Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (14/12/2022)

ഊര്‍ജ്ജകിരണ്‍ ഉദ്ഘാടനം 16 ന്

മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

ഊര്‍ജ്ജ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ സില്‍കോ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഊര്‍ജ്ജകിരണ്‍ ഡിസംബര്‍ 16 ന് രാവിലെ 10 ന് കാഴ്ചപറമ്പ് ക്ഷീര സംഘത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍. എ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലത, അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.കെ മുരളീധരന്‍, കെ.എസ്.ഇ.ബി എന്‍ജിനീയര്‍ എ. ഷറഫുദ്ദീന്‍, ഇ.എം.സി റിസോഴ്‌സ് പേഴ്‌സണ്‍ എ. നിയാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി ഊര്‍ജ്ജസംരക്ഷണ സെമിനാര്‍, യുവതീ-യുവാക്കള്‍ക്കായി ഊര്‍ജ്ജ മേഖലയില്‍ തൊഴില്‍ പരിശീലനം, സിഗ്നേച്ചര്‍ ക്യാമ്പയിന്‍, റാലി, ഷോര്‍ട്ട് ഫിലിം മത്സരം എന്നിവ സംഘടിപ്പിക്കും. ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഊര്‍ജ്ജ സംരക്ഷണം എന്ന വിഷയത്തില്‍ രണ്ട് മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ജനുവരി അഞ്ചിനകം അയക്കണം. മത്സരത്തില്‍ ഫോണ്‍ ഉപയോഗിക്കാം. ഫോണ്‍: 9846668721, 8129691923.

 

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് 16 ന് ആലത്തൂരില്‍

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ഡിസംബര്‍ 16 ന് രാവിലെ 10.30 മുതല്‍ ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 20 ന്് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും 23 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും അദാലത്ത് നടക്കും.

 

വിദ്യാകിരണം പദ്ധതി: ജില്ലയില്‍ 16.77 ലക്ഷം രൂപ വിതരണം ചെയ്തു

347 ഗുണഭോക്താക്കള്‍ക്ക് തുക ലഭിച്ചു

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 347 ഗുണഭോക്താക്കള്‍ക്കായി 16,77,500 രൂപ വിതരണം ചെയ്തു. സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ (രണ്ടു പേരും/ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് വിദ്യാകിരണം. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 300 രൂപ, ആറ് മുതല്‍ പത്ത് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് 500 രൂപ, പ്ലസ് വണ്‍, പ്ലസ് ടു, ഐ.ടി.ഐ തത്തുല്യ കോഴ്‌സുകള്‍ക്ക് 750 രൂപ, ഡിഗ്രി, പിജി, പോളിടെക്‌നിക്ക് തത്തുല്യമായ ട്രെയിനിങ് കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 1000 രൂപ എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ്പ്. ഓരോ വിഭാഗത്തില്‍ നിന്നും 25 കുട്ടികള്‍ക്ക് 10 മാസം പദ്ധതി ആനുകൂല്യം ലഭിക്കും.

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട/ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മാതാവിന്റെയോ പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം. ഈ വര്‍ഷത്തെ അപേക്ഷ നല്‍കേണ്ട അവസാനതീയതി നവംബര്‍ 15 ന് ആയിരുന്നു.

മറ്റ് പദ്ധതികള്‍ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവര്‍ക്ക് പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. ഭിന്നശേഷി രക്ഷിതാക്കളുടെ ഏതെങ്കിലും രണ്ട് മക്കള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. സ്‌കോളര്‍ഷിപ്പ് തുക അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിന് എല്ലാവര്‍ഷവും പുതിയ അപേക്ഷ നല്‍കണം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും കോഴ്‌സുകള്‍ക്കും പഠിക്കുന്നവര്‍ക്ക് മാത്രമേ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളു.

 

വിവാഹധനസഹായം വിതരണം ചെയ്തു

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം 2022-23 വര്‍ഷത്തെ പട്ടികജാതി പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം വിതരണം ചെയ്തു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ആര്‍ മുരളി അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോമസുന്ദരന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലത വിജയന്‍, മെമ്പര്‍മാരായ പ്രശോഭ്, മേഘ അനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് മൃദുല എന്നിവര്‍ പങ്കെടുത്തു.

 

ചിറ്റൂര്‍ കോളെജ് പ്ലാറ്റിനം ജൂബിലി: മുന്‍കാല കോളെജ് മാഗസിന്‍/രേഖകള്‍ ശേഖരിക്കുന്നു

ചിറ്റൂര്‍ ഗവ കോളെജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കോളെജിന്റെ ചരിത്രം നിര്‍മ്മിക്കുന്നതിന് പൂര്‍വ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും കോളെജുമായി ബന്ധപ്പെട്ട മുന്‍കാല കോളെജ് മാഗസിന്‍/ രേഖകള്‍ ശേഖരിക്കുന്നു. കൈവശമുള്ളവര്‍ വാര്‍ഷിക സ്മരണിക കണ്‍വീനറുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. രേഖകളുടെ പകര്‍പ്പുകള്‍ എടുത്ത് തിരികെ നല്‍കും. ഫോണ്‍: 9447003160.

 

മണക്കടവ് വിയറില്‍ 3644.28 ദശലക്ഷം ഘനയടി ജലം ലഭിച്ചു

മണക്കടവ് വിയറില്‍ 2022 ജൂലൈ ഒന്ന് മുതല്‍ 2022 ഡിസംബര്‍ 14 വരെ 3644.28 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 3605.72 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍-116 (274), തമിഴ്നാട് ഷോളയാര്‍- 4582.07 (5392), കേരളാ ഷോളയാര്‍-5101.80 (5420), പറമ്പിക്കുളം-11,382.20 (17,820), തൂണക്കടവ്-513.30 (557), പെരുവാരിപ്പള്ളം-562.54 (620), തിരുമൂര്‍ത്തി-1372.15 (1935), ആളിയാര്‍-3804.83 (3864).

 

ക്വട്ടേഷന്‍

പാലക്കാട് ജില്ലാ ആശുപത്രി കാത്ത് ലാബ് എയര്‍കണ്ടീഷന്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0491 2533327, 2534524.

 

മരം ലേലം 17 ന്

ഗവ വിക്‌ടോറിയ കോളെജിന്റെ പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങളുടെ ലേലം ഡിസംബര്‍ 17 ന് ഉച്ചയ്ക്ക് രണ്ടിന് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ അന്നേദിവസം ഉച്ചയ്ക്ക് രണ്ടിനകം 500 രൂപ നിരതദ്രവ്യമായി അടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.

 

ദര്‍ഘാസ് ക്ഷണിച്ചു

പാലക്കാട് ഫോറസ്റ്റ് ഡിവിഷനിലെ ഒലവക്കോട് റെയ്ഞ്ചിന്റെ പരിധിയിലുള്ള മാവിന്‍ തോട്ടത്തില്‍ നിന്നും 2025 ജൂണ്‍ 30 വരെ മാങ്ങ ശേഖരിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 30 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ദര്‍ഘാസ് ഫോറം ഓഫീസില്‍ ലഭിക്കും. അന്നേദിവസം ഉച്ചക്ക് 2.30 വരെ ദര്‍ഘാസ് സ്വീകരിക്കം. വൈകീട്ട് മൂന്നിന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 0491 2555156.

error: Content is protected !!