Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (10/04/2025)

മസ്റ്ററിങ് പൂര്‍ത്തിയാക്കണം: എല്‍.പി.ജി ഓപ്പണ്‍ ഫോറം യോഗം നടത്തി

ജില്ലാതല എല്‍.പി.ജി ഓപ്പണ്‍ ഫോറം യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ അധ്യക്ഷനായി. മസ്റ്ററിങിനായി അവശേഷിക്കുന്ന ഉപഭോക്താക്കള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ഓയില്‍ കമ്പനി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് എല്‍.പി.ജി ലഭ്യതയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനായി 8137067808 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടന പ്രതിനിധികള്‍, എല്‍.പി.ജി ഡീലര്‍മാര്‍, പ്രൈവറ്റ് ബോട്ട്ലിങ് പ്ലാന്റ് ഉടമകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

യൂത്ത് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം

കേരള സംസ്ഥാന യൂത്ത് പുരുഷ/ വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ് ഏപ്രില്‍ 12, 13 തീയതികളില്‍ തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂളില്‍ നടക്കും. കേരള സംസ്ഥാന സപോര്‍ട്സ്‌കൗണ്‍സില്‍ നിര്‍ദേശിച്ച ടെക്നിക്കല്‍ കമ്മിറ്റിയാണ് സംഘാടകര്‍. ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ 2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഏപ്രില്‍ 12ന് രാവിലെ ഏഴ് മുതല്‍ എട്ട് വരെയാണ് രജിസ്ട്രേഷന്‍ സമയം. ഫോണ്‍: 0491-2505100

 

വിഷു ഈസ്റ്റര്‍ സഹകരണ വിപണി ഉദ്ഘാടനം ഇന്ന്

സഹകരണ വകുപ്പിന്റെ സഹായത്തോടെ കണ്‍സ്യൂമര്‍ഫെഡ് വിഷു-ഈസ്റ്റര്‍ വിപണിയുടെ ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 11) വൈകീട്ട് നാലിന് കെ.ഡി. പ്രസേനന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 12 മുതല്‍ 21 വരെ വിപണി ആരംഭിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് പൊതു മാര്‍ക്കറ്റില്‍ എത്തിക്കും. നിത്യോപയോഗ സാധനങ്ങള്‍ 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവോടെ വില്‍പ്പന നടത്തും.

കണ്‍സ്യൂമര്‍ഫെഡ് ഇത്തവണ വിഷു – ഈസ്റ്റര്‍ ജില്ലാ വിപണി കുഴല്‍മന്ദം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും, 156 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലുമായി 170 വിഷു ഈസ്റ്റര്‍ സഹകരണ വിപണികളാണ് നടത്തുന്നത്.

പരിപാടിയില്‍ കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിനാരായണ്‍ അധ്യക്ഷയാവും. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ എ. അബൂബക്കര്‍ ആദ്യവില്‍പ്പന നടത്തും. കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ എ. കൃഷ്ണന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ എ.ജാഫര്‍, കുഴല്‍മന്ദം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. തങ്കപ്പന്‍, കണ്‍സ്യൂമര്‍ ഫെഡ് ഗോഡൗണ്‍ മാനേജര്‍ ജി. കണ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

 

ജീവിത നൈപുണ്യ വികസന പരിശീലന പരിപാടി ഇന്ന്

പാലക്കാട് മരുതറോഡ് ഗവണ്‍മെന്റ് കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴില്‍ ജീവിത നൈപുണ്യ വികസന പരിശീലന പരിപാടി ഇന്ന് (ഏപ്രില്‍ 11). ജി.സി.ഐ ല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് പഠിക്കുന്ന കുട്ടികള്‍ക്കായാണ് പരീശീലന പരിപാടി നടത്തുന്നത്. പരിപാടി പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്യും. ഗവണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് സന്തോഷ് കുമാര്‍ അധ്യക്ഷനാവും. ഗവ. സെക്രട്ടേറിയറ്റ് അണ്ടര്‍ സെക്രട്ടറിയും പാലക്കാട് ജില്ല പഞ്ചായത്ത് ഫിനാന്‍സ് ഓഫീസറുമായ പി. അനില്‍കുമാര്‍ നൈപുണ്യ വികസന പരിശീലന ക്ലാസ് നയിക്കും.

 

ഹ്രസ്വകാല കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

പാലക്കാട് അയിലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ ഹ്രസ്വകാല കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്പോക്കണ്‍ ഇംഗ്ലീഷ്, അഡ്വാന്‍സ്ഡ് എ ഐ ടൂള്‍സ്, ഫിനാന്‍ഷ്യല്‍ ലിറ്ററസി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ് എന്നിവയാണ് കോഴ്സുകള്‍. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കും പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും 15 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8547005029, 9746094881

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 21 ന്

അട്ടപ്പാടി ഐ.ടി.ഡി.പിയുടെ കീഴില്‍ ആനക്കട്ടി വട്ട്‌ലക്കി കോര്‍പ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്കുള്ള പരിശീലന അധ്യാപകരുടെ ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടക്കും. കണക്ക്, ഇക്കണോമിക്സ്, ഹിസ്റ്ററി വിഷയങ്ങളില്‍ എം എസ് ഇ/ ബി എഡ്, സെറ്റ്/ എം എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.ബി എഡ്, സെറ്റ്/ എം എഡ് എന്നീ യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ ബിരുദാന്തര ബിരുദം ഉള്ളവരേയും പരിഗണിക്കും. മത്സര പരീക്ഷ പരിശീലന കേന്ദ്രത്തില്‍ പഠിപ്പിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന. ഏപ്രില്‍ 21 ന് രാവിലെ 10 മുതല്‍ 12 മണി വരെ ആനക്കട്ടി വട്ട്‌ലക്കി കോര്‍പ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയില്‍ ഇന്റര്‍വ്യു നടക്കുമെന്ന് ഐ.ടി.ഡി.പി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 8281230461.

 

പി.എസ്.സി സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദം ചന്തപ്പുര ഇ.പി ടവര്‍ കെട്ടിടത്തിലെ ഗവണ്‍മെന്റ് പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പി.എസ്.സി സൗജന്യ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ഏപ്രില്‍ 23ന് അഞ്ച് മണിക്ക് മുന്‍പ് കുഴല്‍മന്ദം ഗവ.എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും നല്‍കണം. പ്ലസ്ടു പാസായ പട്ടികജാതി,പട്ടികവര്‍ഗ, ഒ.ബി.സി (ഒരുലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനം) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാമെന്ന് ഗവ. പ്രീ. എക്സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922-273777

 

പാലിയേറ്റീവ് നഴ്സ് താത്കാലിക ഒഴിവ്

പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ പാലിയേറ്റീവ് നഴ്സ്(ഹോമിയോ) താത്കാലിക ഒഴിവ്. പ്ലസ്ടു/തത്തുല്യം, കൗണ്‍സില്‍ രജിസ്ട്രേഷനോടുകൂടിയുള്ള ജി.എന്‍.എം, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സര്‍ട്ടിഫിക്കറ്റുള്ള 18 നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ ഏപ്രില്‍ 23ന് മുമ്പായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 0491 2505204

 

വിഷു വിപണിയുമായി പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത്

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വിഷു വിപണി ആരംഭിച്ചു. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജയശ്രീ വിപണി ഉദ്ഘാടനം ചെയ്തു. പൂക്കോട്ടുകാവ് സെന്‍ട്രല്‍ ജംങ്ഷനില്‍ ഏപ്രില്‍ 13 വരെയാണ് വിഷു വിപണി. പച്ചക്കറികളും വിവിധ കുടുംബശ്രീ ഉല്‍പ്പന്നങ്ങളും വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. കുടുംബശ്രീക്ക് 10 ശതമാനം ലാഭം ലഭിക്കുന്ന വിധത്തിലാണ് വില്‍പന. വിറ്റുവരവായി ലഭിക്കുന്ന തുക കുടുംബശ്രീ ജില്ലാ മിഷനിലേക്ക് അടക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പ്രാദേശിക കര്‍ഷകര്‍ക്കും വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപണി ഒരുക്കിയിരിക്കുന്നത്. പരിപാടിയില്‍ വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

 

രേഖകള്‍ നല്‍കണം

സൈനികക്ഷേമ വകുപ്പില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം ലഭിച്ചിരുന്ന രണ്ടാം ലോക മഹായുദ്ധ സേനാനികളുടെ അവിവാഹിതരും ആശ്രിതരുമായ പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിനായി വിമുക്തഭടന്റെ അവിവാഹിതയായ മകളാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും, മറ്റു മിലിട്ടറി രേഖകളുമായി ഓഫീസില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

 

തൃത്താല മണ്ഡലത്തില്‍ കാര്‍ഷിക കാര്‍ണിവല്‍ ഇന്ന് മുതല്‍ (ഏപ്രില്‍ 11)

സുസ്ഥിര തൃത്താലയുടെ ഭാഗമായി വിഷു-റംസാന്‍ കാര്‍ഷിക കാര്‍ണിവല്‍ ഇന്ന് (ഏപ്രില്‍ 11) മുതല്‍ 13 വരെ നടക്കും. നാഗലശ്ശേരി വാഴക്കാട് പാടശേഖരത്തിലാണ് കാര്‍ണിവല്‍ നടത്തുന്നത്. കാര്‍ഷികോത്സവത്തിന്റെ ഭാഗമായി വിളവെടുപ്പ് മഹോത്സവം, ഉല്‍പ്പന്നങ്ങളുടെ വിപണനമേള, നാടന്‍ കലാരൂപങ്ങളുടെ അവതരണം, നാടന്‍ ഭക്ഷ്യവിഭവമേള, മത്സ്യവിപണന മേള, സാംസ്‌കാരിക ഘോഷയാത്ര തുടങ്ങി പരിപാടികള്‍ നടക്കും. കൃഷിവകുപ്പ്, ആത്മ, മത്സ്യബന്ധന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, കുടുംബശ്രീ, മണ്ണ് പര്യവേഷണ വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളും ഏജന്‍സികളും കാര്‍ഷിക മേളയില്‍ പങ്കാളികളാകും. മേളയുടെ ഭാഗമായി നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ ഭക്ഷ്യമേള, ലൈവ് ഫിഷ് വിപണനമേള എന്നിവയും ഒരുക്കും.

ഏപ്രില്‍ 11 ന് വൈകുന്നേരം നാല് മണിക്ക് പഞ്ചവാദ്യം, 4.30 ന് വിളവെടുപ്പ് ഉത്സവവും വിപണന ആരംഭവും, അഞ്ച് മണിക്ക് വടക്കേക്കര സംഘം അവതരിപ്പിക്കുന്ന വീരനാട്യം, 5.30 ന് ഫ്യൂഷന്‍ തിരുവാതിരക്കളി, ആറ് മണിക്ക് ചവിട്ടുകളി, 6.30 ന് സംഘനൃത്തം, ഏഴ് മണിക്ക് ചവിട്ടുകളി, 7.30 ന് വട്ടേനാട് ഗവ.വി എച്ച് എസ് എസ് തിത്തേരി പാട്ടുസംഘത്തിന്റെ നാടന്‍പാട്ട് എന്നീ പരിപാടികള്‍ നടക്കും.

ഏപ്രില്‍ 12ന് വൈകീട്ട് മൂന്ന് ന് കാര്‍ഷിക സെമിനാറും നാലിന്് ഭരതനാട്യം, 4.30 ന് വീരനാട്യം, അഞ്ച് മണിക്ക് സംഘഗാനം, 5.30 വട്ടക്കളി, ആറ് മണിക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പരുതൂര്‍ എച്ച്.എസിലെ വിദ്യാര്‍ഥികളുടെ തിരുവാതിരക്കളി, 6.30 ന് വട്ടക്കളി, ഏഴ് മണിക്ക് സംഘഗാനം, 7.30 ന് സിനിമാറ്റിക് ഡാന്‍സ്, എട്ട് മണിക്ക് വട്ടേനാട് കളിക്കൂട്ടം തിയ്യറ്റര്‍ ഗ്രൂപ്പിന്റെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അരങ്ങേറിയ ‘നൂല്’ എന്ന നാടകവും ഉണ്ടാകും.

ഏപ്രില്‍ 13 ന് കാര്‍ഷിക മേളയുടെ സമാപനത്തോടനുബന്ധിച്ച് വൈകീട്ട് നാലിന് കൂറ്റനാട് സെന്റര്‍ മുതല്‍ വാഴക്കാട് പാടശേഖരം വരെ ഘോഷയാത്രയും ശ്രീലയം മുതുതല വനിതാ സംഘത്തിന്റെ പഞ്ചാരിമേളം, തിറ എന്നിവയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പെരിങ്ങോട് എച്ച് എസ് എസിലെ വിദ്യാര്‍ഥികളുടെ മദ്ദളകേളിയും ഉണ്ടാകും.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ-എക്സൈസ്-പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന അധ്യക്ഷയാകും. മണ്ഡലത്തിലെ മികച്ച കര്‍ഷകരെയും സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര-കലാ-കായിക മേളകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിക്കും. 7.30 ന് പുനര്‍ജ്ജനി ഫോക്ക് ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍പാട്ടും ഉണ്ടായിരിക്കും.

 

എന്റെ കേരളം: സിംഗിങ് പേയിന്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ സമീപത്തുള്ള മൈതാനത്ത് മെയ് നാല് മുതല്‍ പത്ത് വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് സിംഗിംങ് പോയിന്റ് സ്ഥാപിക്കുന്നതിനായി സൗണ്ട് ബോക്സ്, സ്റ്റേജ് മോണിറ്റര്‍, മൈക്ക്,മിക്സ്ചര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരില്‍ നിന്ന് മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ 16 രണ്ടു മണി വരെ ക്വട്ടേഷന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗ്രൗണ്ട് ഫ്‌ളോര്‍, സിവില്‍ സ്‌റ്റേഷന്‍, പാലക്കാട് – 678001 എന്ന വിലാസത്തില്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട മൂന്നു മണിക്ക് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കുന്നതാണ്. ഫോണ്‍: 0491 2505329

 

ഭാഗിക ഗതാഗത നിയന്ത്രണം

പാലക്കാട് – പൊന്നാനി റോഡില്‍ (കൂറ്റനാട് -നീലിയാട് റോഡ്) ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 11) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഭാഗികമായി ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

സൈറൺ മുഴങ്ങിയേക്കാം, പരിഭ്രാന്തി വേണ്ട, മോക്ക് എക്സർസൈസ് ഇന്ന്

ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മോക്ക് എക്സർസൈസ് ഇന്ന് (ഏപ്രിൽ 11) നടക്കും.

കഞ്ചിക്കോട് എച്ച് പി സി എല്‍ എല്‍പിജി, ചിറ്റൂര്‍ വണ്ണാമട എം കെ ഗ്യാസ് ടെക് എന്നിവിടങ്ങളിലായി രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ജില്ലയിൽ മോക് എക്‌സര്‍സൈസ് നടക്കുക.

ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവര്‍ത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയവ മോക് എക്‌സര്‍സൈസില്‍ വിലയിരുത്തും.

നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എന്തെന്നും വിലയിരുത്താനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മോക്ക് എക്സർസൈസ് നടക്കുന്ന സമയത്ത് സൈറണുകൾ മുഴങ്ങാനും വിവിധ സേനകൾ ഓടിയെത്താനും സാധ്യതയുണ്ടെന്നും പൊതുജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

 

11.800 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് താണാവിൽ വെച്ച് 11.800 കിലോഗ്രാം കഞ്ചാവ് പ്ലാസ്റ്റിക് ചാക്കിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ഓപ്പറേഷൻ “ഡി ഹണ്ടിന്റെ” ഭാഗമായി മയക്കു മരുന്നിനെതിരെ പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത്കുമാർ ൻ്റെ നിർദ്ദേശ പ്രകാരം ഹേമാംബിക പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

പോലീസ് പരിശോധന നടക്കുന്നതറിഞ്ഞ് ഉപേക്ഷിച്ചതാകാനാണ് സാധ്യത. കഞ്ചാവ് എത്തിച്ചവരെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി. രാജേഷ് കുമാർ, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ സുദർശനയുടെ നേതൃത്വത്തിൽ ഹേമാംബിക നഗർ പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്.

 

മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി മംഗലം ഡാം സ്വദേശികൾ പിടിയിൽ

മംഗലംഡാം ഒട്ടുകൂരിൽ വെച്ച് 3 മംഗലംഡാം സ്വദേശികൾ മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി പിടിയിലായി. മയക്കുമരുന്നിനെതിരെ ഓപ്പറേഷൻ ‘ഡി ഹണ്ട്’-ൻ്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ ൻ്റെ നിർദ്ദേശ പ്രകാരം മംഗലംഡാം പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത് കരിങ്കയം ഉപ്പു മണ്ണ അങ്ങോട് വീട്ടിൽ വിഷ്ണു (20), കിഴക്കഞ്ചേരി കണിയമംഗലം അഭിഷേക് (19), പറശ്ശേരി, ഉപ്പുമണ്ണ ഇസ്മയിൽ (19), എന്നിവരാണ് മാരക മയക്കുമരുന്നിനത്തിൽപ്പെട്ട ഒരു ഗ്രാമോളം മൊത്താഫെറ്റമിനുമായി പിടിയിലായത്.

പ്രതികൾ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ പോലീസ് പിടിച്ചെടുത്തു. പ്രതികൾ ഉപയോഗത്തിനായി എത്തിച്ചതാണ് മയക്കുമരുന്ന്. വടക്കഞ്ചേരി, മംഗലംഡാം, മുപ്പല്ലൂർ പ്രദേശത്തെ ലഹരി വില്പനക്കാരുമായി ബന്ധം പുലർത്തുന്നവരാണ് പ്രതികൾ. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ആലത്തൂർ ഡി.വൈ.എസ്.പി മുരളീധരൻ, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ, ഇൻസ്പെക്ടർ അനീഷ്.എസ്ൻ്റെ നേതൃത്വത്തിലുള്ള മംഗലംഡാം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.

error: Content is protected !!