എസ് ഐ ആര്‍: പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ ഇന്ന് അതത് വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കും
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബി എല്‍ ഒ മാര്‍ വോട്ടര്‍മാര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കിയ എന്യൂമറേഷന്‍ ഫോമുകള്‍ പൂര്‍ണമായി പൂരിപ്പിച്ച ശേഷം ഇന്ന് (നവംബര്‍ 29) അതാത് വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫീസുകളിൽ അതിനുള്ള സൗകര്യം ലഭ്യമാണെന്നും ജില്ല കളക്ടർ അറിയിച്ചു.
പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമിലെ വിവരങ്ങള്‍ സ്‌കാന്‍ ചെയ്ത് സൈറ്റില്‍ രേഖപ്പെടുത്തുന്നവരുടെ വിവരങ്ങള്‍ മാത്രമാണ് കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുകയുള്ളൂ എന്നതിനാല്‍ എല്ലാവരും എന്യൂമെറേഷന്‍ ഫോമുകള്‍ എത്രയും പെട്ടെന്ന് പൂരിപ്പിച്ചു തിരികെ നല്‍കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഡിസംബര്‍ 9 ന് കരട് പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിന് മുന്‍പ് മറ്റ് നടപടിക്രമങ്ങളും ഡിജിറ്റൈസേഷനും പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ജനങ്ങള്‍ ഈ നിര്‍ദ്ദേശം പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 284 പ്രശ്നബാധിത ബൂത്തുകള്‍
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 3,054 ബൂത്തുകളില്‍ 284 എണ്ണം പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തി. പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലും അറുപതോളം ഗ്രാമപഞ്ചായത്തുകളിലുമാണ് ബൂത്തുകള്‍ ഉള്ളത്. രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, സാമുദായിക സംഘര്‍ഷങ്ങള്‍, അനധികൃത പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യം, ഒരു പോളിങ് ബൂത്തില്‍ അമിതമായി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നത് തുടങ്ങിയ കാരണങ്ങളാലാണ് ഇത്തരം ബൂത്തുകളെ പ്രശ്നബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍കാല വോട്ടിങ് പെരുമാറ്റരീതികള്‍ (ഉയര്‍ന്ന / കുറഞ്ഞ പോളിങ് ശതമാനം), ക്രമക്കേടുകളോ ഗുരുതരമായ ലംഘനങ്ങളോ ആരോപിച്ച് റീപോളിങ് നടത്താന്‍ ഉത്തരവിട്ട ബൂത്തുകള്‍, അക്രമം/ക്രമസമാധാന സംഭവങ്ങള്‍, ദുര്‍ബല ജനസംഖ്യാ വിഭാഗങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങള്‍, ക്രിമിനല്‍ ഘടകങ്ങളുടെ സ്വാധീനമുള്ള മേഖലകള്‍, ഭൂമിശാസ്ത്രപരമായ/വിദൂര ഘടകങ്ങള്‍, പ്രചാരണ ലംഘനങ്ങള്‍ / മാതൃകാ കോഡ് ലംഘനങ്ങള്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ ഭീഷണികള്‍ തുടങ്ങിയവയാണ് പ്രശ്നബാധിത ബൂത്തുകള്‍ തിരിച്ചറിയാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍. ഇത്തരം പ്രശ്നബാധിതമായ 180 ബൂത്തുകളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കും.
തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി കമ്മീഷന്‍ വിലയിരുത്തി. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് നീതിപൂര്‍വ്വമാക്കാന്‍ എല്ലാവരുടെയും സഹകരിക്കണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു.
ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് ) റൂള്‍സ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങള്‍, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത് എന്നിവ പൂര്‍ണ്ണമായും വിലക്കുന്നു.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ., അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും ‘ ‘AI Generated’/ ‘Digitally Enhanced’/ ‘Synthetic Content’ ‘ എന്നീ വ്യക്തമായ ലേബലുകള്‍ ഉള്‍ക്കൊള്ളണം. വീഡിയോയില്‍ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും, ഓഡിയോയില്‍ ആദ്യ 10 ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.
റെയില്‍വേ ഗേറ്റ് അടച്ചിടും
പറളിക്കും ലക്കിടിക്കും ഇടയിലുള്ള ലക്കിടി റെയില്‍വേ ഗേറ്റ് ( ഗേറ്റ് നം.164 എ) ഡിസംബര്‍ മൂന്നിന് രാവിലെ ആറു മുതല്‍ ഡിസംബര്‍ നാലിന് വൈകീട്ട് ആറ് വരെ അടച്ചിടും. ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ ലക്കിടി-മായന്നൂര്‍-തിരുവില്വാമല, ലക്കിടി-മങ്കര-കോട്ടായി- പൊരിങ്ങോട്ടുകുറിശ്ശി- തിരുവില്വാമല എന്നീ റൂട്ടുകള്‍ ഉപയോഗിക്കണമെന്ന് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
കഴനി-പഴമ്പാലക്കോട് റോഡ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കഴനി ജംഗ്ഷന്‍ മുതല്‍ പഴമ്പാലക്കോട് വരെ വാഹനങ്ങള്‍ക്ക് ഇന്ന് (നവംബര്‍ 28) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഭാഗികമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.
പോളിങ് സ്റ്റേഷന്‍ പുന:ക്രമീകരണം 2026 : വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
സ്പെഷ്യല്‍ ഇന്റെന്‍സീവ് റിവിഷന്‍ 2026 ന്റെ ഭാഗമായി അടുത്ത വര്ഷം നടക്കുവാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പോളിങ് സ്റ്റേഷന്‍ പുന:ക്രമീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഒരു പോളിംഗ് സ്റ്റേഷനില്‍ ഉള്‍ക്കൊള്ളിക്കാവുന്ന പരമാവധി വോട്ടര്‍മാരുടെ എണ്ണം 1200 ആയി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുനര്‍നിര്‍ണ്ണയിച്ചതിന്റെ അടിസ്ഥാനത്തില്‍ 1150 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകള്‍ പുനര്‍വിഭജിച്ച് പുതിയ ബൂത്തുകള്‍ രൂപീകരിക്കുവാന്‍ യോഗത്തില്‍ ധാരണയായി. ജില്ലയില്‍ ആകെ 2132 ബൂത്തുകളാണ് നിലവിലുള്ളത്. ഇതില്‍ 1150 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള 936 ബൂത്തുകളിലെ വോട്ടര്‍മാരെ എണ്ണം കുറവുള്ള തൊട്ടടുത്തുള്ള ബൂത്തുകളിലേക്ക് പുനഃക്രമീകരിക്കും. പുതിയ പോളിംഗ് സ്റ്റേഷന്‍ രൂപീകരണം അത്യന്താപേക്ഷിതമായ സ്ഥലങ്ങളില്‍ പുതിയ 399 ബൂത്തുകള്‍ രൂപീകരിക്കുന്നതിനും, സൗകര്യക്കുറവുണ്ടെന്നു കണ്ടെത്തിയ 59 ബൂത്തുകള്‍ കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനും യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ഏകകണ്ഠമായി തീരുമാനിച്ചു.
2132 പോളിങ് ബൂത്തുകളാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 399 പോളിങ് ബൂത്തുകളാണ് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. തൃത്താല -50 , പട്ടാമ്പി- 50, ഷൊര്‍ണ്ണൂര്‍ – 16, ഒറ്റപ്പാലം – 27, കോങ്ങാട് – 21, മണ്ണാര്‍ക്കാട് – 38, മലമ്പുഴ – 28 , പാലക്കാട് – 38, തരൂര്‍ – 30, ചിറ്റൂര്‍ – 39, നെന്മാറ- 36, ആലത്തൂര്‍ – 25 എന്നിങ്ങനെയാണ് ഓരോ നിയോജക മണ്ഡലത്തിലും പുതിയതായി രൂപീകരിക്കുന്ന പോളിങ് ബൂത്തുകള്‍. അതോടൊപ്പം ഒരോ ബൂത്തിലും വോട്ടര്‍മാരുടെ എണ്ണം 1150 ആയി നിജപ്പെടുത്തിയത് സമയലാഭത്തിന് സഹായകമാകുമെന്നും യോഗത്തില്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വിതരണം ചെയ്ത എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ വാങ്ങിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കൂടി സഹകരിക്കണമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ ടോംസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
മീഡിയ റിലേഷന്‍ സമിതി: പരാതികള്‍ അറിയിക്കാം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല മീഡിയ റിലേഷന്‍സ് സമിതിയിലേക്ക് പരാതികള്‍ അറിയിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മാധ്യമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായുള്ള പരാതികളാണ് അറിയിക്കേണ്ടത്. വിവിധ അച്ചടി, ദൃശ്യ, ശ്രവ്യ, സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളും, വാർത്തകളും സമിതി നിരീക്ഷിച്ച് ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്ക് കൈമാറും. സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിൽ പ്രത്യേകിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വരുന്ന വ്യാജ വാർത്തകളും, വീഡിയോ, ആഡിയോ ക്രിയേറ്റീവുകളും നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. സമിതിയുടെ ചെയര്‍മാന്‍ ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയുമായ എം എസ് മാധവിക്കുട്ടിയും, കണ്‍വീനര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണനുമാണ്. പരാതികള്‍ prd.pkd@gmail.com ല്‍ നല്‍കണം.