തദ്ദേശ തിരഞ്ഞെടുപ്പ് : ഇവിഎം കമ്മീഷനിങ് ആരംഭിച്ചു
തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് ജില്ലയില്‍ ആരംഭിച്ചു. ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കമ്മീഷനിങ് കേന്ദ്രങ്ങളായ അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍, കോഴഞ്ചേരി സെന്റ് തോമസ് കോളജ് എന്നിവ സന്ദര്‍ശിച്ചു. കമ്മീഷനിങ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ച സ്ട്രോങ് റൂമും ജില്ല കലക്ടര്‍ പരിശോധിച്ചു.
അടൂര്‍ നഗരസഭയിലെ 29 വാര്‍ഡിലെയും ഇലന്തൂര്‍ ബ്ലോക്കിലെ 103 വാര്‍ഡിലെയും കമ്മീഷനിങ് പൂര്‍ത്തിയാ യി. തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇവിഎം മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ ക്രമനമ്പര്‍, പേരും ചിഹ്നവും അടങ്ങുന്ന സ്ലിപ്പ് സ്ഥാപിച്ച് സീല്‍ ചെയ്യുന്നതാണ് കമ്മിഷനിങ്. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നം ഉള്‍പ്പെടുന്ന ബാലറ്റ് പേപ്പര്‍ സജ്ജീകരിക്കും.
മല്ലപ്പള്ളി, കോയിപ്രം, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെയും പന്തളം, പത്തനംതിട്ട നഗരസഭകളിലെയും ഡിസംബര്‍ നാലിനും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, തിരുവല്ല നഗരസഭ എന്നിവയുടെ ഇവിഎം കമ്മീഷനിങ് ഡിസംബര്‍ അഞ്ചിനും നടക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദേശിക അവധിയില്‍ നിന്ന് ഒഴിവാക്കി
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഡിസംബര്‍ നാലിന് (വ്യാഴം) തിരുവല്ല താലൂക്ക് പരിധിയില്‍ പ്രഖ്യാപിച്ച പ്രാദേശിക അവധിയില്‍ നിന്ന് തദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി നിര്‍വഹിക്കുന്ന ഓഫീസുകളെയും ജീവനക്കാരെയും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
പൊതുതിരഞ്ഞെടുപ്പ്: ആനുകൂല്യ വിതരണത്തില്‍ നിന്ന് സ്ഥാനാര്‍ഥികള്‍ മാറി നില്‍ക്കണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്നവര്‍ ജോലിയുടെ ഭാഗമായോ അല്ലാതെയോ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കഴിയും വരെ മാറി നില്‍ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. സ്ഥാനാര്‍ഥികളായുള്ള ആശാപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ നല്‍കുന്ന മരുന്നും മറ്റും തങ്ങള്‍ മല്‍സരിക്കുന്ന മണ്ഡലത്തിലെ/ വാര്‍ഡിലെ വോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ട് എത്തിക്കുന്നതില്‍ നിന്ന് ഒഴിവാകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആനുകൂല്യ വിതരണം മുടങ്ങാതിരിക്കാന്‍ ഇപ്രകാരം ഒഴിവാകുന്നവര്‍ക്ക് പകരം സംവിധാനം അതത് അധികാരികള്‍ ഏര്‍പ്പെടുത്തണം. വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ച് ഇക്കാര്യം അറിയിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.
ക്ലിന്റ് സ്മാരക ജില്ലാതല ബാലചിത്രരചനാ മത്സരം ഡിസംബര്‍ 14 ന്
ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങള്‍ ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14 ന് രാവിലെ 9.30 മുതല്‍ 12.30 വരെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
രജിസ്‌ട്രേഷന്‍ രാവിലെ 8.30 മുതല്‍ ആരംഭിക്കും. ജനറല്‍ ഗ്രൂപ്പില്‍ പച്ച (5-8 വയസ്), വെള്ള (9-12), നീല (13-16), പ്രത്യേക ശേഷി വിഭാഗത്തില്‍ മഞ്ഞ (5-10) ചുവപ്പ് (11-18) എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം.
പ്രത്യേക ശേഷി വിഭാഗത്തിനുള്ള മഞ്ഞ, ചുവപ്പ് ഗ്രൂപ്പുകളെ നാലു ഉപഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരത്തിന്റെ വിഷയം തല്‍സമയത്ത് നല്‍കും. ഒരു സ്‌കൂളില്‍ നിന്നും എത്ര കുട്ടികള്‍ക്കും പങ്കെടുക്കാം.
ചിത്രം വരയ്ക്കുന്നതിന് പേപ്പര്‍ ജില്ലാ ശിശുക്ഷേമ സമിതി നല്‍കും. വരയ്ക്കാനുള്ള സാധന സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടു വരണം. ജലഛായം, എണ്ണഛായം, പെന്‍സില്‍ എന്നിവ ഉപയോഗിക്കാം. ജില്ലകളിലെ ഓരോ വിഭാഗത്തിലും ആദ്യ അഞ്ചു സ്ഥാനക്കാരുടെ ചിത്രരചനകള്‍ സംസ്ഥാന മത്സരത്തില്‍ ഉള്‍പ്പെടുത്തും. ഇതില്‍ നിന്ന് സംസ്ഥാനതല വിജയികളെ പ്രഖ്യാപിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രവും പ്രത്യേക ശേഷി വിഭാഗത്തിലുള്ളവര്‍ വൈകല്യ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 14 ന് രാവിലെ മത്സരസ്ഥലത്ത് എത്തിച്ചേരണം. ഫോണ്‍: 8547716844, 9645374919.