Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (10/05/2024)

ബീച്ചിന്റെ ശുചിത്വം ഉറപ്പാക്കണം – ജില്ലാ കലക്ടര്‍

കൊല്ലം ബീച്ചിന്റെയും തുറമുഖത്തിന്റെയും പരിസരപ്രദേശങ്ങളുടേയും ശുചിത്വപാലനം മഴക്കാലമുന്‍കരുതലിന്റെ ഭാഗമായി ത്വരിതപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശം നല്‍കി. വാടി-ബീച്ച് മേഖലയിലെ മാലിന്യപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ മാലിന്യനീക്കത്തിന് കോര്‍പറേഷന്‍തല പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചു.

വീടുകളില്‍ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്നതിന് മുന്‍ഗണന നല്‍കണം. പരിസരവും തുറമുഖവും അനുബന്ധമേഖലകളിലും മാലിന്യം വലിച്ചെറിയുന്നത് കര്‍ശനമായി തടയും. ഇതിനായി നിരീക്ഷണ സംവിധാനം ക്യാമറകള്‍ സ്ഥാപിച്ച് ശക്തിപ്പെടുത്തണം. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം ഇതിനായി നടപടിയെടുക്കണം. തദ്ദേശസ്ഥാപനം ഇടപെട്ട് മാലിന്യനിക്ഷേപസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. അജൈവമാലിന്യ നിക്ഷേപം പൂര്‍ണമായി ഒഴിവാക്കുന്നതിനാണ് ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടത്.

മാലിന്യം ശരിയായരീതിയില്‍ നീക്കുന്നതിന് ജനങ്ങളുടെസഹകരണം അനിവാര്യമാണ്. യുവജനങ്ങളുടെ സഹകരണം തേടി പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ബോധവത്കരണം നടത്തും. മഴക്കാലത്ത് പകര്‍ച്ചരോഗ സാധ്യത കൂടുതലയാതിനാല്‍ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ നശിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കണം. ഹാര്‍ബര്‍, ഫിഷറീസ്, കോര്‍പറേഷന്‍ എന്നിവ സംയുക്തമായി പരിശ്രമിച്ച് മഴയ്ക്കുമുന്നേ ശുചീകരണം പൂര്‍ത്തിയാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

ഉയര്‍ന്ന താപനില : ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

ജില്ലയില്‍ ഇന്ന് (മെയ് 10) ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ (സാധാരണ താപനിലയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ) ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ ശ്രദ്ധിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ജോലി സമയം ക്രമീകരിക്കണം. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പുവരുത്തണം.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്.

നിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ മുതല്‍ 3 മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും നടപ്പാക്കണം.

കാട്ടുതീ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിംഗ് യാര്‍ഡ്) എന്നിവിടങ്ങളില്‍ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇതിന് സമീപത്ത് താമസിക്കുന്നവരും സ്ഥാപനങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ചൂട് ഏല്‍ക്കാത്ത തരത്തില്‍ വസ്ത്രധാരണം നടത്തേണ്ടതും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങള്‍ നല്‍കേണ്ടതുമാണ്.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കണം.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാണ് ഉചിതം. കയ്യില്‍ വെള്ളം കരുതണം. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാലുടന്‍ വിശ്രമിക്കണമെന്നും വൈദ്യസഹായം തേടണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.

കേന്ദ്രീയ വിദ്യാലയപ്രവേശനം

കൊല്ലം കേന്ദ്രീയവിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സിലും ബാല്‍വാടിക ഒന്നിലേക്കുമുള്ള ഒഴിവുകളിലേക്ക് പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രവേശനത്തിനായി മെയ് 15 നകം രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനെ സമീപിക്കണം. ഫോണ്‍: 0474 2799494,2799696.

ടര്‍ക്കി കുഞ്ഞുങ്ങളെ വാങ്ങാം

കുരീപ്പുഴ സര്‍ക്കാര്‍ ടര്‍ക്കി ഫാമില്‍ ലാര്‍ജ് വൈറ്റ്, ബ്രോണ്‍സ് എന്നീ ഇനത്തിലെ ടര്‍ക്കി കുഞ്ഞുങ്ങളുടെ വില്പന ആരംഭിച്ചു. ഒന്ന് മുതല്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 62 രൂപയും ഒരു മാസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 150 രൂപയും രണ്ട് മാസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 200 രൂപയുമാണ് വില. ടര്‍ക്കി മുട്ടയ്ക്ക് 10 രൂപ നിരക്കിലും വാങ്ങാവുന്നതാണ്. ഫോണ്‍-0474 2799222.

അറിയിപ്പ്

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ യില്‍ നിന്നും 2016, 2017, 2018, 2019, 2020 അദ്ധ്യയന വര്‍ഷങ്ങളില്‍ പരീശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ (മെട്രിക്/നോണ്‍മെട്രിക്/സി ഒ ഇ ട്രേഡുകള്‍) സെക്യൂരിറ്റി/കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനായി അപേക്ഷയും അക്കൗണ്ട് വിവരങ്ങളും മെയ് 15നകം സ്ഥാപനത്തില്‍ എത്തിക്കണം.

ബാങ്കിംഗ് ഫോര്‍ ബിസിനസ് വര്‍ക്ക്‌ഷോപ്പ്

കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (ഗകഋഉ) ഒരു ദിവസത്തെ ബാങ്കിംഗ് ഫോര്‍ ബിസിനസ്’ വിഷയത്തില്‍ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. മെയ് 16 നു അങ്കമാലി കിഡ് എന്റര്‍പ്രൈസ് ഡെവലപ്മെന്ററ് സെന്ററിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍ /എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം.

പ്രോജക്ട് റിപ്പോര്‍ട്ട് വിലയിരുത്തല്‍, ബിസിനസ് ലോണ്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമം, കടം വീണ്ടെടുക്കല്‍ നടപടിക്രമം, സിബില്‍ സ്‌കോറിന്റെ പ്രാധാന്യവും എങ്ങനെ നിലനിര്‍ത്താം, വായ്പകള്‍, കെഎഫ്സിയില്‍ നിന്നുള്ള ഫണ്ടിംഗ് ഓപ്ഷനുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. ഫീസ്: 500 രൂപ. http://kied.info/training-calender/ ല്‍ മെയ് 14നകം അപേക്ഷിക്കണം തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890/0484 2550322/ 9188922800.

അദാലത്ത്

സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനായി ജൂണ്‍ 11, 12 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് വരെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍കേട്ട് തീര്‍പ്പാക്കും. ഫോണ്‍- 0471 2580324, 2580307, 2580311, 2314544.

അപേക്ഷ ക്ഷണിച്ചു

ശാസ്താംകോട്ട എല്‍ ബി എസില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്‌വെയര്‍) (ഡിസിഎ (എസ്)), ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ഡി സി എഫ് എ) , ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്, മലയാളം), കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. എസ് സി /എസ് ടി/ഒ ഇ സി/ ഒബിസി(എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. www.lbscentre.kerala.gov.in/services/courses ലിങ്കില്‍ സമര്‍പ്പിക്കണം. ഫോണ്‍- 9446650576, 0476 2912132.

ഗസ്റ്റ് അധ്യാപക നിയമനം

കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ സംസ്‌കൃതം, അറബിക്, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, മലയാളം, സോഷ്യോളജി, കോമേഴ്സ് വിഷയങ്ങളില്‍ നിയമനം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുടേയും പകര്‍പ്പ് സഹിതമുള്ള അപേക്ഷ മെയ് 21 നു വൈകിട്ട് അഞ്ചിനകം കോളജില്‍ ലഭ്യമാക്കണം. ഫോണ്‍: 0476 2864010, 9188900167.

വിമുക്തഭട പുനരധിവാസ പരിശീലനം

ജില്ലയില്‍ നിന്നുള്ള വിമുക്തഭടന്മാര്‍, ആശ്രിതര്‍ എന്നിവര്‍ക്ക് പുനരധിവാസപരിശീലന ക്ലാസ്സില്‍ പങ്കെടുക്കാം. യുദ്ധവിധവകള്‍, വിമുക്തഭട•ാര്‍, അവരുടെ വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ മെയ് 15നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍. 0474 2792987.

വിദ്യാഭ്യാസ ധനസഹായം

കേന്ദ്രീയ സൈനിക ബോര്‍ഡ് വിതരണം ചെയ്യുന്ന 2023-24 അധ്യയന വര്‍ഷത്തെ വിമുക്തഭട•ാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ അപേക്ഷ ഓണ്‍ലൈനായി സമര്‍പിക്കാം. www.ksb.gov.in വെബ്‌സൈറ്റില്‍ അപേക്ഷയുടെ പ്രിന്റ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍വീസ് രേഖകള്‍, അവയുടെ പകര്‍പ്പുകള്‍ സഹിതം പ്രവര്‍ത്തി ദിവസങ്ങളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ -0474 2792987.

വനിതാ കമ്മിഷന്‍ അദാലത്ത് മെയ് 16ന്

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മേയ് 16ന് രാവിലെ 10 മുതല്‍ കൊല്ലം ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ്ഹൗസ് ഹാളില്‍ നടത്തും.

error: Content is protected !!