തദ്ദേശ അദാലത്ത് (സെപ്തംബര്‍ 10)പരാതികളെല്ലാം തീര്‍പ്പാക്കാന്‍ മന്ത്രി എം.ബി. രാജേഷ്
പൊതുജനം പരാതിപ്പെട്ടിട്ടുംതീര്‍പ്പാകാത്ത വിവിധ ആവലാതികളുടെ തത്സമയപരിഹാരവുമായി ജില്ലാതല തദ്ദേശ അദാലത്ത് (സെപ്തംബര്‍ 10) രാവിലെ 8.30 മുതല്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍. ഓണ്‍ലൈനായി സ്വീകരിച്ചവ ഉള്‍പ്പടെയുള്ള പരാതികള്‍ക്ക് പരിഹാരം കാണുന്നതിനാണ് മന്ത്രിസഭയുടെ വാര്‍ഷിത്തിന്റെ ഭാഗമായ പരിപാടി.
രാവിലെ 9.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. ബില്‍ഡിംഗ് പെര്‍മിറ്റ്-കംപ്ലീഷന്‍- ക്രമവത്ക്കരണം, വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസന്‍സുകള്‍, സിവില്‍ രജിസ്‌ട്രേഷന്‍, നികുതികള്‍, ഗുണഭോക്തൃപദ്ധതികള്‍, പദ്ധതി നിര്‍വ്വഹണം, സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍, മാലിന്യസംസ്‌ക്കരണം, പൊതുസൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെ കാര്യക്ഷമത തുടങ്ങിയവയിലെ പരാതികളാണ് പരിഗണിക്കുന്നത്.
ഓണ്‍ലൈനായി 819 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. പുതിയവ രാവിലെ 08.30 മുതല്‍ സ്വീകരിക്കുന്നുമുണ്ട്. ലൈഫ്, അതിദാരിദ്ര്യം എന്നിവയിലുള്ള പുതിയ പരാതികള്‍ക്ക് അവസരമില്ല.
അദാലത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് പ്രധാന ഗ്രൗണ്ടിലേക്കുള്ള ഗേറ്റ് വഴി ഇന്‍ഡോര്‍സ്റ്റേഡിയത്തിന് സമീപമുള്ള മെയിന്‍ ഹാളിലെ റിസപ്ഷന്‍ കൗണ്ടറില്‍ നിന്ന് ടോക്കണുകള്‍ വാങ്ങി പ്രവേശിക്കാം.
ഓണ്‍ലൈന്‍ പരാതി നല്‍കിയവര്‍ക്ക് വൊളന്റിയേഴ്‌സ് മുഖാന്തിരം അദാലത്ത് സമിതികളുടെ മുന്നിലെത്താം. അവിടെ പരിഹാരമാകാത്തവ മന്ത്രിക്ക് മുന്നിലേക്കെത്തിക്കാനും സംവിധാനമുണ്ട്. നിമയചട്ട ഭേദഗതി ഉള്‍പ്പെടെ നടത്തിയാണ് ഇതുവരെയുള്ള അദാലത്തുകളില്‍ സുപ്രധാന തീരുമാനങ്ങളും പരിഹാരനിര്‍ദേശങ്ങളും കൈക്കൊണ്ടത്. സമാനമായ നടപടികളാകും ജില്ലയിലും സ്വീകരിക്കുക.
ഉദ്ഘാടന സമ്മേളനത്തില്‍ കെ. യു. ജനീഷ് കുമാര്‍ എം. എല്‍. എ അധ്യക്ഷനാകും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറുമാണ് മുഖ്യഅതിഥികള്‍. വിശിഷ്ട അതിഥികളായി ആന്റോ ആന്റണി എം.പി, എം. എല്‍. എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണ്‍ എന്നിവരും ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവികള്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും.