Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (2/11/2022)

തൊഴില്‍സഭ ജില്ലാതല പരിശീലനം ഇന്ന്

തൊഴില്‍സഭയുടെ ജില്ലയിലെ ആദ്യപരിശീലനം ഇന്ന് (നവംബര്‍ 3) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ജില്ലപഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. കിലയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം. ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമാണ് പരിശീലനം നടത്തുന്നത്. നാലുവര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടിയാണ് തൊഴില്‍ സഭകള്‍. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഓരോ പ്രദേശത്തും തൊഴില്‍ സഭകള്‍ സംഘടിപ്പിക്കുന്നത്. തൊഴില്‍ അന്വേഷകരെ കണ്ടെത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലൂടെ ജില്ലയില്‍ 1730 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഡുകളിലായി 424286 പേര്‍ തൊഴില്‍ അന്വേഷകരായി ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് ലക്ഷത്തിലേറെ വരുന്ന ഇത്രയും പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് തൊഴില്‍സഭകളിലൂടെ നടത്തുന്നത്. 250-300 പേര്‍ എന്ന തോതില്‍ പ്രാദേശിക തലത്തില്‍ തൊഴില്‍സഭകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. പ്രാദേശിക തലങ്ങളില്‍ തൊഴില്‍ സഭകള്‍ സംഘടിപ്പിക്കുന്നതിന് ഒട്ടേറെ പരിശീലനങ്ങള്‍ ആവശ്യമാണ്. ഏകദിന പരിശീലനത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരും പങ്കെടുക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി. വേലായുധന്‍ അറിയിച്ചു.

 

പരിശീലനം നവംബര്‍ നാലിന്

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആട് വളര്‍ത്തലില്‍ നവംബര്‍ നാലിന് രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ പരിശീലനം നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം. കൂടാതെ 0491-2815454, 9188522713 – ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

 

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഹരിതകര്‍മ്മ സേന ബ്ലോക്ക് സംഗമം ഏഴിന് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഹരിതകര്‍മ്മസേന ബ്ലോക്ക് സംഗമം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നവംബര്‍ ഏഴിന് രാവിലെ 11.30 ന് സഹകരണ – രജിസ്ട്രേഷന്‍ – സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ കെ.പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളുടെയും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ഘോഷയാത്ര, സെമിനാര്‍, മികച്ച ഹരിത കര്‍മ്മ സേനയെ ആദരിക്കല്‍, കലാപരിപാടികള്‍ എന്നിവ നടക്കും. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനശേഷി ഉയര്‍ത്തുക, തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക മുഖേന ആത്മവിശ്വാസം നിലനിര്‍ത്തുന്നതിനും അതിലൂടെ സ്ത്രീശക്തികരണം ലക്ഷ്യമിട്ടാണ് ബ്ലോക്ക് സംഗമം നടത്തുന്നത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.വരുണ്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 

ലേലം നവംബര്‍ ഏഴിന്

പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസില്‍ ഉപയോഗിച്ചിരുന്നതും നിലവില്‍ ഉപയോഗിക്കാത്തതുമായ കെ.എല്‍-01-ഇ-7554 മഹേന്ദ്ര ജീപ്പ് ജില്ലാ സപ്ലൈ ഓഫീസില്‍ നവംബര്‍ ഏഴിന് രാവിലെ 11.30ന് ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ വാഹനം വാങ്ങുവാന്‍ നിശ്ചയിച്ച വില രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ നിരതദ്രവ്യ തുകയായ 5000 രൂപയുടെ ജില്ലാ സപ്ലൈ ഓഫീസറുടെ പേരിലുള്ള ബാങ്ക് ഡ്രാഫ്റ്റ് സഹിതം ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 എന്നെഴുതി മുദ്ര കവറില്‍ വാഹനത്തിലെ നമ്പര്‍ രേഖപ്പെടുത്തി നവംബര്‍ മൂന്നിന് വൈകിട്ട് നാലിനകം ജില്ലാ സപ്ലൈ ഓഫീസില്‍ നല്‍കണം. നേരിട്ട് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല തീയതിയില്‍ രാവിലെ 11 നകം നിരതദ്രവ്യം ഡിമാന്‍ഡ്രാഫ്റ്റായി നല്‍കണം.

 

തിരുമിറ്റക്കോട് 1 വില്ലേജിലെ 60 സെന്റ് സ്ഥലം സര്‍ക്കാറിലേക്ക് കണ്ടുകെട്ടും

പട്ടാമ്പി താലൂക്കിലെ തിരുമിറ്റക്കോട് 1 വില്ലേജില്‍ ബി.ടി.ആര്‍ സര്‍വ്വെ നമ്പര്‍ 186/3 ല്‍ പെട്ട പുതിയറ മങ്ങാട്ടില്‍ കുട്ടികൃഷ്ണന്‍ നായരുടെ 0.2428 ഹെക്ടര്‍ (60 സെന്റ്) സ്ഥലം സര്‍ക്കാറിലേക്ക് കണ്ടുകെട്ടും. 60 സെന്റ് സ്ഥലത്തിന് ഭൂനികുതി അടക്കാത്തതും കൃഷ്ണന്‍കുട്ടി നായരെയോ അനന്തരാവകാശികളേയോ കണ്ടെത്താനാവാത്ത സാഹചര്യത്തിലും ഭൂമിയിന്മേല്‍ ഇത് വരെ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലാത്തതിനാലും അനന്തരാവകാശികളെ കുറിച്ച് പ്രദേശവാസികള്‍ കണ്ടും കേട്ടും അറിവില്ലാത്തതായും പട്ടാമ്പി തഹസില്‍ദാരുടെ പ്രാഥമിക അന്വേഷണത്തില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയറ മങ്ങാട്ടില്‍ കുട്ടികൃഷ്ണന്‍ നായരുടെ സ്വത്തുവകകള്‍ 1964ലെ കേരള അന്യം നിന്നതും നഷ്ടപ്പെട്ടതുമായ വസ്തുക്കള്‍ സംബന്ധിച്ച ആക്ട് അനുസരിച്ച് സര്‍ക്കാറിലേക്ക് കണ്ടുകെട്ടുന്നതിനും ആര്‍ക്കെങ്കിലും ആക്ഷേപമോ അവകാശവാദമോ ഉണ്ടെങ്കില്‍ ആറുമാസത്തിനകം ജില്ലാ കലക്ടര്‍ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കണം. അവധി കഴിഞ്ഞ് തപാല്‍ മാര്‍ഗ്ഗമുള്ള ആക്ഷേപം സ്വീകരിക്കുന്നതല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

ജില്ലാ ശിശുക്ഷേമ സമിതി മത്സരങ്ങള്‍ : സ്ഥലം മാറ്റി

ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ച് നവംബര്‍ ആറിന് പി.എം.ജി.എച്ച്.എസ്.എസില്‍ നടത്താനിരുന്ന കലാസാഹിത്യമത്സരങ്ങള്‍ കൊടുവായൂര്‍ അങ്കണവാടി ട്രെയിനിങ്ങ് സെന്ററിലേക്ക് (വടക്കും പാടം റോഡ്, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപം,കൊടുവായൂര്‍) മാറ്റിയതായി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു. സ്‌കൂളില്‍ പി.എസ്.സി പരീക്ഷ നടക്കുന്നതിനാലാണ് പരിപാടി മാറ്റിയത്.

 

സമ്മതിദാന വിനിയോഗത്തിന് സ്ഥാപന മേധാവികള്‍ അനുമതി നല്‍കണം

ജില്ലയില്‍ നവംബര്‍ ഒന്‍പതിന് നടക്കാനിരിക്കുന്ന ജി.51 കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 പാലത്തറ, ജി-41 പുതൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് കുളപ്പടി എന്നീ നിയോജകമണ്ഡലങ്ങളിലേക്കുള്ള തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രസ്തുത വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടര്‍ ആണെന്ന് തെളിയിക്കുന്ന വോട്ടര്‍ രേഖ സഹിതം വോട്ട് ചെയ്യുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിനുള്ള അനുമതി ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

 

തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് : നവംബര്‍ 15 വരെ അപേക്ഷിക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിന് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. എട്ടാംക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവ ചെയ്യുന്നവര്‍ക്കാണ് അവസരം. എട്ട്, ഒമ്പത്,10 ക്ലാസുകളില്‍ ഒഴികെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ യോഗ്യത പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്കൊ തത്തുല്യഗ്രേഡൊ കരസ്ഥമാക്കിയിരിക്കണം. അപേക്ഷ ഫോറം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിലും www.kmtwwfb.org ലും ലഭിക്കും. ഫോണ്‍: 0491-2547437.

 

സീറ്റൊഴിവ്

കുഴല്‍മന്ദം ഐ.എച്ച്.ആര്‍.ഡി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാംവര്‍ഷ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളില്‍ സീറ്റൊഴിവ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2022 ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ യോഗ്യതയുള്ളവര്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ അഞ്ചിന് നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922285577

 

ഭരണഭാഷാ വാരാഘോഷം : പുസ്തക പരിചയം നടത്തി

പാലക്കാട് രജിസ്‌ട്രേഷന്‍ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ഭരണഭാഷാ വാരാഘോഷങ്ങളുടെ രണ്ടാ ദിനത്തിലെ പുസ്തക പരിചയപ്പെടുത്തലിന്റെ ഉദ്ഘാടനം ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) ടി.ജോണ്‍സണ്‍ നിര്‍വഹിച്ചു. അഗളി സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ അശോകന്‍ സി. രാജീവം രചിച്ച നാടക സമാഹാരമായ ദേശപ്പെരുമ, കഥാസമാഹാരങ്ങളായ മഞ്ഞുരാകാത്ത പകല്‍, മിഴിയോര്‍ത്തിരുന്നിട്ടും എന്നീ പുസ്തങ്ങളുടെ അവതരണമാണ് നടന്നത്.

കഥക്കുള്ളിലെ കഥയാണ് പുസ്തക പരിചയമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പാലക്കാടന്‍ ഗ്രാമശൈലിയിലൂടെ അനുഭവങ്ങള്‍ കൂടിയാണ് പുസ്തക രചനക്ക് പ്രചോദനമായത്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും പുസ്തക രചന തുടരുമെന്നും ഇതിനോടകം 100-ഓളം രചനകള്‍ പൂര്‍ത്തിയാക്കിയെന്നും വായനയും നാടന്‍ ഭാഷാപ്രയോഗങ്ങളുമാണ് രചനകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അശോകന്‍ സി. രാജീവം പറഞ്ഞു.

ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ ചിട്ടി ഇന്‍സ്‌പെക്ടര്‍ പി.കെ കൃഷ്ണവേണി അധ്യക്ഷത വഹിച്ചു. ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് എം.കെ സജീഷ്, ജില്ലാ രജിസ്ട്രാര്‍ എ. ഇന്ദുലേഖ, ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എസ്. സൗമ്യ, ജില്ലാ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പി.ചെന്താമരാക്ഷന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!