Input your search keywords and press Enter.

വോട്ട് ചെയ്യുന്നതിന് മുമ്പ് ഓരോ ക്രിസ്ത്യാനിയും ഒർമ്മിക്കേണ്ടുന്ന കാര്യങ്ങൾ

ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച് ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് മൂന്നുവർഷം കഴിയാറായിട്ടും അത് നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. എന്നാൽ പാലോളി മുഹമ്മദ് കുട്ടി കമ്മീഷൻ റിപ്പോർട്ട് മൂന്നുമാസത്തിനകം നടപ്പിലാക്കി എന്നതും ശ്രദ്ധേയമാണ്.

ക്രൈസ്തവ സമൂഹത്തിൻറെ സാമ്പത്തിക പ്രയാസം ഉള്ള വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് ലഭിക്കണമെന്ന ബഹു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ബഹു. സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അതിന് പ്രതിപക്ഷം പിന്തുണച്ചു. നാളിതുവരെ അപ്പീൽ പിൻവലിക്കുവാൻ സർക്കാർ തയ്യാറായില്ല.

ദളിത് ക്രൈസ്തവ സംവരണം 1950 ഓഗസ്റ്റ് 26ലെ പ്രസിഡൻഷ്യൽ ഓർഡറിലൂടെ കേന്ദ്രസർക്കാർ നിർത്തലാക്കി. അത് പുനസ്ഥാപിക്കണമെന്ന് ആവശ്യം നാളിതുവരെ ഭരിച്ചിരുന്ന കേന്ദ്രസർക്കാരുകൾ അംഗീകരിച്ചിട്ടില്ല. നമ്മുടെ സമീപ സംസ്ഥാനങ്ങൾ ദളിത് ക്രൈസ്തവ വിദ്യാർത്ഥികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ പോലും നൽകുവാൻ കേരള സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല, എന്നുമാത്രമല്ല നിലവിൽ നൽകിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കുകയും ചെയ്തു.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലെ രണ്ടാമത്തെ അംഗമായി ക്രൈസ്തവ വിഭാഗത്തിൽ നിന്നും ഒരാളെ നിയമിച്ചിരുന്നത്, മുൻ മന്ത്രി ജലീൽ നിയമനിർമ്മാണത്തിലൂടെ ഇല്ലാതാക്കിയപ്പോൾ, കേരള നിയമസഭയിലെ ഒരംഗം പോലും അതിനെതിരായി പ്രതികരിച്ചില്ല. മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൻറെ മാതൃകയിൽ ക്രൈസ്തവ പൂർണ്ണസമയ സുവിശേഷ പ്രവർത്തക ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചില്ല.

തൊമ്മൻകുത്തിൽ കത്തോലിക്കാ സഭയുടെ കൈവശമുള്ള ഭൂമിയിലെ കുരിശ് തകർത്ത സംഭവത്തിലും, ചേപ്പാട് ഓർത്തഡോക്സ് പള്ളിയോടു ചേർന്നു നിന്ന കുരിശും തകർത്ത സംഭവത്തിലും, ക്രൈസ്തവ സമൂഹത്തിനുവേണ്ടി പ്രതികരിക്കുവാൻ ഭരണകർത്താക്കളോ, പ്രതിപക്ഷമോ തയ്യാറായില്ല. ഹിജാബ് വിവാദ ഉൾപ്പെടെ ഉയർത്തി ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കുവാനുള്ള വർഗീയ ശക്തികളുടെ നീക്കങ്ങൾക്ക് ചിലർ ഒത്താശ ചെയ്തു.

മലയോര പ്രദേശത്തെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, വന്യജീവി ആക്രമണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനും സർക്കാർ മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ല.

ഇക്കാര്യങ്ങൾ വിലയിരുത്തി പൊതുസമൂഹം വോട്ട് ചെയ്യണമെന്നും, ഭരണകൂടത്തിനോടുള്ള അന്ധമായ അടിമത്തമല്ല മറിച്ച്, സമൂഹത്തിൻറെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന വ്യക്തിത്വമുള്ള സ്ഥാനാർത്ഥികൾക്കാണ് പ്രാധാന്യം എന്ന് മനസ്സിലാക്കി വോട്ട് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

error: Content is protected !!