Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (26/11/2025)

വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനു സമീപം സ്ഥാനാര്‍ത്ഥികളുടെ ബൂത്തുകള്‍ സ്ഥാപിക്കേണ്ടത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച്

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനു സമീപം സ്ഥാനാര്‍ത്ഥികളുടെ ബൂത്തുകള്‍ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ പാലിക്കണം. ഗ്രാമപഞ്ചായത്തില്‍ ബൂത്തുകള്‍ സ്ഥാപിക്കുമ്പോള്‍ പോളിങ് സ്റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അകലവും, നഗരസഭയില്‍ 100 മീറ്റര്‍ അകലവും പാലിക്കണം. സ്ഥാനാര്‍ത്ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ ബൂത്തില്‍ സ്ഥാപിക്കാം. ബൂത്തുകള്‍ നിര്‍മ്മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതാണ്. പോളിങ്ദിനത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയിലും, നഗരസഭയില്‍ 100 മീറ്റര്‍ പരിധിയിലും വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പാടില്ല.

ഒബ്‌സര്‍വര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിങ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കൊഴികെ പോളിങ് സ്റ്റേഷനകത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. പോളിങ് ദിനത്തില്‍ രാഷ്ട്രീയകക്ഷികള്‍ക്കോ സ്ഥാനാര്‍ത്ഥിക്കോ വോട്ടര്‍മാരെ പോളിങ് സ്റ്റേഷനില്‍ എത്തിക്കുന്നതിന് വാഹനമേര്‍പ്പെടുത്താന്‍ പാടില്ല. നേരിട്ടോ അല്ലാതെയോ ഇത്തരം സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.

 

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ട് രേഖപ്പെടുത്തുന്നതെങ്ങനെ?

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ സമ്മതിദായകനും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ തലങ്ങളിലേയ്ക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. നഗരസഭാ തലത്തില്‍ ഒരു വോട്ടാണ് രേഖപ്പെടുത്തേണ്ടത്. വോട്ട് ചെയ്യുന്നതിനായി പോളിങ് ബൂത്തില്‍ സജ്ജീകരിച്ച കംപാര്‍ട്ട്മെന്റിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പ്രിസൈഡിങ്ങ് ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റ് വഴി ബാലറ്റ് യൂണിറ്റ് വോട്ട് ചെയ്യുന്നതിനായി സജ്ജമാക്കും. വോട്ട് രേഖപ്പെടുത്താനായി, ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തുക.
ബട്ടണ്‍ അമര്‍ത്തിയ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥിയുടെ പേരിന് അല്ലെങ്കില്‍ ചിഹ്നത്തിന് നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും. ഉടനെ ബാലറ്റ് യൂണിറ്റിന് സമീപം വെച്ചിരിക്കുന്ന വിവിപാറ്റ് (വി വി പാറ്റ്) മെഷീനിലെ വിന്‍ഡോയിലൂടെ ഒരു സ്ലിപ്പ് പ്രിന്റ് ചെയ്തു വരുന്നത് കാണാം. നിങ്ങള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ ഈ സ്ലിപ്പില്‍ വ്യക്തമായി അച്ചടിച്ചിട്ടുണ്ടാകും. ഏഴ് സെക്കന്റ് നേരം മാത്രമേ ഈ സ്ലിപ്പ് കാണാന്‍ സാധിക്കുകയുള്ളൂ എന്നത് വോട്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം സ്ലിപ്പ് വിവിപാറ്റ് ബോക്‌സിലേക്ക് വീഴുകയും ഒരു ബീപ്പ് ശബ്ദം കേള്‍ക്കുകയും ചെയ്യും. എന്നാല്‍, ബട്ടണ്‍ അമര്‍ത്തിയിട്ടും ബാലറ്റ് അച്ചടിച്ച സ്ലിപ്പ് കാണാതിരിക്കുകയോ, ബീപ്പ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ വോട്ടര്‍മാര്‍ ഉടനെ പ്രിസൈഡിങ് ഓഫീസറെ വിവരം അറിയിക്കണം.

 

ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലേക്ക് വോട്ട് രേഖപ്പെടുത്തുന്ന വിധം

വോട്ടിങ് കംപാര്‍ട്ട്‌മെന്റില്‍ വച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരും അവരുടെ ചിഹ്നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബല്‍ ആയിരിക്കും പതിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്തിയ അതേ രീതിയില്‍ തന്നെ മറ്റ് രണ്ട് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റുകളിലും വോട്ട് രേഖപ്പെടുത്തേണ്ടതാണ്. ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഇളം നീല നിറത്തിലുള്ള ലേബലും ആയിരിക്കും പതിച്ചിരിക്കുന്നത്.

മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകളിലും ക്രമമായി വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോള്‍ ഒരു നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കുന്നതും വോട്ടിംഗ് പൂര്‍ത്തിയാകുന്നതുമാണ്. ഏതെങ്കിലും ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ താത്പര്യമില്ലാതിരുന്നാല്‍ താത്പര്യമുള്ള തലത്തിലെ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിലെ അവസാന ബട്ടണ്‍ (ഇതിനെ END ബട്ടണ്‍ എന്ന് പറയും, ഇത് ചുവപ്പ് വോട്ടിങ് നിറത്തിലുള്ളതാണ്.) അമര്‍ത്തി പൂര്‍ത്തിയാക്കേണ്ടതാണ്. ഈ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വോട്ടിങ് പൂര്‍ത്തിയായി എന്ന് വ്യക്തമാക്കുന്ന നീണ്ട ഒരു ബീപ്പ് ശബ്ദം കേള്‍ക്കാം.

ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. അത് പോലെ ഒന്നില്‍ കൂടുതല്‍ തവണ ഒരേ ബട്ടണില്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. മൂന്ന് തലത്തിലേയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ END ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല. ഇനി ഏതെങ്കിലും ഒരു തലത്തിലേക്ക്(ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്) മാത്രം വോട്ട് ചെയ്ത് END ബട്ടണ്‍ അമര്‍ത്തിയാലും വോട്ടിങ് പൂര്‍ത്തിയാവും. END ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ആ വോട്ടര്‍ക്ക് പിന്നീട് ആര്‍ക്കും വോട്ട് ചെയ്യുവാന്‍ സാധിക്കുന്നതല്ല.

 

ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെയും വോട്ടിങ് യന്ത്രങ്ങളില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സര്‍ക്കാര്‍ പ്രസ്സുകളില്‍ ആരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

ഗ്രാമപഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശനീല നിറത്തിലുമാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.

തിരുവനന്തപുരം മണ്ണന്തല ഗവ. പ്രസ്സ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലാ പഞ്ചായത്തുകള്‍, തിരുവനന്തപുരം ജില്ലയിലെ ഗ്രാമ – ബ്ലോക്ക്പ ഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍), തിരുവനന്തപുരം ഗവ. സെന്‍ട്രല്‍ പ്രസ്സ് (കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലാ പഞ്ചായത്തുകള്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍), തിരുവനന്തപുരം ഗവ. സ്റ്റാമ്പ് മാനുഫാക്ച്ചറി പ്രസ്സ് (ഇടുക്കി ജില്ലാ പഞ്ചായത്ത്), വാഴൂര്‍ ഗവ. പ്രസ്സ് (കോട്ടയം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും), എറണാകുളം ഗവ. പ്രസ്സ് (എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും), ഷൊര്‍ണ്ണൂര്‍ ഗവ. പ്രസ്സ് (പാലക്കാട്, മലപ്പുറം ജില്ലകളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും), കോഴിക്കോട് ഗവ. പ്രസ്സ് (കോഴിക്കോട് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും), വയനാട് ഗവ. പ്രസ്സ് (വയനാട് ജില്ലയിലെ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകള്‍. മുനിസിപ്പാലിറ്റി), കണ്ണൂര്‍ ഗവ. പ്രസ്സ് (കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍) എന്നിവിടങ്ങളിലാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.

 

ഭാഷാ ന്യൂനപക്ഷപ്രദേശം: ബാലറ്റ് പേപ്പറില്‍ തമിഴ്, കന്നട ഭാഷകളിലും പേരുണ്ടാകും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളില്‍ ബാലറ്റ് പേപ്പര്‍, വോട്ടിങ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് തമിഴ്/കന്നട ഭാഷകളില്‍ കൂടി ചേര്‍ക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഭാഷാന്യൂനപക്ഷ വോട്ടര്‍മാരുളള വാര്‍ഡുകളില്‍ മലയാളത്തിന് പുറമേ തമിഴിലും, കാസര്‍ഗോഡ് ജില്ലയിലെ ഭാഷാന്യൂനപക്ഷ വോട്ടര്‍മാരുളള വാര്‍ഡുകളില്‍ കന്നഡ ഭാഷയിലുമാണ് പേരുകള്‍ ഉള്‍പ്പെടുത്തുക.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയശാല, കരമന വാര്‍ഡുകളില്‍ തമിഴിലും കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെ 18 വാര്‍ഡുകളില്‍ കന്നഡയിലുമാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യന്‍കാവ് ഗ്രാമപഞ്ചായത്തുകളിലായി അഞ്ച് വീതം വാര്‍ഡുകളിലും, പത്തനംതിട്ട സീതത്തോട് ഗ്രാമപഞ്ചായത്തിലെ ഗവി വാര്‍ഡിലും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും ഇടുക്കിയിലെ 22 ഗ്രാമ പഞ്ചായത്തുകളിലായി 229 വാര്‍ഡുകളിലും, പാലക്കാട് ആറ് ഗ്രാമപഞ്ചായത്തുകളിലായി 93 വാര്‍ഡുകളിലും, വയനാട് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കൈതക്കൊല്ലി വാര്‍ഡിലും തമിഴ് ഭാഷയില്‍ കൂടി വിവരങ്ങള്‍ ബാലറ്റ് ലേബലിലും, ബാലറ്റ് പേപ്പറിലും ഉണ്ടാകും. കാസര്‍ഗോഡ് ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിലായി 283 വാര്‍ഡുകളിലെ ബാലറ്റ് ലേബലിലും, ബാലറ്റ് പേപ്പറിലും കന്നഡ ഭാഷയില്‍ കൂടി അച്ചടിക്കും.

ഈ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ബ്ളോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്കുള്ള ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും അതാത് ഭാഷകളില്‍ കൂടി വിവരങ്ങള്‍ അച്ചടിക്കുന്നതാണ്.

 

യോഗം മാറ്റിവച്ചു

കിഴക്കേയാക്കര ശ്രീ മണപ്പുള്ളി ഭഗവതി ക്ഷേത്രത്തിലെ 2026 വര്‍ഷത്തെ വേലനടത്തിപ്പിനായുള്ള വേലക്കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട യോഗം മാറ്റിവച്ചതായി മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷ്ണര്‍ ആര്‍ വേണുഗോപാലന്‍ അറിയിച്ചു.

error: Content is protected !!