ന്യൂ ഡൽഹി: മെയ് എട്ടിന് രാത്രിയിൽ ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ നടത്തിയ തന്ത്രപരമായ നീക്കം ഇന്ത്യ വിഫലമാക്കി. സിവിലിയൻ വിമാനങ്ങളെ മറയാക്കി ഇന്ത്യയെ കുടുക്കാനുള്ള പാകിസ്ഥാൻ്റെ ഗൂഢാലോചന സൈന്യം തിരിച്ചറിഞ്ഞു. തിരിച്ചടിയിൽ സിവിലിയൻ വിമാനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത പാകിസ്ഥാൻ ആസൂത്രണം ചെയ്തിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ആക്രമണം നടക്കുന്ന സമയത്ത് ദമ്മാമിൽ നിന്ന് ലാഹോറിലേക്ക് ഒരു സിവിലിയൻ വിമാനം എത്തിയതും, ഇത് മറയാക്കി ആക്രമണം നടത്താനുള്ള പാക് തന്ത്രം ഇന്ത്യ മുൻകൂട്ടി കണ്ടറിഞ്ഞെന്നും സൈനിക വക്താക്കൾ അറിയിച്ചു.
നാല് വ്യോമ താവളങ്ങൾ ഉൾപ്പെടെ രാജ്യത്തിൻ്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ സേന നടത്തിയ ആക്രമണം ഇന്ത്യ ഫലപ്രദമായി തടഞ്ഞു. ഈ ആക്രമണത്തിൽ പാകിസ്ഥാൻ്റെ ഏരിയൽ റഡാർ തകർത്തുവെന്നും പാക് സൈന്യത്തിന് വലിയ നാശനഷ്ടം സംഭവിച്ചുവെന്നും സൈനിക വക്താക്കൾ വിശദീകരിച്ചു. ഏകദേശം നാനൂറോളം ഡ്രോണുകളാണ് പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ഉപയോഗിക്കാൻ ശ്രമിച്ചത്. ഇതിൽ തുർക്കി നിർമ്മിത കനത്ത പ്രഹരശേഷിയുള്ള ഡ്രോണുകളും ഉൾപ്പെടുന്നു. എന്നാൽ പാകിസ്ഥാൻ്റെ ഒരു ഡ്രോണോ മിസൈലോ പോലും ലക്ഷ്യസ്ഥാനത്ത് എത്താൻ ഇന്ത്യ അനുവദിച്ചില്ലെന്നും സൈന്യം വാർത്താ സമ്മേളനത്തിൽ ഉറപ്പിച്ചു പറഞ്ഞു.