Input your search keywords and press Enter.

പത്തനംതിട്ട ജില്ല: പ്രധാന അറിയിപ്പുകള്‍ (26/02/2025)

ഡിജിറ്റല്‍ പ്രോപര്‍ട്ടി കാര്‍ഡ് വരുന്നു- മന്ത്രി കെ. രാജന്‍

ഭൂമിയുമായി ബന്ധപ്പെട്ടുള്ള എല്ലാവിവരങ്ങളും ഉള്‍പെടുത്തി ഡിജിറ്റല്‍ പ്രൊപ്പര്‍ട്ടി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍ എന്ന്  റവന്യു  വകുപ്പ് മന്ത്രി കെ. രാജന്‍. ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച തിരുവല്ല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ രണ്ടാം ഭൂപരിഷ്‌കരണമാണ് ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനങ്ങളിലൂടെ നടപ്പാക്കി വരുന്നത്.

2022-23 ല്‍ നടപ്പാക്കിയ ഡിജിറ്റല്‍ റീസര്‍വേ രാജ്യത്ത് ശ്രദ്ധേയമായി അടയാളപെടുത്താന്‍ കഴിയുന്ന ഒന്നാണ്. രജിസ്ട്രേഷന്‍ വകുപ്പിന്റെ പോര്‍ട്ടലായ പേള്‍, റവന്യൂ വകുപ്പിന്റെ റിലിസ്, സര്‍വേ വകുപ്പിന്റെ എന്റെ ഭൂമി എന്നിവയില്‍ ഭൂരേഖകളുമായി ബന്ധപെട്ടുള്ള സംവിധാനങ്ങളും സേവനങ്ങളും ലഭിക്കും. മൂന്നു പോര്‍ട്ടലുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള സേവനങ്ങളും ആരംഭിച്ചിരുന്നു.

വില്ലേജുകളില്‍ നിന്നും ലഭിക്കേണ്ട 21 സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി. മണ്ഡലത്തില്‍ എംഎല്‍എ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ആവശ്യമായ നടപടിയെടുക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാര്‍ച്ച് ആദ്യവാരം ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്നും അദേഹം പറഞ്ഞു.
മാത്യു റ്റി. തോമസ് എം.എല്‍.എ അധ്യക്ഷനായി; ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തിരുവല്ല മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ അനുജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ ഷീല വര്‍ഗീസ്, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്: ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍

ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് എല്ലാവരും ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം ക്യഷ്ണന്‍ അറിയിച്ചു.
* പകല്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
* പരമാവധി ശുദ്ധജലം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം.
* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യണം.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം.
* മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യണം.  ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.
* വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും കാട്ടുതീ സാധ്യത ഉള്ളതിനാല്‍ പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ളം നല്‍കണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉണ്ടാകണം.
* വിദ്യാര്‍ഥികള്‍ക്ക് വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11  മുതല്‍ മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.
* അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
* ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ പകല്‍ 11 മുതല്‍ മൂന്ന് വരെ സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ വിശ്രമിക്കാനുള്ള അനുവാദം നല്‍കണം.
* മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും രാവിലെ 11 മുതല്‍ മൂന്ന് വരെ കുടകള്‍ ഉപയോഗിക്കണം.
* പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. പകല്‍ 11  മുതല്‍ മൂന്ന് വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കണം.
* യാത്രയിലേര്‍പ്പെടുന്നവര്‍ കയ്യില്‍ വെള്ളം കരുതുക.
* നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണം. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണം.
* ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കണം.
* പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ ഇരുത്തി പോകാന്‍ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം  തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
* അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.
* കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണം.
* ചൂടുമായി ബന്ധപ്പെട്ട വിവിധ ഭാഷകളിലുള്ള സുരക്ഷാമുന്‍കരുതല്‍ നിര്‍ദേശങ്ങളുടെ ബ്രോഷറുകള്‍ https://sdma.kerala.gov.in/brochures-2/  ലിങ്കില്‍ ലഭ്യമാണ്.

 

കയര്‍ ഭൂവസ്ത്ര വിതാനം സെമിനാര്‍ സംഘടിപ്പിച്ചു

പരമ്പരാഗത കയര്‍ വ്യവസായത്തിന് താങ്ങായി കയര്‍ വികസന വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുന്ന കയര്‍ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.  അബാന്‍ ആര്‍കേഡ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ അധ്യക്ഷയായി.

തദ്ദേശസ്വയം ഭരണ വകുപ്പും കയര്‍ വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന വികസന പദ്ധതിയാണ് കയര്‍ ഭൂവസ്ത്ര വിതാനം. പ്രകൃതിദത്ത നാരിലൂടെ നിര്‍മ്മിക്കുന്ന ഇവ ഉപയോഗിച്ച് തോട്, കുളങ്ങള്‍, നീര്‍ചാലുകള്‍, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവയുടെ വശങ്ങള്‍ സംരക്ഷിക്കും. റോഡ് നിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്.

ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കി.  ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂവസ്ത്രം വിതാനിച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കും നേതൃത്വം വഹിച്ച ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ആദരവ് നല്‍കി.  ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഏഴംകുളം ജില്ലയില്‍ ഒന്നാമതായി. പെരിങ്ങറ പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. ബ്ലോക്ക്തല പ്രവര്‍ത്തനങ്ങളില്‍ പറക്കോടാണ് ഒന്നാമത്.  തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സമയോചിത പദ്ധതി സാധ്യതകളും എന്ന വിഷയത്തില്‍ മഹാത്മാ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി രാജേഷ് കുമാര്‍ ക്ലാസ് നയിച്ചു.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാ ദേവി,  റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുന്നാട്, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ുമാരായ പി എസ് മോഹനന്‍,  റോയ് ഫിലിപ്പ്,  മിനി ജിജു ജോസഫ് , വി എസ് ആശ, കേരള കയര്‍ കോര്‍പറേഷന്‍ മാനേജര്‍ അരുണ്‍ ചന്ദ്രന്‍, കൊല്ലം ജില്ലാ കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ ജി ഷാജി,  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ശില്‍പശാല സംഘടിപ്പിച്ചു

ജാഗ്രതസമിതി ജില്ലാതല ശില്‍പശാല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. മികച്ച ഗ്രാമപഞ്ചായത്തുതല ജാഗ്രതസമിതി അവാര്‍ഡുകള്‍ ചെന്നീര്‍ക്കരയ്ക്കും കൊറ്റനാടിനും  വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം ശ്രീന ദേവി കുഞ്ഞമ്മ, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ്, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപി, മുന്‍ പ്രസിഡന്റ് ഉഷ സുരേന്ദ്രനാഥ്, ദിശ ഡയറക്ടര്‍ അഡ്വ എം ബി ദിലീപ് കുമാര്‍,  ജില്ലാ വനിത ശിശു വികസന ഓഫീസര്‍ നിത ദാസ്, വനിതാ സംരക്ഷണ ഓഫീസര്‍ എ നിസ, കമ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു എന്നിവര്‍ പങ്കെടുത്തു.

പ്രവാസി ഭദ്രത വായ്പാ പദ്ധതി

കുടുംബശ്രീ നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത വായ്പാ പദ്ധതിക്ക് തൊഴില്‍ നഷ്ടപ്പെട്ടുവന്ന പ്രവാസികള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറുമാസമെങ്കിലും അയല്‍ക്കൂട്ട അംഗത്വം നേടിയ കുടുംബശ്രീ അംഗമോ കുടുംബാംഗമോ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സംഘടന അംഗത്തിനോ അപേക്ഷിക്കാം.  കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും പ്രവാസജീവിതം നയിച്ച വ്യക്തി ആയിരിക്കണം. വായ്പ പരിധി  രണ്ടു ലക്ഷം രൂപ.  പലിശ നാലു ശതമാനം. തിരിച്ചടവ് രണ്ടുവര്‍ഷം.  വെബ്‌സൈറ്റ് : www.kudumbashree.org,  www.norkaroots.org , ഫോണ്‍ :  0468 2221807, 6235000825.


വോക്ക് ഇന്‍ ഇന്റര്‍വ്യൂ

കോന്നി മെഡിക്കല്‍ കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നു. ജെപിഎച്ച്എന്‍ യോഗ്യത, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് , മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മാര്‍ച്ച് ആറിന് രാവിലെ 10.30ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന്  ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823, 2344803.


കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച് ഒന്നിന്

കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച് ഒന്നിന് രാവിലെ 11ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

റാന്നി താലൂക്ക് ആശുപത്രിയിലെ ഡി-അഡിക്ഷന്‍ സെന്ററിലേക്ക് താല്‍കാലികമായി മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 11ന് രാവിലെ 10.30ന് റാന്നി താലൂക്ക് ആശുപത്രിയില്‍ നടക്കും. എംബിബിഎസ് / റ്റിസിഎംസി രജിസ്‌ട്രേഷന്‍ (സൈക്യാട്രി പി.ജി അഭികാമ്യം) യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18നും 45നും മധ്യേ. ഒഴിവ് -ഒന്ന്.  ബയോഡേറ്റയോടൊപ്പം തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. ഫോണ്‍ : 9188522990.


വനിതാ കമ്മിഷന്‍ അദാലത്ത്: 15 പരാതികള്‍ക്ക് പരിഹാരം

തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. ആകെ ലഭിച്ചത് 66 എണ്ണം. അഞ്ചെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും മൂന്ന് എണ്ണം ജാഗ്രതാസമിതി റിപ്പോര്‍ട്ടിനുമായി നല്‍കി. ജില്ലാ നിയമ സഹായ വേദിയിലേക്ക് രണ്ട് പരാതി കൈമാറി. പുതിയതായി ഒരു പരാതി ലഭിച്ചു. 41 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. അഡ്വ. സീമ, അഡ്വ. സബീന, ഡാലിയ റോബിന്‍, വീണ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


error: Content is protected !!