കെ.എസ്.ഇ.ബി മാധ്യമ അവാര്‍ഡ് വിതരണവും നോ ടു ഡ്രഗ്സ് പോസ്റ്റര്‍ പ്രകാശനവും ഇന്ന്
വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും
കെ.എസ്.ഇ.ബി മാധ്യമ അവാര്‍ഡ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്ന് (നവംബര്‍ ഒന്ന്) വിതരണം ചെയ്യും. ഹോട്ടല്‍ ഗസാലയില്‍ നടക്കുന്ന പുരസ്‌കാര വിതരണച്ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ‘നോ ടു ഡ്രഗ്സ് ‘കാമ്പെയ്നിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പോസ്റ്റര്‍ വൈദ്യുതി വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും. കെ.എസ്.ഇ.ബിയുടെ 65-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്റ്റാന്‍ഡ്അപ് കോമഡി മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് പരിപാടിയില്‍ വിതരണം ചെയ്യും.
ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച വാര്‍ത്ത/ ലേഖനത്തിനുള്ള കെ.എസ്.ഇ.ബി മാധ്യമ അവാര്‍ഡ് കേരള കൗമുദി റിപ്പോര്‍ട്ടറായ പി എച്ച് സനല്‍കുമാറിനും മികച്ച വാര്‍ത്താ ചിത്രത്തിനുള്ള അവാര്‍ഡ് മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫറായ ബി മുരളികൃഷ്ണനുമാണ്. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ജി പ്രസാദ് കുമാര്‍ അര്‍ഹനായി. ട്രൂകോപ്പി തിങ്ക് അസോസിയേറ്റ് എഡിറ്ററായ ടി എം ഹര്‍ഷനാണ് മികച്ച നവമാധ്യമ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ്. 25,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അധ്യക്ഷനും സംസ്ഥാന പബ്ലിക് റിലേഷന്‍സ് വിഭാഗം മുന്‍ അഡീഷണല്‍ ഡയറക്ടര്‍ കെ മനോജ് കുമാര്‍, ദി ഹിന്ദു ദിനപത്രത്തിന്റെ മുന്‍ സ്പെഷ്യല്‍ ഫോട്ടോഗ്രാഫര്‍ എസ്. ഗോപകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.
സ്റ്റാന്‍ഡപ് കോമഡി മത്സരത്തില്‍ പൊതു വിഭാഗത്തില്‍ മനേഷ് മണി(എറണാകുളം), സി. മണികണ്ഠന്‍ പിള്ള (തിരുവനന്തപുരം) , വി. മായ (എറണാകുളം), അനീഷ് കാട്ടുകട (ആലപ്പുഴ) എന്നിവരും ജീവനക്കാരുടെ വിഭാഗത്തില്‍ ബി. മുഹമ്മദ് സലിം, എസ്. വിനോദ്, കെ.കെ രാമചന്ദ്രന്‍ എന്നിവരും സമ്മാനാര്‍ഹരായി. പരിപാടിയില്‍ കെ.എസ്.ഇ.ബി.എല്‍ സ്വതന്ത്ര ഡയറക്ടര്‍ വി.മുരുഗദാസ്, വിതരണ വിഭാഗം ഉത്തരമേഖല ചീഫ് എന്‍ജിനീയര്‍ കെ.എസ് രജനി, വിതരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.കെ ബൈജു എന്നിവര്‍ പങ്കെടുക്കും.
മലയാളദിനാചരണം-ഭരണഭാഷാവാരാഘോഷം പരിപാടികള്‍ക്ക് ഇന്ന് തുടക്കം
ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലും
പാലക്കാട് രജിസ്ട്രേഷന്‍ വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ ഇന്ന് വിവിധ പരിപാടികളോടെ മലയാളദിനാചരണമാചരിക്കുന്നതോടൊപ്പം ഭരണഭാഷാ വാരാഘോഷങ്ങള്‍ക്കും തുടക്കമിടും. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ വൈകിട്ട് 3.30 ന് സാഹിത്യകാരന്‍ രാജേഷ് മേനോന്‍ നിര്‍വഹിക്കും. തുടര്‍ന്ന് അദ്ദേഹം ഭാഷ, സമൂഹം, സംസ്‌കാരം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് എല്ലാ വകുപ്പ് ജീവനക്കാര്‍ക്കും ബന്ധപ്പെട്ട വകുപ്പ് ഓഫീസ് തലവന്മാര്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലികൊടുക്കും.
നാളെ(നവംബര്‍ രണ്ട്) വൈകിട്ട് നാലിന് അഗളി സബ് രജിസ്ട്രാര്‍ ഓഫീസര്‍ സി. അശോകന്‍ പുസ്തക പരിചയം നടത്തും. നവംബര്‍ മൂന്നിന് വൈകിട്ട് 3.30 ന് ജില്ലാ രജിസ്ട്രാറുടെ (ജനറല്‍) നേതൃത്വത്തില്‍ ജില്ലയിലെ വകുപ്പ് ജീവനക്കാര്‍ക്ക് ഉപന്യാസ രചനാ മത്സരം നടത്തും. നവംബര്‍ നാലിന് ഓഫീസ് മേധാവികളുടെ സാന്നിധ്യത്തില്‍ ജില്ലയിലെ വകുപ്പ് ജീവനക്കാര്‍ക്ക് രജിസ്ട്രേഷന്‍ വകുപ്പില്‍ ഭാഷയുടെ പ്രാധാന്യം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കും. നവംബര്‍ അഞ്ചിന് രാവിലെ 11 ന് പൊതുജനങ്ങള്‍ക്കായി പോസ്റ്റര്‍ പ്രദര്‍ശനം, നവംബര്‍ ആറിന് വൈകിട്ട് മൂന്നിന് ജില്ലയിലെ വകുപ്പ് ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ കവിതാലാപനം, നവംബര്‍ ഏഴിന് വൈകിട്ട് മൂന്നിന് സമാപനത്തോടനുബന്ധിച്ച ഉത്തരമധ്യ മേഖലാ ഡി.ഐ.ജി ഒ.എ സതീഷ് അദ്ദേഹത്തിന്റെ പുസ്തക പരിചയവും സമാപന പരിപാടി ഉദ്ഘാടനവും നിര്‍വഹിക്കും. കൂടാതെ വരും ദിവസങ്ങളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ലക്കിടി കുഞ്ചന്‍ സ്മാരകം അവതരിപ്പിക്കുന്ന ഓട്ടന്‍തുളളല്‍, മേഴ്സി കോളെജ് വിദ്യാര്‍ത്ഥികളുടെ കവി വള്ളത്തോളിന്റെ എന്റെ ഗുരുനാഥന്‍ എന്ന കവിത ആസ്പദമാക്കി നൃത്താവിഷ്‌കാരം എന്നിവ നടക്കും.
ഇംഗ്ലീഷ് പദങ്ങളുടെ മലയാളം തര്‍ജ്ജമ പ്രദര്‍ശനം വ്യത്യസ്തമാവും
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി രജിസ്ട്രേഷന്‍ വകുപ്പില്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങളുടെ മലയാളം തര്‍ജ്ജമ ജീവനക്കാര്‍ കണ്ടെത്തി അവതരിപ്പിക്കുന്നതിന് പുറമെ നവംബര്‍ അഞ്ചിന് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നത് വേറിട്ട് നില്‍ക്കും.
എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വേ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും
എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വേ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 9.30 ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നിര്‍വഹിക്കും. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാകും. പാലക്കാട് ജില്ലാതല ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ അഡ്വ. കെ. പ്രേംകുമാര്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളും നൂതന സര്‍വേ ഉപകരണങ്ങളും ഉപയോഗിച്ച് ബഹുജന പങ്കാളിത്തത്തോടെ ‘എന്റെ ഭൂമി’ എന്ന പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലുമായാണ് ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുന്നത്. ഭൂവുടമകള്‍ക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകള്‍ ലഭിക്കുന്നതോടൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് പ്രയോജനപ്പെടുന്ന ഭൂമിയുടെ ആധികാരിക രേഖയാണ് ഡിജിറ്റല്‍ സര്‍വേയിലൂടെ ലഭ്യമാകുക. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.വി റജീന, തൃത്താല, നാഗലശ്ശേരി, തിരുമിറ്റക്കോട്, പട്ടിത്തറ, കപ്പൂര്‍, ആനക്കര, തച്ചനാട്ടുകര, കോട്ടോപ്പാടം, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ ജയ, വി.വി ബാലചന്ദ്രന്‍, ടി. സുഹറ, പി. ബാലന്‍, എ. ഷറഫുദ്ദീന്‍, കെ. മുഹമ്മദ്, കെ.പി മുഹമ്മദ് സലിം, അക്കര ജസീന, മുള്ളത്ത് ലത, പട്ടാമ്പി നഗരസഭ ചെയര്‍പേഴ്സണ്‍ ഒ. ലക്ഷ്മിക്കുട്ടി, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സി. ഇന്ദിര, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ ആശ എന്നിവര്‍ പങ്കെടുക്കും.
നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര
ജില്ലാ ബജറ്റ് ടൂറിസം സെല്ലിന്റെ നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര നവംബര്‍ 14, 15 തീയതികളില്‍ നടക്കും. ടിക്കറ്റുകള്‍ പരിമിതമാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 9947086128 ല്‍ വിളിക്കുകയും വാട്ട്സ്ആപ്പ് സന്ദേശം അയക്കുകയും ചെയ്യാം.
കര്‍ണാടക സംഗീത പദ്ധതിലുള്ള കൃതിയുടെ ആദ്യ രംഗാവതരണം ഇന്ന്
ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജിലെ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ കര്‍ണാടക സംഗീത പദ്ധതിയിലുള്ള കൃതിയുടെ ആദ്യ രംഗാവതരണ ഉദ്ഘാടനം ഇന്ന് (നവംബര്‍ ഒന്ന്) പാലക്കാട് മണി അയ്യര്‍ കണ്‍സര്‍വേറ്ററി ഹാളില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഷാഹുല്‍ ഹമീദ് നിര്‍വ്വഹിക്കും. വോക്കല്‍ ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഹമ്മദ് ഫിറോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. കോളെജ് പ്രിന്‍സിപ്പാള്‍ പൊഫ. ആര്‍. മനോജ് കുമാര്‍, ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആര്‍. സിമി, ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ സി.ഐ സുജിത്ത് കുമാര്‍, ലഹരി വിരുദ്ധ സമിതി കണ്‍വീനര്‍ ഡോ. കെ. അനീഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും.
കര്‍ണാടക സംഗീത പദ്ധതിലുള്ള കൃതിയുടെ ആദ്യ രംഗാവതരണം ഇന്ന്
ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജിലെ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ കര്‍ണാടക സംഗീത പദ്ധതിയിലുള്ള കൃതിയുടെ ആദ്യ രംഗാവതരണ ഉദ്ഘാടനം ഇന്ന് (നവംബര്‍ ഒന്ന്) പാലക്കാട് മണി അയ്യര്‍ കണ്‍സര്‍വേറ്ററി ഹാളില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഷാഹുല്‍ ഹമീദ് നിര്‍വ്വഹിക്കും. വോക്കല്‍ ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഹമ്മദ് ഫിറോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. കോളെജ് പ്രിന്‍സിപ്പാള്‍ പൊഫ. ആര്‍. മനോജ് കുമാര്‍, ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആര്‍. സിമി, ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ സി.ഐ സുജിത്ത് കുമാര്‍, ലഹരി വിരുദ്ധ സമിതി കണ്‍വീനര്‍ ഡോ. കെ. അനീഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
ഒറ്റപ്പാലം താലൂക്കിലെ ചളവറ വില്ലേജിലെ ജോലി ക്രമീകരണ വ്യവസ്ഥയില്‍ വാണിയംകുളം രണ്ട് വില്ലേജ് ഓഫീസില്‍ ജോലി ചെയ്ത് വന്നിരുന്നതുമായ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ജൈവകൃഷി വിഷയത്തില്‍ പരിശീലനം
പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ നവംബര്‍ മൂന്നിന് ‘ജൈവകൃഷി’ വിഷയത്തില്‍ പരിശീലനം നടത്തുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 6282937809, 0466 2912008, 0466 2212279 ല്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
പെരുമ്പിലാവ് നിലമ്പൂര്‍ റോഡില്‍ കൂറ്റനാട് മുതല്‍ ഞാങ്ങാട്ടിരി പെട്രോള്‍ പമ്പ് വരെയുള്ള ഭാഗത്ത് അറ്റകുറ്റ പ്രവര്‍ത്തികളുടെ ഭാഗമായി ഇന്ന്(നവംബര്‍ ഒന്ന്) മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. പട്ടാമ്പി ഭാഗത്ത് നിന്നും വരുന്ന ഭാരവാഹനങ്ങള്‍ വി.കെ കടവ്-ഞാങ്ങാട്ടിരി വഴി പോകേണ്ടതാണ്. കൂട്ടുപാത-ആറങ്ങോട്ടുകര വഴിയും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പോകാം. കൂറ്റനാട് ഭാഗത്ത് നിന്ന് പട്ടാമ്പിയിലേക്കും തിരിച്ചുമുള്ള ചെറിയ വാഹനങ്ങള്‍ക്ക് ഞാങ്ങാട്ടിരി മുക്കാരത്തിക്കാവ് ക്ഷേത്രത്തിന് സമീപത്തെ റോഡിലൂടെ വി.കെ കടവ് റോഡിലും എത്താം.
സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം
2014 മുതല്‍ 2017 വരെ സെമസ്റ്റര്‍ സമ്പ്രദായത്തിലും(എന്‍.സി.വി.ടി) 2018 മുതല്‍ 2021 വരെ വാര്‍ഷിക സമ്പ്രദായത്തിലും പ്രവേശനം നേടിയവര്‍ക്ക് നവംബര്‍ 25 ന് ആരംഭിക്കുന്ന സി.ബി.ടി സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, വാര്‍ഷിക സമ്പ്രദായത്തിലുള്ളവര്‍ക്ക് അവസാന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് പകര്‍പ്പ്, സെമസ്റ്റര്‍ സമ്പ്രദായത്തിലുള്ളവര്‍ക്ക് ഹാള്‍ ടിക്കറ്റ് ലഭ്യമല്ലെങ്കില്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് നവംബര്‍ 10 ന് വൈകിട്ട് മൂന്നിനകം ബന്ധപ്പെട്ട ഐ.ടി.ഐ പ്രിന്‍സിപ്പാളിന് നല്‍കണം. പരീക്ഷ ഫീസ് പേപ്പര്‍ ഒന്നിന് 163 രൂപയും രജിസ്ട്രേഷന്‍ ഫീസ് 50 രൂപയുമാണ്.
കെല്‍ട്രോണില്‍ പ്രഭാത /സയാഹ്ന ക്ലാസുകള്‍: പ്രവേശനം തുടങ്ങി
കെല്‍ട്രോണ്‍ പാലക്കാട് നോളജ് സെന്ററില്‍ ഡി.സി.എ (ആറ് മാസം, പ്ലസ് ടു), വേഡ് പ്രോസസ്സിങ് ആന്റ് ഡാറ്റാ എന്‍ട്രി (മൂന്ന് മാസം, എസ്.എസ്.എല്‍.സി), അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈന്‍ (മൂന്ന് മാസം, എസ്.എസ്.എല്‍.സി), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (മൂന്ന് മാസം, എസ്.എസ്.എല്‍.സി), മലയാളം വേഡ് പ്രോസസ്സിങ് (ഒരു മാസം, എസ്.എസ്.എല്‍.സി) കോഴ്‌സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു. പ്രഭാത/ സായാഹ്ന/ഒഴിവു ദിന ക്ലാസുകള്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കളുമായി മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍േ നോളജ് സെന്ററില്‍ നേരിട്ട് എത്തണം.