വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വം നേടിയ അംഗങ്ങളുടെ മക്കളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്തിന്റെ ക്ഷേമനിധി പാസ്ബുക്ക്, ക്ഷേമനിധി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (ഐ.എഫ്.എസ്.സി ഉള്‍പ്പെടെ) എന്നിവയുടെ പകര്‍പ്പ് സഹിതം ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം. അവസാന തിയ്യതി ജൂണ്‍ 15.
ഗതാഗത നിയന്ത്രണം
മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ തെങ്കര മുതല്‍ നെല്ലിപ്പുഴ വരെ ജൂണ്‍ ഒന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കെ.ആര്‍.എഫ്.ബി – പി.എം.യു ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പരിസ്ഥിതി ദിനത്തില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ മത്സരം
പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച് ജൂണ്‍ അഞ്ചിന് ഹരിതസഹായസ്ഥാപനമായ ഐ.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കൃതി @ പ്രകൃതി എന്ന പേരില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു. നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സൈതലവി, വാസുദേവന്‍, ഐ.ആര്‍.ടി.സി ജില്ലാ കോര്‍ഡിനേറ്റര്‍ ഫെബിന്‍ റഹ്‌മാന്‍, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ പി.അഞ്ജന, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ അക്ഷയ് തുടങ്ങിയവര്‍ പങ്കെടുത്തു. ജൂണ്‍ അഞ്ച് മുതല്‍ 20 വരെയാണ് മത്സരം. വിജയികള്‍ക്ക് 3000, 2000, 1000രൂപ മുതലുള്ള ശാസ്ത്രപുസ്തകങ്ങളും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിന് 10000 രൂപ വിലമതിക്കുന്ന ശാസ്ത്രപുസ്തകങ്ങളും സമ്മാനമായി നല്‍കും.
ട്യൂട്ടര്‍, റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന തച്ചമ്പാറ, പൊറ്റശ്ശേരി, അഗളി എന്നീ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് (ആണ്‍കുട്ടികള്‍) 2024 – 25 അധ്യയന വര്‍ഷത്തേക്ക് ട്യൂട്ടര്‍, റസിഡന്റ് ട്യൂട്ടര്‍ തസ്തികകളില്‍ നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, നാചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ട്യൂട്ടര്‍ നിയമനത്തിന് ബിരുദവും ബി.എഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
യു.പി ക്ലാസുകളില്‍ എല്ലാ വിഷയങ്ങളിലും ട്യൂഷന്‍ നല്‍കുന്നതിന് ടി.ടി.സി / ഡി.എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
റസിഡന്റ് ട്യൂട്ടര്‍ നിയമനത്തിന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ബി.എഡും ഉണ്ടായിരിക്കണം.
സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോടുകൂടിയ അപേക്ഷ ജൂണ്‍ പത്തിന് വൈകിട്ട് അഞ്ചിന് മുമ്പ് മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: പട്ടികജാതി വികസന ഓഫീസ് – 8547630125, തച്ചമ്പാറ – 9447837103, പൊറ്റശ്ശേരി – 9447944858, അഗളി – 9846815786, 9847615427.
അംഗത്വം ജൂണ്‍ 15 വരെ പുതുക്കാം
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ 2023 – 24 വര്‍ഷത്തെ അംഗത്വം പുതുക്കല്‍ ജൂണ്‍ 15 വരെ ദീര്‍ഘിപ്പിച്ചതായി അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2546873.
ജൂണ്‍ 2നും 5നും മഞ്ഞ അലര്‍ട്ട്
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജൂണ്‍ രണ്ട്, അഞ്ച് തിയ്യതികളില്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കരിയര്‍ ഗൈഡന്‍സ് ക്ലിനിക് സംഘടിപ്പിച്ചു
ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് ക്ലിനിക് സ്‌കോപോസ് 24 ചിറ്റൂര്‍, ഗവ: വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. ചിറ്റൂര്‍ തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ ശിവകുമാര്‍ ക്ലാസെടുത്തു. ജി.വി.ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ടി. ഗിരി അധ്യക്ഷനായി. സമിതി ജില്ലാ സെക്രട്ടറി പി. കൃഷ്ണന്‍കുട്ടി, ജില്ലാ ട്രഷറര്‍ സരിത, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം വാസുദേവന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് കുമാര്‍, രമണി, സുലോചന, പി.ടി.എ പ്രസിഡന്റ് അജിത് എന്നിവര്‍ സംസാരിച്ചു.
കെല്‍ട്രോണ്‍ ജേണലിസം കോഴ്‌സിന് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമപഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2024-2025 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ്മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, ഡാറ്റ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിങ് തുടങ്ങിയവയിലാണ് പരിശീലനം. മാധ്യമസ്ഥാപനങ്ങളില്‍ ഇന്റ്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. അപേക്ഷകള്‍ ജൂണ്‍ 10നകം കോഴിക്കോട് നോളഡ്ജ് കേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും 0495 2301772, 9544958182 എന്ന നമ്പറിലോ കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, മൂന്നാംനില, അംബേദ്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673002 എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് ഹെഡ്് ഓഫ് ദി സെന്റര്‍ അറിയിച്ചു.
അപേക്ഷാ തിയ്യതി നീട്ടി
വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിരുദകോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ ഏഴ് വരെ നീട്ടിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 04922 255061.
വിജ്ഞാപനം റദ്ദാക്കി
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) ആറാം എന്‍.സി.എ – എസ്.സി (കാറ്റഗറി നം.074/2023) തസ്തികയ്ക്കായി 2023 മെയ് 30ന് പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം അപേക്ഷകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ വിജ്ഞാപനം റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ഗവ. മെഡിക്കല്‍ കോളേജില്‍ ജോലി ഒഴിവ്
ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍ (ഗവ. മെഡിക്കല്‍ കോളേജ്, പാലക്കാട്) വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ഒഴിവുള്ള പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍, സീനി.ര്‍ റസിഡന്റ്, ജൂനിയര്‍ റസിഡന്റ്, സി.എം.ഒ, എല്‍.എം.ഒ, നഴ്‌സിങ് സൂപ്രണ്ട് തസ്തികകളിലേക്ക് താത്കാലിക വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ആറിന് കോളേജ് ഓഫീസില്‍ അസ്സല്‍ രേഖകളുമായി വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2951010.
ഗതാഗതം നിരോധിച്ചു
ആണ്ടിമഠം – കടുക്കാംകുന്നം റോഡിലെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ബി.എം ആന്‍ഡ് ബി.സി പ്രവൃത്തികള്‍ ചെയ്യുന്നതിനാല്‍ ജൂണ്‍ മൂന്ന് മുതല്‍ 10 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഒലവക്കോട് നിന്നും മലമ്പുഴയിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പാലക്കാട് – മലമ്പുഴ 100 ഫീറ്റ് റോഡിലൂടെ പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.