ഭരണഭാഷാവാരാഘോഷം സമാപിച്ചു: സംഗീതസാന്ദ്രമായി സമാപന സമ്മേളനം
മലയാളം പാട്ടുകളിലൂടെ ഭാഷയുടെ അഴകും അര്‍ത്ഥവ്യാപ്തിയും വിശദമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമാപനം.
പ്രശ്‌നോത്തരി നയിച്ച ആലപ്പുഴ എസ്. ഡി. കോളജ് അധ്യാപകന്‍ ഡോ. എസ്. സജിത്ത് കുമാറാണ് മലയാള ചലച്ചിത്രഗാനങ്ങള്‍ പാടിയിണക്കിയുള്ള അറിവുകള്‍ സമ്മാനിച്ചത്.ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഭാഷാപുരസ്‌കാരം നേടാനായ ജില്ലയുടെ മികവ് വരുംവര്‍ഷങ്ങളിലും നിലനിറുത്തുന്നതിന് ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞു. എ. ഡി. എം. ബീന എസ്. ഹനീഫ് അധ്യക്ഷയായി. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ. വി. അനില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു.
നിലത്തെഴുത്ത് ഗുരു പത്തനംതിട്ട കൊടുന്തറ സ്വദേശി മീനാക്ഷി അമ്മയെ ജില്ലാ കലക്ടര്‍ ആദരിച്ചു. പ്രശ്നോത്തരിയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ ഷേബ എസ്. ജോണ്‍സണ്‍ (കോഴഞ്ചേരി താലൂക്ക് ഓഫീസ്), ആകാശ് എസ്. നായര്‍ (മല്ലപ്പള്ളി താലൂക്ക് ഓഫീസ്), അശ്വതി വി. നായര്‍ (ജില്ലാ പ്ലാനിങ്ങ് ഓഫീസ്) എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. മലയാളത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവനനല്‍കിയവരെ ആദരിച്ചും എഴുത്തിന്റെ വഴികളിലൂടെ ഭാഷയെ സമ്പുഷ്ടമാക്കുന്നവരെ ഉള്‍പ്പെടുത്തിയുമാണ് ഒരാഴ്ചക്കാലം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്.
സാഹസിക കായികവിനോദ പ്രോല്‍സാഹനത്തിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍
സാഹസിക കായിക വിനോദത്തിന് പ്രാധാന്യം നല്‍കുന്നതിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ തീരുമാനം. വഞ്ചികപൊയ്ക വെള്ളച്ചാട്ടത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നടപ്പാക്കുന്ന കായിക പദ്ധതിക്ക് മൂന്നു കോടി രൂപ ഉറപ്പാക്കുമെന്ന് ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.
പുതിയ തലമുറ പുതിയ കായിക മേഖല എന്ന മുദ്രാവാക്യമാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് അധ്യക്ഷനായ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍ കുമാര്‍ പറഞ്ഞു. ജില്ലയിലെ ആദിവാസി മേഖലയിലെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അമല്‍ജിത്ത് വ്യക്തമാക്കി. പഞ്ചായത്ത് തലത്തിലെ ഫണ്ടുകള്‍ കായിക വികസനത്തിന് വിനിയോഗിക്കാന്‍ ശ്രമമുണ്ടാകണമെന്ന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗം അഡ്വ. രഞ്ജു സുരേഷ് ഓര്‍മിപ്പിച്ചു.
യുവജനങ്ങളിലെ ആത്മഹത്യ പ്രവണത: ശാസ്ത്രീയ പഠനത്തിന് യുവജന കമ്മീഷന്‍
യുവാക്കളിലെ തൊഴില്‍ സമര്‍ദ്ദം മൂലമുള്ള ആത്മഹത്യ പ്രവണതയും മാനസിക പ്രശ്നങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പഠനം നടത്തുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ അദാലത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. മാനസികാരോഗ്യ വിദഗ്ധരെയും എം.എസ്.ഡബ്ല്യു- സൈക്കോളജി വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയാണ് പഠനം. അടുത്ത മാര്‍ച്ച്- ഏപ്രില്‍ മാസത്തോടെ പഠനം പൂര്‍ത്തിയാക്കും. അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. 20 പരാതികള്‍ പരിഗണിച്ചു. എട്ട് പരാതികള്‍ മാറ്റിവച്ചു. പുതിയതായി നാല് പരാതികള്‍ ലഭിച്ചു.
തുടര്‍ന്ന് ജില്ലാതല ജാഗ്രതാസഭാ യോഗം സംഘടിപ്പിച്ചു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുക, ലഹരിയില്‍ നിന്നും യുവതയെ രക്ഷിക്കുക, യുവാക്കളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരെ കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നിവയാണ് ലക്ഷ്യം.
കമ്മീഷന്‍ അംഗം അബേഷ് അലോഷ്യസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജോസഫ് സ്‌കറിയ, ജില്ലാ കോ ഓഡിനേറ്റര്‍മാരായ റിന്റോ തോപ്പില്‍, വിഷ്ണു വിക്രമന്‍, അസിസ്റ്റന്റ് പി അഭിഷേക്, വിവിധ വിദ്യാര്‍ത്ഥി – യുവജന സംഘടനാ പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വകലാശാല, കോളജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
റീ ടെന്‍ഡര്‍
പെരുനാട് റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് റീടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11. ഫോണ്‍ : 9496207450.
ദ്വിഭാഷി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പോക്‌സോ കേസുകളില്‍ ഉള്‍പ്പെടുന്ന ഇതര സംസ്ഥാനക്കാരായ അതിജീവിതകളായ കുട്ടികള്‍ക്ക് ആവശ്യമായ മൊഴികള്‍ രേഖപ്പെടുത്തുമ്പോഴും കേസിന്റെ വിചാരണവേളകളിലും ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിലേക്കായി പത്തനംതിട്ട വനിതാശിശുവികസന വകുപ്പ് – ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ദ്വിഭാഷി പാനല്‍ രൂപീകരിക്കുന്നതിനുളള അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ താമസമാക്കിയവരും മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ആസാമിസ്, കൊങ്കിണി, ഹിന്ദി, മറാഠി,ഗുജറാത്തി, ബീഹാറി, നേപ്പാളി, പഞ്ചാബി, ഒഡിയ, മണിപ്പൂരി, മിസോ, ഉറുദു, ബംഗാളി, ഇംഗ്ലീഷ്, അറബിക് തുടങ്ങിയവ എഴുതാനും വായിക്കാനും സംസാരിക്കുന്നതിനും അറിയുന്ന ബിരുദധാരികളും സാമൂഹ്യപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വെളളപേപ്പറില്‍ തയ്യാറാക്കി ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില ആറന്മുള മിനി സിവില്‍സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട-689533 എന്ന വിലാസത്തിലോ റരുൗുമേ@ഴാമശഹ.രീാ എന്ന ഈമെയില്‍ വിലാസത്തിലോ അയക്കുക. ഫോണ്‍ :0468-2319998.
ശബരിമല തീര്‍ഥാടനം : കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ശബരിമല തീര്‍ഥാടകര്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ നടത്തുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുളള ലഘു വ്യായാമങ്ങള്‍ ചെയ്യണം.സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്.അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍, ആസ്ത്മ എന്നീ ദീര്‍ഘകാല രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ മലകയറുന്നതിന് മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.ഹൃദ്രോഗത്തെക്കുറിച്ച് സംശയമുളളവരും, കുടുംബത്തിലാര്‍ക്കെങ്കിലും ഹൃദ്രോഗം ഉളളവരും മലകയറുന്നതിന് മുന്‍പ് നിര്‍ബന്ധമായും ഹൃദയ പരിശോധന നടത്തണം.സാവധാനം മല കയറുക, ഇടയ്ക്കിടക്ക് വിശ്രമിക്കുക.വയറുനിറച്ച് ആഹാരം കഴിച്ച ഉടനെ മലകയറരുത്.
മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവ ഉണ്ടായാല്‍ മലകയറുന്നത് നിര്‍ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. അടിയന്തിര വൈദ്യസഹായത്തിനായി 04735203232 എന്ന നമ്പരിലേക്ക് വിളിക്കാം. മല കയറാന്‍ ബുദ്ധിമുട്ട് ഉളളവര്‍ നീലിമല ഒഴിവാക്കി സ്വാമി അയ്യപ്പന്‍ റോഡ് ഉപയോഗിക്കുക.ഹൃദ്രോഗ പരിശോധനയും ചികിത്സയും പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം ആശുപത്രികളില്‍ ലഭ്യമാണ്.മല കയറുന്നതിനിടയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ശരണപാതയോരത്ത് പ്രവര്‍ത്തിക്കുന്ന അടിയന്തിര വൈദ്യസാഹയ കേന്ദ്രങ്ങളില്‍ (ഇഎംസി) നിന്നും വൈദ്യസഹായം ലഭിക്കും മല കയറുന്നതിനായി പോകുമ്പോള്‍ നിലവിലുളള അസുഖങ്ങളെ സംബന്ധിച്ച ആശുപത്രി രേഖകളും, മരുന്നുകളുടെ കുറിപ്പും ആരോഗ്യ ഇന്‍ഷുറന്‍സ് രേഖകളും കയ്യില്‍ കരുതുക.
തൊഴില്‍ മേള
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1048 ഒഴിവുകളിലേക്ക് മല്ലപ്പള്ളി , റാന്നി ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചുകളുടെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്‍പതിന് രാവിലെ 9.30 ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോര്‍ത്തില്‍ അഭിമുഖം നടക്കും. ബയോഡാറ്റ സഹിതം ഹാജരാകണം. പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ/ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം, ഡിപ്ലോമ/ബിടെക് (മെക്കാനിക്കല്‍/സിവില്‍ ), ബിടെക് സിഎസ് /എംസിഎ /ബിസിഎ/ എംബിഎ, ഏതെങ്കിലും ബിരുദം/ ബിരുദാന്തര ബിരുദം യോഗ്യത ഉള്ളവര്‍ക്കു പങ്കെടുക്കാം.
പ്രായപരിധി : 18-60. ഇ-മെയില്‍ : teeranni2024@gmail.com ഫോണ്‍: 04735224388