Input your search keywords and press Enter.

പാകിസ്ഥാനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിലേക്ക് തള്ളണമെന്ന് ഒവൈസി; സർക്കാർ നടപടികൾക്ക് പിന്തുണ

ന്യൂ ഡൽഹി: ലഷ്‌കറെ തൊയ്ബയുടെ ഉപവിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെതിരെ (ടിആർഎഫ്) ആഗോള പ്രചാരണം നടത്തണമെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥയെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിലേക്ക് തള്ളി നടപടിയെടുക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

2022-ൽ നാല് വർഷത്തിന് ശേഷമാണ് പാകിസ്ഥാനെ എഫ്എടിഎഫിന്റെ രേഖയിൽ നിന്ന് ഒഴിവാക്കിയത്. തീവ്രവാദ ധനസഹായം നിരീക്ഷിക്കുന്ന ആഗോള നിരീക്ഷണ ഏജൻസിയാണ് എഫ്എടിഎഫ്. ടിആർഎഫിനെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ യുഎസിനെ പ്രേരിപ്പിക്കണമെന്ന് ഒവൈസി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. “ഓപ്പറേഷൻ സിന്ദൂറിന് നമ്മുടെ സായുധ സേനയെയും സർക്കാരിനെയും അഭിനന്ദിച്ചു. ദി റെസിസ്റ്റൻസ് ഫ്രണ്ടിനെതിരെ (ടിആർഎഫ്) നമ്മൾ ഒരു ആഗോള പ്രചാരണം നടത്തണമെന്നും നിർദ്ദേശിച്ചു. അതിനെ (ടിആർഎഫ്) ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ യുഎസിനോട് അഭ്യർത്ഥിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. എഫ്എടിഎഫിൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റ് ചെയ്യാൻ ശ്രമിക്കണം” – യോഗത്തിന് ശേഷം ഒവൈസി മാധ്യമങ്ങളോട് പറഞ്ഞു.

പാക് പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് സർക്കാർ നയമെന്നും സൈനിക നടപടിയിൽ പൂർണ പിന്തുണ അറിയിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന്റെ ഒരു നടപടിയെയും വിമർശിക്കാനില്ല. സർക്കാർ പറഞ്ഞതെല്ലാം കേട്ടു. എല്ലാവരും ഒന്നിച്ച് നിൽക്കും. ഈ ദുർഘട നിമിഷത്തിൽ എല്ലാ പിന്തുണയും നൽകും. ഇത്തരമൊരു സന്ദർഭത്തിൽ സർവകക്ഷി യോഗത്തിൽ പങ്കെടുക്കണോയെന്ന ഔചിത്യബോധം പ്രധാനമന്ത്രിക്കാണ് ഉണ്ടാകേണ്ടത്. അതിനെ വിമർശിക്കുന്നില്ലെന്നും രാജ്യത്തെ സാഹചര്യം മറ്റൊന്നാണെന്നും ഖർഗെ പറഞ്ഞു.

സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് യോഗത്തിൽ കേന്ദ്ര സർക്കാരിന്റെ നടപടികൾ വിശദീകരിച്ചത്. മൂന്ന് മണിക്കൂർ നീണ്ട സർവകക്ഷിയോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കാര്യങ്ങൾ വിശദീകരിച്ചുവെന്നും നേതാക്കൾ പക്വതയോടെ പെരുമാറിയെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞു.

error: Content is protected !!