Input your search keywords and press Enter.

വിജ്ഞാന പത്തനംതിട്ട : ആദ്യ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ഇന്ന്(16) നിയമനം ആസ്ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍

 

വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ആദ്യ റിക്രൂട്ട്്മെന്റ് ഡ്രൈവ് ഇന്ന് (16) പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ നടക്കും. എഞ്ചിനീയര്‍/ ഡിപ്ലോമ ട്രെയിനി, സര്‍വീസ് ടെക്നീഷ്യന്‍, ഷീറ്റ് മെറ്റല്‍ ഫാബ്രിക്കേറ്റര്‍ ആന്‍ഡ് വെല്‍ഡര്‍, ഓട്ടോ ഇലക്ട്രീഷന്‍ വെല്‍ഡര്‍, ഫിറ്റര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള അഭിമുഖങ്ങളാണ് നടക്കുക.

കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പത്തനംതിട്ട വിജ്ഞാന തൊഴില്‍ പദ്ധതിയില്‍ പ്രസ്തുത ജോലികളിലേക്ക് അപേക്ഷിച്ചിട്ടുള്ള തൊഴിലന്വേഷകരില്‍ നിന്ന് ഷോട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികളാണ് അഭിമുഖങ്ങളില്‍ പങ്കെടുക്കുക. ആസ്ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായിരിക്കും നിയമനം. ആകെ 1175 ഒഴിവുകളാണുള്ളത്. പദ്ധതി ആരംഭിച്ച ശേഷമുള്ള ആദ്യഘട്ട റിക്രൂട്ട്‌മെന്റ് ഡ്രൈവാണിത്.

പദ്ധതിയില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമുളള തൊഴിലന്വേഷകര്‍ക്കായി രജിസ്ട്രേഷന്‍ സൗകര്യവും റിക്രൂട്ട്്മെന്റ് ഡ്രൈവില്‍ ഉണ്ടായിരിക്കും. നോളജ് മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിഡബ്ല്യുഎംഎസില്‍ രജിസ്റ്റര്‍ ചെയ്്ത തൊഴിലന്വേഷകരില്‍, ജോലിക്ക് അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്ക് അഭിരുചിക്കനുസരിച്ച് തൊഴിലിന് അപേക്ഷിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും. ഇങ്ങനെ അപേക്ഷിച്ച തൊഴിലന്വേഷകരില്‍ നിന്ന് ഷോട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കായി അതാത് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ഡ്രൈവ് തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ നടത്തും.
ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് യോഗ്യതയ്ക്കും അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുയോജ്യമായ തൊഴില്‍ നല്‍കുന്ന പദ്ധതിയാണ് നോളജ് ഇക്കോണമി മിഷന്റെ വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതി.

തൊഴിലന്വേഷകര്‍ക്ക് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനും അനുയോജ്യമായ ജോലിക്ക് അപേക്ഷിക്കാനും സഹായിക്കുന്ന ജോബ് സ്റ്റേഷന്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. ജോബ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്ന തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള കരിയര്‍ കൗണ്‍സിലര്‍മാരും സാങ്കേതിക സൗകര്യവും അവിടെ ഉണ്ടാകും. വിജ്ഞാന തൊഴില്‍ പദ്ധതിയെക്കുറിച്ചും നോളജ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ചും തൊഴിലന്വേഷകര്‍ക്ക് സമ്പൂര്‍ണ വിവരങ്ങള്‍ ജോബ് സ്റ്റേഷനുകളില്‍ നിന്ന് ലഭിക്കും.

അഭിമുഖങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നൈപുണ്യപരിശീലനം ആവശ്യമെങ്കില്‍ അവര്‍ക്ക് തൊഴില്‍ദാതാവ് നിഷ്‌കര്‍ഷിക്കുന്ന പരിശീലനം നോളജ് ഇക്കോണമി മിഷന്റെയും തദ്ദേശ സ്ഥാപനങ്ങലുടെയും സഹായത്തോടെ നല്‍കും. പരിശീലനം തൃപ്തികരമായി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ജോലിയില്‍ പ്രവേശിക്കാനാകും.

error: Content is protected !!