എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വേ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്നിന്
ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും
എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വേ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 9.30 ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നിര്‍വഹിക്കും. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാകും. പാലക്കാട് ജില്ലാതല ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നവംബര്‍ ഒന്നിന് രാവിലെ 10 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ അഡ്വ. കെ. പ്രേംകുമാര്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളും നൂതന സര്‍വേ ഉപകരണങ്ങളും ഉപയോഗിച്ച് ബഹുജന പങ്കാളിത്തത്തോടെ ‘എന്റെ ഭൂമി’ എന്ന പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലുമായാണ് ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുന്നത്. ഭൂവുടമകള്‍ക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകള്‍ ലഭിക്കുന്നതോടൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് പ്രയോജനപ്പെടുന്ന ഭൂമിയുടെ ആധികാരിക രേഖയാണ് ഡിജിറ്റല്‍ സര്‍വേയിലൂടെ ലഭ്യമാകുക.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.വി റജീന, തൃത്താല, നാഗലശ്ശേരി, തിരുമിറ്റക്കോട്, പട്ടിത്തറ, കപ്പൂര്‍, ആനക്കര, തച്ചനാട്ടുകര, കോട്ടോപ്പാടം, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ ജയ, വി.വി ബാലചന്ദ്രന്‍, ടി. സുഹറ, പി. ബാലന്‍, എ. ഷറഫുദ്ദീന്‍, കെ. മുഹമ്മദ്, കെ.പി മുഹമ്മദ് സലിം, അക്കര ജസീന, മുള്ളത്ത് ലത, പട്ടാമ്പി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഒ. ലക്ഷ്മിക്കുട്ടി, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സി. ഇന്ദിര, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ ആശ എന്നിവര്‍ പങ്കെടുക്കും.
ബഡ്സ് ഫെസ്റ്റ് ഇന്നസെന്‍സ് 2.0 2022 മത്സരങ്ങള്‍ ഇന്ന്
ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബഡ്‌സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ഉല്ലാസവും സര്‍ഗ്ഗശേഷി വികാസവും ലക്ഷ്യമാക്കി നടത്തുന്ന ബഡ്സ് ഫെസ്റ്റ് ഇന്നസെന്‍സ് 2.0 2022 മത്സരങ്ങള്‍ ഇന്ന് (ഒക്ടോബര്‍ 29) രാവിലെ 10 ന് പാലക്കാട് മേഴ്‌സി കോളെജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ കെ. അജയന്‍ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയാകും. രജിസ്‌ട്രേഷന്‍ രാവിലെ 9.30 ന് ആരംഭിക്കും. വൈകിട്ട് അഞ്ചിന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. തുടര്‍ന്ന് നിരഞ്ജന്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും.
പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ മനോജ് കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷെരീഫ് ഷൂജ, സി.ഡബ്ല്യു.സി ചെയര്‍മാന്‍ എം.വി മോഹനന്‍, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ മിനി ബാബു, കുടുംബശ്രീ നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. സുലോചന, കുടുംബശ്രീ സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.ഡി റീത്ത, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാന്‍ ജെ. വട്ടോളി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ് എന്നിവര്‍ പങ്കെടുക്കും.
ലളിതഗാനം, നാടോടി നൃത്തം, നാടന്‍പാട്ട്, മിമിക്രി, പ്രച്ഛന്നവേഷം, ഉപകരണ സംഗീതം, സംഘനൃത്തം, ഒപ്പന, പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, എംപോസ് പെയിന്റിങ് എന്നീ മത്സരങ്ങള്‍ നടക്കും. കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 26 ബഡ്‌സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
തുടര്‍പഠനത്തിന് അപേക്ഷിക്കാം
പ്ലസ് ടു പരീക്ഷയില്‍ പരാജയപ്പെട്ട പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മലമ്പുഴ ഗിരിവികാസില്‍ അഞ്ചുമാസം താമസിച്ച് പഠിക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി നവംബര്‍ മൂന്നിന് രാവിലെ 11 ന് അഗളി ഐ.ടി.ഡി.പി. ഹാളിലോ നവംബര്‍ അഞ്ചിന് പാലക്കാട് നെഹ്‌റു യുവകേന്ദ്ര ഓഫീസിലോ രക്ഷിതാക്കള്‍ക്കൊപ്പം നേരിട്ടെത്തണമെന്ന് നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ അറിയിച്ചു. ക്ലാസുകള്‍ നവംബര്‍ 14 ന് ആരംഭിക്കും.
ജില്ലാ വികസനസമിതി യോഗം ഇന്ന്
ജില്ലാ വികസന സമിതി യോഗം ഇന്ന് (ഒക്ടോബര്‍ 29) രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.
ലേലം നവംബര്‍ 16 ന്
പാലക്കാട് താലൂക്ക് തൃത്താല വില്ലേജിലെ ജിയോളജി റോയല്‍റ്റിയുടെ കീഴിലെ 2019/116/09 നമ്പര്‍ ആര്‍.ആര്‍.സിയിലെ കൂട്ടുകക്ഷികളായിരുന്നവരുടെ സര്‍വേ നമ്പര്‍ 58/12 ലുള്‍പ്പെട്ട 4.04 ആര്‍ സ്ഥലത്തിന്റെ ലേലം നവംബര്‍ 16 ന് രാവിലെ 11 ന് അതത് സ്ഥലങ്ങളില്‍ നടക്കുമെന്ന് പട്ടാമ്പി തഹസില്‍ദാര്‍ അറിയിച്ചു. സെപ്റ്റംബര്‍ 15 ന് നടക്കാനിരുന്ന ലേലമാണ് പ്രസ്തുത ദിവസം നടക്കുന്നത്.
ഭിന്നശേഷിവിഭാഗക്കാര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലും പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ്
എക്സ്‌ചേഞ്ചിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ടവരില്‍ പി.എസ്.സി മുഖേനയോ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയോ അനധ്യാപക തസ്തികയില്‍ സ്ഥിരം ജോലി ലഭിക്കുകയും ആ വിവരം രേഖാമൂലം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ അറിയിച്ചിട്ടുള്ളവരും സ്ഥിരം ജോലി ലഭിച്ചതിനാല്‍ പിന്നീട് പുതുക്കാതെ രജിസ്ട്രേഷന്‍ റദ്ദായിട്ടുള്ളവരുമായ, യോഗ്യരായ ഭിന്നശേഷി വിഭാഗക്കാരുടെ രജിസ്ട്രേഷന്‍ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും അറിയിക്കുന്ന അധ്യാപക തസ്തികകളിലേക്ക് പരിഗണിക്കുന്നതിനായി രജിസ്‌ട്രേഷന്‍ കാര്‍ഡും എല്ലാവിധ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും നിശ്ചിത മാതൃകയിലുള്ള എന്‍.ഒ.സി സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലും പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലും 2022 ഡിസംബര്‍ 31 നകം നേരിട്ടെത്തി പുതുക്കി വാങ്ങാം.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് അട്ടപ്പാടി റോഡ് സന്ദര്‍ശിക്കും
നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന അട്ടപ്പാടി റോഡ് പൊതുമരാമത്ത്-ടൂറിസം-യുവജനകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് (ഒക്‌ടോബര്‍ 29) സന്ദര്‍ശിക്കും. ഉച്ചക്ക് 12 ന് മന്ത്രിയും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡിലെത്തും. ചുരം മേഖലയില്‍ നടക്കുന്ന പ്രവൃത്തി മന്ത്രി നേരിട്ട് വിലയിരുത്തും. മഴക്കെടുതിയില്‍ റോഡിലെ കലുങ്ക് തകര്‍ന്നതിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം സുഗമമാക്കുന്നതിനായി നിര്‍മിക്കുന്ന ഡൈവേര്‍ഷന്‍ റോഡിന്റെ പ്രവൃത്തിയും പരിശോധിക്കും. നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന അട്ടപ്പാടി ചുരം റോഡ് സന്ദര്‍ശിക്കുമെന്ന് പാലക്കാട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ: അപേക്ഷകള്‍ നവംബര്‍ നാല് വരെ നല്‍കാം
പൊതുവിദ്യാലയ മികവുകള്‍ അവതരിപ്പിക്കുന്നതിനുള്ള ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പൊതുവിദ്യാലയങ്ങള്‍ക്ക് അവസരം. 2020 ജൂണ്‍ ഒന്ന് മുതലുള്ള സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാം. കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ എന്തൊക്കെ അക്കാദമിക ഭൗതിക പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് രേഖപ്പെടുത്തുകയാണ് ഹരിത വിദ്യാലയത്തിന്റെ ലക്ഷ്യം. പാഠ്യ- പാഠ്യേതര മേഖലകളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കൈറ്റ് വിക്‌റ്റേഴ്‌സ് വഴി ഡിസംബറിലാണ് സംപ്രേഷണം ഉണ്ടാവുക. ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് 20 ലക്ഷം രൂപ, രണ്ടാം സ്ഥാനം 15 ലക്ഷം, മൂന്നാം സ്ഥാനം 10 ലക്ഷം, അവസാന റൗണ്ടില്‍ എത്തുന്ന സ്‌കൂളുകള്‍ക്ക് രണ്ട് ലക്ഷം എന്നിങ്ങനെയാണ് സമ്മാനം. അപേക്ഷകള്‍ നവംബര്‍ നാലിനകം www.hv.kite.kerala.gov.in ല്‍ നല്‍കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
സര്‍വേ നിയമനം: കൂടിക്കാഴ്ച നവംബര്‍ എട്ട്, ഒമ്പത് തീയതികളില്‍
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജില്ലയില്‍ 103 സര്‍വേയര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്റെ കൂടിക്കാഴ്ച നവംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സെപ്റ്റംബര്‍ 18 ലെ എഴുത്തുപരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം നാല് വര്‍ഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ സര്‍വേ ചെയ്ത് കൃത്യമായ റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്നതിനാണ് താത്ക്കാലിക സര്‍വേയര്‍മാരെ നിയമിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് കത്ത് ലഭിക്കാത്തവര്‍ എംപ്ലോയ്‌മെന്റ് ഐഡി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, എഴുത്തുപരീക്ഷ ഹാള്‍ടിക്കറ്റ് എന്നിവ സഹിതം കലക്ടറേറ്റിലുള്ള സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം.