Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (17/12/2022)

തൃത്താല ഗവ ആശുപത്രി വികസന നടപടികള്‍ പുരോഗമിക്കുന്നു: മന്ത്രി എം.ബി രാജേഷ്

തൃത്താല ഗവ ആശുപത്രി വികസന നടപടികള്‍ പുരോഗമിക്കുന്നതായി തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ബദാംചുവട്ടിലെ തൃത്താല ഗ്രാമപഞ്ചായത്ത് ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ തൃത്താല ഗവ ആശുപത്രിയുടെ വികസനത്തിനാണ് ആദ്യ പരിഗണന നല്‍കുന്നത്. കഴിഞ്ഞ ബജറ്റില്‍ തൃത്താല ഗവ ആശുപത്രി വികസനത്തിന് 12.5 കോടി രൂപയാണ് അനുവദിച്ചത്. രണ്ടാഴ്ചയ്ക്കകം പദ്ധതിക്ക് ഭരണാനുമതി ലഭിക്കും. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും അതിവേഗത്തില്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ച് പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രി വികസനത്തിന് 25 കോടി രൂപയുടെ ഡി.പി.ആറാണ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടമായാണ് 12.5 കോടി രൂപ അനുവദിച്ചിരിക്കുന്നതെന്നും നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബാക്കി തുക ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയും തൃത്താല ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ചെലവഴിച്ച് സ്വകാര്യ വ്യക്തി സൗജന്യമായി വിട്ട് നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി താത്ക്കാലിക കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായ പരിപാടിയില്‍ തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ, ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയറാം, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

തൃത്താലയില്‍ കുടിവെള്ള പ്രശ്‌ന പരിഹാര പദ്ധതികള്‍ പുരോഗമിക്കുന്നു: മന്ത്രി എം.ബി രാജേഷ്

തൃത്താല നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് മുടവന്നൂര്‍ പ്ലാന്റിന്റെ ശേഷി പൂര്‍ണമായി ഉപയോഗിക്കുന്ന ഇന്റര്‍ കണക്ഷന്‍ ജോലികള്‍ ഫെബ്രുവരി 14 നകം പൂര്‍ത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൃത്താല ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി വേഗത്തിലാക്കുന്നതിന് മന്ത്രിസഭയില്‍ വിഷയം എത്തിക്കുകയും 30 ശതമാനം അധിക ടെന്‍ഡര്‍ തുക അനുവദിക്കുകയും ചെയ്തു. ജനുവരി 24 ന് ആരംഭിക്കുന്ന ജോലികള്‍ 20 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍ രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതോടുകൂടി നിലവില്‍ പ്ലാന്റില്‍ നിന്ന് ലഭിക്കുന്ന 18 ദശലക്ഷം ലിറ്റര്‍ ജലത്തിന്റെ അളവ് 33 ദശലക്ഷം ലിറ്ററായി ഉയരും. അതോടെ തൃത്താല നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് ആശ്വാസം ലഭിക്കും. പ്രദേശത്ത് ഉണ്ടാവുന്ന വൈദ്യുതി തടസം കുടിവെള്ള വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ അത് ഒഴിവാക്കുന്നതിന് പമ്പിങ്ങിന് വേണ്ടി മാത്രം ഡെഡിക്കേറ്റഡ് ഇലക്ട്രിക്കല്‍ ഫീഡര്‍ അനുവദിച്ചു. ഇതിന് 87 ലക്ഷം രൂപയാണ് അനുവദിച്ചത്. ഫീഡര്‍ സ്ഥാപിക്കുന്നത് ജനുവരിയോടുകൂടി പൂര്‍ത്തിയാവും.

പ്രദേശത്ത് 2018 ലെ പ്രളയത്തില്‍ തകര്‍ന്ന പമ്പിങ് സ്റ്റേഷന്‍ തകരാറുകള്‍ പരിഹരിച്ച് സമ്മര്‍ പമ്പിങ് വഴി അധിക ജലം ലഭ്യമാക്കി കഴിഞ്ഞു. തൃത്താലയിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി പുരോഗമിക്കുകയാണ്. ഇതിനായി എല്ലാ മാസവും നേരിട്ട് ഇടപെട്ട് റിവ്യൂ മീറ്റിങ് നടത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ 16,000 പേര്‍ക്ക് കുടിവെള്ളം എത്തിച്ചു. മണ്ഡലത്തില്‍ ആകെ 40,859 വീടുകളില്‍ ശുദ്ധജലം എത്തിക്കുന്നതാണ് പദ്ധതി. ഇതിനായി ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം മുടവന്നൂരില്‍ മറ്റൊരു പ്ലാന്റ് നിര്‍മ്മിക്കും. ഇതിലും 33 ദശലക്ഷം ലിറ്റര്‍ ജലസംഭരണമാണ് നടക്കുക. ഇതിലൂടെയാണ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക. ഒന്നരവര്‍ഷം കൊണ്ട് പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കും.

2024 പകുതിയോടെ മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും വെള്ളം എത്തും. ഭൂഗര്‍ഭജല ചോഷണത്തില്‍ തൃത്താല സെമി ക്രിട്ടിക്കല്‍ വിഭാഗത്തിലാണ് എന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. ഭൂജലത്തിന്റെ അളവ് ഉയര്‍ത്തുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. അഞ്ചുവര്‍ഷം കൊണ്ട് ഭൂജല ശേഷി ഉയര്‍ത്തുന്നതിന് വേണ്ടിയാണ് സുസ്ഥിര തൃത്താല എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ഭൂഗര്‍ഭജല സംവരണം ഉയര്‍ത്തിയിട്ടില്ലെങ്കില്‍ പൈപ്പ് ലൈനുകള്‍ കൊണ്ട് കാര്യമില്ലാതാവും. പ്രദേശം നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് രണ്ട് വന്‍കിട പദ്ധതികള്‍ മണ്ഡലത്തില്‍ ആരംഭിച്ചിരിക്കുന്നത്. 125 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിക്കഴിഞ്ഞു.

കുടിവെള്ള വിതരണത്തിന്റെ അത്യാവശ്യം മനസിലാക്കി നിര്‍മ്മാണോദ്ഘാടനം പോലും ഒഴിവാക്കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. രണ്ട് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 35 കോടി രൂപ ചെലവില്‍ കൂട്ടക്കടവ് ആരംഭിക്കുന്നതാണ് മറ്റൊരു റെഗുലേറ്റര്‍. ഇത്തരം പദ്ധതികളിലൂടെ ഭാരതപ്പുഴയിലെ ജലം കൃഷിക്കും കുടിവെള്ളത്തിനും വേണ്ടി കാര്യക്ഷമമായി ഉപയോഗിക്കാനാവും. ഭാവിയില്‍ ജല സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

പി.ആര്‍.ഡി വീഡിയോ സ്ട്രിങ്ങര്‍ പാനലിലേക്ക് ഡിസംബര്‍ 24 നകം അപേക്ഷിക്കാം

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും പി.ആര്‍.ഡിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം അപേക്ഷകര്‍.

വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ്, പ്രൊഫഷണല്‍ എഡിറ്റ് സോഫറ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ് സ്വന്തമായി ഉണ്ടായിരിക്കണം, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ്ടോപ്പില്‍ ഉണ്ടായിരിക്കണം. സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്‌സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.

സ്ട്രിങ്ങര്‍ ജില്ലയില്‍ സ്ഥിരതാമസമുള്ള വ്യക്തിയായിരിക്കണം. സ്വന്തമായി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താന്‍ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. അപേക്ഷകള്‍ ഡിസംബര്‍ 24 നകം പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനമുണ്ടെങ്കില്‍ ആയത് വ്യകതമാക്കുന്ന രേഖകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329.

 

ഡിജിറ്റല്‍ പ്രദര്‍ശന വാഹനം ആവശ്യമുണ്ട്: ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍-പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍, മൂവിങ് പോസ്റ്ററുകള്‍ എന്നിവയുടെ പ്രദര്‍ശനത്തിനായി ഡിജിറ്റല്‍ സ്‌ക്രീന്‍ സംവിധാനത്തോടെയുള്ള വാഹനം ആവശ്യമുണ്ട്. ഒരു ദിവസം അഞ്ച് കേന്ദ്രങ്ങള്‍ എന്ന ക്രമത്തില്‍ 10 ദിവസം 50 കേന്ദ്രങ്ങള്‍ സഞ്ചരിക്കുന്നതിന് അംഗീകൃത വാഹന ഉടമകളില്‍ നിന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ആര്‍.സി, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്, ഡ്രൈവിങ് ലൈസന്‍സ് സഹിതമുള്ള ക്വട്ടേഷന്‍ ഡിസംബര്‍ 26 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ പാലക്കാട് എന്ന വിലാസത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0491-2505329.

 

ജാഗ്രത സമിതികള്‍ ഊര്‍ജ്ജിതമാക്കണം: വനിതാ കമ്മിഷന്‍

ജാഗ്രതാ സമിതികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണമെന്ന് വനിതാ കമ്മിഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. ത്രിതല പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളില്‍ വനിതാ ജാഗ്രത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അതുവഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായിട്ടുള്ള അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും കമ്മിഷന്‍ അംഗം പറഞ്ഞു. ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മിഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ദിര രവീന്ദ്രന്‍. സമൂഹത്തില്‍ സ്ത്രീകളും കുട്ടികളും ചൂഷണം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ജാഗ്രത സമിതിക്ക് കഴിയും. അതിന് ജാഗ്രത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്ന് തന്നെ ശക്തിപ്പെടുത്തണം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍, സ്വത്ത് തര്‍ക്കം, വഴിതര്‍ക്കങ്ങള്‍, ദാമ്പത്യ പ്രശ്‌നങ്ങള്‍, ഉള്‍പ്പെടെ 30 കേസുകളാണ് കമ്മിഷന്‍ സിറ്റിങ്ങില്‍ പരിഗണിച്ചത്. ഇതില്‍ 14 എണ്ണം തീര്‍പ്പാക്കി. അഞ്ച് കേസുകള്‍ പോലീസ് റിപ്പോര്‍ട്ടിനും, മൂന്നെണ്ണം കൗണ്‍സിലിങ്ങിനും നല്‍കി. എട്ട് കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. സംസ്ഥാന വനിതാ കമ്മിഷന്‍ ഡയറക്ടര്‍ പി.ബി രാജീവ്, പാലക്കാട് ജില്ലാ കോടതി അഭിഭാഷകരായ അഡ്വ. സി. രമിക, അഡ്വ. എ. അഞ്ജന, തുടങ്ങിയവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു.

 

വടക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി തൊഴില്‍സഭ ആരംഭിച്ചു

വ്യവസായ വകുപ്പ്, കേരള നോളജ് എക്കണോമി മിഷന്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് തല തൊഴില്‍ സഭയ്ക്ക് തുടക്കമായി. തൊഴില്‍രഹിതരായ അഭ്യസ്തവിദ്യര്‍, സംരംഭകരാകാന്‍ താത്പര്യമുള്ള യുവജനങ്ങള്‍, തൊഴില്‍ അന്വേഷകര്‍ എന്നിവരെ ഒരേ വേദിയില്‍ എത്തിച്ച് അനുയോജ്യമായ തൊഴിലും സംരംഭങ്ങളും കണ്ടെത്തുന്നതിന് 10 ദിവസങ്ങളിലാണ് ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ നടക്കുന്നത്. ഗ്രാമപഞ്ചായത്തിന് കീഴിലെ 20 വാര്‍ഡുകളില്‍ രണ്ട് വീതം വാര്‍ഡുകളിലെ സംരംഭക തത്പരരായ യുവാക്കള്‍ ഓരോ ദിവസവും തൊഴില്‍ സഭയില്‍ പങ്കെടുക്കും. ആദ്യ മൂന്ന് ദിവസങ്ങളിലായി 300 പേരാണ് തൊഴില്‍സഭയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 227 പേരും സ്ത്രീകളാണ്. ആദ്യദിനത്തില്‍ രജിസ്റ്റര്‍ ചെയ്ത 84 പേരില്‍ 65 പേരും രണ്ടാ ദിനത്തില്‍ 92 പേരില്‍ 75 പേരും മൂന്നാം ദിനത്തില്‍ 124 പേരില്‍ 87 പേരും സ്ത്രീകളാണ്.

സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ സര്‍വേയിലൂടെ മുന്‍കൂട്ടി ജാലകം പോര്‍ട്ടലില്‍ ഡി.ഡബ്ല്യൂ.എം.എസ്(ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) മുഖേന രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തിയാണ് തൊഴില്‍സഭ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ തൊഴില്‍സഭ എന്ത്, എന്തിന് എന്നിവ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം, സംരംഭക തത്പരര്‍, സംരംഭദായകര്‍, സംരംഭകര്‍, രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചര്‍ച്ച, വിവിധ വകുപ്പുകള്‍ നല്‍കുന്ന ധനസഹായ പദ്ധതികള്‍ പരിചയപ്പെടുത്തല്‍, വ്യവസായ വകുപ്പിലൂടെ ഗ്രാമപഞ്ചായത്തിലെ സംരംഭം ആരംഭിച്ച സര്‍ക്കാര്‍ സേവനം ലഭിച്ചവരുടെ അനുഭവം പങ്കുവയ്ക്കല്‍ എന്നിവ നടന്നു. കൂടാതെ തൊഴിലന്വേഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍, അവരുടെ ആവശ്യങ്ങള്‍, സംശയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. തൊഴില്‍സഭ ഡിസംബര്‍ 28 വരെ തുടരും.

 

ഗോള്‍ ചലഞ്ച് നടത്തി

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മയക്കുമരുന്നിനെതിരെ സിവില്‍ സ്‌റ്റേഷനില്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) വി.ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിമുക്തി മാനേജര്‍ മധു, വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് ദൃശ്യ, എക്‌സൈസ്, സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

 

ദേശീയ ഉപഭോക്തൃ ദിനാചരണം: 23 ന് വിവിധ മത്സരങ്ങള്‍

ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ് വിഷയത്തില്‍ സെമിനാര്‍

ജില്ലാ സപ്ലൈ ഓഫീസ് ദേശീയ ഉപഭോക്തൃ ദിനത്തിന്റെ ഭാഗമായി ഡിസംബര്‍ 23 ന് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം, ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഉപന്യാസം, കോളെജ് തലത്തില്‍ പ്രസംഗ മത്സരം തുടര്‍ന്ന് ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ് വിഷയത്തില്‍ സെമിനാര്‍ എന്നിവയാണ് നടക്കുക. മത്സര വിജയികള്‍ക്ക് സമ്മാനവിതരണവും ഉണ്ടാകും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പരിപാടികള്‍. മത്സരങ്ങളില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9946460464, 9847482070, 0491 2505541.

 

ക്ലാര്‍ക്ക് നിയമനം: കൂടിക്കാഴ്ച 19 ന്

പിന്നാക്ക വിഭാഗ വികസന വകുപ്പ് പാലക്കാട് മേഖല ഓഫീസില്‍ ക്ലാര്‍ക്ക് തസ്തികയില്‍ താത്ക്കാലിക നിയമനം. ഹയര്‍സെക്കന്‍ഡറി/തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. യുണീകോഡ് മലയാളം കമ്പ്യൂട്ടിങ് പരിജ്ഞാനം, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, സര്‍ക്കാര്‍ വകുപ്പില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ഡിസംബര്‍ 19 ന് രാവിലെ 11 ന് പാലക്കാട് യാക്കര റെയില്‍വേ ഗേറ്റിന് സമീപമുള്ള കെ.ടി.വി ടവേഴ്സിന്റെ രണ്ടാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖല ഓഫീസില്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2727379.

 

ചിറ്റൂര്‍ കോളെജ് പ്ലാറ്റിനം ജൂബിലി: മുന്‍കാല കോളെജ് മാഗസിന്‍/രേഖകള്‍ ശേഖരിക്കുന്നു

ചിറ്റൂര്‍ ഗവ കോളെജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കോളെജിന്റെ ചരിത്രം നിര്‍മ്മിക്കുന്നതിന് പൂര്‍വ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും കോളെജുമായി ബന്ധപ്പെട്ട മുന്‍കാല കോളെജ് മാഗസിന്‍/ രേഖകള്‍ ശേഖരിക്കുന്നു. കൈവശമുള്ളവര്‍ വാര്‍ഷിക സ്മരണിക കണ്‍വീനര്‍ ഡോ. ടി. ശ്രീവത്സനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. രേഖകളുടെ പകര്‍പ്പുകള്‍ എടുത്ത് തിരികെ നല്‍കും. ഫോണ്‍: 9447003160.

 

നോര്‍ക്ക-എസ്.ബി.ഐ പ്രവാസി ലോണ്‍ മേള: 19 മുതല്‍ അഞ്ച് ജില്ലകളില്‍

നോര്‍ക്ക റൂട്ട്സിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തില്‍ അഞ്ച് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന പ്രവാസി ലോണ്‍ മേളയ്ക്ക് ഡിസംബര്‍ 19 ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം എസ്.ബി.എ മലപ്പുറം റീജിയണല്‍ ഓഫീസില്‍ മലപ്പുറം എം.എല്‍.എ.പി. ഉബൈദുളള നിര്‍വഹിക്കും. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനാകും. മലപ്പുറം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, നോര്‍ക്ക റൂട്ട്സ് കേഴിക്കോട് സെന്റര്‍ മാനേജര്‍ അബ്ദുള്‍ നാസര്‍ വാക്കയില്‍, എസ്.ബി.ഐ മലപ്പുറം റീജിയണല്‍ മാനേജര്‍ എസ്. മിനിമോള്‍, ചീഫ് മാനേജര്‍ അന്നമ്മ സെബാസ്റ്റ്യന്‍, നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 21 വരെയാണ് മേള സംഘടിപ്പിക്കുന്നത്.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. മലപ്പുറത്ത് എസ്.ബി.ഐ റീജിയണല്‍ ബിസിനസ് ഓഫീസിലും മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയില്‍ ബ്രാഞ്ചുകളിലും തൃശൂര്‍ ജില്ലയില്‍ എസ്.ബി.ഐ എസ്.എം.ഇ.സി.സി കരുണാകരന്‍ നമ്പ്യാര്‍ റോഡ് ബ്രാഞ്ചിലുമാണ് വായ്പാ മേള നടക്കുക.

നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ലോണ്‍ മേളയില്‍ പങ്കെടുക്കാനാകൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം). പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാല് വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകള്‍ വഴി ലഭ്യമാണ്.

 

സിപ്പറ്റ് സര്‍ട്ടിഫിക്കറ്റും ജോബ് ഓഫര്‍ ലെറ്ററും വിതരണം ചെയ്തു

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോക്കമിക്കല്‍സ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി (സിപ്പറ്റ്), നാഷണല്‍ ബാക്ക്‌വേര്‍ഡ് ക്ലാസസ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്റെ(എന്‍.ബി.സി.എഫ്.ഡി.സി) സഹകരണത്തോടെ ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തിയ സൗജന്യ നൈപുണ്യ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഓഫര്‍ ലെറ്ററും വിതരണം ചെയ്തു. ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് സര്‍ട്ടിഫിക്കറ്റും ഓഫര്‍ ലെറ്ററും വിതരണം ചെയ്തു. സിപ്പറ്റ് പാലക്കാട് മേധാവി ലിബിന്‍ റോബര്‍ട്ട്, സി. മനോജ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ അനീഷ് വിജയ്, കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് പ്രോഗ്രാം മാനേജര്‍ പി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

കുടുംബശ്രീ ട്രേഡ് ഫെസ്റ്റ് 23 മുതല്‍ 30 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍

പ്രവേശനം സൗജന്യം

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 23 മുതല്‍ 30 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ട്രേഡ് ഫെസ്റ്റ് നടക്കും. ക്രിസ്മസ് അവധി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കുടുംബശ്രീ, ഗോത്രവര്‍ഗ, സ്‌നേഹിത എന്നിവയുടെ വിവിധ പരിപാടികളെ സംബന്ധിച്ചുള്ള തീമാറ്റിക് സ്റ്റാളും പൊതു ഉത്പന്നങ്ങള്‍, ഗോത്രവര്‍ഗ ഉത്പന്നങ്ങള്‍, ബഡ്സ് സ്‌കൂള്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ഉത്പന്ന മേളയും ഉണ്ടാകും. ഫുഡ് കോര്‍ട്ട്, കേക്ക് കൗണ്ടര്‍ എന്നിങ്ങനെ നാല്‍പതോളം സ്റ്റാളുകള്‍ ഫെസ്റ്റില്‍ ഉണ്ടായിരിക്കും. ദിവസവും വൈകിട്ട് 5.30 മുതല്‍ വോക്കല്‍ ആര്‍ട്ടിസ്റ്റുകള്‍, ബാലസഭ-ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍, കുടുംബശ്രീ നാട്ടുപൊലിമ നാടന്‍പാട്ട് തുടങ്ങിയ കലാമേളകളും നടക്കും. ഗോത്ര ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനായി പ്രത്യേകം സ്റ്റാളുകളും ഒരുക്കുന്നുണ്ട്. ഗോത്ര വര്‍ഗ വിഭാഗത്തിന്റെ തനത് ഭക്ഷണ വിഭവങ്ങളും പോഷകാഹാരങ്ങളും ഉള്‍പ്പെടുത്തിയുള്ള ഫുഡ് ഫെസ്റ്റും മേളയില്‍ ഉണ്ടാകും. ഡിസംബര്‍ 30 ന് തുടി എന്ന ഗോത്ര കല പ്രദര്‍ശിപ്പിക്കും. ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി 8.30 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്.

 

പോഷകാഹാര വിതരണം

ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട ‘എയ്ഡ്‌സ് ബാധിതര്‍ക്ക് പോഷകാഹാര വിതരണം’ പദ്ധതിയുടെ ഭാഗമായുള്ള രണ്ടാംഘട്ട പോഷകാഹാര കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ഡിസംബര്‍ 22 ന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ പാലക്കാട്, ആലത്തൂര്‍, മണ്ണാര്‍ക്കാട് താലൂക്കിലുള്ളവര്‍ക്കും 23 ന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ ഒറ്റപ്പാലം, പട്ടാമ്പി, ചിറ്റൂര്‍ താലൂക്കിലെ ഗുണഭോക്താക്കള്‍ക്കുമാണ് കിറ്റ് നല്‍കുക. 2022 ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബന്ധപ്പെട്ട രേഖകളുമായി അതത് തീയതിയില്‍ പോഷകാഹാര കിറ്റ് കൈപ്പറ്റണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

ഖാദി വസ്ത്രങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള വില്‍പന കേന്ദ്രങ്ങളില്‍ ക്രിസ്മസ്-പുതുവത്സര മേള പ്രമാണിച്ച് ഡിസംബര്‍ 19 മുതല്‍ 2023 ജനുവരി അഞ്ച് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ ഗവ സ്‌പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. കോട്ടമൈതാനം, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, കോങ്ങാട് നഗരസഭ കോംപ്ലക്‌സ്, തൃത്താല, കുമ്പിടി എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി ഗ്രാമസൗഭാഗ്യകളിലും സ്‌പെഷ്യല്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മേളയോടനുബന്ധിച്ച് എല്ലാ വില്‍പനശാലകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, മനില, ഷര്‍ട്ടിങ് തുണിത്തരങ്ങളും തേന്‍, മറ്റ് ഗ്രാമ വ്യവസായ ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ക്രെഡിറ്റ് സൗകര്യവും ഉണ്ടെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.

 

സംസ്ഥാന കേരളോത്സവം കണ്ണൂരില്‍

സംസ്ഥാന കേരളോത്സവം കലാമത്സരം ഡിസംബര്‍ 19 മുതല്‍ 21 വരെ കണ്ണൂര്‍ ജില്ലയില്‍ നടക്കും. പാലക്കാട് ജില്ലാ കേരളോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ മത്സരത്തില്‍ പങ്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും കൈവശം വെക്കണം. ഫോണ്‍: 9746037489, 9446142049.

 

ഡിസംബര്‍ 20, 23 തീയതികളില്‍ ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തില്‍ മാറ്റം

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഡിസംബര്‍ 20, 23 തീയതികളില്‍ പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളില്‍ നടത്താനിരുന്ന പരാതി പരിഹാര അദാലത്തുകള്‍ മാറ്റിവെച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

error: Content is protected !!