Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (3/1/2023)

വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി പരിശോധന: 279 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

4,67,500 രൂപ പിഴ ഈടാക്കി

ക്രിസ്മസിനോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി എന്നിങ്ങനെ മധ്യമേഖല കേന്ദ്രീകരിച്ചുളള വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 279 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 4,67,500 രൂപ പിഴയും ഈടാക്കി. ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉത്പന്ന പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിച്ചിരുന്ന ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്റ്റേഷനറി കടകള്‍, ഇലക്‌ട്രോണിക് ഉപകരണ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങിയ 12 സ്ഥാപനങ്ങള്‍ക്കും യഥാസമയം മുദ്ര പതിപ്പിക്കാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 17 വ്യാപാരസ്ഥാപനങ്ങള്‍ക്കും എതിരെയാണ് നടപടികള്‍ എടുത്തത്.

മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉത്പന്നം പായ്ക്ക് ചെയ്യുന്ന തീയതി, ഉത്പന്നത്തിന്റെ തനി തൂക്കം, പരമാവധി വില്‍പന വില എന്നിവ ഇല്ലാത്ത ഉത്പന്ന പായ്ക്കറ്റുകള്‍ വില്‍പന നടത്തുക, എം.ആര്‍.പിയേക്കാള്‍ അധിക തുക ഈടാക്കുക, എം.ആര്‍.പി തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിയായി 2022 ഡിസംബര്‍ 19 ന് ആരംഭിച്ച സ്‌ക്വാഡുകളുടെ പരിശോധനയിലാണ് കേസുകള്‍ കണ്ടെത്തിയതെന്ന് മധ്യമേഖല ജോയിന്റ് കണ്‍ട്രോളര്‍ ജെ.സി ജീസണ്‍ അറിയിച്ചു.

ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ ബി.ഐ സൈലാസ്, കെ.ഡി നിഷാദ്, എസ്.വി മനോജ് കുമാര്‍, സുജാ ജോസഫ്, കെ. സേവ്യര്‍, പി. ഇഗ്‌നേഷ്യസ്, അനൂപ് വി, ഉമേഷ്, എ.സി ശശികല, വിനോദ് കുമാര്‍, എസ്. ഷെയിക് ഷിബു, സി. ഷാമോന്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

 

അട്ടപ്പാടി ഊരുകളിലെ എന്‍.ജി.ഒ പ്രവര്‍ത്തനങ്ങള്‍ക്ക് സബ് കലക്ടറുടെ അനുമതി വേണം

അട്ടപ്പാടി ആദിവാസി ഊരുകളില്‍ സ്വകാര്യ വ്യക്തികള്‍/ സംഘടനകള്‍ അനുമതിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ സബ് കലക്ടര്‍ ഉത്തരവിട്ടു. പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ക്യാമ്പ്, ബോധവത്ക്കരണം, പട്ടികവര്‍ഗ ഊരുകളില്‍ ഭക്ഷ്യ വസ്തുക്കള്‍, മരുന്നുകളുടെ വിതരണം, അട്ടപ്പാടി മേഖലയില്‍ വീഡിയോ/ഫോട്ടോ ചിത്രീകരണം, പട്ടികവര്‍ഗ വിഭാഗക്കാരുമായുള്ള അഭിമുഖം, സര്‍വേ, പ്രദര്‍ശനം, എക്‌സ്‌പോ എന്നിവ സബ്കലക്ടറുടെ ഓഫീസ് നല്‍കിയിട്ടുളള നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും അനുമതിയില്ലാതെയും നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ്. നബാര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഐ.ടി.ഡി.പി, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, കൊളീജിയേറ്റ് വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, കായികം, യുവജനക്ഷേമം, പട്ടികജാതി, കുടുംബശ്രീ, വനം, സഹകരണം തുടങ്ങിയ വിവിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിവിധ എന്‍.ജി.ഒ സംഘടനകള്‍ക്ക് അട്ടപ്പാടിയിലെ ഊരുകളില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായുളള അനുമതിക്ക് 21 ദിവസം മുന്‍പ് അട്ടപ്പാടി നോഡല്‍ ഓഫീസറായ ഒറ്റപ്പാലം സബ് കലക്ടറെ രേഖാമൂലം അറിയിക്കണം. ആയതില്‍ നോഡല്‍ ഓഫീസറുമായി ചേര്‍ന്ന് യോഗം ചേര്‍ന്ന് അനുമതി വാങ്ങിയ ശേഷമേ എന്‍.ജി.ഒ സംഘടനകള്‍ക്ക് ഊരുകളില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുകയുള്ളുവെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

 

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം യാത്രകള്‍ ഏഴ് മുതല്‍

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ജനുവരിയില്‍ ഗവി, മൂന്നാര്‍, നെല്ലിയാമ്പതി, നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്രകള്‍ സംഘടിപ്പിക്കുന്നു. നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര ഏഴിന് നടക്കും. ഏഴ് സീറ്റുകള്‍ ഒഴിവുണ്ട്. ഗവി യാത്ര എട്ടിന് രാത്രി 10 ന് ആരംഭിക്കും. ഒന്‍പതിന് ഗവി സന്ദര്‍ശിച്ച് പത്തിന് പുലര്‍ച്ചെ നാലോടെ പാലക്കാട് തിരികെ എത്തും. 2850 രൂപയാണ് ചാര്‍ജ്. മൂന്നാര്‍ യാത്ര 14 നും നെല്ലിയാമ്പതി യാത്ര ശനി, ഞായര്‍ ദിവസങ്ങളിലും നടക്കും. ആഢംബര കപ്പല്‍ യാത്രയ്ക്ക് ടിക്കറ്റ് ആവശ്യമുള്ളവര്‍ 9947086128 എന്ന നമ്പറില്‍ സന്ദേശം അയക്കാം.

തിരുവൈരാണിക്കുളം യാത്ര 8, 11 തീയതികളില്‍

വര്‍ഷത്തില്‍ 10 ദിവസം മാത്രം ദര്‍ശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലേയ്ക്ക് പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ പ്രത്യേക യാത്ര ഒരുക്കുന്നു. ജനുവരി 8, 11 തീയതികളില്‍ സംഘടിപ്പിക്കുന്ന യാത്രയ്ക്ക് ഒരാള്‍ക്ക് 570 രൂപയാണ് ചാര്‍ജ്ജ്. 50 പേര്‍ക്ക് മാത്രമാണ് അവസരം. ബുക്കിങ്ങിനായി തിരുവൈരാണിക്കുളം യാത്ര എന്ന് 9947086128 ല്‍ അയക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

 

ലെവല്‍ ക്രോസ് അടച്ചിടും

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പുതുനഗരം-പാലക്കാട് ടൗണ്‍ ലെവല്‍ ക്രോസ് (കി.മീ. 51/900-52/000) ജനുവരി ഒന്‍പതിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡ്-ഡി.പി.ഒ റോഡ് വഴി പോകണം. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊല്ലങ്കോട്-പുതുനഗരം ടൗണ്‍ ലെവല്‍ ക്രോസ് (കി.മീ. 39/800-900) ജനുവരി പത്തിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ പല്ലശ്ശന-ആലത്തൂര്‍ റോഡ് അല്ലെങ്കില്‍ പല്ലശന-കൊല്ലങ്കോട് വഴി പോകണമെന്നും ദക്ഷിണ റെയില്‍വേ പാലക്കാട് അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു.

 

തെറാപ്പിസ്റ്റ് ഒഴിവ്: കൂടിക്കാഴ്ച 6 ന്

ഒറ്റപ്പാലം ഗവ ആയുര്‍വേദ ആശുപത്രിയില്‍ ഫീമെയില്‍ തെറാപ്പിസ്റ്റ് ഒഴിവ്. കേരള സര്‍ക്കാര്‍ ഡി.എ.എം.ഇ അംഗീകരിച്ച തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. പ്രായപരിധി 40. താത്പര്യമുള്ളവര്‍ ജനുവരി ആറിന് രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കല്‍പ്പാത്തി ചാത്തപുരം ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 9072650492.

 

ഹെല്‍ത്തി തരൂര്‍ രണ്ടാം ഘട്ടം 15 ന് ആരംഭിക്കും

‘അനുദിനം വ്യായാമം ആരോഗ്യമുള്ള ജനത’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പി.പി സുമോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തരൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന ഹെല്‍ത്തി തരൂര്‍ രണ്ടാം ഘട്ടം ജനുവരി 15 ന് ആരംഭിക്കും. എല്ലാ പ്രായക്കാര്‍ക്കും പദ്ധതിയുടെ ഭാഗമാകാം. ജനുവരി 15 ന് ആരംഭിക്കുന്ന പരിശീലനം മെയ് 25 ന് സമാപിക്കും. ജനുവരി 15 ന് കുത്തനൂര്‍, കണ്ണമ്പ്ര, കോട്ടായി, തരൂര്‍ ഗ്രാമപഞ്ചായത്തുകളിലും ഫെബ്രുവരി ഒന്നിന് വടക്കഞ്ചേരി, പുതുക്കോട്, കാവശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തുകളിലും പരിശീലനം ആരംഭിക്കും. അതത് തദ്ദേശസ്ഥാപനങ്ങളാണ് പരിശീലനത്തിന്റെ നേതൃത്വം വഹിക്കുന്നത്.

വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുക ലക്ഷ്യമാക്കിയാണ് ഹെല്‍ത്തി തരൂര്‍ നടപ്പിലാക്കുന്നത്. കുത്തനൂര്‍, കണ്ണമ്പ്ര, കോട്ടായി, തരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ https://docs.google.com/forms/d/e/1FAIpQLSc_zTKDnV1GqF_JAelG1CAk4RjtpmrvMi0dTmObHxipR_lwbw/viewform?usp=sf_link ലും വടക്കഞ്ചേരി, പുതുക്കോട്, കാവശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ https://docs.google.com/forms/d/e/1FAIpQLSc1l-6SeYHHS6LwNyaAUO7_i3OebxRM3e4sZ4jDz2INE0V1pw/viewform?usp=sf_link ലുമാണ് അപേക്ഷിക്കേണ്ടത്.

ഹെല്‍ത്തി തരൂര്‍ ആദ്യഘട്ടത്തില്‍ 35 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒരു മാസം നീണ്ട വ്യായാമ പരിശീലനം നല്‍കിയിരുന്നു. ശാസ്ത്രീയമായി പരിശീലനം നേടിയ പരിശീലകരെ ഉള്‍പ്പെടുത്തിയാണ് മണ്ഡലത്തിലെ ഓരോ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വ്യായാമ പരിശീലനം നടപ്പാക്കിയത്. 400-ഓളം പേരാണ് ആദ്യഘട്ടത്തില്‍ പങ്കെടുത്തത്.

 

നാഷണല്‍ ലോക് അദാലത്ത് ഫെബ്രുവരി 11 ന്

സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11 ന് നാഷണല്‍ ലോക് അദാലത്ത് നടത്തുന്നു. എം.എ.സി.ടി കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്‌സ് ഒഴികെയുള്ള കുടുംബതര്‍ക്കങ്ങള്‍ കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, മണി റിക്കവറി കേസുകള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ എത്തുന്നതിന് മുന്‍പുള്ള തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. തീര്‍പ്പാക്കുകയാണെങ്കില്‍ മുഴുവന്‍ കോര്‍ട്ട് ഫീസും തിരികെ ലഭിക്കും. പരാതികളും അപേക്ഷകളും താഴെ പറയുന്ന ഓഫീസുകളില്‍ നേരിട്ടോ തപാല്‍ വഴിയോ ഇമെയില്‍ വഴിയോ അയക്കാം.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി, പാലക്കാട്- [email protected]
താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി സെക്രട്ടറി, പാലക്കാട് –[email protected]
താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി, ചിറ്റൂര്‍-[email protected]
താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി, ഒറ്റപ്പാലം –[email protected]
താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി, ആലത്തൂര്‍ – [email protected]
താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി, മണ്ണാര്‍ക്കാട് – [email protected]

 

ഒ.ബി.സി/ഒ.ഇ.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ ഗവ/ഗവ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളിലോ, പൊതുവിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലോ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയൊ അതില്‍ കുറവൊ ഉളള 75 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒറ്റത്തവണയായി ഒരു വര്‍ഷം നാലായിരം രൂപ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.bcdd.kerala.gov.in ല്‍ ലഭിക്കും. അപേക്ഷകള്‍ ജനുവരി 16 നകം സ്‌കൂളില്‍ നല്‍കണം. സ്‌കൂള്‍ അധികൃതര്‍ ജനുവരി 31 നകം www.egrantz.kerala gov.in ല്‍ ഡാറ്റാ എന്‍ട്രി ചെയ്യണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി ശ്രീജിത്ത് അറിയിച്ചു. ഫോണ്‍: 0491 2505663.

error: Content is protected !!