Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (17/01/2026)

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ചരിത്ര നേട്ടം സാധ്യമാക്കി: മന്ത്രി വീണാ ജോര്‍ജ്

കോന്നി മെഡിക്കല്‍ കോളജില്‍ 50 കോടി രൂപ ചെലവഴിച്ചുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ചരിത്ര നേട്ടം കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളജില്‍ 50 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാരിന്റെ കാലയളവില്‍ പത്തനംതിട്ട, കാസര്‍ഗോഡ്, വയനാട്, ഇടുക്കി ജില്ലകളില്‍ പുതിയ മെഡിക്കല്‍ കോളജ് ആരംഭിച്ചു. 21 നഴ്‌സിംഗ് കോളജുകളും തുടങ്ങി. അര്‍ഹരായ എല്ലാവര്‍ക്കും മെറിറ്റില്‍ ഏറ്റവും സൗകര്യത്തോടെ മെഡിക്കല്‍ പഠനം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ നയം. കോന്നിയില്‍ ബിരുദാനന്തര ബിരുദ പഠനം സാധ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.

ജില്ലയില്‍ ആരോഗ്യമേഖലയില്‍ സമഗ്രമാറ്റം സാധ്യമായി. ജില്ലയുടെ വിവിധ ഇടങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. എറണാകുളം ജില്ലാ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചരിത്രം രചിച്ചു. അട്ടപ്പാടിയില്‍ ശിശുമരണ നിരക്ക് 28.3 ല്‍ നിന്ന് 6.8 ആയി കുറഞ്ഞു.

2022 ല്‍ അംഗീകാരം നേടിയ കോന്നി മെഡിക്കല്‍ കോളജില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 351.72 കോടി രൂപയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ടൈപ്പ് എ, സി ക്വാര്‍ട്ടേഴ്‌സ്, രണ്ടു ഹോസ്പിറ്റല്‍ ബ്ലോക്ക് , ഓഡിറ്റോറിയം തുടങ്ങിയവയുടെ നിര്‍മാണം പുരോഗമിക്കുന്നു. നിലവില്‍ നാലു ബാച്ചുകളിലായി 400 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ആധുനിക നിലവാരത്തില്‍ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കി വികസന സ്വപ്നം യാഥാര്‍ത്യമാക്കുകയാണ് കോന്നി മെഡിക്കല്‍ കോളജ്. 50 കോടി രൂപ ചെലവില്‍ നിര്‍മാണം പുരോഗമിക്കുന്ന ജില്ലാ സ്റ്റേഡിയം ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയില്‍ ജില്ലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായെന്ന് അധ്യക്ഷനായ കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പത്തനംതിട്ടയ്ക്ക് അഭിമാനമായ കോന്നി മെഡിക്കല്‍ കോളജിന്റെ വളര്‍ച്ച കേരളത്തിന് മാതൃകയാണ്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനം അതിവേഗത്തില്‍ സാധ്യമായി. ആശുപത്രിയിലേക്ക് മികച്ച നിലവാരത്തിലുള്ള റോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. മെഡിക്കല്‍ കോളേജ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മാണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്നും എംഎല്‍എ പറഞ്ഞു.

മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ. വി. വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കിഫ്ബി മുഖാന്തിരം 22.80 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച അക്കാദമിക് ബ്ലോക്ക് ഫേസ് രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, 16.25 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച 40 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്ള ടൈപ്പ് ഡി ക്വാര്‍ട്ടേഴ്‌സ്, 9.10 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച 40 അപ്പാര്‍ട്ട്‌മെന്റുകളുള്ള ടൈപ്പ് ബി ക്വാര്‍ട്ടേഴ്‌സ്, 1.05 കോടി ചെലവഴിച്ച് രണ്ട് നിലകളിലായി നിര്‍മിച്ച ഡീന്‍ വില്ല, 84 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച 17 കിടക്കകളോട് കൂടിയ മെഡിക്കല്‍ ഐസിയു എന്നിവയാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്.

കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. എസ്. നിഷ, സൂപ്രണ്ട് ഡോ. എ. ഷാജി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ആശുപത്രി വികസന സമിതി അംഗങ്ങളായ റഷീദ് മുളന്തറ, എ. എസ്. എം. ഹനീഫ, ആരോഗ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

റിപ്പബ്ലിക് ദിനാഘോഷം : ആലോചനായോഗം ചേര്‍ന്നു

റിപ്പബ്ലിക് ദിനാഘോഷം ജില്ലയില്‍ സമുചിതമായി സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ തീരുമാനിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനമാണ് വേദി. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റിനായിരിക്കും. പോലീസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ് പി സി ആറ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഏഴ്, തുടങ്ങി പ്ലറ്റൂണുകള്‍ അണിനിരക്കും. ജനുവരി 22, 23, 24 തീയതികളിലായി പരേഡ് റിഹേഴ്സല്‍ സംഘടിപ്പിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കും. റിഹേഴ്സല്‍ ദിവസങ്ങളിലും റിപ്പബ്ലിക് ദിനത്തിലും ലഘു ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സാംസ്‌കാരിക പരിപാടികള്‍, പി റ്റി ഡിസ്പ്ലേ, ബാന്‍ഡ് സെറ്റ് എന്നിവ സംഘടിപ്പിക്കും. പരിപാടിക്കാവശ്യമായ പന്തല്‍, ബാരിക്കേഡ് തുടങ്ങിയവ പൊതുമരാമത്ത് (കെട്ടിട വിഭാഗം) നിര്‍മിക്കും. റിഹേഴ്സല്‍, റിപ്പബ്ലിക് ദിനങ്ങളില്‍ ആംബുലന്‍സ് ഉള്‍പ്പടെ മെഡിക്കല്‍ സംഘത്തിന്റെ സേവനമുണ്ടാകും. പത്തനംതിട്ട നഗരസഭ സെക്രട്ടറി വേദിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കും. അടിയന്തരഘട്ട സേവനത്തിനായി ഫയര്‍ഫോഴ്സും ഉണ്ടാകും. കോഴഞ്ചേരി തഹസില്‍ദാര്‍ പൊതുവായ ഏകോപനം നിര്‍വഹിക്കും. എഡിഎം ബി ജ്യോതി, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു

 

നി-ക്ഷയ് മിത്രയ്ക്ക് മാതൃകയായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പ്രധാനമന്ത്രി ടി ബി മുക്ത അഭിയാന്റെ ഭാഗമായി ജില്ലയിലെ ക്ഷയരോഗികള്‍ക്ക് പോഷകാഹാര കിറ്റ് നല്‍കി മാതൃകയായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി. 2030 ല്‍ ക്ഷയരോഗം ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ക്ഷയരോഗ നിര്‍ണയത്തിനും ചികിത്സക്കും ഒപ്പം രോഗികള്‍ക്ക് ആവശ്യമായ പോഷകാഹാര കിറ്റുകള്‍ പൊതുജനങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് നി-ക്ഷയ് മിത്ര. ഇതിന്റെ ഭാഗമായാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പോഷകാഹാര കിറ്റ് നല്‍കിയത്.

ലഭിച്ച പോഷകാഹാര കിറ്റുകള്‍ ക്ഷയരോഗികളുടെ ഭവനങ്ങളും നിലവില്‍ ക്ഷയരോഗികളുള്ള വൃദ്ധസദനങ്ങളും സന്ദര്‍ശിച്ച് വിതരണം ചെയ്തു. പൊതുജനങ്ങള്‍ക്ക് നി-ക്ഷയ് മിത്ര ആകാമെന്നും പോഷകാഹാര കിറ്റുകള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കോഴഞ്ചേരി താലൂക്ക് ആശുപത്രിയോടനുബന്ധിച്ചുളള ജില്ലാ ടി.ബി സെന്ററുമായി ബന്ധപ്പെടാമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കൊപ്പം ജില്ലാ ടി.ബി ഓഫീസര്‍ ഡോ. രാധിക എസ് ഗോപന്‍, ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍, ടി ബി ഹെല്‍ത്ത് വിസിറ്റര്‍ എന്നിവര്‍ പങ്കെടുത്തു.

നാഷണല്‍ ടി ബി എലിമിനേഷന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ക്ഷയരോഗ നിര്‍ണയത്തിനായി കഫം, എക്സ്ട്രാ പള്‍മനറി സാമ്പിളുകള്‍ എന്നിവ രോഗനിര്‍ണയ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതിന് തപാല്‍ വകുപ്പും നിര്‍ണയ പദ്ധതിയും ചേര്‍ന്ന് ആരംഭം കുറിച്ചു. പത്തനംതിട്ട മുത്തൂറ്റ് മെഡിക്കല്‍ സെന്ററില്‍ മൈക്രോബയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് പോസ്റ്റര്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരന് ആദ്യ സാമ്പിള്‍ കൈമാറി. തപാല്‍ വകുപ്പും സ്റ്റേറ്റ് ടി.ബി സെല്ലും തമ്മിലുള്ള ധാരണ പത്രത്തിലൂടെയാണ് ഇത് സാധ്യമായത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കൊപ്പം ജില്ലാ ടി.ബി ഓഫീസര്‍, ആര്‍ദ്രം കോര്‍ഡിനേറ്റര്‍ ഡോ. അംജിത് രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.

 

വിമുക്ത ഭടന്മാര്‍ക്ക് അവസരം

കൊച്ചിന്‍ ഷിപ്യാഡില്‍ ഐടിഐ വര്‍ക്ക്‌മെന്‍ (വേരിയസ് ട്രേഡ് ടെക്‌നീഷ്യന്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 20ന് മുമ്പായി പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.

 

കര്‍ഷകതൊഴിലാളി ക്ഷേമനിധി കുടിശിക ഫെബ്രുവരി രണ്ടുവരെ അടയ്ക്കാം

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായ കുടിശികയുളളവര്‍ക്ക് പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാന്‍ ഫെബ്രുവരി രണ്ടുവരെ അവസരം. 2015 സെപ്റ്റംബര്‍ ഒന്നു മുതല്‍ കുടിശിക വരുത്തിയവര്‍ക്കാണ് ആനുകൂല്യം. കുടിശിക അടയ്ക്കുന്നതിന് ഇനിയും അവസരം ലഭിക്കില്ല. 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ കുടിശിക അടയ്‌ക്കേണ്ടതില്ല. ആധാര്‍കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പും ഒരു ഫോട്ടോയും സഹിതം ഓഫീസില്‍ നേരിട്ടെത്തി കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

 

ഗതാഗത നിരോധനം

പുതുശേരിഭാഗം- തട്ടാരുപടി റോഡില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ വാഹന ഗതാഗതം രണ്ടാഴ്ചത്തേക്ക് പൂര്‍ണമായി നിരോധിച്ചു. തട്ടാരുപടി വഴി പുതുശേരിഭാഗം പോകേണ്ട വാഹനങ്ങള്‍ ആയിരത്തിവളപ്പടി വഴി പുലിമല റോഡിലെത്തി മഹര്‍ഷിക്കാവ് വഴി പുതുശേരിഭാഗം പോകണമെന്ന് അടൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ടെന്‍ഡര്‍

റാന്നി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് 2026 ഫെബ്രുവരി ഒന്നു മുതല്‍ 2027 ജനുവരി 31 വരെ കാര്‍/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 27 പകല്‍ 12 വരെ. ഫോണ്‍ : 04735 221568.

 

അംഗത്വം പുതുക്കാന്‍ അവസരം

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളില്‍ വിഹിതം മുടങ്ങിയ 60 വയസ് തികയാത്തവര്‍ക്ക് പിഴയോടെ അംഗത്വം പുതുക്കുന്നതിന് ജൂണ്‍ 30 വരെ അപേക്ഷ നല്‍കാമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2966577.

 

നിയുക്തി മെഗാ തൊഴില്‍ മേള

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ തിരുവന്തപുരം മേഖലയുടെ നിയുക്തി മെഗാ തൊഴില്‍ മേള പാപ്പനംകോട് ശ്രീചിത്ര തിരുനാള്‍ എഞ്ചിനീയറിംഗ് കോളജില്‍ ജനുവരി 31 ന് സംഘടിപ്പിക്കും. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴില്‍ ദായകരെയും ഉദ്യോഗാര്‍ഥികളെയും പങ്കെടുപ്പിച്ചാണ് മേള നടക്കുന്നത്. പത്ത്, പ്ലസ് ടു , ഐ ടി ഐ, ഡിപ്ലോമ, നഴ്സിങ്, പാരാ മെഡിക്കല്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം യോഗ്യതയുള്ളവര്‍ക്കായി 5000 ഒഴിവുകളുണ്ട്. https://privatejobs.employment.kerala.gov.in/ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 8921916220 (തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735 (ആലപ്പുഴ) 9496443878 (പത്തനംതിട്ട).

 

ദര്‍ഘാസ്

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലേക്ക് ഒരു വര്‍ഷത്തേക്ക് ടാക്‌സി പെര്‍മിറ്റുള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജനുവരി 30ന് ഉച്ചയ്ക്ക് 2.30 വരെ. ഫോണ്‍: 0468-2319998, 8281954196.

error: Content is protected !!