയ ആളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന് ലഭിച്ച മൊഴി.ഹൈദരാബാദ് എൽ പി നഗർ സ്വദേശികളാണ് ദമ്പതികൾ. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളായ മേരിയെ ആണ് കാണാതായത്. ഇവർക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. നഗരത്തില്‍ മുഴുവന്‍ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ശംഖുംമുഖം ആഭ്യന്തര ടെർമിനൽ, ബ്രഹ്മോസ് എന്നിവ സ്ഥിതി ചെയ്യുന്ന ചാക്കയിൽ നിന്ന് വിമാനത്താവളത്തിലേക്ക് വരുന്ന പ്രധാന പാതയുടെ സമീപത്തെ ലോറികൾ നിർത്തിയിടുന്ന തുറസ്സായ സ്ഥലത്താണ് ദമ്പതികൾ കഴിഞ്ഞിരുന്നത്. തേൻ എടുക്കുന്ന ജോലിയിലാണ് ദമ്പതികൾ ഏർപ്പെട്ടിരുന്നത്.കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ കൺട്രോൾ റൂം: 112, 0471 2743195 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമന്ന് പൊലീസ് ആവശ്യപ്പെട്ടു