അതിർത്തിയിലെ പാകിസ്ഥാൻ്റെ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയെയും സൈനിക മേധാവികളെയും വിളിച്ച് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി എസ് ജയശങ്കർ ചർച്ച നടത്തി. സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ജമ്മു വിമാനത്താവളത്തിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നു. ഹരിയാന, ബീഹാർ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. രജൗരിയിൽ ചാവേർ ആക്രമണമുണ്ടായി. കൊച്ചി ദക്ഷിണ നാവിക സേനാ കമാൻഡിലും സുരക്ഷ വർധിപ്പിച്ചു.
ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും പാകിസ്ഥാൻ്റെ ഡ്രോൺ ആക്രമണം ശക്തമായെങ്കിലും ആളപായമില്ലെന്ന് സർക്കാർ അറിയിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ജമ്മു ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ജനങ്ങൾക്ക് സുരക്ഷാ നിർദേശങ്ങൾ നൽകി. പാകിസ്ഥാൻ പ്രധാനമായും മൂന്ന് സംസ്ഥാനങ്ങളിൽ ആക്രമണം നടത്തി. നിയന്ത്രണരേഖയിൽ പാകിസ്ഥാൻ വെടിവയ്പ്പ് തുടരുകയാണ്. ഹമാസ് മാതൃകയിലുള്ള ആക്രമണമാണ് പാകിസ്ഥാൻ നടത്തുന്നതെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. വ്യോമസേന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയത്. പഞ്ചാബിലെ അമൃത്സറിലും ഹോഷിയാർപൂരിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. രാജസ്ഥാനിലും ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
രാജസ്ഥാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി ഇന്റലിജൻസ് ഡിജി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജയ്സാൽമീർ, ബാർമർ, ഗംഗാനഗർ, ബിക്കാനീർ ജില്ലകളിലെ കളക്ടർമാരും എസ്പിമാരും പങ്കെടുത്തു. ഡൽഹിയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എല്ലാ ഉദ്യോഗസ്ഥരോടും നിർബന്ധമായും ജോലിക്കെത്താൻ നിർദേശം നൽകി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാകാൻ മുന്നറിയിപ്പ് നൽകി.