Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (27/12/2022)

സംയോജിത വിളവെടുപ്പാനന്തര പരിപാലനത്തിന് ധനസഹായം

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതി പ്രകാരം സംയോജിത വിളവെടുപ്പ് പരിപാലന ധനസഹായം നല്‍കുന്നു. പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം മൂല്യനിര്‍ണയത്തിന് ആനുപാതികമായുള്ള ധനസഹായമാണ് അനുവദിക്കുക. വ്യക്തികള്‍, കര്‍ഷക കൂട്ടായ്മകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, രജിസ്റ്റേഡ് സൊസൈറ്റികള്‍, സഹകരണ സംഘങ്ങള്‍, പഞ്ചായത്തുകള്‍, ട്രസ്റ്റുകള്‍, വനിതാ കര്‍ഷക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ (25 അംഗങ്ങളുള്ള) തുടങ്ങിയവര്‍ക്കാണ് സഹായം നല്‍കുക. സമതലപ്രദേശങ്ങളിലെ ധനസഹായത്തിന് പുറമേ വയനാട്, ഇടുക്കി തുടങ്ങിയ മലയോര പ്രദേശങ്ങള്‍ക്ക് 15 ശതമാനം അധിക ധനസഹായം അനുവദിക്കും.

പായ്ക്ക് ഹൗസുകള്‍ സ്ഥാപിക്കുന്നതിന് (9 മീറ്റര്‍ x 6 മീറ്റര്‍) രണ്ട് ലക്ഷം രൂപയും കണ്‍വെയര്‍ ബെല്‍റ്റ്, തരംതിരിക്കല്‍, ഗ്രേഡിങ്, കഴുകല്‍, ഉണക്കല്‍ സംവിധാനങ്ങളോട് കൂടിയ സംയോജിത പായ്ക്ക് ഹൗസ് യൂണിറ്റുകള്‍ക്ക് (9 മീറ്റര്‍ x18 മീറ്റര്‍) സമതല പ്രദേശങ്ങളില്‍ 17.5 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 25 ലക്ഷം രൂപയുമാണ് ധനസഹായം. പ്രീ-കൂളിങ് യൂണിറ്റുകള്‍ക്ക് (6 മെട്രിക് ടണ്‍) സമതല പ്രദേശങ്ങളില്‍ 8.75 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 12.5 ലക്ഷം രൂപയും ശീതീകരണ മുറികള്‍ക്ക് (30 മെട്രിക് ടണ്‍) യൂണിറ്റൊന്നിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും നല്‍കും. പരമാവധി 5000 മെട്രിക് എന്ന പരിധിക്ക് വിധേയമായി കോള്‍ഡ് സ്റ്റോറേജുകള്‍ (ടൈപ്പ് 1) സമതല പ്രദേശങ്ങളില്‍ 2800 രൂപ മെട്രിക് ടണും മലയോര പ്രദേശങ്ങളില്‍ 4000 രൂപ/മെട്രിക് ടണും കോള്‍ഡ് സ്റ്റോറേജുകള്‍ (ടൈപ്പ് 2) സമതല പ്രദേശങ്ങളില്‍ 3500 രൂപ/മെട്രിക് ടണും മലയോര പ്രദേശങ്ങളില്‍ 5000 രൂപ/മെട്രിക് ടണും ധനസഹായം നല്‍കും.

റീഫര്‍ വാനുകള്‍ക്ക് (26 മെട്രിക് ടണ്‍) സമതലപ്രദേശങ്ങളില്‍ യൂണിറ്റൊന്നിന് 9.1 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 13 ലക്ഷം, റൈപ്പനിങ് ചേംബറിന് സമതല പ്രദേശങ്ങളില്‍ 35,000 മെട്രിക് ടണ്‍, മലയോര പ്രദേശങ്ങളില്‍ 50,000 മെട്രിക് ടണ്‍, പ്രൈമറി/മൊബൈല്‍/മിനിമല്‍ പ്രോസസിങ് യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ യൂണിറ്റൊന്നിന് 10 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 13.75 ലക്ഷം, പുതിയ പ്രിസര്‍വേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് യൂണിറ്റൊന്നിന് ഒരുലക്ഷം രൂപയും നിലവിലുള്ള പ്രിസര്‍വേഷന്‍ യൂണിറ്റുകള്‍ക്ക് യൂണിറ്റൊന്നിന് 50,000 രൂപയും ധനസഹായം ലഭിക്കും.

വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം

ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചില്ലറ വിപണികള്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും (35 ശതമാനം) മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപയും (50 ശതമാനം) പഴം/പച്ചക്കറി ഉന്തുവണ്ടികള്‍ക്ക് 15,000 രൂപയും (50 ശതമാനം) ധനസഹായം നല്‍കും. ശേഖരണം, തരംതിരിക്കല്‍, ട്രേഡിങ്, പായ്ക്കിങ് എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ ആറ് ലക്ഷം രൂപയും (40 ശതമാനം) മലയോര പ്രദേശങ്ങളില്‍ 8.25 ലക്ഷം രൂപയും (50 ശതമാനം) ധനസഹായം നല്‍കും. കുറഞ്ഞത് ഒരു ഹെക്ടര്‍ വരെ വിസ്തൃതിയുള്ള നേഴ്സറികള്‍ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും (50 ശതമാനം) കൂണ്‍കൃഷിക്ക് എട്ട് ലക്ഷം രൂപയും (40 ശതമാനം) കൂണ്‍ വിത്തുത്പാദനത്തിന് ആറ് ലക്ഷം രൂപയും (40 ശതമാനം) സഹായം നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ സിവില്‍ സ്റ്റേഷനിലുള്ള കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്), പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലും www.shm.kerala.gov.in ലും ലഭിക്കും. ഫോണ്‍: 8547395490.

 

സംരംഭ ആശയങ്ങളുമായി കോട്ടായി ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ സഭ

പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

വ്യവസായ വകുപ്പ്, കേരള നോളജ് എക്കണോമി മിഷന്‍, കോട്ടായി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി ഗ്രാമപഞ്ചായത്ത് തല തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴില്‍രഹിതരായ അഭ്യസ്തവിദ്യരെയും സംരംഭക താത്പര്യമുള്ള യുവതീ യുവാക്കളെയും തൊഴില്‍ അന്വേഷകരെയും ഒരു വേദിയിലെത്തിച്ച് അനുയോജ്യമായ തൊഴിലും സംരംഭങ്ങളും കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച തൊഴില്‍സഭയില്‍ തൊഴില്‍ അന്വേഷകര്‍, സംരംഭകര്‍ ഉള്‍പ്പടെ സംരംഭക ആശയവുമായി നിരവധി പേര്‍ പങ്കെടുത്തു. തൊഴില്‍ സഭയുടെ ആവശ്യകത, പ്രസക്തി എന്നിവ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം, സംരംഭക തത്പരര്‍, സംരംഭദായകര്‍, സംരംഭകര്‍, രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചര്‍ച്ച, വിവിധ വകുപ്പുകള്‍ നല്‍കുന്ന ധനസഹായ പദ്ധതികള്‍ പരിചയപ്പെടുത്തല്‍ എന്നിവ നടന്നു. കൂടാതെ തൊഴിലന്വേഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവരുടെ ആവശ്യങ്ങള്‍, സംശയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.

തൊഴില്‍സഭയുടെ ഉദ്ഘാടനം കോട്ടായി ചെമ്പൈ ഹാളില്‍ പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.ആര്‍ അനിത, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനിത, വാര്‍ഡ് അംഗങ്ങളായ ഗീത, മിനി മോള്‍, രജിത, രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് തൊഴില്‍ സഭ കോ-ഓര്‍ഡിനേറ്റര്‍മാരായ സീനിയര്‍ ക്ലര്‍ക്ക് വിജയകുമാരന്‍, വി.ഇ.ഒ സതീഷ് കുമാര്‍, പ്രൊജക്ട് അസിസ്റ്റന്റ് വീണ, ഓഫീസ് അസിസ്റ്റന്റ് ഷീബ, ക്ലര്‍ക്ക് യമുന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശാന്തകുമാരി, കില കുഴല്‍മന്ദം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എ. ചെന്താമരാക്ഷന്‍, കോട്ടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.വി ഗിരീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഇന്റേണ്‍ എ. അശുവിന്‍, ലീഡുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അസാപില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍ കോഴ്‌സ് പ്രവേശനം

അസാപി(അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം)ന്റെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 2023 ജനുവരിയില്‍ ആരംഭിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍ കോഴ്‌സിന്റെ അടുത്ത ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബിരുദമാണ് യോഗ്യത. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനറാകുന്നതിന് സംസ്ഥാനത്ത് ലഭ്യമായ ഒരേയൊരു എന്‍.സി.വി.ഇ.ടി (NCVET) അംഗീകൃതമായ കോഴ്സാണിത്. 400 മണിക്കൂര്‍ ആണ് കോഴ്സ് കാലാവധി. ദേശീയതലത്തില്‍ എന്‍.എസ്.ക്യു.എഫ് അംഗീകാരമുള്ള കോഴ്‌സ് പൂര്‍ത്തിയാകുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും ഇംഗ്ലീഷ്/ സോഫ്റ്റ് സ്‌കില്‍ പരിശീലകരാകാന്‍ അവസരമുണ്ട്. പ്രാക്ടിക്കല്‍ പരിശീലനത്തിന് ഇന്റേണ്‍ഷിപും കോഴ്‌സില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9539052153, 9495999703. www.asapkerala.gov.in

 

കോട്ടേംകുന്ന് ലൈബ്രറി ഉദ്ഘാടനം നടന്നു

വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് കോട്ടേംകുന്നില്‍ ആരംഭിച്ച ലൈബ്രറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗംമൂലം യുവതലമുറയ്ക്ക് വായനാശീലം കുറഞ്ഞെന്നും ആഴത്തിലുള്ള വായന വിശാല മനോഭാവം സൃഷ്ടിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പട്ടാമ്പി എസ്.എന്‍.ജി.എസ് കോളെജിലെ എന്‍.എസ്.എസ്. ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് ലൈബ്രറിയിലേക്കുള്ള 800-ഓളം പുസ്തകങ്ങള്‍ ശേഖരിച്ചത്. വിളയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ലൈബ്രറിയുടെ പ്രവര്‍ത്തനം.

കോട്ടേംകുന്ന് സെന്ററില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് അംഗം മുജീബ് കരുവാന്‍കുഴി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ, വാര്‍ഡ് അംഗം രാജന്‍ പുന്നശ്ശേരി, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. കൃഷ്ണന്‍കുട്ടി, ടി. ഗോപാലകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് അംഗം ഉഷ, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ശ്രീചിത്രന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ രാജന്‍ മാടയില്‍, എസ്.എന്‍.ജി.എസ് കോളെജ് യൂണിയന്‍ ചെയര്‍മാന്‍ ടി. സഞ്ജീവ്, പി.ടി.എ. പ്രസിഡന്റ് എം. സുമേഷ്, കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. അരുണ്‍ മോഹന്‍, ഡോ. എസ്. തന്യം എന്നിവര്‍ പങ്കെടുത്തു.

 

ബാങ്കിങ് ജില്ലാതല അവലോകന യോഗം ജനുവരി മൂന്നിന്

ബാങ്കിങ് ജില്ലാതല അവലോകന യോഗം ജനുവരി മൂന്നിന് രാവിലെ 10 ന് സ്‌റ്റേഡിയം ബൈപാസിലുള്ള ഫോര്‍ എന്‍ സ്‌ക്വയര്‍ റെസിഡന്‍സിയില്‍ നടക്കും.

 

ലൈബ്രറി കൗണ്‍സില്‍ ജനചേതന യാത്ര ഇന്നും നാളെയും ജില്ലയില്‍

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജനചേതന യാത്ര ഇന്നും നാളെയും ജില്ലയില്‍ പര്യടനം നടത്തും. ഇന്ന് (ഡിസംബര്‍ 28) വൈകിട്ട് നാലിന് പട്ടാമ്പിയില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. ഡിസംബര്‍ 29 ന് രാവിലെ ഒന്‍പതിന് ഒറ്റപ്പാലം, 11 ന് മണ്ണാര്‍ക്കാട്, ഉച്ചയ്ക്ക് രണ്ടിന് പാലക്കാട്, വൈകിട്ട് നാലിന് ചിറ്റൂര്‍, 5.30 ന് ആലത്തൂര്‍ എന്നിങ്ങനെ ജാഥയ്ക്ക് സ്വീകരണം നല്‍കും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണനാണ് ജാഥ നയിക്കുന്നത്. ജില്ലയിലെ 570 ലൈബ്രറികള്‍ പഞ്ചായത്ത് സമിതികളുടെ ആഭിമുഖ്യത്തില്‍ പുസ്തകങ്ങള്‍ നല്‍കി സ്വീകരിക്കും. ജാഥയോടൊപ്പം 20 അംഗ കലാജാഥ പരിപാടികള്‍ അവതരിപ്പിക്കും.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ജാഥയ്ക്ക് നേതൃത്വം നല്‍കും. എം.എല്‍.എമാരായ മുഹമ്മദ് മുഹ്‌സിന്‍, കെ. പ്രേംകുമാര്‍, കെ. ബാബു, കെ.ഡി പ്രസേനന്‍, എഴുത്തുകാരായ പ്രൊഫ. പി.എ വാസുദേവന്‍, കെ.പി ഉണ്ണി തുടങ്ങിയവര്‍ പങ്കെടുക്കും. ജാഥയുടെ മുന്നോടിയായി ജില്ലയില്‍ മുഴുവന്‍ ഗ്രന്ഥശാലകളുടെയും നേതൃത്വത്തില്‍ വിളംബര ജാഥകള്‍ നടത്തിയിരുന്നു. ഡിസംബര്‍ 22 ന് മഞ്ചേശ്വരത്ത് നിന്നും അരുവിപുറത്ത് നിന്നും ആരംഭിച്ച ജാഥകള്‍ ഡിസംബര്‍ 30 ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സമാപിക്കും.

 

മലമ്പുഴ വനിതാ ഐ.ടി.ഐയില്‍ സപ്തദിന ക്യാമ്പ് തുടങ്ങി

മലമ്പുഴ ഗവ വനിതാ ഐ.ടി.ഐയിലെ എന്‍.എസ്.എസ് യുണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് കൊട്ടേക്കാട് വി.കെ.എന്‍.എം.യു.പി സ്‌കൂളില്‍ ആരംഭിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗവ വനിത ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എ. നാസര്‍ അധ്യക്ഷനായ പരിപാടിയില്‍ മരുതറോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. നിര്‍മ്മല, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗോപിനാഥന്‍ ഉണ്ണിത്താന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. കൃഷ്ണകുമാരി, വനിത ഐ.ടി.ഐ ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ കെ.എന്‍ പ്രജിത്ത്, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇ.എന്‍ ജയന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വി. സുമേഷ് പ്രസംഗിച്ചു. ക്യാമ്പ് ഡിസംബര്‍ 30 ന് അവസാനിക്കും.

 

സര്‍വേയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തദ്ദേശ സ്വയംഭരണ പ്ലാനിങ് വകുപ്പ് ഷൊര്‍ണൂര്‍ നഗരസഭ മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഭൂവിനിയോഗ സര്‍വേ, ഗ്രൗണ്ട് ട്രൂത്തിങ് സര്‍വേ ജോലികള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ സര്‍വേയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/ഐ.ടി.സി സിവില്‍ അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ ആണ് യോഗ്യത. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം 2023 ജനുവരി 13 ന് വൈകിട്ട് അഞ്ചിനകം ടൗണ്‍ പ്ലാനര്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ്, പാലക്കാട് ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678001 വിലാസത്തില്‍ അപേക്ഷ നല്‍കണം. ഷൊര്‍ണൂര്‍, പട്ടാമ്പി, ഒറ്റപ്പാലം താലൂക്ക് നിവാസികള്‍ക്കും ഭൂവിനിയോഗ സര്‍വേ, ഗ്രൗണ്ട് ട്രൂത്ത് സര്‍വേ ജോലികളില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 0491 2505882.

 

പി.എസ്.സി സൗജന്യ പരിശീലനം: അപേക്ഷ ജനുവരി ഏഴ് വരെ

ജില്ലാ പട്ടികജാതി വികസന ഓഫീസ് ജില്ലാ പഞ്ചായത്തിന്റെ ജോബ് സ്‌കൂള്‍ പദ്ധതി പ്രകാരം പി.എസ്.സി സൗജന്യ പരിശീലനത്തിന് പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ ബിരുദം ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ജാതി, വരുമാനം വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം 2023 ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌റ്റൈപ്പന്റ് നല്‍കും. അപേക്ഷയുടെ മാതൃക ജില്ലാ പഞ്ചായത്ത്-ജില്ലാ പട്ടികജാതി വികസന- ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505005.

 

ജില്ലാതല ഏകോപന സമിതി യോഗം 29 ന്

11-ാമത് കാര്‍ഷിക സെന്‍സസ് ആരംഭിക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ജില്ലാതല ഏകോപന സമിതിയുടെ പ്രഥമയോഗം ഡിസംബര്‍ 29 ന് രാവിലെ 11 ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചേബറില്‍ നടക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

error: Content is protected !!