പി.ആര്‍.ഡിയുടെ വീഡിയോ സ്ട്രിങ്ങര്‍ പാനലിലേക്ക് ഡിസംബര്‍ ഒന്നിനകം അപേക്ഷിക്കാം
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും പി.ആര്‍.ഡിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം അപേക്ഷകര്‍.
വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ്, പ്രൊഫഷണല്‍ എഡിറ്റ് സോഫറ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ് സ്വന്തമായി ഉണ്ടായിരിക്കണം, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ്ടോപ്പില്‍ ഉണ്ടായിരിക്കണം, സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്‌സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.
സ്ട്രിങ്ങര്‍ ജില്ലയില്‍ സ്ഥിര താമസമുള്ള വ്യക്തിയായിരിക്കണം. സ്വന്തമായി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താന്‍ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. അപേക്ഷകള്‍ ഡിസംബര്‍ ഒന്നിനകം പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ്ങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനമുണ്ടെങ്കില്‍ ആയത് വ്യകതമാക്കുന്ന രേഖകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329.
ജില്ലാ വികസന സമിതി യോഗം ഇന്ന്
ജില്ലാ വികസന സമിതി യോഗം ഇന്ന് (നവംബര്‍ 26) രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം.
സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലയിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് നൈപുണ്യ വിദ്യാഭ്യാസ പരിശീലനത്തിന്റെ ഭാഗമായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ നടത്തുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, അക്കൗണ്ടിങ് കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. ഇന്ത്യയിലെ ഐ.ടി വിദ്യാഭ്യാസ സ്ഥാപനമായ ജി-ടെക്കിലൂടെയാണ് കോഴ്‌സുകള്‍ നടത്തുന്നത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നബാര്‍ഡും ജി-ടെക്കും സംയുക്തമായി നല്‍കുന്ന കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 17 കേന്ദ്രങ്ങളില്‍ നടത്തുന്ന കോഴ്‌സുകളിലേക്ക് പ്ലസ് ടു/ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. 85 ശതമാനം സീറ്റും 18 നും 35 നും മധ്യേ പ്രായമുള്ളവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷകള്‍ നവംബര്‍ 30 നകം ജില്ലയിലെ പഠനകേന്ദ്രങ്ങളില്‍ നേരിട്ട് നല്‍കണമെന്ന് നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ്) അറിയിച്ചു. ഫോണ്‍: പാലക്കാട് ടൗണ്‍-9349454588, ഒലവക്കോട്-8893854588, ചെര്‍പ്പുളശ്ശേരി-9495916104, ഒറ്റപ്പാലം-8593092017, ചിറ്റൂര്‍-9567370229, പട്ടാമ്പി-9349205123, വടക്കഞ്ചേരി-9745938111, ആലത്തൂര്‍-9567950899, ഷൊര്‍ണൂര്‍-8089637659, കഞ്ചിക്കോട്-9633887115, കൂറ്റനാട്-8136915123, മണ്ണാര്‍ക്കാട്-8921312613, കൊല്ലങ്കോട്-9495266989, കോങ്ങാട്-9446385155, ശ്രീകൃഷ്ണപുരം-9447179113, കൊപ്പം- 9846172118, മീനാക്ഷിപുരം-9048188391.
കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി സുരക്ഷ
മരണപ്പെടുന്ന യാത്രക്കാരന് 10 ലക്ഷം ചികിത്സയ്ക്കായി മൂന്ന് ലക്ഷം
കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്ന ഓരോ യാത്രക്കാരനേയും ബസില്‍ നിന്നിറങ്ങുന്നതുവരെ സുരക്ഷിതമാക്കുന്ന സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് നിലവിലുള്ളതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ ഉബൈദ് പറയുന്നു. കെ.എസ്.ആര്‍.ടി.സിയും ന്യൂ ഇന്ത്യ അഷുറന്‍സും സംയുക്തമായാണ് സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്. ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവര്‍ക്കും യാത്രയ്ക്കിടെ നേരിട്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്കും എന്നിങ്ങനെ രണ്ട് രീതിയിലാണ് ഇന്‍ഷുറന്‍സ് പോളിസികളുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നയാള്‍ക്ക് യാത്രക്കിടെ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ചികിത്സ ചെലവായി പരമാവധി മൂന്ന് ലക്ഷവും മരണം സംഭവിച്ചാല്‍ പത്ത് ലക്ഷവും ഇന്‍ഷുറന്‍സ് പ്രകാരം ലഭിക്കും. നേരിട്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് അപകടം സംഭവിച്ചാല്‍ രണ്ട് ലക്ഷം ചികിത്സ ചെലവും മരണം സംഭവിച്ചാല്‍ അഞ്ച് ലക്ഷവും ലഭിക്കും.
കെ.എസ്.ആര്‍.ടി.സി ബസില്‍ ടിക്കറ്റ് എടുക്കുന്ന ഓരോ യാത്രക്കാരനും അവരുടെ സ്റ്റോപ്പില്‍ ഇറങ്ങുന്നത് വരെയുള്ള സമയം ഈ പോളിസിയുടെ സുരക്ഷ ഉണ്ടായിരിക്കും. അപകടം സംഭവിച്ചാല്‍ ഏറ്റവും അടുത്തുള്ള കെ.എസ്.ആര്‍.ടി.സി. ഓഫീസുമായി ബന്ധപ്പെട്ട് യാത്ര ചെയ്ത ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന രേഖകളും ബില്ലുകളും, സഹിതം ക്ലെയിമിന് അപേക്ഷിക്കാം.
2020 ഫെബ്രുവരി 20 ന് അവിനാശിയില്‍ നടന്ന കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ മരണപ്പെട്ട 19 പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ഈ ഇന്‍ഷുറന്‍സ് പോളിസി പ്രകാരം കൈമാറിയിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ വടക്കഞ്ചേരിയില്‍ ഉണ്ടായ ബസപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ധനസഹായം ഈ ഇന്‍ഷുറന്‍സ് പ്രകാരം ലഭ്യമാക്കിയിരുന്നു. മരണപ്പെട്ട മൂന്ന് പേരുടെ കുടുംബത്തിന് പത്ത് ലക്ഷത്തിലെ ആദ്യഗഡുവായ രണ്ടുലക്ഷം രൂപ അനുവദിച്ചതായും ബാക്കി തുക ബന്ധുക്കള്‍ ആവശ്യമായ രേഖകള്‍ നല്‍കുന്നപക്ഷം ലഭ്യമാക്കുമെന്നും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ ഉബൈദ് പറഞ്ഞു.
സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ ചിറ്റൂര്‍ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചിറ്റൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം. രാജഗോപാലന്‍ ക്ലാസെടുത്തു. സേവന, ഉത്പാദന സംരംഭങ്ങള്‍ക്ക് ആകെ മുതല്‍മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി, ഉത്പാദന സംരംഭങ്ങളുടെ സ്ഥിരനിക്ഷേപത്തിന്റെ 20 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന സംരംഭക സഹായ പദ്ധതി, 10 ലക്ഷം വരെ പദ്ധതി ചെലവ് വരുന്ന ഉത്പാദന, സേവന സംരംഭങ്ങള്‍ക്ക് 40 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന മാര്‍ജിന്‍ മണി ഗ്രാന്റ് ടു നാനോ യൂണിറ്റ്‌സ് പദ്ധതി, ഫുഡ് പ്രോസസിങ് സംരംഭക പദ്ധതി എന്നിവയെ കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു.
കനറാ ബാങ്ക് എലപ്പുള്ളി ബ്രാഞ്ച് മാനേജര്‍ അഖില്‍ രാജന്‍ ബാങ്ക് സംരംഭക വായ്പയെടുക്കാനാവശ്യമായ ബാങ്ക് അക്കൗണ്ട്, ഐ.ഡി, സബ്‌സിഡി എന്നിവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനില്‍കുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി എസ്.എല്‍ സുമ, പഞ്ചായത്തംഗങ്ങളായ പുണ്യാകുമാരി, ശരവണകുമാര്‍, രാജകുമാരി, രമേശന്‍, അപ്പുക്കുട്ടന്‍, ശശിധരന്‍, സന്തോഷ്, ഗ്രാമപഞ്ചായത്ത് ഇന്റേണ്‍ സി. ചിന്‍സി, 71-ഓളം സംരംഭകര്‍ പങ്കെടുത്തു.
മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ഡിസംബര്‍ അഞ്ചിന്
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ക്ഷേത്ര വിഹിതം, കുടിശിക പിരിവ് നടത്തുന്നതിനായി ഡിസംബര്‍ അഞ്ചിന് രാവിലെ 11 ന് വടക്കന്തറ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ ക്ഷേത്ര ഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടക്കാനുള്ള ക്ഷേത്ര വിഹിതം നിര്‍ബന്ധമായും അടക്കണം. ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിന് ക്ഷേത്ര ജീവനക്കാര്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്ന രേഖയും ശമ്പളപട്ടികയുടെ പകര്‍പ്പും സഹിതം അപേക്ഷ നല്‍കണം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് നല്‍കണം. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.
എന്‍.സി.സി ദിനാചരണം: ബ്ലഡ് ബാങ്കിലേക്ക് 51 യൂണിറ്റ് രക്തദാനം നടത്തി
പാലക്കാട് പോളിടെക്നിക്ക് കോളെജ് എന്‍.സി.സി യൂണിറ്റ് എന്‍.സി.സി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് 51 യൂണിറ്റ് രക്തം ദാനം ചെയ്തു. കോളെജ് പ്രിന്‍സിപ്പാള്‍ കെ.എന്‍.സീമ ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ച് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇന്ദു അവബോധം നടത്തി. ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് ഹെഡ് പി. സുരേഷ് ബാബു, പി.ടി സുബാഷ്, ക്യാപ്റ്റന്‍ എ. അനീഷ്, എ. അക്ഷയ്, എസ്. ആര്യ, നിവേദ് കെ. കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സ്‌പോട്ട് അഡ്മിഷന്‍ 29 ന്
ഷൊര്‍ണൂര്‍ ഐ.പി.ടി. പോളിടെക്‌നിക് കോളെജില്‍ ഡിപ്ലോമ കോഴ്‌സിന്റെ നാലാം സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 29 ന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ കോളെജില്‍ നടക്കും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം എത്തണം. ഫീസുകള്‍ എ.ടി.എം. കാര്‍ഡ് (ഇ-പോസ്) മുഖേന മാത്രമേ അടയ്ക്കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ polyadmission.org ലും iptgptc.ac.in ലും ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2220450.
സംരംഭങ്ങള്‍ക്കുള്ള പലിശ സബ്‌സിഡി സ്‌കീമിലേക്ക് അപേക്ഷിക്കാം
2022 ഏപ്രില്‍ ഒന്നിന് ശേഷം വായ്പ എടുത്ത് ആരംഭിച്ച പുതിയ വ്യാപാര വ്യവസായ സേവന സംരംഭങ്ങള്‍ക്കായി സംരംഭകര്‍ അടച്ച പലിശ തുക ഭാഗികമായി സര്‍ക്കാര്‍ സബ്‌സിഡിയായി ലഭിക്കുന്നതിന് അപേക്ഷിക്കാം. പരമാവധി ആറ് ശതമാനം വരെയാണ് നല്‍കുന്നത്. ഉത്പാദനം, സേവനം, വ്യാപാരം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ പുതിയ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും 10 ലക്ഷം രൂപ വരെയുള്ള വായ്പ തുകയ്ക്ക് (ടേം ലോണിനും/ അല്ലെങ്കില്‍ പ്രവര്‍ത്തന മൂലധന വായ്പയ്ക്കും) ധനകാര്യ സ്ഥാപനം ഈടാക്കുന്ന പലിശയ്ക്ക് പലിശ ഇളവിന് അര്‍ഹതയുണ്ട്. വിതരണം ചെയ്ത തീയതി മുതല്‍ അഞ്ച് വര്‍ഷത്തെ കാലയളവില്‍ ആനുകൂല്യം ലഭിക്കും.
ധനകാര്യ സ്ഥാപനം നല്‍കുന്ന വായ്പയുടെ ആദ്യ ഗഡു വായ്പ തുക 10 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ 10 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് മാത്രമേ പലിശയിളവ് പരിഗണിക്കൂ. പലിശയിളവ് നിരക്ക് പരമാവധി ആറ് ശതമാനം വരെയാണ്. വായ്പ എടുത്തതിന് ശേഷം വാര്‍ഷികം/ അര്‍ദ്ധവാര്‍ഷിക കാലയളവിലുള്ള പലിശ ബാങ്കിലേക്ക് അടച്ചതിന്റെ സ്റ്റേറ്റ്‌മെന്റ് സഹിതം ഓണ്‍ലൈനായി താലൂക്ക് വ്യവസായ കേന്ദ്രങ്ങള്‍ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. വിശദവിവരങ്ങള്‍ താലൂക്ക് വ്യവസായ കേന്ദ്രം, ബ്ലോക്ക്/നഗരസഭ/ കോര്‍പ്പറേഷനുകളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍, ഗ്രാമപഞ്ചായത്തിലെ ഇന്റേണ്‍സ് എന്നിവരില്‍ നിന്നും ലഭിക്കും.
വിളയൂര്‍, കുലുക്കല്ലൂര്‍ സ്മാര്‍ട്ട് വില്ലേജുകള്‍ ഉദ്ഘാടനം ഇന്ന്
മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും
പാലക്കാട് ജില്ലയില്‍ രണ്ട് സ്മാര്‍ട്ട് വില്ലേജുകളുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 26) റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. കുലുക്കല്ലൂര്‍, വിളയൂര്‍ സ്മാര്‍ട്ട് വില്ലേജുകളുടെ ഉദ്ഘാടനമാണ് നടക്കുക. വൈകീട്ട് മൂന്നിന് കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന് സമീപം നടക്കുന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി, കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രമണി, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതാ വിനോദ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ പങ്കെടുക്കും.
സര്‍ക്കാരിന്റെ സ്മാര്‍ട്ട് ഓഫീസ് പദ്ധതി പ്രകാരം 2019-20 പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വീതം ചെലവിട്ടാണ് രണ്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളും നിര്‍മ്മിച്ചിരിക്കുന്നത്. കുലുക്കല്ലൂര്‍ വില്ലേജ് ഓഫീസ് 1300 ചതുരശ്ര അടിയില്‍ ഒറ്റനിലയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസറുടെ മുറി, വരാന്ത, കാത്തിരിപ്പ് മുറി, ഹെല്‍പ്പ് ഡെസ്‌ക്, വിശാലമായ ഓഫീസ് മുറി, ഡൈനിങ് ഹാള്‍, സ്റ്റോര്‍ റൂം, മൂന്ന് ശുചിമുറി തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ സ്മാര്‍ട്ട് വില്ലേജിന്റെ ഉദ്ഘാടനം വൈകീട്ട് നാലിന് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. 1254 ചതുരശ്രയടിയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ലാന്‍ഡ് റവന്യൂ വകുപ്പിന്റെ സേവനം നവീകരിച്ച് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് ഓഫീസുകളാക്കി മാറ്റുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ് സ്മാര്‍ട്ട് ഓഫീസ് പദ്ധതി.
ആലത്തൂര്‍ ബ്ലോക്ക്തല കേരളോത്സവം ഇന്ന് ആരംഭിക്കും
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആലത്തൂര്‍ ബ്ലോക്ക്തല കേരളോത്സവത്തിന് ഇന്ന് (നവംബര്‍ 26) തുടക്കമാകും. ആലത്തൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണല്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്ന് ദിവസങ്ങളിലായാണ് ബ്ലോക്ക്തല കേരളോത്സവം സംഘടിപ്പിക്കുന്നത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ കേന്ദ്രങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഇന്ന്(നവംബര്‍ 26) പഴമ്പാലക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ എട്ടിന് ക്രിക്കറ്റ്, ആലത്തൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ എട്ടിന് വടംവലി, കലാ മത്സരങ്ങള്‍, ആലത്തൂര്‍ എ.എസ്.കെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തിന് ബാഡ്മിന്റണ്‍, കണ്ണമ്പ്ര സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കും. നാളെ (നവംബര്‍ 27) ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം സ്‌കൂളില്‍ രാവിലെ എട്ടിന് അത്ലറ്റിക്‌സ് മത്സരങ്ങള്‍, കിഴക്കഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈകിട്ട് മൂന്നിന് കബഡി, നവംബര്‍ 28 ന് കണ്ണമ്പ്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ഗ്രൗണ്ടില്‍ രാവിലെ എട്ടിന് മത്സരങ്ങളും നടക്കും. സമാപനം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നവംബര്‍ 28 ന് വൈകിട്ട് മൂന്നിന് കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിക്കും.
പാഠ്യപദ്ധതി ജില്ലാതല ചര്‍ച്ച പറളി ബി.ആര്‍.സിയില്‍ നടന്നു
മാനവിക മൂല്യങ്ങള്‍,തൊഴിലധിഷ്ഠിത വിഷയങ്ങള്‍, ഗതാഗത നിയമങ്ങള്‍, ദുരന്തനിവാരണം എന്നിവ ഉള്‍പ്പെടുത്തണമെന്ന് അഭിപ്രായം
സംസ്ഥാനത്ത് നടപ്പിലാക്കുന്ന പാഠ്യപദ്ധതിയുടെ ജനകീയ ചര്‍ച്ചയുടെ ജില്ലാതല ക്രോഡീകരണവും ജില്ലാ ചര്‍ച്ചയും പറളി ബി.ആര്‍.സിയില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് തലത്തില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, വിദ്യാഭ്യാസ വിദദ്ധരുമായി നടന്ന പാഠ്യപദ്ധതിയിലെ പരിഷ്‌കരണ ചര്‍ച്ചയില്‍ നിര്‍ദ്ദേശങ്ങളായ റിയാറിലിറ്റി, ഓഗ് മെറ്റഡ് റിയാലിറ്റി എന്നിവ പ്രയോജനപ്പെടുത്തിയുള്ള ഡിജിറ്റല്‍ പഠനമുറികള്‍ പ്രൈമറി തലം മുതല്‍ പ്ലസ്ടു തലം വരെ ഉപയോഗപ്പെടുത്തണം. മാനവിക മൂല്യങ്ങള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്ററി തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്ന തരത്തിലുള്ള കൗണ്‍സിലിംഗ് ക്ലാസുകള്‍. പ്രൈമറിതലത്തില്‍ കുട്ടികളുടെ മാനസിക ഉല്ലാസത്തിലൂന്നി കളികള്‍ ഉള്‍പ്പെടെയുള്ള പാഠ്യപദ്ധതി രൂപീകരണം. അധ്യാപകര്‍ക്ക് പുറമേ രക്ഷിതാക്കള്‍ക്കും വീടുകളില്‍ കുട്ടികളെ സഹായിക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ക്ലാസുകള്‍ സംഘടിപ്പിക്കുക. പാഠ്യ പദ്ധതിയിലെ വിഷയങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, ഗണിത-ശാസ്ത്ര വിഷയങ്ങളില്‍ പ്രത്യേക പ്രാമുഖ്യം, തൊഴിലധിഷ്ഠിത വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഗതാഗത നിയമങ്ങള്‍, ദുരന്തനിവാരണം, എന്നീ വിഷയങ്ങള്‍ കൂടി പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതോടുകൂടി മത്സരപരീക്ഷകള്‍ തയ്യാറെടുക്കുന്നതിന് തയ്യാറെടുക്കുന്ന ക്ലാസുകള്‍ സംഘടിപ്പിക്കുക എന്നിങ്ങനെ 26 മേഖലകളിലായി ജില്ലാതല ചര്‍ച്ച നടന്നു.നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തലത്തില്‍ ചര്‍ച്ചയ്ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
പരിപാടിയില്‍ പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി സുരേഷ് അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം അഭിലാഷ് തച്ചന്‍കാട് ഡി.ഡ.ഇ പി.വി മനോജ്കുമാര്‍, പാലക്കാട് ഡി.ഇ.ഓ പ്രസീത, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ ജയപ്രകാശ്,അജിത്ത്കുമാര്‍,ശിവപ്രസാദ് എം ആര്‍, ബിന്ദു, ഡയറ്റ് സീനിയര്‍ ലെക്ചറര്‍മാരായ ഷഹീദലി, മുകുന്ദന്‍, രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
സിവില്‍ ഡെത്ത് നാടകാവതരണവും ബോധവത്ക്കരണ ക്ലാസും ഇന്ന്
വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ 2022 വര്‍ഷത്തെ വിജിലന്‍സ് ബോധവത്ക്കരണ വാരാചരണ പരിപാടിയുടെ ഭാഗമായി ഇന്ന് (നവംബര്‍ 26) സിവില്‍ ഡെത്ത് നാടകാവതരണവും ബോധവത്ക്കരണ ക്ലാസും നടത്തുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിജിലന്‍സ് ബോധവത്ക്കരണം നല്‍കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തുന്നത്. രാവിലെ ഒന്‍പത് മുതല്‍ 12 വരെ ചിറ്റൂര്‍ കോളെജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും വൈകീട്ട് 3.30 മുതല്‍ അഞ്ച് വരെ പാലക്കാട് ലയണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പാലക്കാട് നഗരസഭ പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകളിലെയും രണ്ട് പേരില്‍ കുറയാത്ത ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2505510.
വില്ലേജ് ഡെവലപ്‌മെന്റ് പ്ലാന്‍ രൂപീകരണയോഗം ഇന്ന്
കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തിനെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (എസ്.എ.ജി.വൈ) പഞ്ചായത്തായി തെരഞ്ഞെടുത്തതിന്റെ പ്രഖ്യാപനവും വില്ലേജ് ഡെവലപ്‌മെന്റ് പ്ലാന്‍ രൂപീകരണ യോഗവും ഇന്ന് (നവംബര്‍ 26) ഉച്ചക്ക് 2.30ന് കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് ഹോമിയോ ഹാളില്‍ രമ്യ ഹരിദാസ് എം.പി നിര്‍വഹിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505866.