നിയമബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന നിയമ സേവന അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നിയമം അനുസരിക്കുന്ന പുതുതലമുറയെ വാര്‍ത്തെടുക്കുക. ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന നിയമങ്ങള്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഉണ്ടാകുന്ന അക്രമങ്ങള്‍, കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗംമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, ഇത്തരം സംഭവങ്ങളില്‍ ജനങ്ങള്‍ സ്വീകരിക്കണ്ടേ നിയമവശങ്ങള്‍, സുരക്ഷാ നടപടികള്‍, നിയമ സഹായം എന്നിവയെ കുറിച്ച് അഡ്വ. വി.എ റസാഖ് വിശദീകരിച്ചു. അടിസ്ഥാനപരമായ നിയമവശങ്ങളുടെ അവബോധം ജനങ്ങള്‍ക്ക് നല്‍കുകയാണ് ബോധവത്കരണ ക്ലാസിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സാധാരണക്കാരിലേക്ക് നിയമമെത്തിക്കുക എന്നതാണ് സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ ലക്ഷ്യം. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.എ ബാലസുബ്രഹ്മണ്യന് അധ്യക്ഷനായി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. രമ മുരളി, പഞ്ചായത്തംഗങ്ങളായ പി.സി സുധ, ടി. ഷീല, സി.സി രമേഷ് എന്നിവര്‍ സംസാരിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളുടെ ഫുട്ബോള്‍ മത്സരം: തച്ചനാട്ടുകരക്ക് കിരീടം
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ വനിതകള്‍ക്കായി സംഘടിപ്പിച്ച ഫുട്ബാള്‍ മത്സരത്തില്‍ തച്ചനാട്ടുകരക്ക് കിരീടം. ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കുമരംപുത്തൂരിനെ പരാജയപ്പെടുത്തിയാണ് തച്ചനാട്ടുകര ജേതാക്കളായത്. ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ സ്ത്രീകളായ തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റ്മാര്‍ എന്നിവരാണ് മത്സരിച്ചത്. വിന്നേഴ്സിന് മേരി ഐസക് മെമ്മോറിയല്‍ ട്രോഫിയും റണ്ണേഴ്സ് കാഞ്ഞിരപ്പുഴ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുമാണ് ട്രോഫികള്‍ സ്പോണ്സര് ചെയ്തത്. മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷ്റ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് അധ്യക്ഷനായി.
വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് ട്രോഫികള്‍ വിതരണം ചെയ്തു. ക്ഷേമകാര്യ ചെയര്മാന് മുസ്തഫ വാറോടന്, തെങ്കര, കുമരംപുത്തൂര്‍, തച്ചനാട്ടുകര, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൗക്കത്ത്, കെ.കെ ലക്ഷ്മിക്കുട്ടി, കെ.പി.എം സലീം, ജസീന അക്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബഷീര്‍ തെക്കന്‍, അബ്ദുല്‍ സലീം, തങ്കം മഞ്ചാടിക്കല്‍, ആയിഷ ബാനു, ജനപ്രതിനിധികളായ അനിതാ വിത്തനോട്ടില്‍, ടിന്റു, ബീന, മുഹമ്മദലി, തൊഴിലുറപ്പ് പദ്ധതി മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജയനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിജയാഘോഷം ഇന്ന്
സംസ്ഥാന ശാസ്ത്രോത്സവത്തില്‍ പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയതിന്റെ വിജയാഘോഷം ഇന്ന് (നവംബര്‍ 18) വൈകീട്ട് മൂന്നിന് പാലക്കാട് ജി.എം.എം.ജി.എച്ച്.എസ്.എസില്‍ നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
ശാസ്ത്രീയ പശു പരിപാലന പരിശീലനം 21 മുതല്‍
ആലത്തൂര്‍ വാനൂരിലുള്ള ഗവ ക്ഷീര പരിശീലനകേന്ദ്രത്തില്‍ നവംബര്‍ 21 മുതല്‍ 26 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്കായി ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. 20 രൂപയാണ് പ്രവേശനഫീസ്. കര്‍ഷകര്‍ക്ക് ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡുകള്‍-ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് സഹിതം പരിശീലനത്തില്‍ പങ്കെടുക്കാം.
താത്പര്യമുള്ളവര്‍ ഇന്ന് (നവംബര്‍ 18) വൈകീട്ട് അഞ്ചിനകം [email protected] ലോ 04922-226040, 9446972314 ലോ രജിസ്റ്റര്‍ ചെയ്യാമെന്ന് പരിശീലനകേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പാലക്കാട് ബ്ലോക്ക് തല ഹരിതകര്‍മ്മ സേന സംഗമം നടന്നു
പാലക്കാട് ബ്ലോക്ക് തല ഹരിതകര്‍മ്മ സേന സംഗമം നടന്നു. പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലെയും മികച്ച ഹരിതകര്‍മ്മ സേനകളിലെ സേനാംഗങ്ങളെ ട്രോഫി നല്കി ആദരിച്ചു. സംഗമത്തില്‍ മികച്ച ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ അവതരണവും ഗ്രൂപ്പ് ചര്‍ച്ചയും നടന്നു. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, മാലിന്യ ശേഖരണ രീതികള്‍, മാലിന്യ സംസ്കരണം മെച്ചപ്പെടുത്താനാവശ്യമായ പരിശീലനം എന്നിവ ചര്‍ച്ച ചെയ്തു.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന് അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആര് സുഷമ, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, കേരളശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍, മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത, മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോകുല്‍ദാസ്, പ്രിയ, തങ്കമണി, നന്ദിനി, നസീമ, ബ്ലോക്ക് സെക്രട്ടറി ബി. ശ്രുതി, നവകേരളം കോര്‍ഡിനേറ്റര്‍ സൈതലവി, ഷെരിഫ്, ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
ആലത്തൂര്‍ താലൂക്ക് തല നിക്ഷേപക സംഗമം സംഘടിപ്പിച്ചു
കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുമായി സഹകരിച്ച് ആലത്തൂര്‍ താലൂക്ക് തല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. ആലത്തൂര്‍ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഹാളില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.സി.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് റാഫി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി ക്രമങ്ങളെ കുറിച്ച് ക്ലാസെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥന് കെ.വി സിദ്ധാര്ത്ഥന് കെ-സ്വിഫ്റ്റ് സംബന്ധിച്ചും ആലത്തൂര്‍ താലൂക്ക് എ.ഡി.ഐ.ഒ കെ.പി വരുണ്‍ വ്യവസായ വകുപ്പിന്റെ വിവിധ സ്കീമുകളെ സംബന്ധിച്ചും ക്ലാസെടുത്തു. തുടര്‍ന്ന് എല്‍.ഡി.എം ശ്രീനാഥ് സംരംഭകരുമായി സംവദിച്ചു.
നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത സംരംഭകരില്‍ നിന്ന് ഈ സംരംഭക വര്‍ഷം ആലത്തൂര്‍ താലൂക്കില്‍ 7.63 കോടി രൂപയുടെ നിക്ഷേപ സാധ്യത കാണുന്നതായി യോഗം വിലയിരുത്തി. സ്വയംതൊഴില്‍ സംരംഭങ്ങള്‍ മികച്ച രീതിയില്‍ വിജയകരമായി നടപ്പിലാക്കുന്നതും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംരംഭങ്ങള്‍ക്കായി നല്കുന്ന വിവിധ ധനസഹായ പദ്ധതികള്‍, സേവനങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയും ക്ലാസില്‍ ഉള്‍പ്പെടുത്തി. വ്യവസായ സംരംഭം ആരംഭിക്കല്‍, തുടര്‍ നടത്തിപ്പിന് ആവശ്യമായ ലൈസന്‍സ്, ക്ലിയറന്‍സ് എന്നിവ സംബന്ധിച്ച വിവരങ്ങളും സംരംഭകരെ പരിചയപ്പെടുത്തി.
ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷയായി. ആലത്തൂര്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ.പി വരുണ്‍, പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍സ്, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍. കുമാരി, ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് വി. പ്രഭാകരന്, ആലത്തൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എ. സബാന എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ ആലത്തൂര്‍ താലൂക്കിന് കീഴിലെ 83 സംരംഭകര്‍, താലൂക്കിലെ ഐ.ഇ.ഒമാര്‍, വ്യവസായ വകുപ്പ് ഇന്റേണ്‍സ്, റിസോഴ്സ് പേഴ്സണ്‍മാര്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
തത്തമംഗലം-നാട്ടുകല്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഇന്ന് മുതല്‍
തത്തമംഗലം-നാട്ടുകല്‍ പൊതുമരാമത്ത് വകുപ്പ് റോഡില്‍ പാലത്തിന് സമീപം കലുങ്കിന്റെയും അരികുഭിത്തിയുടെയും നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (നവംബര്‍-18) മുതല്‍ ഇതുവഴിയുള്ള ലോറി ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുമെന്ന് കൊഴിഞ്ഞാമ്പാറ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഒരു വശത്തുകൂടി മാത്രമേ വാഹനഗതാഗതം അനുവദിക്കു. ചിറ്റൂരില്‍ നിന്ന് കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ചിറ്റൂര്‍-വണ്ണാമട റോഡ് വഴിയും നല്ലേപ്പിള്ളി അഞ്ചാം മൈല്‍ റോഡ് വഴിയും പോകാവുന്നതാണെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
മിനിമം വേതന ഉപസമിതി: തെളിവെടുപ്പ് യോഗം ഇന്ന്
കാര്‍ഷിക മേഖലയിലെയും അനുബന്ധ മേഖലകളായ ഡയറി ഫാമുകള്‍, നഴ്സറികള്‍, കശുവണ്ടി തോട്ടങ്ങള്‍ എന്നിവയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ 21 ന് രാവിലെ 11 ന് തൃശ്ശൂര്‍ ഗവ ഗസ്റ്റ് ഹൗസ് (രാമനിലയം) കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പാദരക്ഷ നിര്‍മ്മാണ മേഖലയിലെ മിനിമം വേതന ഉപസമിതി തെളിവെടുപ്പ് യോഗം അന്നേദിവസം ഉച്ചയ്ക്ക് 12 നും നടക്കും. ഈ മേഖലകളിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505584.
ചെമ്പൈ മ്യൂസിക് ഫെസ്റ്റ് ഇന്ന്
ഗുരുവായൂര്‍ സംഗീതോത്സവത്തിലേക്ക് ആനയിക്കപ്പെടുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ തംബുരു ചെമ്പൈ ഗവ സംഗീത കോളെജില്‍ സ്വീകരിച്ച് ആദരിക്കുന്നതിന്റെ ഭാഗമായി ഇന്ന് (നവംബര്‍ 18) ചെമ്പൈ മ്യൂസിക് ഫെസ്റ്റ് 2022 എന്ന പേരില്‍ സംഗീതവിരുന്ന് സംഘടിപ്പിക്കുന്നു. കോളെജ് അങ്കണത്തില്‍ നടക്കുന്ന പരിപാടി രാവിലെ 9.30 ന് പ്രിന്‍സിപ്പാള്‍ പ്രൊഫ. ആര്. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 10 ന് തുംബുരു വന്ദനം, കോളെജ് സംഗീത വിഭാഗം അവതരിപ്പിക്കുന്ന പരിപാവനം, 11 ന് കോളെജ് ഉപകരണ സംഗീത വിഭാഗം അവതരിപ്പിക്കുന്ന വൃന്ദവാദ്യം, 11.30 മുതല്‍ വൈകീട്ട് നാല് വരെ സംഗീതാരാധന, ആറിന് സംഗീതജ്ഞന് ഡോ. ശ്രീവത്സന്‍ ജെ. മേനോന് സംഘവും അവതരിപ്പിക്കുന്ന സംഗീതകച്ചേരി എന്നിവ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ജില്ലാതല കേരളോത്സവം: സംഘാടക സമിതി യോഗം ഇന്ന്
ജില്ലാതല കേരളോത്സവവുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം ഇന്ന് (നവംബര്‍ 18) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അറിയിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് തലം മുതല്‍ സംസ്ഥാനതലം വരെയാണ് കേരളോത്സവം നടത്തുന്നത്. ഫോണ്‍: 9447096757, 8281040019.
ഹൈടെക് പഠനമുറി ഉദ്ഘാടനം ചെയ്തു
എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഹൈടെക് പഠനമുറിയുടെ ഉദ്ഘാടനം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ ഫണ്ട് വിനിയോഗിച്ചാണ് പഠനമുറിയുടെ പണി പൂര്‍ത്തികരിച്ചത്. കോളനിയിലെ യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി പ്രയോജനപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജെ.മഹേഷ്, പഞ്ചായത്തംഗം പി.ശശിധരന്,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ നവംബര്‍ 30 നകം www.egrantz.kerala.gov.in ല്‍ മുഖേനെ അയക്കണം. വിജ്ഞാപനവും മാര്‍ഗനിര്‍ദ്ദേശങ്ങളും ഇ-ഗ്രാന്റ്സ് പോര്‍ട്ടലിലും www.bcdd.kerala.gov.in ലും ലഭ്യമാണെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
സെലക്ട് കമ്മിറ്റി തെളിവെടുപ്പ് യോഗം 24 ന്
മൃഗസംരക്ഷണ-മ്യൂസിയം വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായ 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വില്പനയും നിയന്ത്രിക്കല്‍) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി നവംബര്‍ 24 ന് രാവിലെ 11 ന് പാലക്കാട് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് യോഗം നടത്തുന്നു. യോഗത്തില്‍ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികള്‍, ക്ഷീരകര്‍ഷകര്‍, കര്‍ഷക സംഘടനകള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും പ്രസ്തുത ബില്ലിലെ വ്യവസ്ഥകളിലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും.
2022 ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും, വില്പനയും നിയന്ത്രിക്കല്‍) ബില്ലും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org ലെ ഹോംപേജില്‍ ലഭ്യമാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും യോഗത്തില്‍ നേരിട്ടോ രേഖാമൂലമോ നല്‍കാം. കൂടാതെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അണ്ടര്‍ സെക്രട്ടറി, നിയമനിര്‍മ്മാണ വിഭാഗം, കേരള നിയമസഭാ സെക്രട്ടറിയേറ്റ്, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം-33 ലോ legislation@niyamasabha. nic.in ലോ നിയമസഭാ സെക്രട്ടറിക്ക് രേഖാമൂലം നല്‍കാവുന്നതാണ്.
ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി ഹിയറിങ് മാറ്റിവെച്ചു
നവംബര്‍ 22 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി ഹിയറിങ് മാറ്റിവെച്ചതായി ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി സെക്രട്ടറി ആന്‍ഡ് കലക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. ഫോണ്‍: 0491 2505309.
ഏകദിന കരിയര്‍ ഗൈഡന്‍സ് ശില്പശാല നാളെ
ദിശ-പേവിങ് ദ റൈറ്റ് ഡയറക്ഷന്‍ അസാപ്പിന്റെയും ഇസാഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മേഖലകളിലെ യുവജനങ്ങള്‍ക്കായി അസാപ്പിന്റെ നൂതന നൈപുണ്യ പരിശീലന കേന്ദ്രമായ ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നാളെ (നവംബര്‍ 19) ഏകദിന കരിയര്‍ ഗൈഡന്‍സ് ശില്പശാല നടത്തുന്നു. രാവിലെ 10 ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ തൃത്താല ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. കരിയര്‍ ഗൈഡന്‍സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 19 ന് രാവിലെ ഒമ്പതിന് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ചാത്തന്നൂരിലെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495999730, 7907802490.
മണക്കടവ് വിയറില്‍ 2551.00 ദശലക്ഷം ഘനയടി ജലം ലഭിച്ചു
മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 നവംബര്‍ 16 വരെ 2551.00 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 4699.00 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍-112.30 (274), തമിഴ്നാട് ഷോളയാര്‍-5417.67 (5392), കേരളാ ഷോളയാര്‍-5140.80 (5420), പറമ്പിക്കുളം 11,325.67 (17,820), തുണക്കടവ്-479.41 (557), പെരുവാരിപ്പള്ളം-518.72 (620), തിരുമൂര്‍ത്തി-1602.78 (1935), ആളിയാര്‍-3790.82 (3864).
നിയുക്തി 2022: മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന്
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസും(കേരളം) ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി ഡിസംബര്‍ മൂന്നിന് രാവിലെ ഒന്‍പതിന് മേഴ്സി കോളെജില്‍ നിയുക്തി 2022 മെഗാ ജോബ് ഫെസ്റ്റ് നടത്തുന്നു. തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. 75-ല്‍ പരം പ്രമുഖ സ്ഥാപനങ്ങളിലായി മൂവായിരത്തിലധികം ഒഴിവുകളാണുള്ളത്. രജിസ്ട്രേഷന് സൗജന്യമാണ്. www.jobfest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം.
ലഹരിക്കെതിരെ ഗോള്‍ അടിച്ച് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ‘വണ്‍ മില്യണ്‍ ഗോള്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
സംസ്ഥാനത്തൊട്ടാകെ നവംബര്‍ 11 ന്് ആരംഭിച്ച് 21 വരെ തുടരുന്ന വണ്‍ മില്യണ്‍ ഗോള്‍ ക്യംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗോള്‍ പോസ്റ്റില്‍ ആദ്യ ഗോള്‍ അടിച്ച് കൊണ്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ 72 കേന്ദ്രങ്ങളില്‍ ഓരോന്നിലും വിശിഷ്ട വ്യക്തികള്‍ ,ജനപ്രതിനിധികള്‍ ,വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട പൊതുജനസമൂഹം ഓരോരുത്തരായി 1000 ഗോള്‍ വീതം ഈ ഒരു ദിവസം സ്കോര്‍ ചെയ്യും. പരിപാടിയുടെ ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എ. ഉല്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത് മുഖ്യാതിഥിയായി. ക്യാമ്പയിന് ബ്രാന്‍ഡ് അംബാസിഡറായ സന്തോഷ് ട്രോഫി താരം അബ്ദുല്‍ ഹക്കീം, ബി.ഇ.എം സ്കൂള്‍ പ്രിന്‍സിപ്പാള്‍ തോമസ് ടി. കുരുവിള, ഹെഡ്മിസ്ട്രസ് ജൂലിയ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.കെ ഹെന്‍ട്രി, കെ.പി ജയപ്രകാശ്, ജബ്ബാറാലി, ഏലിയാമ്മ എന്നിവര്‍ പങ്കെടുത്തു.
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ 10 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ കായിക യുവജന വകുപ്പും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ കൗണ്‍സിലുകളും മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് വണ്‍ മില്യന്‍ ഗോള്‍ ക്യാമ്പയിന്. ക്യാമ്പയിനിലൂടെ മൊത്തം 10 ലക്ഷം ഗോളുകള്‍ എന്നതാണ് സംസ്ഥാനത്തൊട്ടാകെ ലക്ഷ്യമിടുന്നത്.
തരൂരില്‍ സോക്കര്‍ കാര്‍ണിവല്‍ ഇന്ന്
ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗമായി പി.പി സുമോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തരൂര്‍ മണ്ഡലത്തിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ഇന്ന് (നവംബര്‍ 19) സോക്കര്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു.കാര്‍ണിവലില്‍ ഉച്ചക്ക് 2.30 ന് പെരിങ്ങോട്ടുകുറിശ്ശി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരം നടക്കും. ഉച്ചക്ക് 2.40 ന് കോട്ടായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ക്രോസ് ബോള്‍, വൈകിട്ട് 3.15 ന് കുത്തനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പെനാല്‍റ്റി, വൈകിട്ട് 4.10 ന് കെ.സി.പി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഷൂട്ടൗട്ട്, വൈകിട്ട് 4.50 ന് തരൂര്‍ പള്ളി ഗ്രൗണ്ടില്‍ ഷൂട്ടൗട്ട്, വൈകിട്ട് 5.30 ന് പുതുക്കോട് എസ്.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹെഡ് ബോള്‍, വൈകിട്ട് 6.05 ന് വടക്കഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ ജഗ്ലിങ്, വൈകിട്ട് 6.40 ന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ ജനപ്രതിനിധികളുടെ ഫുട്ബോള്‍ മത്സരം എന്നിവ നടക്കും. കാര്‍ണിവല്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ ജനപ്രതിനിധികളുടെ ഫുട്ബോള്‍ മത്സരത്തില്‍ പി.പി സുമോദ് എം.എല്‍.എയും സംഘവും അര്‍ജന്റീന ടീമിനെ അനുകൂലിച്ചും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസും സംഘവും ബ്രസീല്‍ ടീമിനെ അനുകൂലിച്ചും മത്സരിക്കുന്നതോടെ കാര്‍ണിവലിന് സമാപനമാകും. സോക്കര്‍ കാര്‍ണിവല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബൈക്ക് റാലിയില്‍ അതത് കേന്ദ്രങ്ങളിലെ വിവിധ ക്ലബ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍ പങ്കെടുക്കും.
ഭിന്നശേഷി ദിനാചരണം: കൂടിയാലോചന യോഗം ഇന്ന്
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഭിന്നശേഷി ദനാചരണ പരിപാടികള്‍ സംബന്ധിച്ച കൂടിയാലോചന യോഗം ഇന്ന് (നവംബര്‍ 19) വൈകീട്ട് മൂന്നിന് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.