Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (09/05/2024)

സാധ്യതാ പട്ടിക പുതുക്കി

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2024 മാര്‍ച്ച് ഏഴിന് പ്രസിദ്ധീകരിച്ച വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (കാറ്റഗറി നം. 725/2022) തസ്തികയുടെ സാധ്യതാ പട്ടികയില്‍ 1028281 എന്ന രജിസ്റ്റര്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

2016 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കെ.ടെറ്റ് പാസായവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 20നകം ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍നിന്ന് കൈപ്പറ്റണമെന്നും അല്ലാത്തപക്ഷം തിരുവനന്തപുരം പരീക്ഷാഭവനിലേക്ക് തിരിച്ചയയ്ക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

 

ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷണറി കോഴ്‌സ്: 15 വരെ അപേക്ഷിക്കാം

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പാലക്കാട് വടക്കഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെയ് മാസത്തില്‍ ആരംഭിക്കുന്ന ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷണറി ഹ്രസ്വകാല കോഴ്‌സിലേക്ക് 15 വരെ അപേക്ഷിക്കാം. അഞ്ച് ദിവസത്തെ കോഴ്‌സിന്റെ ഫീസ് 5000 രൂപയാണ്. സമയം രാവിലെ 9.30 മുതല്‍ 1.30 വരെ. ഫോണ്‍: 04922 256677, 9142190406.

 

തുല്യത കോഴ്സുകളിലേക്ക് 31 വരെ അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്ററി തുല്യത, പച്ച മലയാളം കോഴ്സുകളിലേക്ക് 31 വരെ അപേക്ഷിക്കാം. പത്ത്, ഹയര്‍സെക്കന്ററി തുല്യത കോഴ്സുകളിലേക്ക് 50 രൂപ ഫൈനോടെയാണ് അപേക്ഷിക്കാന്‍ അവസരം. 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതക്കും 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കന്ററി തുല്യത കോഴ്സിലേക്കും അപേക്ഷിക്കാം. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളില്‍ ഹയര്‍സെക്കന്ററി തുല്യതക്ക് രജിസ്റ്റര്‍ ചെയ്യാം. പത്താംതരം തുല്യതക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏഴാം ക്ലാസ്സ് യോഗ്യത ഉണ്ടായിരിക്കണം. പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്ററി തുല്യതക്കും പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്കും അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാമിഷന്‍ വികസന, തുടര്‍വിദ്യാ പ്രേരകുമായി ബന്ധപ്പെടാം. www.literacymissionkerala.org ല്‍ പച്ചമലയാളം കോഴ്സിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. തുല്യത പഠിതാക്കള്‍ക്ക് ഒണ്‍ലൈന്‍ രജിസ്ട്രേഷന്‍ www.ecms.keltron.in ലും ചെയ്യാവുന്നതാണെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 0491 2505179

 

ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍ കണ്ണൂര്‍ സെന്റര്‍ മൂന്നുവര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ ഡിഗ്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്രാ ടെക്സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി.ഒ, തളിപ്പറമ്പ്- 670142 എന്ന വിലാസത്തിലോ 8301030362, 9995004269, 0460 2226110 എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം ജില്ലാതല മെഗാ ക്വിസ് ഇന്ന്

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്‍ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ജൈവവൈവിധ്യ മെഗാ ക്വിസ് മത്സരം 10ന് രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 13 ബ്ലോക്കുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഓരോ ബ്ലോക്കില്‍ നിന്നും നാല് പേര്‍ വീതമാണ് പങ്കെടുക്കുക. വിജയികള്‍ക്ക് മൂന്നാറില്‍ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

 

ഹയര്‍സെക്കന്‍ഡറി: ജില്ലയില്‍ 73.59 ശതമാനം വിജയം

ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 73.59 ശതമാനം വിജയം. 149 സ്‌കൂളുകളിലായി 32054 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ 31791 പേര്‍ പരീക്ഷ എഴുതി. 23396 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. 2600 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.

ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 5101 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 4956 പേര്‍ പരീക്ഷ എഴുതി. 1537 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. 31 ശതമാനം വിജയം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 78 പേര്‍.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 1865 പേര്‍ പരീക്ഷ എഴുതിയതില്‍ 1322 പേര്‍ ഉപരിപഠന യോഗ്യത നേടി. 70.88 ആണ് വിജയശതമാനം.

 

മുണ്ടൂരിലെ മരണം വെസ്റ്റ് നൈല്‍ പനിയെന്ന് സംശയം, ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

മുണ്ടൂരിലുണ്ടായ പനി മരണം വെസ്റ്റ് നൈല്‍ പനിയാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമായതിനാല്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവിധ വകുപ്പുകളുടെ യോഗം സംഘടിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2011 മുതല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്നും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുകയും വേണം.

എന്താണ് വെസ്റ്റ് നൈല്‍?

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്സിന്‍ ലഭ്യമാണ്.

രോഗപ്പകര്‍ച്ച

ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 2011ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

രോഗലക്ഷണങ്ങള്‍

തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണനിരക്ക് കുറവാണ്.

രോഗപ്രതിരോധവും ചികിത്സയും

വൈസ്റ്റ് നൈല്‍ വൈറസിനെതിരായ മരുന്നുകളോ വാക്സിനോ ലഭ്യമല്ലാത്തതിനാല്‍ രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണ് പ്രധാനം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.

error: Content is protected !!