ഉത്തരകാശി: ഉത്തരാഖണ്ഡിലെ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ഡെറാഡൂണിലേക്ക് മാറ്റുകയും കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തു. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച നായകളെയും സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
ഗംഗോത്രിയിലെ ഒരു ക്യാമ്പിൽ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഉത്തരകാശിയിലെ 12 ഗ്രാമങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. കാലാവസ്ഥ മോശമായതും ദുരന്തബാധിത പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസ്സമായി നിൽക്കുന്നുണ്ട്.
ഉത്തരകാശിയിൽ നിന്നും ഗംഗോത്രിയിലേക്കുള്ള ദേശീയപാതയുടെ പല ഭാഗങ്ങളും തകർന്നുപോയി. ഇത് ദുരന്തസ്ഥലത്തേക്കുള്ള പ്രവേശനം കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ട്. നിലവിൽ എൻഡിആർഎഫിന്റെ മൂന്ന് പുതിയ സംഘങ്ങളെ കൂടി സ്ഥലത്തെത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സഹായം നൽകാൻ കേരള സർക്കാരും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച ധരാലി ഗ്രാമത്തിൽ കെട്ടിടങ്ങളടക്കം മണ്ണിനടിയിലായി. ഗ്രാമത്തിൻ്റെ ഒരു ഭാഗം പൂർണ്ണമായി ഒലിച്ചുപോയെന്ന് റിപ്പോർട്ടുകൾ പറയുന്നു. തകർന്ന റോഡുകളും പാലങ്ങളും കാരണം വലിയ ഉപകരണങ്ങൾ എത്തിക്കാൻ സാധിക്കുന്നില്ല. ഇത് രക്ഷാപ്രവർത്തനങ്ങളുടെ വേഗത കുറയ്ക്കുന്നു.
ദുരന്തസ്ഥലത്തെ ആശയവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും തകരാറിലായി. അതിനാൽ രക്ഷാപ്രവർത്തനത്തിന് സാറ്റലൈറ്റ് ഫോണുകളാണ് ഉപയോഗിക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ധരാലി ഗ്രാമം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. എത്രയും വേഗം സ്ഥിതി സാധാരണ നിലയിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.