Input your search keywords and press Enter.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് (92) അന്തരിച്ചു; രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു.

ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്.2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.ഇന്ത്യയിൽ ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മൻമോഹൻ സിങ് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെട്ടിരുന്നത്.റിസർവ് ബാങ്ക് ഗവർണറായും (1982- 85), രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടറായും (1985), ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായും (1985– 87), നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായും (1991–96), രാജ്യസഭാ പ്രതിപക്ഷ നേതാവായും (1998– 2004), യുജിസി അധ്യക്ഷ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.1987ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ: ഗുർശരൺ കൗർ. മക്കൾ: ഉപിന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ്

മൻമോഹൻ സിങ് ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ ശില്പിയെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. അദ്ദേഹം രാജ്യത്തെ വളർച്ചയിലേക്കും സമൃദ്ധിയിലേക്കും നിർണായക പരിവർത്തനത്തിലൂടെ ധീരതയോടെ നയിച്ചുവെന്നും ഉപരാഷ്ട്രപതി.അനുശോചനം രേഖപ്പെടുത്തി.മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അനുശോചിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.തനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടുവെന്നു രാഹുൽ ഗാന്ധി.ഡോ. മൻമോഹൻ സിങിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം രേഖപ്പെടുത്തി

 

മൻമോഹൻ സിങ്ങിന്‍റെ വിയോ​ഗം; രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോ​ഗത്തെ തുടർന്ന് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് നടക്കാനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി. ഇന്ന് രാവിലെ 11 മണിക്ക് മന്ത്രിസഭാ യോഗം ചേരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

അടുത്ത 7 ദിവസത്തേക്ക് എല്ലാ കോൺഗ്രസ് പരിപാടികളും റദ്ദാക്കിയതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അറിയിച്ചു.2025 ജനുവരി 3-ന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും. പാർട്ടി പതാക പകുതി താഴ്ത്തിക്കെട്ടും.

പതിമൂന്നാമത്തെയും (2004) പതിനാലാമത്തെയും (2009) പ്രധാനമന്ത്രിയും രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ അദ്ദേഹം. സിഖ്‌ മതസ്ഥനായ ആദ്യ പ്രധാനമന്ത്രി കൂടിയാണ്. നരസിംഹറാവു മന്ത്രിസഭയിൽ 1991 ൽ മൻമോഹൻ ധനമന്ത്രിയായ മൻമോഹൻ സിങ് സാമ്പത്തിക മേഖലയിൽ സുപ്രധാന പരിഷ്കരണങ്ങൾ നടപ്പാക്കി. ‌‌ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ആഗോളീകരണത്തിലേക്ക് നയിച്ച പ്രധാനിയായി മാറി. 2004 മുതൽ നീണ്ട പത്ത് വർഷക്കാലം ഇന്ത്യയെ നയിച്ചു. തൊഴിലുറപ്പും ഭക്ഷ്യ സുരക്ഷയുമടക്കം സുപ്രധാന പദ്ധതികൾ നടപ്പാക്കി. 2009ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വീണ്ടും അധികാരത്തിലെത്തിയപ്പോൾ മൻമോഹൻസിങ് വീണ്ടും പ്രധാനമന്ത്രിയായി. 2014 മേയ് 26ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു.

error: Content is protected !!