Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (17/10/2022)

നീര്‍ച്ചാല്‍ ശൃംഖല വീണ്ടെടുക്കല്‍ ശില്പശാല ഒക്ടോബര്‍ 20, 21 തീയതികളില്‍

ഹരിത കേരളം മിഷന്റെയും റീബില്‍ഡ് കേരളയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പശ്ചിമഘട്ടത്തെ പൊട്ടാതെ കാക്കുന്നതിന് നീര്‍ച്ചാല്‍ ശൃംഖല വീണ്ടെടുക്കല്‍ ശില്പശാല ഒക്ടോബര്‍ 20, 21 തീയതികളില്‍ മുണ്ടൂര്‍ ഐ.ആര്‍.ടി.സി യില്‍ നടക്കും. പശ്ചിമഘട്ട പ്രദേശത്തെ നീര്‍ച്ചാല്‍ ശൃംഖല പൂര്‍ണ്ണമായും മാപ്പ് ചെയ്യുകയും വീണ്ടെടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ ഒക്ടോബര്‍ 20 ന് രാവിലെ ഏഴിന് മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമാകും. പ്രസ്തുത പ്രവര്‍ത്തനത്തായി സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ള 230 ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാണ് മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത്. രണ്ട് ഘട്ടങ്ങളിലായി സംസ്ഥാന ഐ.ടി. മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് ജനകീയ മാപ്പിംഗ് അഥവാ മാപ്പത്തോണ്‍ സംഘടിപ്പിക്കുന്നത്.

ആദ്യഘട്ടത്തില്‍ പശ്ചിമഘട്ട പ്രദേശത്തെ നീര്‍ച്ചാല്‍ ശൃംഖല പൂര്‍ണ്ണമായും മാപ്പ് ചെയ്യുന്ന മാപ്പത്തോണും തുടര്‍ന്ന് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടത്തുന്ന ജനകീയ നീര്‍ച്ചാല്‍ വീണ്ടെടുക്കല്‍ പ്രവര്‍ത്തനവും സംഘടിപ്പിക്കും. മുണ്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളില്‍ നടക്കുന്ന മാപ്പത്തോണ്‍ ഉപഗ്രഹ ചിത്രങ്ങളുടെയും ഫീല്‍ഡ് സന്ദര്‍ശനങ്ങളുടെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്. ശാസ്ത്രീയമായും സമഗ്രമായും നീര്‍ച്ചാല്‍ ശൃംഖലകളെ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനം രാജ്യത്ത് ആദ്യമായാണ് നടക്കുന്നത്.ആദ്യഘട്ട പ്രവര്‍ത്തനത്തിന് ഭൗമശാസ്ത്ര വിദഗ്ദരും വിദൂര സാങ്കേതികവിദ്യ വിദഗ്ദരും, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ്‌പേഴ്സണ്‍മാരും ഉള്‍പ്പെടുന്ന സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. അപ്രതീക്ഷിതമായി പെയ്യുന്ന അതിതീവ്ര മഴയാല്‍ മണ്ണിടിച്ചിലുകളും ഉരുള്‍പ്പൊട്ടലുകളും തുടരെത്തുടരെ സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ജീവനും സ്വത്തും കൃഷിയും സംരക്ഷിക്കുന്നതിന് പശ്ചിമഘട്ട പ്രദേശത്തെ നീര്‍ച്ചാല്‍ ശൃംഖല വീണ്ടെടുക്കല്‍ പ്രവര്‍ത്തനം സഹായകരമാകും. മലയോര മേഖലകളിലെ ജനങ്ങള്‍ക്ക് പലപ്പോഴും പ്രതികൂല സാഹചര്യങ്ങളില്‍ തങ്ങളുടെ പ്രദേശം വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്. അതുകൊണ്ട് ഇവര്‍ താമസിക്കുന്നിടത്ത് നിലനിര്‍ത്തികൊണ്ടുള്ള ദുരന്ത പ്രതിരോധ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും. മലയോരങ്ങളില്‍ നീര്‍ച്ചാലുകള്‍ നഷ്ടമാകുന്ന സാഹചര്യം വന്നാല്‍ പെയ്യുന്ന മഴ മുഴുവന്‍ മണ്ണിലേക്ക് താഴുന്ന സ്ഥിതിവരും. ഇത് മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും കാരണമാകും.

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഇനി ഞാനൊഴുകട്ടെ എന്ന പേരില്‍ നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി നടന്നു വരികയാണ്. ഈ പ്രവര്‍ത്തനം നടന്ന പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കുതിന് കൃത്യമായി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് നീര്‍ച്ചാല്‍ ശൃംഖല ശാസ്ത്രീയമായി വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്ല്യാണക്യഷ്ണന്‍ അറിയിച്ചു.

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംശാദായം 100 രൂപ ഓഫീസിലടക്കാന്‍ നിര്‍ദ്ദേശം

2016 ല്‍ ആറ് പദ്ധതികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി നിലവില്‍ വന്നശേഷം പ്രതിമാസം 100 രൂപ നിരക്കില്‍ അടയ്‌ക്കേണ്ട അംശാദായം 10 രൂപ മാത്രമായി ബാങ്കില്‍ അടക്കുന്നത് തൊഴിലാളികള്‍ ഒഴിവാക്കണമെന്നും പ്രതിമാസ തുകയായ 100 രൂപ കേരള സ്റ്റേറ്റ് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്് ജില്ലാ ഓഫീസില്‍ മാത്രമേ അടയ്ക്കാവൂ എന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 10 രൂപ എന്നത് കൈതൊഴിലാളി വിദഗ്ദതൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരമുളള തുകയാണ്. പുതിയ പദ്ധതി നിലവില്‍ വന്നതും അംശദായം 10 രൂപ 100 രൂപയായതും അറിയാത്ത സാഹചര്യത്തില്‍ പഴയ തുക അടക്കുന്നത്് ശ്രദ്ധയില്‍ പെട്ടതിനാലാണ് നിര്‍ദ്ദേശം.

കല്‍പ്പാത്തി ദേശീയ സംഗീതോത്സവം: യോഗം ഇന്ന്

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ആദ്യവാരം കല്‍പ്പാത്തി ദേശീയ സംഗീതോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ(ഒക്ടോബര്‍ 18 ) വൈകിട്ട് 3.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

അപ്രന്റീസ് ഒഴിവ്

പാലക്കാട് ഗവ: വിക്ടോറിയ കോളെജില്‍ ജീവനി സൈക്കോളജി അപ്രന്റീസ് ഒഴിവ്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 20ന് രാവിലെ 10:30 ന് കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.ഫോണ്‍:04912576773

മത്സ്യതീറ്റ വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു

മീങ്കര മത്സ്യവിത്തുത്പാദന കേന്ദ്രത്തില്‍ മത്സ്യത്തീറ്റ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. 2.5 ലക്ഷം രൂപയാണ് അടങ്കല്‍ തുക.ഒക്ടോബര്‍ 27 ന് വൈകിട്ട് അഞ്ചു വരെ ടെണ്ടര്‍ ഫോറം വിതരണം ചെയ്യും. ഒക്ടോബര്‍ 28ന് ഉച്ചക്ക് 12 വരെ ടെണ്ടര്‍ സ്വീകരിക്കും.അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും.ടെന്‍ഡര്‍ ഫോറം വില, വിതരണം ചെയ്യേണ്ട തീറ്റയുടെ പ്രത്യേകതകള്‍, മറ്റു വിവരങ്ങള്‍ എന്നിവ അറിയാന്‍ മീങ്കര മത്സ്യവിത്തുത്പാദന കേന്ദ്രത്തില്‍ നേരിട്ടോ ,8547705877 നമ്പറിലോ ബന്ധപ്പെടണം.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ക്കുള്ള ജില്ലാതല പരിശീലനം ഇന്ന് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമുമായി ബന്ധപ്പെട്ട് വോളന്ററി ടീച്ചര്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ ഭാഗമായി പഞ്ചായത്ത് തല റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ക്കുള്ള ജില്ലാതല പരിശീലനം ഇന്ന് (ഒക്ടോബര്‍ 18) ആരംഭിക്കും. എസ്.സി.ആര്‍.ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിക്കും.ഇന്നും 19, 20 തീയതികളിലുമാണ് പരിശീലനം നടക്കുന്നത്. പഞ്ചായത്ത്/നഗരസഭ തല പരിശീലനങ്ങള്‍ ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാവും.നവംബര്‍ ഒന്നിന് സാക്ഷരതാ ക്ലാസ്സുകള്‍ ആരംഭിക്കും.പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി,എസ്.സി.ആര്‍.ടി പ്രതിനിധി ഗോപകുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, അസി.കോര്‍ഡിനേറ്റര്‍ പി.വി. പാര്‍വ്വതി, സാക്ഷരതാ സമിതി അംഗം ഒ. വിജയന്‍മാസ്റ്റര്‍, സംസ്ഥാന റിസോഴ്‌സ്‌പേഴ്‌സണ്‍മാരായ ഡോ. പി.സി ഏലിയാമ്മ, ഡോ. ജയപ്രകാശ്, കേശവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ജില്ലയില്‍ 9000 പഠിതാക്കള്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സാക്ഷരതാ പദ്ധതിയില്‍ ജില്ലയില്‍ 9000 പേര്‍ ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ഓരോ പഞ്ചായത്ത്/നഗരസഭ പരിധികളില്‍ നിരക്ഷരരായി അവശേഷിക്കുന്നവരെ കണ്ടെത്തി സാക്ഷരരാക്കുന്നതിനും നൈപുണ്യ പരിശീലനവും ഡിജിറ്റല്‍ സാക്ഷരതയും ഉള്‍പ്പടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുളള പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഈ വര്‍ഷം സംസ്ഥാനമൊട്ടാകെ 85000 നിരക്ഷരരെ സാക്ഷരരാക്കുന്നതിന് ലക്ഷ്യമിടുന്നു. ജില്ലയില്‍ 8000 പേരെ കണ്ടെത്താന്‍ ലക്ഷ്യമിട്ടിടത്താണ് 9000 ത്തോളം പഠിതാക്കളെ കണ്ടെത്താനായത്. പഞ്ചായത്ത് തലങ്ങളില്‍ പ്രേരക്മാരുടെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകരാണ് സര്‍വ്വേ നടത്തുന്നത്. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പഞ്ചായത്ത്/ വാര്‍ഡ് തല സംഘാടകസമിതികളും സന്നദ്ധരായ അധ്യാപകരെ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനവും ജി.ആര്‍.സി വാരാചരണവും ഒക്ടോബര്‍ 21ന്

കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ജെന്റര്‍ റിസോഴ്‌സ് സെന്ററും സംയുക്തമായി ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനവും ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ വാരാചരണവും നടത്തുന്നു.ഒക്ടോബര്‍ 21ന് ചെര്‍പ്പുളശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിക്കും. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി.രാമചന്ദ്രന്‍ അധ്യക്ഷനാകും.ജനപ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും

സീറ്റൊഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കോട്ടായിലുളള കുഴല്‍മന്ദം കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാംവര്‍ഷ ഡിഗ്രി ബികോം( വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍) ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സുകളില്‍ സീറ്റൊഴിവ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2022 ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 20ന് ഉച്ചയ്ക്ക് 12നകം കോളെജ് ഓഫീസില്‍ നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മലമ്പുഴ ഗവ: ഐ.ടി.ഐ യില്‍ ടര്‍ണര്‍, മെക്കാനിക് ട്രാക്ടര്‍, ഇലക്ട്രീഷ്യന്‍, ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. ടര്‍ണര്‍, മെക്കാനിക് ട്രാക്ടര്‍ ട്രേഡുകളില്‍ ഒക്ടോബര്‍ 20ന് രാവിലെ 11നും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഒക്ടോബര്‍ 21ന് രാവിലെ 11നും കൂടിക്കാഴ്ച നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി യും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്നു വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള ഈഴവ/ബില്യ/തിയ്യ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.അര്‍ഹരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഖാദി ഓണം മേള -2022 സംസ്ഥാനതല മെഗാ നറുക്കെടുപ്പ്

ഖാദി ഓണം മേള -2022 സംസ്ഥാനതല മെഗാ നറുക്കെടുപ്പില്‍ 515265 കൂപ്പണ്‍ നമ്പറിന് ഒന്നാം സ്ഥാനവും,470862 കൂപ്പണ്‍ നമ്പറിന് രണ്ടാം സ്ഥാനവും 150571 കൂപ്പണ്‍ നമ്പറിന് മൂന്നാം സ്ഥാനവും ലഭിച്ചതായി ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

സിവില്‍ എഞ്ചിനീയറിങ് വിഭാഗം സിവില്‍ വര്‍ക്ക്‌ഷോപ്പ് ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവിടങ്ങളിലേക്ക് കര്‍ട്ടന്‍ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു.ഒക്ടോബര്‍ 27 ഉച്ചയ്ക്ക് രണ്ടു വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഒക്ടോബര്‍ 28ന് ഉച്ചയ്ക്ക് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും.അടങ്കല്‍ തുക 46260 രൂപ.പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ‘ക്വട്ടേഷന്‍ നമ്പര്‍ 10/22-23, സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ സിവില്‍ വര്‍ക്ക്‌ഷോപ്പ് ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവിടങ്ങളിലേക്ക് കര്‍ട്ടന്‍ വിതരണം ചെയ്യല്‍’ എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളെജ്, മണ്ണംപറ്റ (പി.ഓ), ശ്രീകൃഷ്ണപുരം, പാലക്കാട്-678633 എന്ന മേല്‍വിലാസത്തില്‍ അയക്കണം.കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മലമ്പുഴ ഗവ: ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍, എ.സി.ഡി വിഷയങ്ങളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഒക്ടോബര്‍ 22 രാവിലെ 11ന് കൂടിക്കാഴ്ച നടത്തുന്നു. അരിത്ത് മെറ്റിക് കം ഡ്രായിങ് വിഷയത്തില്‍ ഏതെങ്കിലും എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയോ ഡിഗ്രിയോയുള്ള ഓപ്പണ്‍ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്കും
എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ എം.ബി.എ/ ബി.ബി.എ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി സോഷ്യല്‍ വെല്‍ഫെയര്‍ എക്കണോമിക്‌സിലുള്ള ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബിരുദം ഡിപ്ലോമയും ഡി.ജി.ടി സ്ഥാപനത്തില്‍നിന്നുള്ള രണ്ടുവര്‍ഷത്തെ പരിചയവും കൂടാതെ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷനിലുള്ള പ്രാവീണ്യം/ പ്ലസ് ടു/ ഡിപ്ലോമ നിലവാരത്തിലുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ള ഈഴവ, ബില്യ, തിയ്യ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ലഹരി ഉപഭോഗം പരാതികളറിയിക്കാന്‍ 155358(ടോള്‍ഫ്രീ നമ്പര്‍) 16 ദിവസം: രജിസ്റ്റര്‍ ചെയ്തത് 147 അബ്കാരി കേസുകളും 53 ലഹരി കേസുകളും

ലഹരി ഉപഭോഗ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പര്‍ 155358 ലും,ചികില്‍സക്കും കൗണ്‍സിലിങ്ങിനുമായി 24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പര്‍ 14405 ലും ഇതിനുപുറമേ എക്‌സൈസ് കമ്മീഷണറുമായി ബന്ധപ്പെടാന്‍ 24 മണിക്കൂര്‍ 9447178000 നമ്പറിലും പൊതുജനങ്ങള്‍ക്ക് വിളിക്കാമെന്ന് എക്‌സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു.

16 ദിവസത്തിനിടയില്‍ (ഒക്ടോബര്‍ 1 മുതല്‍ 16 വരെ) പാലക്കാട് ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 147 അബ്കാരി കേസുകളും 53 ലഹരി പദാര്‍ത്ഥങ്ങളുടെ കേസുകളും 220.625 കിലോഗ്രാം പുകയില വസ്തുക്കളും ഉള്‍പ്പെടെ 10 വാഹനങ്ങളും 26500 രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

ലഹരി വസ്തുകളുടെ വിനിമയം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പേര് വെളിപ്പെടുത്താതെ തന്നെ എക്സൈസ്, പോലീസ് വകുപ്പുകള്‍ക്ക്് വിവരങ്ങള്‍ കൈമാറാവുന്നതാണ്.വിവരങ്ങള്‍ പ്രകാരം കേസ് കണ്ടെത്തിയാല്‍ വിവരം നല്‍കുന്നവര്‍ക്ക്് സംസ്ഥാനസര്‍ക്കാര്‍ പാരിതോഷികം നല്‍കുമെന്നും എക്‌സൈസ് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

വാചികം:ചാക്യാര്‍കൂത്ത് -ഓട്ടന്‍തുള്ളല്‍ ഫെസ്റ്റ് ഒക്ടോബര്‍ 18 മുതല്‍ 21 വരെ

കേരള സംഗീത നാടക അക്കാദമി ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവുമായി സഹകരിച്ച് ഒക്ടോബര്‍ 18 മുതല്‍ 21 വരെ വാചികം എന്ന പേരില്‍ ചാക്യാര്‍കൂത്ത് -ഓട്ടന്‍തുള്ളല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫെസ്റ്റിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 18ന് വൈകിട്ട് 5.30ന് ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. കേരള സംഗീത നാടക അക്കാദമി നിര്‍വാഹകസമിതി അംഗം പത്മശ്രീ ശിവന്‍ നമ്പൂതിരി അധ്യക്ഷനാകും. ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍ അജയന്‍ മുഖ്യപ്രഭാഷണം നടത്തും. ലക്കിടി കുഞ്ചന്‍ സ്മാരക സമിതി ചെയര്‍മാന്‍ ഡോ. സി. പി ചിത്രഭാനു, ലക്കിടി-പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് , കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സമിതി സെക്രട്ടറി എ.കെ ചന്ദ്രന്‍ കുട്ടി, കേരള സംഗീതനാടക അക്കാദമി നിര്‍വാഹകസമിതി അംഗം അഡ്വ. വി. ഡി പ്രേമപ്രസാദ് എന്നിവര്‍ പങ്കെടുക്കും.

error: Content is protected !!