Input your search keywords and press Enter.

കാട്ടാനക്കലിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം: ഡിഎഫ്ഒ ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ ആക്രമിച്ചു

മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി ആണ് മരിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഉൾവനത്തിൽവെച്ചാണ് കാട്ടാന മണിയെ ആക്രമിച്ചത്. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കിയ ശേഷം വീട്ടിലേക്ക് പനിക്കുള്ള മരുന്ന് വാങ്ങി വരുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ് മണി. കണ്ണിക്കൈ എന്ന ഭാഗത്ത് ജീപ്പ് ഇറങ്ങി നടന്നുവരികയായിരുന്നു. ഒപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇതിനിടെയാണ് കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു. കാട്ടാന തുമ്പിക്കൈ കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ആദിവാസി യുവാവ് കൊല്ലപ്പെട്ടതിൽ ഡി എം കെ പ്രതിഷേധം. നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് പൊളിച്ച് പ്രവർത്തകർ കസേരകളും വാതിലും തകർത്തു. ആവർത്തിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിലാണ് പ്രതിഷേധം. പിവി അൻവറിന്റെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചത്.ഞായറാഴ്ചയായതിനാൽ ഡിഎഫ്ഓഫീസിൽ‌ ജീവനക്കാർ ഉണ്ടായിരുന്നില്ല. അടഞ്ഞുകിടന്ന ഓഫീസിലേക്ക് കൂട്ടത്തോടെ പ്രവർത്തകർ കയറുകയായിരുന്നു.

error: Content is protected !!