കോഴിക്കോട്: പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണന്‍ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയില്‍ വിശ്രമജീവിതം വരവേ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
എംജിഎസ് ചരിത്ര രംഗത്തും കേരളത്തിന്റെ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ചു.
ചേരരാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് പെരുമാൾ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്. ചരിത്ര രംഗത്തും കേരളത്തിന്റെ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്. ശില താമ്ര ലിഖിതങ്ങൾ കണ്ടെത്തിയായിരുന്നു എംജിഎസിന്‍റെ ഗവേഷണം.കേരള ചരിത്ര ഗവേഷണത്തിൽ മികവ് തെളിയിച്ചു. അന്തർദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ട്.
1932 ഓഗസ്റ്റ് 20ന് പൊന്നാനിയിലായിരുന്നു മുറ്റയില്‍ ഗോവിന്ദ മേനോന്‍ ശങ്കര നാരായണന്‍ എന്ന എംജിഎസിന്‍റെ ജനനം. ധനശാസ്ത്രത്തില്‍ ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. 1954-ല്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ചരിത്രാധ്യാപകനായി. 1964 മുതല്‍ കേരള സര്‍വകലാശാലയുടെ കോഴിക്കോട് കേന്ദ്രത്തിലും 1968 മുതല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ചരിത്ര വിഭാഗം അധ്യാപകനായി. 1973-ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. നേടി. 1974 മുതല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് കമ്മിറ്റി അംഗമായി.
ചരിത്ര വിഭാഗം തലവനായി 1992-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു വിരമിച്ചു. നിരവധി സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മെമ്പർ സെക്രട്ടറിയായിരുന്നു. 2004-05 കാലഘട്ടത്തില്‍ കേരള സ്റ്റേറ്റ് ആര്‍ക്കൈവ്സ് സാങ്കേതിക ഉപദേശക സമിതി ചെയര്‍മാനായി. നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ എഡിറ്ററായിരുന്നു. ജാലകങ്ങള്‍ എന്ന പേരില്‍ എം.ജി.എസിന്‍റെ ആത്മകഥ 2018-ല്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചു. കോഴിക്കോടിന്‍റെ കഥ, കളരിപ്പയറ്റ് നിഘണ്ടു, കവിത കമ്മ്യൂണിസം വര്‍ഗീയത – എംജിഎസിന്‍റെ ചിന്തകള്‍, കേരളചരിത്രത്തിലെ 10 കള്ളക്കഥകള്‍, ചരിത്രം വ്യവഹാരം-കേരളവും ഭാരതവും എന്നിവയാണ് പ്രധാന കൃതികള്‍. ഭാര്യ: പ്രേമലത. മക്കൾ : എൻ.വിജയകുമാർ (സ്ക്വാഡ്രൻ ലീഡർ, ഇന്ത്യൻ എയർ ഫോഴ്സ്), എൻ. വിനയ (ഡാൻസർ, ബെംഗളുരു). മരുമക്കൾ: ദുർഗ വിജയകുമാർ (യു.എസ്.എ), മനോജ് (സോഫ്റ്റ്വെയർ എൻജിനീയർ ബെംഗളുരു), സഹോദരങ്ങൾ: പരേതരായ ദേവയാനി ഗോപിനാഥ്, ജയമണി പണിക്കർ.