Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (20/11/2022)

തളികക്കല്ല് ഊരില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിവിധ പ്രവര്‍ത്തനങ്ങളുടെഉദ്ഘാടനം നാളെ: മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും

സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 2020 – 21 വര്‍ഷത്തെ വാര്‍ഷിക ഫണ്ടില്‍ ഉള്‍പ്പെടുത്തി വണ്ടാഴി ഗ്രാമപഞ്ചായത്ത് തളികക്കല്ല് ഊരില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡ്, പാലം, വീടുകള്‍ എന്നിവയുടെ ഉദ്ഘാടനം നാളെ (നവംബര്‍ 21) രാവിലെ 10 ന് തളികക്കല്ല് കമ്മ്യൂണിറ്റി ഹാളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കവിഭാഗ ക്ഷേമ-ദേവസ്വം- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയാകും. പരിപാടിയില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. ചന്ദ്രന്‍, വണ്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശശികല, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച്. സെയ്താലി, വണ്ടാഴി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ശശികുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബിത മുരളീധരന്‍, ആരോഗ്യം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഇബ്രാഹിം, വണ്ടാഴി ഗ്രാമപഞ്ചായത്ത് അംഗം ബീന ഷാജി, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പട്ടിക വികസന വകുപ്പ് ഡയറക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പി അനീഷ്, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ കെ.എ സാദിക്കലി, ജില്ലാ നിര്‍മ്മിതി കേന്ദ്രം സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍ എസ്. ബിന്ദു, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ എം. ഗിരീഷ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

 

തെരെഞ്ഞെടുപ്പ്: നവംബര്‍ 27 ന് ഡ്രൈ ഡേ പ്രഖ്യാപിച്ചു

നല്ലേപ്പിള്ളി സര്‍വ്വീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത്, ചിറ്റൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നവംബര്‍ 27 ന് ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

 

ജില്ലാ വികസന സമിതി യോഗം 26 ന്

ജില്ലാ വികസന സമിതി യോഗം നവംബര്‍ 26 ന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം.

 

ലോക മണ്ണ് ദിനാചരണം : ചിത്രരചനാ- പ്രശ്നോത്തരി മത്സരം 26 ന്

ജില്ലാ മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിന് മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍-യു.പി തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ-പ്രശ്നോത്തരി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പാലക്കാട് ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ 26 ന് രാവിലെ 10 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗകാര്‍ക്ക് കാര്‍ഷിക പ്രശ്നോത്തരിയും യു.പി വിഭാഗകാര്‍ക്ക് ചിത്രരചനാ (ജലഛായം) മത്സരങ്ങളുമാണ് നടക്കുന്നത്. ചിത്രരചനക്ക് ഒരു സ്‌കൂളില്‍ നിന്ന് രണ്ട് പേര്‍ക്കും പ്രശ്നോത്തരിക്ക് രണ്ട് പേരടങ്ങുന്ന ഒരു ടീമിനും പങ്കെടുക്കാം. ജലഛായം വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരണം. വരയ്ക്കാനുള്ള പേപ്പര്‍ നല്‍കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ ഐ.ഡി കാര്‍ഡ്, സ്‌കൂളില്‍ നിന്നുള്ള സമ്മതപത്രം എന്നിവ കൊണ്ടുവരണം. താത്പര്യമുള്ളവര്‍ നവംബര്‍ 24 ന് വൈകിട്ട് അഞ്ച് വരെ [email protected] ലോ 0491-2505455 നമ്പറിലോ രജിസ്റ്റര്‍ ചെയ്യണം.

 

ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റസ് ടെക്നോളജിയില്‍ സ്പോട്ട് അഡ്മിഷന്‍

മണ്ണാര്‍ക്കാട്, ചാത്തന്നൂര്‍ ജി.ഐ.എഫ്.ഡി സെന്ററുകളില്‍ ഒഴിവുള്ള ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റസ് ടെക്നോളജി കോഴ്സുകളിലേക്ക് നവംബര്‍ 23 ന് ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. കോഴ്‌സിന് അപേക്ഷിച്ചിട്ടുള്ളവര്‍ സര്‍ട്ടിഫിക്കറ്റും ഫീസുമായി സ്‌പോട്ട് അഡ്മിഷന് എത്തണം. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11 നകം നേരിട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466-2222197, 9747951979, 8848735903.

 

അടക്ക ലേലം ചെയ്യും

സംസ്ഥാന ചരക്ക് സേവന നികുതി നിയമം 2017 വകുപ്പ് 130 പ്രകാരം ജില്ല ചരക്ക് സേവന നികുതി വകുപ്പ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതും വാളയാര്‍ ക്യാമ്പ് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള 24375 കിലോ ഗ്രാം തൂക്കം വരുന്ന അടക്ക നവംബര്‍ 21 ന് രാവിലെ 11 ന് പാലക്കാട് ചരക്ക് സേവന നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ ( ഇന്റലിജന്‍സ്) ന്റെ ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം 50,000 രൂപ നിരതദ്രവ്യം കെട്ടിവക്കണം. ടെന്‍ഡറുകള്‍ വെള്ളക്കടലാസില്‍ എഴുതി മുദ്ര വച്ച കവറില്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പാലക്കാട് ജില്ലാ സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ സ്‌ക്വാഡ് 6 ന് നവംബര്‍ 20 ന് വൈകീട്ട് 3 നകം നല്‍കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ പാലക്കാട് അറിയിച്ചു. ഫോണ്‍ : 9447786390

 

ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം 24 ന്

ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം നവംബര്‍ 24 ന് ഉച്ചയ്ക്ക് 12 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. ജില്ലാ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പാലക്കാട് അറിയിച്ചു.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം കൂടിക്കാഴ്ച 23 ന്

മലമ്പുഴ വനിത ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമന കൂടിക്കാഴ്ച നടത്തുന്നു. നവംബര്‍ 23 ന് രാവിലെ 11 ന് മലമ്പുഴ വനിതാ ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0491-2815181

 

സിവില്‍ ഡെത്ത്: നാടകം പ്രദര്‍ശനം 26 ന്

വിജിലന്‍സ് ആന്‍ഡ് ആന്റ്റി കറപ്ഷന്‍ ബ്യൂറോയുടെ ബോധവത്ക്കരണ വാരാചരണ പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി ചിറ്റൂര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നവംബര്‍ 26 ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ‘ സിവില്‍ ഡെത്ത് ‘ എന്ന നാടകം പ്രദര്‍ശിപ്പിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ചിറ്റൂര്‍ തത്തമംഗലം മുന്‍സിപ്പാലിറ്റി പരിധിയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.

 

തേനീച്ച വളര്‍ത്തല്‍ പരിശീലനം

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ ഡിസംബര്‍ 7, 8, 9, തിയ്യതികളില്‍ തേനീച്ച വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. സംരംഭകര്‍ക്ക് സബ്‌സിഡിയോടെ തേനീച്ചയും പെട്ടികളും വിതരണം ചെയ്യും. താത്പര്യമുള്ളവര്‍ നവംബര്‍ 30 നകം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 – 2534392

 

വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് അപേക്ഷിക്കാം

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 2022 – 2023 സാമ്പത്തിക വര്‍ഷത്തിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാരായ കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങള്‍ക്കുളള ധനസഹായത്തിന് അപേക്ഷിക്കാം. അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളെയാണ് പരിഗണിക്കുക. ജാതി സര്‍ട്ടിഫിക്കറ്റ്, ഏത് ഉപകരണങ്ങളാണ് ആവശ്യം എന്നത് സംബന്ധിച്ച വിവരങ്ങള്‍ രേഖകള്‍ സഹിതം ബന്ധപ്പെട്ട പഞ്ചായത്തില്‍ നവംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 8547630126

 

പ്രെഡിക്ട് സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം ഇന്ന്

മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും

തദ്ദേശസ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ തൃത്താല മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രെഡിക്ട് ജനകീയ സ്‌കോളര്‍ഷിപ്പിന്റെ ആദ്യഘട്ട വിതരണോദ്ഘാടനം ഇന്ന് (നവംബര്‍ 20) രാവിലെ 10 ന് കുമരനെല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. പരിപാടിയില്‍ ശ്രീധന്യ സുരേഷ് ഐ.എ.എസ്, ഡി ധര്‍മ്മലശ്രീ ഐ.എ.എസ് എന്നിവര്‍ മുഖ്യാതിഥികളാവും. തൃത്താല മണ്ഡലത്തില്‍ സ്ഥിരതാമസക്കാരായ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരും സാമ്പത്തിക പിന്തുണ അര്‍ഹിക്കുന്നവരുമായ 50 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ലഭിച്ച അപേക്ഷകളില്‍ നിന്നും വിദഗ്ദ സമിതി ഗൃഹസന്ദര്‍ശനം നടത്തി തെരഞ്ഞെടുത്തവര്‍ക്കാണ് സഹായം നല്‍കുന്നത്. സ്‌പോണ്‍സര്‍മാര്‍ ലഭ്യമാക്കുന്ന തുക വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതിയായ എന്‍ലൈറ്റിന്റെ ഭാഗമാണ് പ്രെഡിക്ട് ജനകീയ സ്‌കോളര്‍ഷിപ്പ്. പദ്ധതിക്കായി മണ്ഡലത്തിനകത്തും പുറത്തുമുള്ള നിരവധി പേര്‍ സ്‌കോളര്‍ഷിപ്പ് തുക സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകുന്നുണ്ട്. വരും വര്‍ഷങ്ങളിലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ രീതിയില്‍ പദ്ധതി തുടരുന്നതിന് തീരുമാനിച്ചിട്ടുള്ളത്.

 

മൂന്നാം പട്ടയ മിഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നു

മൂന്നാം പട്ടയ മിഷന്‍ 2022 പ്രകാരം എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതിന്റെ ഭാഗമായി ലഭിച്ച അപേക്ഷകള്‍ നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്ന് വരെ സമയബന്ധിതമായി തീര്‍പ്പാക്കുന്നു. ഓരോ താലൂക്കിലെയും അപേക്ഷകള്‍ അതത് താലൂക്ക് ഓഫീസുകളിലാണ് തീര്‍പ്പാക്കുന്നത്. നവംബര്‍ 21 ന് പാലക്കാട് താലൂക്ക് , 22 ന് ആലത്തൂര്‍ താലൂക്ക്, 23 ന് – മണ്ണാര്‍ക്കാട് താലൂക്ക്, 24 ന് – ചിറ്റൂര്‍ താലൂക്ക്, 25 ന്- ഒറ്റപ്പാലം താലൂക്ക്, 28 നും ഡിസംബര്‍ മൂന്നിനും – പട്ടാമ്പി താലൂക്ക് , 29 ന്- അട്ടപ്പാടി താലൂക്ക് ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് തീര്‍പ്പാക്കല്‍ നടക്കുക. അപേക്ഷകര്‍ അതത് താലൂക്ക് ഓഫീസുകളില്‍ അതത് ദിവസം എത്തി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആധാരം, അടിയാധാരം എന്നിവയുടെ പകര്‍പ്പും അസലും, നികുതി രസീത്, കൈവശ സര്‍ട്ടിഫിക്കറ്റ് , ആധാര്‍ കാര്‍ഡിന്റെ അസലും പകര്‍പ്പും ( അസ്സല്‍ ആധാരങ്ങള്‍ പരിശോധിച്ച് അപ്പോള്‍ തന്നെ തിരിച്ച് നല്‍കുന്നതാണ്) എന്നിവ കൊണ്ടുവരണം. അദാലത്ത് അപേക്ഷകളില്‍ മാര്‍ച്ച് 30 നകം തീര്‍പ്പുണ്ടാകും.

ദേവസ്വം പട്ടയം – സ്‌പെഷ്യല്‍ അദാലത്ത് സംഘടിപ്പിക്കും

ദേവസ്വം പട്ടയം സംബന്ധിച്ച് കലക്‌ട്രേറ്റില്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വരെ സ്‌പെഷ്യല്‍ അദാലത്ത് സംഘടിപ്പിക്കും. നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് കലകട്രേറ്റില്‍ അദാലത്ത് നടക്കുക. എല്ലാ താലൂക്കുകളിലെയും അപേക്ഷകര്‍ക്ക് കലക്ട്രേറ്റില്‍ നടക്കുന്ന സ്‌പെഷ്യല്‍ അദാലത്തില്‍ പങ്കെടുക്കാം.

 

സാങ്കേതിക പരിശീലനം 26 ന്

സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തിയ വയര്‍മാന്‍ പരീക്ഷ 2021 പാസ്സായവര്‍ക്ക് പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 26 ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പാലക്കാട് വൈദ്യുതി ഭവന് സമീപം ഫൈന്‍ സെന്ററില്‍ സാങ്കേതിക പരിശീലന ക്ലാസ്സ് നല്‍കുന്നു. സാങ്കേതിക പരിശീലന ക്ലാസ്സില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് നല്‍കിയാലെ വയര്‍മാന്‍ പെര്‍മിറ്റ് നല്‍കുകയുള്ളൂ എന്ന് ലൈസന്‍സിംഗ് ബോര്‍ഡ് സെക്രട്ടറി ഉത്തരവാക്കിയിട്ടുണ്ട്. വയര്‍മാന്‍ പ്രായോഗിക പരീക്ഷ പാസായിട്ടുള്ളവര്‍ ക്ലാസ്സില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പാലക്കാട് അറിയിച്ചു. സംശയ നിവാരണത്തിന് 04912972023-ലോ [email protected]ലോ ബന്ധപ്പെടാം.

 

ക്ലാര്‍ക്ക് ഒഴിവ് : അഭിമുഖം 22 മുതല്‍ 24 വരെ

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നിലവിലുള്ള ക്ലാര്‍ക്ക് ഒഴിവിലേക്ക് അപേക്ഷിച്ചവര്‍ക്ക് നവംബര്‍ 22,23,24 തീയതികളിലായി കൂടിക്കാഴ്ച നടത്തുന്നു. സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് കൂടിക്കാഴ്ച നടക്കുക. അപേക്ഷയോടൊപ്പം നല്‍കിയ രേഖകളുടെ അസല്‍ കൂടിക്കാഴ്ചയ്ക്ക് കൊണ്ട് വരണമെന്ന് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0491 – 2505100

 

ലോകശുചിമുറി ദിനാചരണം: മലം ഭൂതം ജില്ലാതല ക്യാമ്പയിന്‍ പ്രഖ്യാപനം നടന്നു

ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ഹാളില്‍ ലോക ശുചിമുറി ദിനാചരണം ജില്ലാതല ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് നിര്‍വ്വഹിച്ചു. ശുചിത്വത്തിന്റെ പ്രാധാന്യം, മനുഷ്യ വിസര്‍ജ്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം എന്നിവ സംബന്ധിച്ച ബോധവത്ക്കരണത്തോടൊപ്പം,’മലം ഭൂതം’ ക്യാമ്പയിന്‍ ജില്ലാതല പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍. ഇന്ദിര ശുചിത്വ പ്രതിജ്ഞ ചൊല്ലി. പരിപാടിയില്‍ പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.ജയപ്രകാശ്, സുനിത സത്താര്‍, ജില്ലാ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റ്റി.ജി. അഭിജിത്ത്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ. കെ. നാരായണന്‍ കുട്ടി, പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. കാഞ്ചന, അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍. മുരുകേശന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ജി.ഇ ഒ. എം.വി. ബിജു, വി.ഇ.ഒ. കെ.വി. വിനിത, ജില്ലാ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ. ഷരീഫ്, റിസോഴ്‌സ് പേഴ്‌സണ്‍ പി.വി. സഹദേവന്‍ പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പറായ എ. ഗംഗാധരന്‍, പി. ചെല്ലമ്മ, കെ.വി. ഹരിദാസ്, എം. അബു താഹിര്‍, എ. ജാസ്മിന്‍, വി.എന്‍ അജിത, രജിത രമേശ്, എം.വി. രമേഷ് കുമാര്‍, കെ.എന്‍. ജയ, ജി. സുരേന്ദ്രന്‍, കെ. എസ്. ബിന്ദു, യു. പ്രത്യുമ്‌നന്‍ ശുചിത്വ സേന പ്രതിനിധികളായ റീന, മാലതി എന്നിവര്‍ പങ്കെടുത്തു.

 

ഹരിതാരവം കാമ്പയിന്‍ ഷൂട്ടൗട്ട് മത്സരം നടന്നു

ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ലോകകപ്പ് ഫുട്ബാള്‍ പ്രചരണത്തിന്റെ ഭാഗമായി ഹരിത ചട്ടം പാലിച്ച് നടത്തുന്ന ഹരിതാരവം കാമ്പയിനിന്റെ ഭാഗമായുള്ള ഷൂട്ടൗട്ട് നടന്നു. മരുതറോഡ് ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ഷൂട്ടൗട്ട് ഉദ്ഘാടനം മരുതറോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി . ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സി. നിര്‍മ്മല അധ്യക്ഷയായ പരിപാടിയില്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപിനാഥന്‍ ഉണ്ണിത്താന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. കൃഷ്ണകുമാരി, ജില്ലാ ശുചിത്വമിഷന്‍ അസി. കോ-ഓഡിനേറ്റര്‍ സി. ദീപ, പ്രോഗ്രാം ഓഫീസര്‍ എ. ഷരീഫ്, അസി. കോ-ഓഡിനേറ്റര്‍ ജെ. ശ്രാവണ്‍, വാര്‍ഡ് അംഗങ്ങളായ വി. രാഹുല്‍, വി. ഹരിദാസന്‍, പി. കൃഷ്ണ കുമാരി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.പി രാമചന്ദ്രന്‍, ശുചിത്വ മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ പി.വി സഹദേവന്‍, വി.ഇ.ഒമാരായ കെ.ജെ. മധുസൂദനന്‍, ജെ. പ്രസാദ് മരുതറോഡ് ഗ്രാമ പഞ്ചായത്തിലെ യൂത്ത് ക്ലബ്ബ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

ലോക ഭിന്നശേഷി ദിനാചരണം ഡിസംബര്‍ മൂന്നിന് ധോണി ലീഡ് കോളേജില്‍

ലോക ഭിന്നശേഷി ദിനാചരണം ഡിസംബര്‍ മൂന്നിന് ധോണി ലീഡ് കോളേജില്‍ നടക്കും. രാവിലെ ഒമ്പതിന് ജില്ല കലകടര്‍ മൃണ്‍മയി ജോഷി ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ഭിന്നശേഷിക്കാരുടെ കലാ മത്സരങ്ങള്‍ നടക്കും. 15 വയസിന് താഴെയുള്ളവര്‍, 15 നും 25 നും ഇടയിലുള്ളവര്‍ , 25 വയസ്സിന് മുകളിലുള്ളവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. വിജയികള്‍ക്ക് സമ്മാനവും ഉണ്ടായിരിക്കും. ഒരാള്‍ക്ക് പരമാവധി മൂന്ന് മത്സരങ്ങളില്‍ പങ്കെടുക്കാം. മെഡിക്കല്‍ ബോര്‍ഡിന്റെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, യു.ഡി. ഐ.ഡി കാര്‍ഡ് എന്നിവ ഉള്ളവര്‍ക്ക് നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മത്സരത്തില്‍ പങ്കെടുക്കാം. ലളിത ഗാനം, കവിത ചൊല്ലല്‍, സിംഗിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, മിമിക്രി, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഫാന്‍സി ഡ്രസ് എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുക. വൈകിട്ട് നാലിന് സമാപന സമ്മേളനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി, എ. പ്രഭാകരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ല കലക്ടര്‍ മൃണ്‍ മയി ജോഷി, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ്, ഫസ്റ്റ് എയ്ഡ് സൗകര്യം, മെഡിക്കല്‍ യൂണിറ്റിന്റെ സേവനം എന്നിവയും ഉണ്ടാവും.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ യാത്ര

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ധോണി ലീഡ് കോളേജില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഐ.ഡി കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ അന്നേ ദിവസം സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ജില്ലയില്‍ ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കലകട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ആര്‍.ആര്‍. ഡെപ്യൂട്ടി കലകടര്‍ വി.ഇ. അബ്ബാസ്, സാമൂഹിക നീതി ജില്ലാ ഓഫീസര്‍ ഷെരീഫ് ഷൂജ, ഭിന്നശേഷി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

കരിയര്‍ ഗൈഡന്‍സില്‍ എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കണം: ജില്ലാ കലക്ടര്‍

കരിയര്‍ ഗൈഡന്‍സില്‍ എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി വനിതാ -ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ‘കുട്ടികള്‍ക്കൊപ്പം’ സംവാദത്തില്‍ പറഞ്ഞു. സമഗ്ര ശിക്ഷ കേരളം പദ്ധതി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായുള്ളതാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സില്‍ പങ്കെടുത്ത് സംശയങ്ങള്‍ ദൂരികരിക്കാന്‍ അവസരം ഒരുക്കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. ജില്ലയിലെ ബാലാവകാശ സംരക്ഷണങ്ങളെക്കുറിച്ചുഉള്ള കുട്ടികളുടെ സംശയങ്ങള്‍, ആശങ്കകള്‍, ചോദ്യങ്ങള്‍, ദൂരികരിക്കലാണ് ‘കുട്ടികള്‍ക്കൊപ്പം’ എന്ന പരിപാടി. പോലീസിനെ ഭയമുണ്ടെന്ന കുട്ടികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ പോലീസ് സംവിധാനം ബാല സൗഹൃദമാണെന്നും കുട്ടികള്‍ പോലീസിനെ ഭയക്കണ്ട കാര്യമില്ലെന്നും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. ജില്ലയിലെ പതിമൂന്ന് ബ്ലോക്കുകളിലെ എല്ലാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കാര്‍ഷിക മേഖല, മൃഗസംരക്ഷണം, വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുന്നതിന് സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. വി. മനോജ് കുമാര്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യഭ്യാസം നല്‍കാനുളള പ്രവര്‍ത്തനം എന്തൊക്കെയെന്ന കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പഠനം നിര്‍ത്തിയവര്‍, പത്താംക്ലാസ്- പ്ലസ് ടു കഴിഞ്ഞവര്‍ക്കും ഈ സെന്റര്‍ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു .

എല്ലാ പഞ്ചായത്തിലും ഒരു കളി സ്ഥലം,പിരായിരി പഞ്ചായത്തില്‍ അഞ്ച് കോടി അനുവദിച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ

കളിസ്ഥലങ്ങള്‍ കുറവാണെന്നുള്ള കുട്ടികളുടെ ആശങ്കയില്‍ എല്ലാ പഞ്ചായത്തിലും ഒരു കളി സ്ഥലമെങ്കിലും ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവട് പിടിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നുണ്ടെന്നും പിരായിരി പഞ്ചായത്തില്‍ അഞ്ച് കോടി അനുവദിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.

കുട്ടികളുടെ മുഖത്ത് സങ്കടം വന്നാല്‍ അധ്യാപകര്‍ രക്ഷകര്‍ത്താക്കളായി മാറണമെന്നും അറിവ് പകര്‍ന്നു കൊടുക്കല്‍ അല്ല അറിവ് നിര്‍മ്മിക്കാന്‍ കുട്ടികളെ സഹായിക്കലാണ് അധ്യാപകരുടെ ജോലി എ ന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ എം. സേതുമാധവന്‍ പറഞ്ഞു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, എക്സൈസ് വകുപ്പ് സി. ഐ പി കെ സതീഷ് ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ ആഷ്ലിന്‍ ഷിബു ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ മരിയ ജെറിയാര്‍ഡ് , ജില്ലയിലെ പതിമൂന്ന് ബ്ലോക്കുകളിലെ സര്‍ക്കാര്‍-എയ്ഡഡ് സി.ബി.എസ്.ഇ തലത്തിലെ 38 സ്‌കൂളുകളിലെ തെരഞ്ഞെടുത്ത നൂറോളം വിദ്യാര്‍ത്ഥികളാണ് സംവാദത്തില്‍ പങ്കെടുത്തത്.

error: Content is protected !!