കേരള വനം വന്യ ജീവി വകുപ്പ് നേതൃത്വത്തില്‍ മഴക്കാല ഫോട്ടോഗ്രഫി ക്യാമ്പിന് തുടക്കം. കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിലാണ് മഴക്കാല ഫോട്ടോഗ്രഫി ക്യാമ്പ് നടക്കുന്നത്. തിരഞ്ഞെടുത്ത വന്യ ജീവി ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുക്കുന്നു. ശെന്തുരുണി വന്യജീവി സങ്കേതത്തിലെ മഴക്കാലവുമായി ബന്ധപ്പെട്ടു ആണ് ക്യാമ്പ്.
ശെന്തുരുണി വന്യജീവി സങ്കേതം
കൊല്ലം ജില്ലയിലെ ഏക വന്യജീവി സംരക്ഷിത മേഖലയാണ് ശെന്തുരുണി വന്യജീവി സങ്കേതം. 1984-ല്‍ സ്ഥാപിതമായ ഇത് 171 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുന്നു. തെക്കന്‍ കേരളത്തിലെ പ്രകൃതി മനോഹരമായ വനമേഖലയാണ് ഇത്. കേരളത്തിൽ ഒരു വൃക്ഷത്തിന്‍റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സംരക്ഷണ കേന്ദ്രമാണ് ശെന്തുരുണി വന്യജീവി സങ്കേതം.തെന്മലയാണ് വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം.
പുനലൂരിൽനിന്ന് അരമണിക്കൂർ സഞ്ചരിച്ചാൽ തെന്മലയിലെത്താം. കല്ലട-പരപ്പാർ അണക്കെട്ട്, തൂക്കുപാലം, ബോട്ടിങ്, ശില്പോദ്യാനം, മരപ്പാലത്തിലൂടെയുള്ള നടത്തം, റിവർ ക്രോസിങ്, സൈക്ലിങ്, ബട്ടർഫ്ലൈ പാർക്ക്, മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ, ഏറുമാടം, ട്രെക്കിങ് എന്നിവയാണ് തെന്മലയിലെ പ്രധാന ആകർഷണങ്ങൾ. കുളത്തൂപ്പുഴ റിസർവ് വനത്തിന്റെ ഭാഗമാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം.
ദീര്‍ഘദൂര നടത്തത്തിന് യോജിച്ച ഈ വനമേഖല ഒട്ടേറെ ദൃശ്യമനോഹരമായ ഇടങ്ങളാല്‍ സമ്പന്നമാണ്. നിത്യഹരിത വനങ്ങളിലൂടെ ഒരു യാത്ര കൂടിയാണിത്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ജലസേചനത്തിന് ഉപകരിക്കുന്ന പരപ്പാര്‍ അണക്കെട്ട് ഈ വനമേഖലയിലാണ്. ഗ്ലൂട്ടാ ട്രാവന്‍കോറിക എന്ന ശാസ്ത്രനാമമുള്ള ചെങ്കുറിഞ്ഞി ഈ സംരക്ഷിത വനമേഖലയില്‍ കാണപ്പെടുന്ന അപൂര്‍വ്വ സസ്യ ഇനമാണ്. മാന്‍, കാട്ടുപോത്ത്, കരിങ്കുരങ്ങ്, ഹനുമാന്‍ കുരങ്ങ് ഒട്ടേറെ വന്യജീവികളേയും കാണാം.
പരപ്പാര്‍ അണക്കെട്ടും പരിസര പ്രദേശങ്ങളും ചെറിയൊരു ഉല്ലാസയാത്രയ്ക്ക് യോജിച്ച സ്ഥലമാണ്. തിരുവനന്തപുരത്ത് നിന്നും 75 കിലോമീറ്ററും കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 65 കിലോമീറ്ററോളവും ദൂരത്തിലാണ് പ്രകൃതി രമണീയമായ തെന്മല വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. തെന്മലയെന്നാല്‍ തേന്‍ നിറഞ്ഞ മലയെന്നാണ് പറയപ്പെടുന്നത്. ഇവിടെയാണ് ശെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 1996-ല്‍ ഇത് സ്വതന്ത്ര വനം ഡിവിഷനായി മാറി. ശെന്തുരുണിയിലെ കാടുകള്‍ക്കുള്ളില്‍ 3500-നും 4000-നും ഇടയ്ക്ക് ചെങ്കുറിഞ്ഞി വൃക്ഷങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.