മഴക്കാലമാണ്,മഞ്ഞപ്പിത്തം സൂക്ഷിക്കണം
ജില്ലയില്‍ പലയിടത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. മലിനമായതോ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗബാധിതരുമായുള്ള സമ്പര്‍ക്കം എന്നിവ വഴിയാണ് ഹെപ്പറ്റൈറ്റിസ്-എ പകരുന്നത്.
വ്യക്തി ശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കുന്നതു വഴി രോഗബാധ തടയാം. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
· ആഹാരം കഴിക്കുന്നതിന് മുന്‍പും കഴിച്ചതിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
· കൈനഖങ്ങള്‍ വെട്ടി വൃത്തിയാക്കുക
· കിണറിലെ വെള്ളം മലിനമാകാതെ സൂക്ഷിക്കുക
· കൃത്യമായ ഇടവേളകളില്‍ കുടിവെള്ളസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. ചൂട് വെള്ളത്തില്‍ പച്ച വെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്
· തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ഒഴിവാക്കുക. മലമൂത്രവിസര്‍ജ്ജനത്തിനു ശേഷം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക
· കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുക
· പൊതു ടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക
· പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക
· ആഹാരസാധനങ്ങള്‍ എപ്പോഴും അടച്ചുസൂക്ഷിക്കുക
· പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക
രോഗബാധിതര്‍ അംഗീകൃത ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നും ചികിത്സകരില്‍ നിന്നും മാത്രം ചികിത്സ തേടണം. അംഗീകൃതമല്ലാത്തതും ആവശ്യമില്ലാത്തതുമായ മരുന്നുകള്‍ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാമെന്നതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ കിട്ടിയില്ലെങ്കില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്.