Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (23/05/2024)

മഴക്കെടുതി; തദ്ദേശസ്വയംഭരണ വകുപ്പില്‍ കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 0471 2317214 എന്ന നമ്പറില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്.

മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകള്‍, പെട്ടെന്നുണ്ടായ പകര്‍ച്ചവ്യാധികള്‍ മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണ്. പൊതുജനങ്ങള്‍ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.

 

അപകടകരമായ വൃക്ഷങ്ങള്‍ മുറിക്കണം

കുളനട ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് ജീവനോ സ്വത്തിനോ അപകടകരമായ നിലയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മുറിച്ച് നീക്കി പഞ്ചായത്ത് ഓഫീസില്‍ വിവരമറിയിക്കണം. അല്ലാത്ത പക്ഷം ഇതിന്‍ മേലുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദിത്തം ദുരന്തനിവാരണ നിയമപ്രകാരം ഉടമസ്ഥര്‍ക്കായിരിക്കും. കാടുകള്‍ അമിതമായി വളര്‍ന്നു നില്‍ക്കുന്നത് കൊതുകുകള്‍ വളരുന്നതിനുള്ള സാഹചര്യമുണ്ടാക്കുമെന്നതിനാല്‍ അവയും ഒഴിവാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സ്രെകട്ടറി അറിയിച്ചു.

 

സൗജന്യപരിശീലനം

പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ 10 ദിവസത്തെ സര്‍ട്ടിഫിക്കറ്റ് അധിഷ്ഠിത ട്രാവല്‍ ആന്‍ഡ് ടൂറിസ്റ്റ് ഗൈഡ് കോഴ്‌സ് ആരംഭിക്കുന്നു. താല്‍പ്പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ 0468 2270243, 08330010232 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

 

മഴക്കാലമാണ്, മഞ്ഞപ്പിത്തം സൂക്ഷിക്കണം

ജില്ലയില്‍ പലയിടത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. മലിനമായതോ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗബാധിതരുമായുള്ള സമ്പര്‍ക്കം എന്നിവ വഴിയാണ് ഹെപ്പറ്റൈറ്റിസ്-എ പകരുന്നത്. വ്യക്തി ശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കുന്നതു വഴി രോഗബാധ തടയാം. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
· ആഹാരം കഴിക്കുന്നതിന് മുന്‍പും കഴിച്ചതിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
· കൈനഖങ്ങള്‍ വെട്ടി വൃത്തിയാക്കുക
· കിണറിലെ വെള്ളം മലിനമാകാതെ സൂക്ഷിക്കുക
· കൃത്യമായ ഇടവേളകളില്‍ കുടിവെള്ളസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. ചൂട് വെള്ളത്തില്‍ പച്ച വെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്
· തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ഒഴിവാക്കുക. മലമൂത്രവിസര്‍ജ്ജനത്തിനു ശേഷം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക
· കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുക
· പൊതു ടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക
· പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക
· ആഹാരസാധനങ്ങള്‍ എപ്പോഴും അടച്ചുസൂക്ഷിക്കുക
· പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക

രോഗബാധിതര്‍ അംഗീകൃത ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നും ചികിത്സകരില്‍ നിന്നും മാത്രം ചികിത്സ തേടണം. അംഗീകൃതമല്ലാത്തതും ആവശ്യമില്ലാത്തതുമായ മരുന്നുകള്‍ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാമെന്നതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ കിട്ടിയില്ലെങ്കില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

 

അപേക്ഷ ക്ഷണിച്ചു

മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ആറു മാസത്തില്‍ കുറയാത്ത കാലയളവില്‍ പങ്കെടുത്ത് പരീക്ഷ എഴുതിയ വിമുക്ത ഭടന്മാരുടെ/വിധവകളുടെ (ആര്‍മി/എയര്‍ഫോഴ്‌സ്/നേവി) മക്കള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിനു അപേക്ഷകള്‍ ക്ഷണിച്ചു. സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോം മുഖേനെ ഓണ്‍ലൈനായി ആഗസ്റ്റ് 15ന് വൈകുന്നേരം അഞ്ചിന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0468-2961104.

 

ഗസ്റ്റ് അധ്യാപക നിയമനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ നിലവില്‍ ഒഴിവുള്ള ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/ തത്തുല്യം യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേയ് 31 ന് രാവിലെ 10.00 ന് കോളേജ് ഓഫീസില്‍ ബയോമെഡിക്കല്‍വിഭാഗം നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 266671

 

ഗസ്റ്റ് അധ്യാപക നിയമനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍, ഇലക്ട്രോണിക്സ് വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍, ഇലക്ട്രോണിക്സ് വിഭാഗം ട്രേഡ്സ്മാന്‍, ബയോമെഡിക്കല്‍ വിഭാഗം ട്രേഡ്സ്മാന്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമയും ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിലുളള ഐ.റ്റി.ഐ/ ടിഎച്ച്എസ്എല്‍സിയുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താം തരം/ തത്തുല്യം, ഐ.റ്റി.ഐ/ ടിഎച്ച്എസ്എല്‍സി എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ മൂന്നിന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671

error: Content is protected !!