Input your search keywords and press Enter.

സ്‌കൂള്‍ തുറക്കുന്നതിനുള്ള സംവിധാനങ്ങളെല്ലാം ഉറപ്പാക്കും: കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂളുകളിലെ ജലസ്രോതസുകളിലെ ജലം അംഗീകൃത ലാബുകളില്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കണം എന്ന് പ്രത്യേകം നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധിവ്യാപനസാധ്യത കണക്കിലെടുത്ത് സ്‌കൂള്‍പരിസരങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെയാണ് നടപ്പിലാക്കുക.

സ്‌കൂള്‍ തുറന്നതിന്‌ശേഷം എന്‍.സി.സി എന്‍.എസ്.എസ്. എന്നിവയുടെ സേവനം ശുചീകരണ-അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കണം. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് സമീപത്തുള്ള അപകടകരമായ മരച്ചില്ലകള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ അറിയിച്ച് മുറിച്ചു മാറ്റണം . അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റണമെങ്കില്‍ ‘ട്രീ കമ്മിറ്റി’ യെ വിവരം അറിയിക്കണം. സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ്- ജീവനക്കാരുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉറപ്പായും ഉണ്ടായിരിക്കണം.

മെയ് 27 നു മുമ്പ് എല്ലാ നടപടികളും പൂര്‍ത്തിയാക്കണം. സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതി ക്ലബ്‌വഴി സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വില്പന ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്; കണ്ടെത്തിയാല്‍ പോലീസിനെയും എക്‌സൈസിനെയും വിവരം അറിയിക്കുകയും വേണം. തിരക്കേറിയ റോഡുകളുടെ സമീപമുള്ള സ്‌കൂളുകള്‍ക്ക് മുന്‍പില്‍ ട്രാഫിക് ചിഹ്നങ്ങള്‍, സ്പീഡ് ബ്രേക്കറുകള്‍ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം.

മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ സജ്ജമാക്കണം. ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചുശേഖരിച്ച് ഹരിതകര്‍മ്മ സേനയെ ഏല്‍പ്പിക്കണം. ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സൗകര്യങ്ങളും ആവശ്യത്തിന്ശുചിമുറികളും സ്‌കൂളുകളില്‍ നിര്‍ബന്ധമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

error: Content is protected !!